2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

കമന്റ് / കഥ



അപ്പോള്‍ വന്നു വീണ ഒരു പോസ്റ്റിലെ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാന്‍. .. കീറിപ്പറിഞ്ഞ ,  ശരീരം മുഴുവനും മറയാത്ത,  അഴുക്ക് പുരണ്ട ഒരു കുപ്പായവുമിട്ട് അമ്മയുടെ ഒക്കത്തിരുന്നു നിസംഗതയോടെ നോക്കുന്നു ഒരു പാവം തെരുവ് കുട്ടി. 

ചിത്രത്തോടൊപ്പം ഒരു വരി ഇങ്ങനെ എഴുതിയിരിക്കുന്നു..

'ഒരു അടിക്കുറിപ്പ് കൊടുക്കാമോ..'?

ആ കുട്ടിയുടെ  ദൈന്യത മുഴുവന്‍ ആവാഹിക്കുന്ന തരത്തില്‍ ഒരു കിടിലന്‍ കമന്റിന് വേണ്ടി തലപുകക്കുന്നതിനിടയിലാണ്   ഭാര്യ കാര്യമായി വിളിച്ചു പറയുന്നത്..

''മോന്റെ പമ്പെഴ്സ്  തീര്‍ന്നു.. ഞാനത് ഇന്നലെ പറയാന്‍ വിട്ടു പോയി..''

ശരവേഗത്തില്‍ കാറെടുത്ത് ടൌണിലേക്ക് പറക്കുന്നതിനിടെ  സിഗ്നലില്‍ കാറ് നിര്‍ത്തിയതും
ഒരു  അമ്മയും കുഞ്ഞും വന്നു 'വല്ലതും തരണേ 'എന്ന് കേണപേക്ഷിക്കുന്നതും അറിഞ്ഞ ത് പോലുമില്ല..!
അപ്പോഴും  മനസ്സ്  വല്ലാതെ അസ്വസ്ഥമായിരുന്നു .. !
എന്തെഴുതും  ഒരു കമന്റ് ..!?

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

ലൈക്‌



മദീന റോഡില്‍ നിന്ന് ഹായില്‍ സ്ട്രീറ്റിലേക്ക് ചെന്നെത്തുന്ന പോക്കറ്റ് റോഡിലൂടെ നടന്നു പോകുമ്പോള്‍ എന്നും അയാളെ കാണാറുണ്ട്‌ .. ഇരുപതോ ഇരുപത്തഞ്ചോ വയസ്സ് തോന്നിക്കും..കയ്യുള്ള, വെളുത്ത,  ബനിയന്‍.. തോപ്പിന് താഴെ സാധാരണ അറബികള്‍ ഉപയോഗിക്കാറുള്ള അയഞ്ഞ കാല്‍സറായി  ധരിച്ചിട്ടുണ്ടാകും.. തിങ്ങിയ താടി.. സുന്ദരന്‍..

പക്ഷേ അസ്വസ്ഥനായല്ലാതെ  കണ്ടിട്ടേയില്ല.. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും  . ..  നടത്തത്തിനിടയില്‍ അയാള്‍ക്ക്‌ മാത്രം മനസ്സിലാകുന്ന ഭാഷയില്‍ കൈകള്‍ കൊണ്ട് എന്തൊക്കെയോ  ആംഗ്യങ്ങള്‍ കാണിക്കുന്നുണ്ടാവും എപ്പോഴും..

ഓഫീസില്‍ നിന്ന് തിരിച്ചു പോരുമ്പോഴും കാണാം അതെ സ്ഥലത്ത്, അതെ അവസ്ഥയില്‍ , തികച്ചും അസ്വസ്ഥനായി  അയാള്‍ , അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.. 
ആദ്യമൊന്നും ഞാന്‍ അയാളെ ശ്രദ്ധിച്ചിരുന്നില്ല ..

ഒരിക്കല്‍ ഓഫീസില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ തികച്ചും ദയനീയമായ രംഗമാണ് കാണുന്നത്! അയാള്‍  അങ്ങോട്ടും ഇങ്ങോട്ടും വിറളി പിടിച്ചു ഓടിക്കൊണ്ടിരിക്കുകയാണ്.. പിരടിയില്‍ തുരുതുരാ ശക്തമായി അടിച്ചു കൊണ്ടാണ് ഓട്ടം.. ആകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു... അയാളുടെ അസ്വസ്ഥത കൂടിക്കൂടി വരുന്നു.. അടിയുടെ ശക്തിയും..

കുറച്ചു ദൂരെ ഏതാനും കുട്ടികള്‍ അയാളെ നോക്കി നില്‍ക്കുന്നുണ്ട്..
അവരെങ്ങാനും വല്ലതും പറഞ്ഞു ഇദ്ദേഹത്തെ പ്രകോപിപ്പിച്ചുവോ?

പക്ഷേ അതിനു സാധ്യത കാണുന്നില്ല..
കാരണം കുട്ടികളും ഇയാള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാതെ അത്ഭുതപ്പെട്ടു നോക്കി നില്‍ക്കുകയാണ്!

സാധാരണ നമ്മുടെ നാടുകളില്‍ ഇത്തരം ആളുകളെ പ്രകോപിപ്പിക്കുന്നത് ചിലര്‍ക്കൊക്കെ ഒരു ഹോബിയാണ്..
എന്റെ നാട്ടില്‍ ഒരു ഹംസു ഉണ്ട്.. മാനസികമായി സുഖമില്ലാത്ത ആളാണ്‌.. രാവിലെ പുന്നക്കാട് അങ്ങാടിയിലേക്ക് ഹംസു ഇറങ്ങും.. വായില്‍ നിറയെ തെറിയുമായി.. ഇടയ്ക്കു ആരെങ്കിലും ഒന്ന് ചൂടാക്കും .. അന്നേരം ഹംസുവിന്റെ അരികിലൂടെ കുടുംബസമേതം നടക്കാന്‍ കൊള്ളില്ല.. അതിനു മാത്രം വൃത്തികേടാണ് ഹംസുവിന്റെ തിരുവായില്‍ നിന്ന് പുറത്തേക്കു ഒഴുകുക.. ഇത് കാണുമ്പൊള്‍ ഹംസുവല്ല യഥാര്‍ത്ഥ മാനസിക രോഗി എന്ന് തോന്നും..
പണിയില്ലാത്ത ചിലര്‍ക്ക് ഹംസുവിനു പണികൊടുക്കുകയാണ് പണി..

എന്നാല്‍ ഇവിടെ ഇത്തരം ആളുകളെ ആരും പ്രകോപിക്കുന്നത് കണ്ടിട്ടില്ല..
എന്നിട്ടുമെന്തേ ഇയാള്‍ ഇങ്ങനെ വയലന്റായി സ്വയം ശിക്ഷിക്കുന്നു ? എന്തോ ഏതോ?

കുട്ടികള്‍ അവരുടെ വഴിക്കും ഞാന്‍ എന്റെ വഴിക്കും പോയി..

പിറ്റേന്ന്  അയാളെ കാണുമ്പോള്‍ അയാള്‍ അസ്വസ്ഥ നാണെങ്കിലും തികച്ചും ശാന്തനാണ് ..

അന്ന് മുതല്‍ ഞാന്‍ അയാളെ കാണുമ്പൊള്‍ ഒന്ന് മാറി നടക്കും.. അയാള്‍ റോഡിന്റെ വലതു വശത്ത് കൂടി വരുമ്പോള്‍ ഞാന്‍ ഇടതു വശത്തേക്ക് മാറി നടക്കും.. അയാളെ കാണുമ്പോള്‍ ഒരു ഉള്‍ഭയം..

പക്ഷേ മെല്ലെ മെല്ലെ ആ പേടി മാറി..
ഇടയ്ക്കു ഞാന്‍ അയാള്‍ക്ക് ഒരു ചിരി കൊടുക്കാന്‍ ശ്രമിക്കും .. പക്ഷെ എന്നെ അയാള്‍ തീരെ മൈന്റ് ചെയ്യില്ല..

ഒരു ദിവസം  ഞാന്‍ ഓഫീസിലേക്ക് നടന്നു പോകുകയാണ്.. അയാള്‍ പതിവുപോലെ അസ്വസ്ഥമായ ഉലാത്തല്‍ നടത്തുന്നുണ്ട്.. എന്റെ കയ്യില്‍ ഓഫീസില്‍ നിന്ന് ഇടയ്ക്കു കൊറിക്കാന്‍ വേണ്ടി വാങ്ങിയ ഒന്ന് രണ്ടു പാക്ക് ബിസ്ക്കറ്റ്, അംരീക്കാനയുടെ ഒരു പാക്ക് റസ്ക് , കുറച്ചു കപ്പു കേക്ക്, ഇവയുടെ ഒരു കീശയുണ്ട്..

പതിവില്ലാതെ  അയാള്‍ അന്ന്  എന്നോടൊന്നു ചിരിച്ചു.. ഞാനും ചിരിച്ചു..

എന്നിട്ട്  എന്തൊക്കെയോ ആംഗ്യം കാണിച്ചു അയാള്‍  എന്തോ പറയാന്‍ ശ്രമിക്കുകയാണ്..
എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.. അന്നേരം ഒരു ഞെട്ടലോടെ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി . അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കു ശബ്ദമില്ല !

മാനസികമായി സുഖമില്ലാത്ത ആള്‍ മാത്രമല്ല അയാള്‍ ഊമയുമാണ് എന്ന കാര്യം ഞാന്‍  അറിഞ്ഞു.!

ഒന്നും മനസ്സിലായില്ലെങ്കിലും ഞാന്‍അയാള്‍ പറയുന്നതിനൊക്കെ  വെറുതെ തലയാട്ടി..
ഒടുവില്‍  എന്റെ ഒരു സന്തോഷത്തിനു എന്റെ കയ്യിലുണ്ടായിരുന്ന  കീശയില്‍ നിന്ന് ഒരു പാക്ക് കപ്പു കേക്ക് എടുത്തു ''ഖുദ് ബില്ലാഹ് യാ മുഹമ്മദ്‌'' എന്ന് പറഞ്ഞു അയാള്‍ക്ക് നേരെ നീട്ടി...
അയാള്‍ സ്നേഹപൂര്‍വ്വം അത് നിരസിച്ചു...!
പിന്നീട്  ആംഗ്യത്തിലൂടെ അയാള്‍ പറഞ്ഞത് ഞാന്‍ ഇങ്ങനെ വായിച്ചെടുത്തു!..
''വേണ്ട.. ഞാന്‍ ആവശ്യമുള്ളതൊക്കെ വീട്ടില്‍ നിന്ന് കഴിക്കാറുണ്ട്.. വേണമെങ്കില്‍ എന്റെ കയ്യില്‍ കാശുമുണ്ട്... നന്ദി..'' എന്നൊക്കെയാണ് ആ അംഗവിക്ഷേപങ്ങളുടെ മൊഴിമാറ്റം..

ഒടുവില്‍ , അയാള്‍ അല്പം ദൂരേക്ക്‌  കൈ ചൂണ്ടി.. ഞാന്‍ നോക്കുമ്പോള്‍ ദൂരെ ഒരു ഖുമാമ പെട്ടിക്കരികില്‍ ഒരു കറുത്ത വര്‍ഗക്കാരി സ്ത്രീ! അവര്‍ ഖുമാമ യില്‍ നിന്ന് വല്ലതും കിട്ടുമോ എന്ന് പരതുകയാണ്.. തൊട്ടപ്പുറത്ത് ഒരു മരത്തണലില്‍ അവരുടെ കൊച്ചു കുട്ടി ഇരുന്നു കളിക്കുന്നുണ്ട്...

അയാള്‍ എന്നോട് ആംഗ്യം കാണിച്ചു പറഞ്ഞു:
ആ പാവം കുട്ടിക്ക് കൊടുക്കൂ   ...!
ഞാന്‍ നടന്നു നീങ്ങി.. അയാള്‍ പറഞ്ഞ പോലെ ഞാന്‍ ആ കുട്ടിക്ക് എന്റെ കയ്യിലുള്ള കീശ സഹിതം എല്ലാം കൊടുക്കുന്നതും നോക്കി അയാള്‍ നില്‍ക്കുന്നു..!

അന്നേരം  വലതു കയ്യിലെ നാലുവിരലുകള്‍ മടക്കി പിടിച്ചു  തള്ള വിരല്‍ ഉയര്‍ത്തി അയാള്‍ എനിക്ക് ലൈക്‌ തന്നു. ഹൃദയം തൊടുന്ന ലൈക്‌!

 


2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഹായില്‍ സ്ട്രീറ്റിലെ അപ്പൂപ്പന്‍ താടികള്‍





ഓഫീസിലേക്ക് വരുമ്പോള്‍ തൂവലുകള്‍ പോലെ എന്തോ കുറെ എണ്ണം എന്റെ തലയ്ക്കു മീതെ പറന്നു വന്നിരുന്നു.. 
തലയിലും കഴുത്തിലും കൈകളിലും മൃദുലമായ, ഇക്കിളിപ്പെടുത്തുന്ന തലോടല്‍ .. 
നോക്കുമ്പോള്‍ നമ്മുടെ അപ്പൂപ്പന്മാരാണ്..
അപ്പൂപ്പന്‍ താടികള്‍.. ..!

എനിക്ക് വല്ലാത്ത കൌതുകം തോന്നി.. 
എവിടെ നിന്നാണ് കൊച്ചു പക്ഷികളെ പോലെ ഇവ കൂട്ടം കൂട്ടമായി പറന്നു വരുന്നത്?
ഞാന്‍ നാലുപാടും നോക്കി .. 
വലിയ മതില്‍ക്കെട്ടിന്റെ അകത്തേക്ക് എന്റെ ദുര്‍ബലമായ കണ്ണുകള്‍ക്ക്‌ പ്രവേശന മില്ലാത്തത് കൊണ്ട് 'വെള്ളപ്പറവ'കളുടെ കൂട് കണ്ടെത്താനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു..

കൂട്ടത്തില്‍ ഒന്ന് രണ്ടെണ്ണം എടുത്തു ഞാന്‍ ഓമനിച്ചു.. 
നനുത്ത മിനുമിനുപ്പുള്ള കുഞ്ഞു താടികള്‍ എന്നെ എങ്ങോട്ടോക്കെയോ കൂട്ടിക്കൊണ്ടു പോയി.. ഒന്ന് രണ്ടെണ്ണത്തിനെ പിടിച്ചു വെച്ച് ഞാന്‍ എന്റെ പോക്കറ്റിലിട്ടു..
അവ ഇപ്പോഴും കീശയില്‍ സുഖമായി ഉറങ്ങുന്നുണ്ട്‌!

കുട്ടിക്കാലത്ത് പണ്ടെങ്ങോ കണ്ടതാണ്... 
കയ്യില്‍ കിട്ടിയാല്‍ പിന്നെ ഒരു ഊത്താണ്.. 
പറന്നു പോകുന്നത് കാണാന്‍ നല്ല രസം .. 
അതിലേറെ എനിക്കിഷ്ടം ആ പേരാണ്..
നല്ല കാല്പനികമായ ആ പേര് ആരാണാവോ ഇവക്കിട്ടത്...
അപ്പൂപ്പന്‍ താടി..! സൂപ്പര്‍ പേര്..

ഇവ ഏതോ ചെടിയുടെ കായ പൊട്ടിപ്പിളര്‍ന്ന് വരുന്നതാണ്..
ഏതു ചെടിയാണ് ഈ പറവകളെ പറത്തിവിടുന്നത്?

ഇന്ന് എന്റെ ചിന്ത മുഴുവനും അപ്പൂപ്പന്‍ താടികള്‍ ആയിരുന്നു..

പിതാവിന് കുഞ്ഞു താടിയെ ഉണ്ടായിരുന്നുള്ളൂ .. അതിന്മേല്‍ ഒന്ന് ഉഴിയാന്‍ മോഹമുണ്ടായിരുന്നു.. നടന്നില്ല.. പേടിയായിരുന്നു.. 

അപ്പൂപ്പന്‍ ഇല്ലാത്തത് കൊണ്ട് അതും സാധിച്ചില്ല.. 
വെളുത്ത നൂല് പോലെയുള്ള അപ്പൂപ്പന്റെ താടിയില്‍ സ്നേഹപൂര്‍വ്വം പിടിക്കാന്‍ നല്ല രസം കാണും അല്ലെ... 
യഥാര്‍ത്ഥ അപ്പൂപ്പന്റെ താടിയില്‍ ഉഴിയാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ന് ഞാന്‍ ഈ അപ്പൂപ്പന്മാരെ മതിയാവോളം ആസ്വദിച്ചു...
ഇപ്പോള്‍ ഒരു ആശങ്ക : ഇവ കീശയില്‍ കിടന്നു വാടിപ്പോകുമോ?

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

താക്കോല്‍




വൃത്തിയും ഭംഗിയും നല്ല സൌകര്യവുമുള്ള വീട്... 
കുറെ നാളായി അവന്‍ ക്ഷണിക്കുന്നു .. വീട് കാണാന്‍ .. പല കാരണങ്ങളാല്‍ നീണ്ടു  പോവുകയായിരുന്നു.. അവന്‍ കൂടെ നടന്നു എല്ലാം അഭിമാനത്തോടെ കാണിച്ചു തരുന്നു...
ഒടുവിലാണ് വായനാ മുറിയിലെത്തിയത്..

നോക്കുമ്പോള്‍ നിറയെ പുസ്തകങ്ങള്‍ ഉള്ള ഒരു ബൃഹത്തായ ബുക്ക്‌ ഷെല്‍ഫ് !

എനിക്ക് അവനോടു അന്നേരം ഒരു പ്രത്യേക ബഹുമാനം തോന്നി..
''ഒരു വന്‍ ശേഖരം തന്നെയുണ്ടല്ലോ..'
ഞാന്‍ അവനെ അഭിനന്ദിച്ചു!

ആ ശേഖരം ഒന്ന് തുറന്നു കാണണമെന്ന് 
എനിക്ക് കൊതിയായി .. 

അത് തിരിച്ചറിഞ്ഞിട്ടെന്ന വണ്ണംഅവന്‍  ബുക്ക്‌ ഷെല്‍ഫിന്റെ താക്കോല്‍ പരതി. 
കാണുന്നില്ല .. 
ഒടുവില്‍ ഭാര്യയെ വിളിച്ചു ചോദിച്ചു: 

''താക്കോല്‍ എവിടെ..''?
അവള്‍ പറഞ്ഞു: 
''ആ ഷെല്‍ഫിന്റെ മുകളില്‍ തന്നെ എവിടെയെങ്കിലും കാണും... ''
 ഒരു കസേരയിട്ട് 
 കേറി കുറെ സഹാസപ്പെട്ടു  ഒടുവില്‍ അവന്‍  തപ്പിയെടുത്തു താക്കോല്‍ !...
താക്കോല്‍ കണ്ടപ്പോള്‍ എനിക്ക് ഉള്ളില്‍ ചിരി പൊട്ടി..


പാവം മാറാലക്ക് എന്തറിയാം ?


2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

നടത്തം



വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി അല്പം നടന്നാണ് റൂമിലെത്തുക.. ഓഫീസില്‍ നിന്ന്  അഞ്ചു മിനിട്ട് നടന്നാല്‍ ചുവന്ന ചതുരക്കട്ടകള്‍ പതിച്ച ചെങ്കടല്‍ തീരത്തെ വൃത്തിയും വെടിപ്പുമുള്ള നടപ്പാതയിലെത്താം.. 
അപ്പോഴേക്കും അവിടെ  ആളുകള്‍ നിറഞ്ഞിട്ടുണ്ടാവും.. കുട്ടികളും സ്ത്രീകളും യുവാക്കളും വൃദ്ധരും എല്ലാ തരക്കാരുമുണ്ടാവും . കുടുംബ സമേതം കടല്‍ക്കാറ്റ് കൊള്ളാനും    സൊറപറഞ്ഞിരിക്കാനും മാത്രമായി വരുന്നവരുമുണ്ട് കൂട്ടത്തില്‍  .. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഊഞ്ഞാലുകള്‍ നിരവധി സജ്ജീകരിച്ചിട്ടുണ്ട് പാതയോരത്ത് അവിടെയുമിവിടെയുമായി .. 

ചെറിയ  കുട്ടികള്‍ കുട്ടിസൈക്കിളുകളുമായി അങ്ങോട്ടും ഇങ്ങോട്ടും മണിയടിച്ചു കറങ്ങുന്നുണ്ടാകും .. 
സ്ത്രീ  പുരുഷന്മാര്‍ കൂടുതല്‍ പേരും  നടക്കാന്‍ വേണ്ടി വരുന്നവരാണ്.. 

കൂട്ടത്തില്‍ നിരനിരയായി മീന്‍ പിടിക്കാന്‍ ഇരിക്കുന്ന ചൂണ്ടക്കാരെയും കാണാം .. അവരില്‍  കൂടുതലും ഫിലി പ്പൈനികളാണ് ഇന്‍ഡോനേഷ്യക്കാരും..  ചൂണ്ടക്കാര്‍ മാത്രമല്ല  ചൂണ്ടക്കാരികളും കൂട്ടത്തില്‍ ഉണ്ട് എന്നതാണ് ഏറെ കൌതുകകരം .. ഇവര്‍ക്ക് ആര്‍ക്കെങ്കിലും എന്നെങ്കിലും എന്തെങ്കിലും കിട്ടാറുണ്ടോ എന്നെനിക്കു അറിയില്ല.. 
ഒരിക്കല്‍ മാത്രം കണ്ടു; ഒരു മീന്‍ ജീവന്‍ തിരിച്ചു കിട്ടാന്‍ ചൂണ്ടയില്‍ കിടന്നു പിടക്കുന്നത്‌...! 
ജീവന്‍ എല്ലാവര്ക്കും ജീവന്‍ തന്നെ.. മനുഷ്യനായാലും മൃഗമായാലും വെറുമൊരു മീനായാലും ..! 

ഈ നടത്തത്തിനിടയില്‍ സ്ഥിരമായി കാണുന്ന രണ്ടു രംഗങ്ങളുണ്ട്... ഇത് കാണാതെ ഒരിക്കല്‍ പോലും എന്റെ നടത്തം  നടന്നിട്ടില്ല.. ഒന്ന് വല്ലാത്ത സന്തോഷം നല്‍കുന്നതും , മറ്റൊന്ന് തീരാത്ത വേദന പകരുന്നതും...

ഒരു രംഗം ഇതാണ്.. ആവശ്യത്തിലേറെ തടിയും വണ്ണവുമുള്ള  ഒരു വൃദ്ധ സ്ത്രീ തന്റെ മകന്റെ സഹായത്തോടെ മെല്ലെ മെല്ലെ അടിവെച്ചടി വെച്ച് വേച്ചു നടക്കുന്നു.. അവരുടെ വലതു ഭാഗത്തിന് വേണ്ടത്ര ബാലന്‍സ് ഇല്ല എന്ന് തോന്നുന്നു. ഒരു ഭാഗത്തേക്ക്‌ നന്നായി  ചരിഞ്ഞാണ് നടത്തം .. ഒറ്റക്കാലില്‍   വളരെ പ്രയാസപ്പെട്ട്.. 
അവരുടെ മറ്റേ കാല് സത്യത്തില്‍ അവരുടെ മകനാണ്... !
ചെരിഞ്ഞും ചാഞ്ഞും   നടക്കുന്ന അവര്‍ ഇടയ്ക്കിടെ വേച്ചു പോവുന്നുന്ടെങ്കിലും  മകന്‍ അവരെ 
 തന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടാവും . ഓരോ സ്റ്റെപ്പും ശ്രദ്ധയോടെ എടുത്തു വെക്കുമ്പോള്‍ മകന്‍ അവരെ താങ്ങിപ്പിടിച്ചു മെല്ലെ മെല്ലെ നടത്തിക്കുന്നു..

ഈര്‍ക്കില്‍ പോലുള്ള ആ പയ്യന്‍ വിയര്‍ത്തു കുളിച്ചു ഉമ്മയെ താങ്ങി നടക്കുന്നത് കാണുമ്പോള്‍ ഞാന്‍ ആ കണ്ണുകളിലേക്കു അവനറിയാതെ ഒളിച്ചു നോക്കും .. വല്ല അനിഷ്ടത്തിന്റെയും നേരിയ ഭാവം ആ കണ്ണുകളില്‍ മിന്നി മറയുന്നുണ്ടോ? ഇല്ല... വല്ലാത്ത സ്നേഹത്തോടെ , നല്ല കാവലോടെ , നിറഞ്ഞ സംതൃപ്തിയോടെ അവന്‍ അവന്റെ അമ്മയെ ചേര്‍ത്ത് പിടിച്ചിരിക്കുന്നു... പിച്ച വെക്കാന്‍ അവനെ  അമ്മ പഠിപ്പിക്കുമ്പോള്‍ വീണുപോകുമോ എന്ന് വേവലാതി പൂണ്ടു കൈ പിടിച്ചു നടത്തിച്ചിരുന്ന  പോലെ,  അവന്‍ അവന്റെ അമ്മയെ നടത്തിക്കുന്നു! 
യാതൊരു ക്ഷമകേടുമില്ലാതെ..

മക്കള്‍ മുതിര്‍ന്നാല്‍ തീരെ തിരിഞ്ഞു നോക്കാതെ , പുഴുവരിച്ചു മരിക്കേണ്ടി വന്ന ദൌര്‍ഭാഗ്യവന്മാരായ അച്ഛനമ്മമാരുടെ കഥകള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഇക്കാലത്ത്,  തന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയ പോലെ , അവരെ പരിചരിക്കുന്ന അപൂര്‍വ്വം മക്കള്‍ ഇന്നുമുണ്ട് എന്ന തിരിച്ചറിവ് വല്ലാത്ത സന്തോഷം നല്‍കുന്ന കാഴ്ച  തന്നെ..!

ഈ സന്തോഷവും നുണഞ്ഞു നടന്നു നീങ്ങുമ്പോള്‍ പിന്നീട് കാണുന്ന രംഗം വല്ലാതെ സങ്കടപ്പെടുത്തുന്നതാണ്. 
ഏകദേശം പത്തോ ഇരുപതോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു വണ്ടിയില്‍ മലര്‍ന്നു അങ്ങനെ കിടക്കുന്നുണ്ടാവും... കൈകാലുകള്‍ വളഞ്ഞു മടങ്ങി വിരലുകള്‍ചുരുണ്ട്   ചുരുട്ടിപ്പിടിച്ച് ഒരേ ഒരു ലക്ഷ്യത്തിലേക്ക് തുറിപ്പിച്ചു നോക്കുന്നു അവന്‍.. പല്ലുകള്‍ മുഴുവനും പുറത്താണ്.. സ്വന്തമായി ഒന്നനങ്ങാന്‍ പോലും കഴിയാത്ത ആ ചെറുപ്പക്കാരന്‍ ആകാശത്തേക്ക് നോക്കി അനക്കമില്ലാതെ കിടക്കുന്നു.. അവനെ കടല്‍ തീരത്തേക്ക് കാറ്റ്  കൊള്ളാന്‍ കൊണ്ട് വന്ന  ബന്ധുക്കള്‍ ഒരു ഭാഗത്ത്‌ കട്ട കളിച്ചു സമയം പോക്കുന്നു...

ജീവിതത്തിലൊരിക്കലും ഈ കിടപ്പില്‍ നിന്ന് ആ കുട്ടിക്ക് ഒരു മോചനം  ഉണ്ടാകാന്‍ സാധ്യതയില്ല...
വേദനയോടെ ഞാന്‍ അവനെ കടന്നു പോകുമ്പോള്‍ ഞാന്‍ മനസ്സില്‍ ചോദിക്കും. 
അവന്‍ ആ കിടപ്പ് എത്ര കാലം കിടക്കേണ്ടി വരും...? 
ആ ചോദ്യത്തിന് ഉത്തരം അറിയാവുന്നത് ദൈവത്തിന്മാത്രം...
.

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

പുലര്‍ക്കാഴ്ച



പ്രഭാതം വിയര്‍ത്തു വരുന്നേയുള്ളൂ .
ഇന്നലത്തെ രാത്രിയുടെ വിഴുപ്പില്‍ നിന്ന്
ഇന്നത്തെ പകല്‍ പരതുന്ന
പാറക്കറുപ്പുള്ള
പാവം ഒരമ്മ .

പിന്പുറത്ത് കുറുകെ കെട്ടിയ അമ്മ തൊട്ടിലില്‍
ഇനിയുമുണരാതെ
അവളുടെ പൊടിക്കുഞ്ഞ്.

ദാഹം തീരാത്ത സ്പോഞ്ച് തുണ്ടും
കാതിളകിയ ബക്കറ്റുമായി
ആഞ്ഞു കിതക്കുന്ന
വയറൊട്ടിയ
ഒന്ന് രണ്ടൊട്ടകങ്ങള്‍..



വേരിറക്കി പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന
മണല്‍ മരങ്ങള്‍
സുബഹി ബാങ്കിന് മുമ്പേ ഉണര്‍ന്ന്
ഷേവ് ചെയ്യാന്‍ പോലും നില്‍ക്കാതെ
പണിക്കിറങ്ങിയിരിക്കുന്നു.

അപ്പോഴും
വയലിലിറങ്ങാതെ
തീരെ വിയര്‍ക്കാതെ
ഒരു പറ്റം പക്ഷികള്‍
ധാന്യം കൊറിച്ചു സൊറ പറഞ്ഞിരിക്കുകയാണ്
ദൂരെ ഒരു പാട് ദൂരെ
എന്റെ കവിതയുടെ പാടത്ത്...

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

വെളിപ്പാടത്തെ വെള്ളക്കൊക്കുകള്‍


നാട്ടുപച്ചയുടെ ഹൃദയഭൂമിയില്‍ നിന്ന് ഊഷരതയുടെ വിലാസമില്ലാത്ത വിതാനത്തിലേക്ക്‌ വിമാനം പറന്നുയരുമ്പോള്‍ കൂമ്പന്‍ മലയും ചാമക്കുന്നും  പനഞ്ചോലയും വെളിപ്പാടവുമൊക്കെ മിഴിവാര്‍ന്ന ചിത്രങ്ങളായി മനസ്സില്‍ മിന്നി മറയുന്നുണ്ടായിരുന്നു.. 

ആകാശവാഹനത്തിന്റെ കുഞ്ഞുജാലകത്തിലൂടെ പരിമിതമായ കണ്‍വട്ടത്തില്‍ താഴെ, ഒരു പാട് താഴെ ആ കാണുന്നത് ജീവിതമാണല്ലോ എന്ന് വേദനയോടെ ഓര്‍ത്തു.. വിരല്‍ത്തലപ്പുകളില്‍  കൊച്ചുമകള്‍ പൊന്നൂസിന്റെ മുറുകെ പിടുത്തം അപ്പോഴും കിടന്നു പിടക്കുന്നുണ്ടായിരുന്നു.

അന്നേരം ,  പുതിയ ഒരു ഓണപ്പതിപ്പ് കയ്യില്‍ കിട്ടിയ പോലെ കണ്ണെത്തും ദൂരത്തിരിക്കുന്ന ഓരോ മുഖങ്ങളും വെറുതെ ഒന്നു  മറിച്ചു നോക്കി. മരുഭൂമിയുടെ നരച്ച നിറം മാത്രം വീണു കിടക്കുന്ന വലിഞ്ഞു മുറുകിയ ഏതാണ്ടെല്ലാ മുഖങ്ങളിലും അസന്തുഷ്ടമായ മനോവ്യാപാരങ്ങളുടെ രേഖാചിത്രങ്ങള്‍ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ടായിരുന്നു..

സ്വന്തം മണ്ണിലിറങ്ങുമ്പോഴുള്ള ആത്മസുഖവും മറ്റൊരു നാട്ടില്‍ കാല്കുത്തുമ്പോഴുണ്ടാകുന്ന ആകുലതകളും അന്നേരം എല്ലാവരിലുമെന്നപോലെ എന്നിലുമുണര്‍ന്നു .

എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങി സുഹൃത്ത്‌ ഫൈസലിന്റെ കാറിലേക്ക് കേറുമ്പോള്‍ ഒരു നെടുവീര്‍പ്പ് വിടാതെ പിന്തുടരുന്നുണ്ടെന്നു തോന്നി. ഇറങ്ങാന്‍ നേരം മഷിക്കറുപ്പമര്‍ത്തിത്തുടച്ചു ജീവിതച്ചുണ്ടില്‍ ഒരുമ്മ നല്‍കുമ്പോള്‍ കൂടെ പോന്നതാണതെന്ന് തിരിച്ചറിയുമ്പോഴേക്കും കാര്‍ ഒഴുകി തുടങ്ങിയിരുന്നു.

അടുത്ത അവധിക്കാലത്തെക്കുള്ള കണ്ണെത്താത്ത ദൂരമോര്‍ത്തു തിരിച്ചിറങ്ങിയതിന്റെ ആദ്യരാത്രിയിലും എന്റെ മനസ്സ് വല്ലാതെ വേപഥു പൂണ്ടു.

അന്ന് കുഞ്ഞുടുപ്പുകളും മുടിപ്പൂവും മുത്തുമാലകളും വാങ്ങാന്‍ ചെന്നപ്പോള്‍ പ്രായക്കൂടുതലുള്ള കടക്കാരന്‍ ചോദിച്ചു: 'നാട്ടില്‍ പോവ്വാണോ..'?
'അതെ ; എന്തെ..'?
'നാട്ടില്‍ പോകുന്നവരെ കാണുന്നതെ ഒരു സന്തോഷമാണ്..' 
ആ സന്തോഷത്തിന് ഇനി എത്ര നാള്‍ കാത്തിരിക്കണം ..!

ഇക്കുറി വെക്കേഷന് പോകുമ്പോള്‍ പഴയ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമൊക്കെ കാണണമെന്ന് തീരുമാനിച്ചിരുന്നു. ഏറെക്കാലം ഒന്നിച്ചു ജോലി ചെയ്യുകയും ഒരേ റൂമിലുറങ്ങുകയും ചെയ്തിരുന്ന രണ്ടു മൂന്നു സുഹൃത്തുക്കളുടെ പെട്ടെന്നുള്ള മരണമാണ് അങ്ങനെ ചിന്തിപ്പിച്ചത്. 

കൂട്ടത്തില്‍ ഇക്കുറിയെങ്കിലും ഹഫ്സയെ ഒന്ന് കാണണം .. ഓരോ അവധിക്കാലത്തും അവളെയൊന്നു കാണണമെന്ന മോഹം മുളപൊട്ടും .. പല കാരണങ്ങളാല്‍ അത് നടക്കാതെ പോവാറാണ് പതിവ്. 

കളിക്കൂട്ടുകാരിയായിരുന്നു. സമൃദ്ധിയില്‍ ജനിച്ചു വളര്‍ന്ന കാണാന്‍ നല്ല ചേലുള്ള സുന്ദരിക്കുട്ടി. അഞ്ചാം ക്ലാസ് വരെ  ഒന്നിച്ചായിരുന്നു. മദ്രസ്സയിലേക്കും സ്കൂളിലേക്കും ഒന്നിച്ചായിരുന്നു പോക്ക്.അവളുടെ തൊടിയിലെ വടക്കേ അറ്റത്തെ നാടന്‍ മാവില്‍ നിന്ന് വീണ മധുരമേറിയ മാങ്ങകള്‍ അതിരാവിലെ അവള്‍ ചെന്ന് പെറുക്കി കൂട്ടും .. മദ്രസ്സയിലേക്ക് പോകും വഴി എനിക്കും തരും കുറെയെണ്ണം. വീട്ടിലുണ്ടാക്കിയ പലഹാരങ്ങളുടെ ഒരു പങ്ക് കീറിയ പത്രത്തില്‍ പൊതിഞ്ഞു കൊണ്ടു വരും.. 

പാത്തുട്ത്താത്ത ഉണ്ടാക്കുന്ന സ്വാദുള്ള ഉപ്പുമാവ് വാങ്ങാന്‍ വരിയില്‍ അവളുമുണ്ടാവും. അവള്‍ക്കു പൊടുവണ്ണി യില പൊട്ടിച്ചു കൊടുക്കുന്നത് ഞാനാണ്. ഉച്ചക്ക് കഞ്ഞിക്കു പോകുമ്പോള്‍ അവളുടെ ഓഹരി എനിക്ക് തരും. അവളെക്കാത്ത് വിഭവസമൃദ്ധമായ ഭക്ഷണമിരിക്കുമ്പോള്‍ ഉപ്പുമാവ് തിന്നു വിശപ്പടക്കേണ്ട വല്ല കാര്യവുമുണ്ടോ? അവള്‍ക്ക് എന്തൊരു സുഖമാണ്..ഒന്നിനും ഒരു കുറവുമില്ല. നല്ല ഭക്ഷണം, വീട്, വസ്ത്രങ്ങള്‍, സ്നേഹം.. സങ്കടമൊന്നും തോന്നിയില്ല..അവള്‍ക്ക് സുഖമാണല്ലോ... 

ഒരു ദിവസം സ്കൂള്‍ വിട്ടു പോരുമ്പോള്‍ അവള്‍ പറഞ്ഞു: ''ഇന്ന് ഞമ്മക്ക് പാടത്തൂടെ പോവാം..കൊറച്ചു കഞ്ഞുണ്ണി മാണം. വെള്ളത്തണ്ടും.പിന്നെ ഞമ്മക്ക് വെള്ളക്കൊക്ക്കളേം കാണാം.. ''

സാധാരണ സ്കൂളിനു മുമ്പിലൂടെ പോകുന്ന ടാറിടാത്ത റോഡിലൂടെ ആണ് ഞങ്ങളുടെ പോക്ക് വരവുകള്‍.
കൊക്കുകളെ അവള്‍ക്കു വലിയ ഇഷ്ടമായിരുന്നു.മറ്റാരും കേള്‍ക്കാതെ ഞാന്‍ അവളെ 'വെള്ളക്കൊക്ക്' എന്ന് കളിയാക്കി വിളിക്കും. അപ്പോള്‍ അവളുടെ വെളുത്തു ചെമന്ന മൂക്കിന്‍ തുമ്പില്‍ ശുണ്ഠിയുടെ വിയര്‍പ്പുമണികള്‍ പൊടിയും. 'ഞാനന്നോട് മുണ്ടൂലാ ' എന്നും പറഞ്ഞു അവള്‍ പിണങ്ങും.ആ പിണക്കത്തിന് അധികം ആയുസ്സൊന്നും ഉണ്ടാവില്ല. അതാണ്‌ ആകെയുള്ള ഒരു സമാധാനം..

സ്കൂളിന്റെ അങ്ങേക്കരയിലാണ് വെളിപ്പാടം..കിഴക്കേ കുന്നിലെ വേലായുധനും ചാത്തനും സുലൈഖയും കുഞ്ഞാണി യും ഒക്കെ സ്കൂള്‍ വിട്ടു പോകുന്നത് ആ പാടത്തൂടെയാണ്..അത് വഴി വളഞ്ഞു തിരിഞ്ഞു പോയാല്‍ എത്തുക എന്റെ വീട്നിന്റെ പിറകു വശത്താണ്.. വളരെ അപൂര്‍വമായേ ഞങ്ങള്‍ ആ വഴി പോകാറുള്ളൂ..

മഴയൊന്നു മാറിപ്പോയ സമയമാണ്.എന്നിട്ടും മെലിഞ്ഞ വരമ്പിലൂടെ നടന്നു പോകാന്‍ ബുദ്ധിമുട്ടുണ്ട്..ചിലയിടങ്ങളില്‍ നല്ല വഴുക്കുണ്ട്.വയലുകള്‍ കതിര്‍ക്കുലകളുടെ ഭാരം സഹിക്കവയ്യാതെ കുനിഞ്ഞ ശിരസ്സുമായി നില്പാണ്. കൊയ്ത്തു കാത്തു അക്ഷമയോടെയിരിക്കുന്ന വയലിലേക്കു കിളിക്കൂട്ടങ്ങള്‍ പറന്നിറങ്ങുന്നതും കതിര്‍കുലകള്‍ കൊക്കിലൊതുക്കി വന്നിറങ്ങിയ അതിലേറെ വേഗതയില്‍ തിരിച്ചു പറക്കുന്നതും കണ്ടു നില്‍ക്കാന്‍ നല്ല ഹരമാണ്..


വെള്ളക്കൊക്കുകളുടെ കാര്യമാണ് രസം. ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കപട സന്യാസികള്‍ . അവസരം പാര്‍ത്താണ് ഇരിപ്പ്.. മീന്‍ വേട്ട കഴിഞ്ഞു കൂടും തേടി കൂട്ടം കൂട്ടമായി അവ പറന്നു പോകുന്നത് കാണുമ്പോള്‍ ആകാശത്തൂടെ ഒരു വിമാന റാലി നടക്കുന്ന പോലെ തോന്നിക്കും..

അടി വരെ വ്യക്തമായി കാണുന്ന അറ്റംകലായികളില്‍ (പാടത്തെ വെള്ളക്കുഴികള്‍) പരലുകളും കരുതലകളും പുല്ലാന്‍ ചൂട്ടികളും ( നെറ്റിയില്‍ ചൂട്ടുള്ള കുഞ്ഞു മീന്‍) തൊട്ടുമണ്ടിക്കളിക്കുന്നു. ആളനക്കം കേള്‍ക്കുമ്പോള്‍ വിരുതന്‍ കരുതലകള്‍ മടയിലൊളിച്ചു തല പുറത്തേക്കു നീട്ടി പരിസരം വീക്ഷിക്കുന്നത് കാണാം..പരലുകള്‍ക്കും പുല്ലാന്‍ ചൂട്ടികള്‍ക്കും ആരെയും പേടിയില്ല. ഇന്റര്‍വെല്ലിനു സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ ഓടിക്കളിക്കുന്ന പോലെ അവ സ്വന്തം സാമ്രാജ്യത്തിലൂടെ പാഞ്ഞു നടക്കുന്നു..

ഞാന്‍ മുമ്പിലും അവള്‍ പിറകിലുമായി വയല്‍ക്കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ പെട്ടെന്ന് 'പ്ധും' എന്നൊരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ 'വെള്ളക്കൊക്ക്' പൂന്തപ്പാടത്ത് ചേറില്‍ പുതഞ്ഞു കിടക്കുന്നു!
സ്ലേറ്റും കേരള പാഠാവലിയും വയല്‍ വരമ്പില്‍ ചിതറിക്കിടക്കുന്നു.. അവളുടെ കണങ്കാലുകളും കടന്ന് മുട്ടറ്റം വരെ ചേറില്‍ പുതഞ്ഞു പോയിരിക്കുന്നു..മനോഹരമായ അവളുടെ വെള്ളിക്കൊലുസുകള്‍ കാണുന്നേയില്ല ..!

എനിക്ക് ചിരിയാണ് വന്നത്. വന്ന ചിരി പാതി വഴിയില്‍ അടക്കിപ്പിടിച്ചു അവളെ വലിച്ചു കേറ്റാന്‍ ശ്രമിക്കുകയാണ്..വൃത്തിയായി നഖം വെട്ടിയ വെളുത്തു കൊലുന്നനെയുള്ള പതുപതുത്ത വിരല്‍ത്തലപ്പുകള്‍ എന്റെ പരുത്ത കൈകളില്‍ മുറുകെ പിടിച്ചപ്പോള്‍ കൈവെള്ള യിലിരുന്നു ഒരു പൂവിതള്‍ ഞെരിഞ്ഞമരുന്ന പോലെ...

വയല്ക്കുഴികളിലൊന്നിലിറങ്ങി അവളുടെ മഞ്ഞയില്‍ പുള്ളികളുള്ള പാവാടയിലും ആകാശത്തിന്റെ നിറമുള്ള ജമ്പ റിലും കൈകാലുകളിലും പറ്റിപ്പിടിച്ച ചേറു കഴുകിക്കളയുമ്പോള്‍ അവള്‍ പറഞ്ഞു..

'ഇസ്സുട്ടീ ( വല്ല കാര്യവും സാധിക്കനുണ്ടാവുമ്പോഴും വല്ലാതെ ഇഷ്ടം ഉണ്ടാകുമ്പോഴും അവളെന്നെ ഇങ്ങനെയാണ് വിളിക്കുക) നോക്ക് ഇതില്‍ നിറച്ചു മീനുണ്ട്... ഞമ്മക്ക് പുടിച്ചാലോ...?''
'ജ്ജ് ങ്ങ്ട്ട് പോര് , അന്റെ മ്മ ഞെക്കാരം ചീത്ത പറയ്വ ...''
അവന്‍ എന്നെ കോക്രി കാട്ടിയപ്പോള്‍ പതിവ് പോലെ ഞാന്‍ വഴങ്ങി...

അവളുടെ ചുവന്ന തട്ടം രണ്ടറ്റത്തും കൂട്ടിപിടിച്ചു ഞങ്ങള്‍ വല വിരിച്ചു...അഞ്ചാറു പരലുകളും മൂന്നു നാല് പുല്ലാന്‍ ചൂട്ടികളും അവളുടെ മക്കനയില്‍ കിടന്നു ജീവന് വേണ്ടി കിടന്നു പിടച്ചു.
വയലിനപ്പുറത്തെ കിഴക്കനടി തൊടുവില്‍ നിന്ന് ഒരു ചേമ്പില യിറുത്ത് കൊണ്ട് വന്നു ഞാന്‍ മീനുകളെ അതിലിട്ട് കൂട്ടിപ്പിടിച്ചു.. 

എന്റെ വീട്ടിലെത്താറായപ്പോള്‍ അവള്‍ പറഞ്ഞു: 
''ഇതീറ്റാളെ ഞമ്മക്ക് ചുട്ടു തിന്നാം... ''

ആ ആശയം എനിക്കും ഇഷ്ടപ്പെട്ടു. കുറ്റിപ്പുരയുണ്ടാക്കി കളിക്കാന്‍ ഞങ്ങളുടെ വീടിന്റെ പിറകിലെ പുളിമരച്ചോട്ടില്‍ ഞാനും പെങ്ങള്‍ മാളുവും തയ്യാറാക്കിയ അടുപ്പ് കല്ലുകള്‍ അവിടെയുണ്ട്..ഉമ്മയോട് പറഞ്ഞു കുറച്ചു ഉപ്പും മുളകും വാങ്ങിച്ചു..വളഞ്ഞു പുളഞ്ഞു തൊടി മുഴുവനും പടര്‍ന്നു കിടക്കുന്ന മത്തന്‍ വള്ളിയില്‍ നിന്ന് നല്ല വലിപ്പമുള്ള ഒരില അടര്‍ത്തിയെടുത്ത്‌ , കഴുകി വൃത്തിയാക്കിയ മീനുകള്‍ അതിലിട്ട് നന്നായി പൊതിഞ്ഞു. ഉപ്പും മുളകുപൊടിയും വിതറി വാഴ നാരുകൊണ്ട് മുറുകെ കെട്ടി..

അപ്പോഴേക്കും ചകിരി തോടിലും  ചിരട്ടയിലും തീ പടര്‍ന്നു അടുപ്പ് സജീവമായിരുന്നു..
മത്തന്റിലയില്‍  പൊതിഞ്ഞ മീന്‍ കുട്ടികളെ  ഒരു കിരുകിരു ശബ്ദത്തോടെ കനലുകള്‍ സ്വീകരിച്ചു.. വേവാകുന്നത് വരെ ഞങ്ങള്‍ അക്ഷമയോടെ കാത്തിരുന്നു..
ഒടുവില്‍, കരിഞ്ഞു തുടങ്ങിയ വാഴനാരടര്‍ത്തി മാറ്റി മത്തന്റില അടര്‍ത്തി എടുക്കുമ്പോള്‍ അവള്‍ ഭംഗിയുള്ള മൂക്ക് വിടര്‍ത്തി പറഞ്ഞു: 
''ഇസ്സുട്ടീ എന്താ മണം ല്ലേ...'' 
അവള്‍ മണം മുഴുവനും അകത്തേക്ക് വലിച്ചു കേറ്റി..
''ഇജ്ജ് ബയങ്കര മീന്‍ കൊതിച്ചി ആണല്ലേ... മീന്‍ പൂച്ച...'' ഞാന്‍ അവളെ കളിയാക്കി.
മീന്‍ ഓഹരി വെച്ചപ്പോള്‍, എനിക്കാണ് അവള്‍ ''മൂപ്പോരി'' തന്നത്..
അവള്‍ അങ്ങനെ ആയിരുന്നു....!

എട്ടാം ക്ലാസില്‍ നിന്നാണ് ഒരു ദിവസം ആ വാര്‍ത്ത അറിയുന്നത്..അവളുടെ കല്യാണമാണ്..
സാധാരണ അയല്പക്കങ്ങളിലെ കല്യാണ വാര്‍ത്തകള്‍ സന്തോഷമാണ് പകരുക..പക്ഷെ ഈ വാര്‍ത്ത എവിടെയോ ഒരു നീറ്റലായി മനസ്സാകെ പടരുന്നുണ്ട് എന്ന് ഒരു ഞെട്ടലോടെ അറിഞ്ഞു...

പാപുസ്തകങ്ങളില്‍ നിന്ന് വിയര്‍ത്തിറങ്ങി ജീവിത പാഠാവലികളിലൂടെ വെയില്‍ കൊറിച്ചു നടന്നപ്പോഴൊക്കെയും അവളുണ്ടായിരുന്നു മനസ്സില്‍. വായിക്കുന്ന കഥകളിലെ നയികമാര്‍ക്കൊക്കെ അവളുടെ മുഖമായിരുന്നു..

ചെന്നിറങ്ങിയതിന്റെ നാലാം നാള്‍ അവളുടെ വീടിനു മുമ്പിലൂടെ കാറില്‍ പോകുമ്പോള്‍ ഭാര്യ പറഞ്ഞു:

'നിങ്ങളുടെ ബാല്യകാല സഖി ഒരു ദിവസം വന്നിരുന്നു..നമ്മുടെ വീടൊക്കെ അവള്‍ക്കു വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ട്...
'ഒരു പാട് വിഷമിച്ചിട്ടുണ്ട്..ഇപ്പോഴെങ്കിലും രക്ഷപ്പെട്ടല്ലോ...' അവള്‍ പറയുന്നത് കേട്ടു..
'എന്താണ് അവളുടെ അവസ്ഥ'?
'കൂടുതലൊന്നും പറഞ്ഞില്ല ...പക്ഷെ വാക്കുകള്‍ക്കിടയില്‍ വല്ലാത്ത പ്രയാസം ഉണ്ടെന്നു തോന്നി..നാല് മക്കളുണ്ട്..പെണ്‍കുട്ടികളാണ്.. ആരോഗ്യമൊക്കെ ക്ഷയിച്ചു.. അവള്‍ക്കു പ്രസവം നിര്‍ത്തണമെന്നുണ്ട്..അതിനു അയാള്‍ സമ്മതിക്കില്ലത്രെ... ഗര്‍ഭ കാലത്ത് കാലില്‍ നീര് വന്നു നിറയും..ഞരമ്പുകള്‍ ചുരുണ്ട് വലിഞ്ഞു പൊട്ടും..സഹായത്തിന് ഒരാളെ നിര്‍ത്താന്‍ പോലും സമ്മതിക്കില്ല... ഇനി എനിക്ക് മക്കളെ തരല്ലേ ന്റെ പടച്ചോനെ എന്നാന്നു എന്റെ പ്രാര്‍ത്ഥന .. അത് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...

'ഇന്നത്തെ കാലത്തും ഇത്തരം ആളുകളുണ്ടോ..'?
അയാള്‍ പണിക്കൊന്നും പോവില്ലേ?
അയാള്‍ ഒന്നിനും പോവില്ലത്രേ..തന്തയാണ്‌ കാര്യങ്ങള്‍ നോക്കി നടത്തുന്നത്..റബ്ബറും തേങ്ങയും അടക്കയുമൊക്കെയായി നല്ല വരുമാനം ഉണ്ട്.. പക്ഷെ കാര്യമായി ഒന്നും വാങ്ങിച്ചു കൊണ്ട് വരില്ല.. തൊടിയിലുണ്ടാവുന്ന വല്ല മുരിങ്ങയോ മത്തന്റെ ഇലയോ ചക്കയോ ചേമ്പോ ചേനയോ ഒക്കെ കൂട്ടാന്‍ വെക്കും.. ''

''നമുക്ക് ഇന്നത്തെ യാത്ര അങ്ങോട്ടാക്കിയാലോ''? 
''അപ്പൊ വല്യ താത്താന്റൊട്ക്കോ ''?
''അത് മറ്റൊരു ദിവസം ആക്കാം...''

വഴി ചോദിച്ചും അന്വേഷിച്ചും ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ അകത്തു നിന്ന് കുട്ടികളുടെ വാശി പിടിച്ച കരച്ചില്‍ കേള്‍ക്കുന്നുണ്ട്...

ഒരു വലിയ തറവാട് വീട്.. ഓടിട്ടതാണ്..റബ്ബര്‍ ഷീറ്റിന്റെയും അടക്കയുടെയും വൈക്കോലിന്റെയും ഇളുമ്പ് മണം.തേങ്ങയും മട്ടലും ചകിരിയും മറ്റുമായി മുറ്റം വിഭവ സമൃദ്ധം ! 

അകത്ത് അവളും കുഞ്ഞുങ്ങളും മാത്രമേയുള്ളൂ എന്ന് മനസ്സിലായി.. അത് നന്നായെന്നു എനിക്കും തോന്നി..

വാതിലില്‍ മുട്ടി കാത്തിരിക്കുമ്പോള്‍ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു...
അവള്‍ വാതില്‍ തുറന്നു.. തീരെ പ്രതീക്ഷിക്കാതെ ഞങ്ങളെ കണ്ട വെപ്രാളം ആ മുഖം നിറഞ്ഞു കിടന്നു..
ഞാന്‍ അവളുടെ  കണ്ണുകളിലേക്കു നോക്കി.. അവള്‍ ആകെ മാറിയിരിക്കുന്നു...

പ്രസന്നത വറ്റിയ ചടച്ച മുഖം..കണ്ണുകളില്‍ അസ്തമയം കാത്ത് ഒരു തിളക്കം മാത്രം അവശേഷിക്കുന്നുണ്ട്...
മുഷിഞ്ഞ മാക്സിയില്‍ കൈ തുടച്ചു, ഞങ്ങളെ എങ്ങനെ സ്വീകരിക്കണമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു അവള്‍.. 

ചെറിയ കുട്ടിക്ക് ചോറ് വാരി കൊടുക്കുകയായിരുന്നു അവളെന്ന് മനസ്സിലായി..
ഒക്കത്ത് കുട്ടിയും കയ്യില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ കുറച്ചു ചോറും..അതിനു മീതെ എന്തോ ഒരു മഞ്ഞക്കറി ഒഴിച്ചിട്ടുണ്ട്...ഒരു മത്തി ചോറിനു മീതെ നീണ്ടു നിവര്‍ന്നു കിടക്കുന്നുണ്ട്..ഒന്നേ നുള്ളിയിട്ടുള്ളൂ...

പെട്ടെന്ന് , ഒക്കത്തിരുന്ന കുട്ടിയുടെ നേരെ മൂത്ത കുട്ടിയാണെന്ന് തോന്നുന്നു, ഒരു കാക്ക വന്നു കൊത്തിപ്പറക്കും  പോലെ
ഓടി വന്ന് ചോറില്‍ കിടന്ന മീന്‍ റാഞ്ചി കൊണ്ട് പോകുന്നത് കണ്ടു..ഉടനെ ഒക്കത്തിരുന്ന കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി...

ഒന്നും വേണ്ടെന്നും വരുന്ന വഴി വെള്ളം കുടിച്ചതെ ഉള്ളൂ എന്നും കളവു പറഞ്ഞു പെട്ടെന്ന് അവിടെ നിന്നിറങ്ങുമ്പോള്‍ എന്റെ മനസ്സ് വല്ലാതെ നോവുന്നുണ്ടായിരുന്നു...






  
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്