2012, ജനുവരി 29, ഞായറാഴ്‌ച

ബസ്മ



വിദേശരാജ്യക്കാര്‍ക്ക് ഫിംഗര്‍പ്രിന്റും കണ്ണടയാളവും നിര്‍ബന്ധമാക്കിയ സമയം. ഇഖാമ (താമസ രേഖ ) പുതുക്കല്‍ , റീഎന്ട്രി തുടങ്ങിയകാര്യങ്ങള്‍ക്ക് ഇത് രണ്ടും അനിവാര്യമാണെന്ന ഗവണ്‍മെന്റ് ഉത്തരവ് വന്നിട്ട് അധികകാലമായിട്ടില്ല.


നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ സ്വാഭാവികമായും ഇതിന്  തിക്കുംതിരക്കും തിടുക്കവും വര്‍ധിച്ചു. നാട്ടില്‍പോകേണ്ട ഏതെങ്കിലും  സന്നിഗ്ധഘട്ടം വന്നാല്‍ കുടുങ്ങിയത് തന്നെ!
അത്കൊണ്ട് എത്രയും പെട്ടെന്ന് സംഗതി നടത്തണമെന്ന ചിന്തയായിരുന്നു.
രാവിലെപോയി ക്യൂ നിന്നാല്‍  ഒരപക്ഷെ വൈകുന്നേരത്തോടെയേ തിരിച്ചെത്താന്‍ പറ്റൂ എന്ന് പല അനുഭവസ്ഥരും പറഞ്ഞു . ചിലരോട് പിറ്റേ ദിവസം വരാന്‍പോലും പറയുന്നുമുണ്ട്  ..


ഫിംഗര്‍പ്രിന്റിന് പ്രത്യേകകേന്ദ്രങ്ങള്‍ക്ക് പുറമേ വലിയ കണ്ടയ്നറുകളില്‍ എല്ലാവിധ സജ്ജീകരണങ്ങളുമായി മൊബൈല്‍കേന്ദ്രങ്ങളും ഉണ്ട് പലയിടങ്ങളിലും.
എന്നിട്ടും തിരക്കിനുകുറവൊന്നും ഇല്ല. വെക്കഷന്‍ അടുത്ത് വരുന്നു. അതിനുമുമ്പ് കാര്യം സാധിച്ചില്ലെങ്കില്‍ ആകെ കുഴയും..
ക്യൂനില്‍ക്കുന്നതും കാത്തിരിക്കുന്നതും ഹരമുള്ള കാലമുണ്ടായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്ഗോപിയും കാവ്യാമാധവനും മീരാജാസ്മിനും ഒക്കെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ 'ക്യൂ'വിലല്ല 'വൈ'യിലും 'സെഡ് ' ലുംവരെ നില്‍ക്കും മണിക്കൂറുകളോളം . ഇക്കാര്യത്തില്‍ പടുകിളവനും തനി ഇളവനും 'സവസവ'യാണ് .. പക്ഷെ, ആ ക്യൂ അല്ലല്ലോ ഈ ക്യൂ .




നല്ല ചൂടുള്ള കാലമാണ്. എ.സിയില്‍ ഇരുന്നിട്ട് തന്നെ ചൂട് സഹിക്കാന്‍ പ്രയാസം. പിന്നെ പുറത്തെ കാര്യം പറയണോ? പ്രത്യേകിച്ച് നട്ടുച്ച നേരത്തൊക്കെ  ചൂട് കഠിനകഠോരമായിരിക്കും .. സൂര്യനും മനുഷ്യനുമിടയില്‍ തിരശ്ശീലയില്ലാത്ത ആത്മബന്ധത്തിന്റെ രതിമൂര്‍ച്ചയാവും അന്നേരങ്ങളില്‍ നടക്കുക. ( ആടുജീവിതക്കാരും നജീബുമാരും പൊറുക്കുക .. ഞങ്ങള്‍ക്ക് ഞങ്ങളുടെ സുഖവും അസൌകര്യങ്ങളും അല്ലെ അറിയൂ..!! )


ഫിംഗര്‍പ്രിന്റ്‌ എടുക്കാന്‍പോകാന്‍ പറ്റിയ ഒരവസരവും കാത്തിരുന്നു . അവസരം നമ്മെതേടി വരില്ലെന്നും ടിയാനെ  നാം  അങ്ങോട്ട്‌ തേടിചെല്ലണമെന്നും മറ്റുമായിരുന്നു മനസ്സിലാക്കി വെച്ചിരുന്നത്. എന്നാല്‍ ആ ധാരണ തകിടം മറിച്ചു കൊണ്ട് പറ്റിയ  ഒരു അവസരം ഇങ്ങോട്ട് തേടി വന്നു.. !


ഒരു നല്ല  തിങ്കളാഴ്ച  ദിവസം . ഏകദേശം രാവിലെ പത്തു മണി ആയിക്കാണും . ഞങ്ങളുടെ ചീഫ് അക്കൌണ്ടന്‍റും സുഡാന്‍കാരനും കലാഭവന്‍ മണിയുടെ ചര്‍മ്മസൌന്ദര്യവും വി.ആര്‍ കൃഷ്ണയ്യരുടെ മുഖ ച്ഛായയുമുള്ള ത്വലബ് അബ്ബാസ് എങ്ങോട്ടോ പോകാനൊരുങ്ങുന്നു .  ഓഫീസിലെ ഏറ്റവും മാന്യനും എല്ലാവരോടും ഹൃദ്യമായി ഇടപെടുന്നയാളുമായ അദ്ദേഹത്തോട് വല്ലാത്ത ഒരു അടുപ്പം കാത്തുസൂക്ഷിച്ചു പോന്നിരുന്നു. അദ്ദേഹം ചിരിച്ചേ സംസാരിക്കൂ .. ഒരു ജാടയുമില്ലാത്ത  പച്ച മനുഷ്യന്‍ . ഓഫീസിലെ ഓള്‍ഡസ്റ്റ് ജന്റില്‍മാന്‍ .


പുറത്തു പോകാനുള്ള ഒരുക്കം കണ്ടു വെറുതെ അദ്ദേഹത്തോട്  ചോദിച്ചു:
'യാ അബൂ അബ്ദുല്‍ അസീസ്‌ ഫൈന്‍ റൂഹ് ഇന്‍ത..?
( അബ്ദുല്‍ അസീസിന്റെ പിതാവേ,  നിങ്ങള്‍ എവിടെ പോകുന്നു? )
മക്കളുടെ പേര് ചേര്‍ത്ത് അഭിസംബോധന ചെയ്യുന്നത് ഇവര്‍ക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്!
'അന റൂഹ് ലില്‍  ബസ്മ .. തബ്ഗ ഇന്‍ത തആല്‍ മഅ നാ '
( വിരലടയാളം എടുക്കാന്‍ പോകുന്നു . താത്പര്യമുണ്ടെങ്കില്‍ നിനക്കും വരാം ..)


രോഗി ഇച്ഛച്ചതും വൈദ്യന്‍ കല്പിച്ചതും 'മില്‍മ ' എന്ന് പറഞ്ഞ പോലെ ഇത് തന്നെ തക്കമെന്നു കരുതി ഒന്ന് സജീവമായി. കിട്ടിയാല്‍ ഒരു തെങ്ങ് പോയാല്‍ ഒരു പൊങ്ങ് എന്ന നമ്മുടെ പഴകിട്ടും പുളിച്ചു പോകാത്ത പഴഞ്ചൊല്ലിന്റെ മരിക്കാത്ത ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ ഒരു 'ഹായ്‌ ' പറഞ്ഞു കൊണ്ട്  ത്വലബിനോടൊപ്പം  പോകാനുറച്ചു.


ടാക്സിക്കൂലി , യാത്രാദുരിതം, സമയനഷ്ടം, വഴിതെറ്റല്‍ എന്നിങ്ങനെ മൂന്നു നാല് ഗുണങ്ങളുണ്ട് ഈ പോക്കിന്. ഞാനും ഒരു മലയാളി ആയതുകൊണ്ടും എന്തിലും ഏതിലും എന്തുണ്ട് ലാഭം എന്ന് ചിന്തിക്കുന്ന നല്ല തങ്കപ്പെട്ട സ്വഭാവം എനിക്കും ഉള്ളത് കൊണ്ടും ഇത് തന്നെ തക്കം എന്ന് തീരുമാനിച്ചുറച്ചു ..


ചുളുവില്‍ പോയി പോയവണ്ടിയില്‍ തന്നെ ചൂളമടിച്ചു കറങ്ങിത്തിരിഞ്ഞു ചോലക്കിളിയായി തിരിച്ചു പോരാം ... എല്ലാം കൂടെ കൂട്ടിക്കിഴിച്ചു ഹരിച്ചു ഗുണിച്ചു നോക്കിയപ്പോള്‍ എല്ലാം കൊണ്ടും ഉഷാര്‍ തന്നെ!
തിരക്കൊഴിയാന്‍ കാത്തിരുന്നാല്‍ ഒരു പക്ഷെ വെക്കേഷന്‍ നീളും .
അത് നീണ്ടാല്‍ പല പദ്ധതിയും പൊളിയും . വാങ്ങിവെച്ച നിഡോ കട്ടപിടിക്കും ; കൊണ്ഫ്ലെക്സ് തണുക്കും .. ഉടനെ മറുപടി കൊടുത്തു . 'ത്വയ്യിബ്, അന ഈജി മഅക്..' (ശരി ഞാനും വരുന്നു താങ്കള്‍ക്കൊപ്പം.. )


അപ്പോഴാണ്‌ അസിസ്റ്റന്റ് അക്കൌണ്ടന്റും പാക്കിസ്ഥാനിയും  തടിയന്റവിട നസീറിന്റെ ഫേസ് കട്ടുള്ളവനുമായ മസ്ഹര്‍ ഖാനും വരുന്നുണ്ടെന്ന് അറിയുന്നത്.
ഇന്ത്യന്‍ പൂമ്പൊടിയേറ്റു കിടക്കും    പാക്കിസ്ഥാനിക്കും ഉണ്ടാവുമല്ലോ ഒരു സൌരഭ്യവും സൌന്ദര്യവും ഒക്കെ!
കാര്യം കിട്ടുന്ന എന്തിലും ഇന്ത്യാ  പാക്കിസ്ഥാനീ ഭായീഭായിമാരും ബഹുത്ബഡാ ദോസ്തുക്കളും ആണല്ലോ .. തീവ്രവാദത്തിന്റെ കാര്യത്തിലും പാരവെപ്പിന്റെ മുഹൂര്‍ത്തങ്ങളിലും ആണല്ലോ ദുശ്മനും കശ്മലനും പച്ചയും ഒണക്കയും ഒക്കെയുള്ളൂ ..
അവരോടൊപ്പം  ഇറങ്ങി. എപ്പോള്‍ തിരിച്ചു പോരാന്‍ കഴിയും എന്നതിന് ഒരു നിശ്ചയവും ഇല്ല.. അല്ലെങ്കിലും എന്തിനാണ് ഒരു നിശ്ചയം ഉള്ളത് ? കല്യാണത്തിനല്ലാതെ ..!


കാര്‍  ലക്‌ഷ്യം വെച്ച് ഒഴുകി. 
ഏതാണ്ട് ഒരു അര മുക്കാല്‍ മണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തി . 
കാറില്‍ നിന്നിറങ്ങി നോക്കുമ്പോള്‍ അതി ഭീകരമായ ക്യൂ ആണ് കാണുന്നത് .
ക്യൂ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ പിറകില്‍ കാണുന്ന ആ വളഞ്ഞ വാല് കപീഷിന്റെ വാല് പോലെ വളഞ്ഞു പുളഞ്ഞു നീണ്ടു നീണ്ടു പോകുന്നു .. അറ്റം കാണാനാവാതെ ..




നഗ്നമായ സൂര്യതാണ്ഡവത്തിന് ഇരകളായി മഹ്ശറയിലെന്ന പോലെ രണ്ടു വരികളിലായി ഒരു പാട് പേര്‍ കാത്തു നില്‍ക്കുന്നു .. അതിനും പുറമേ അകത്തു കൌണ്ടറിനു മുമ്പില്‍ ഒരു  നെടു നീളന്‍ ലൈന്‍ വേറെയും..
ഇവരില്‍ പകുതിയിലേറെ പേര്‍ക്ക് ഫിംഗര്‍ പ്രിന്റ്‌ എടുക്കാന്‍ കഴിയാതെ ചളുങ്ങിയ ഫിഗറുമായി തിരിച്ചു പോവേണ്ടി വരും . തീര്‍ച്ച .
ഇന്ന് കാര്യം നടക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല . ഇവരെയൊക്കെ പോലെ ഒരു ദിവസം പുലരും മുന്‍പേ എത്തുക തന്നെ വഴിയുള്ളൂ .. 
ആശങ്ക ത്വലബിനെ അറിയിച്ചു . ആശങ്കയും മൂത്ര ശങ്കയും തടഞ്ഞു വെക്കുന്നത് അപകടം ആണ് ! 
'മുംകിന്‍ മാ ഇഖ്ദര്‍ അല്‍ യും '
( ഇന്ന് നടക്കും എന്ന് തോന്നുന്നില്ല )
പക്ഷേ ത്വലബിന്റെ മുഖത്തു ഭാവഭേദങ്ങളൊന്നുമില്ല..
കൊച്ചാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു :
'ഇസ്ബിര്‍ ശുവയ്യ യാ അഖീ .. '
( അല്പം ക്ഷമിക്കു സഹോദരാ.. )

പൊടുന്നനെ ,  തികച്ചും അദ്ഭുതപ്പെടുത്തിക്കൊണ്ട് അകത്തു നിന്ന് ഒരാള്‍ പുറത്തേക്കു വന്നു  .
അയാള്‍ ഉറക്കെ വിളിച്ചു ചോദിക്കുന്നു :
'ഫൈന്‍ ത്വലബ് വാ ജമാഅ' ?
(എവിടെ ത്വലബും സംഘവും) 
ഇതെന്തു പുതുമ? 
അപ്പോഴേക്കും ത്വലാബ് അകത്തു കടന്നിരുന്നു .
ത്വലബിനു പിന്നാലെ അച്ചടക്കമുള്ള അനുയായികളായി 'മുമ്പിലെ മാപ്പള ചെയ്യും പോലെ ' അകത്തേക്ക് കൂളായി കടന്നു ചെന്നു.
ഈ  പോക്ക് കണ്ടു അസൂയ പൂണ്ടു കലിപ്പ് പുറത്തു കാണിക്കാതെ നില്‍പ്പാണ് ക്യൂവിലെ പാവങ്ങള്‍ .
അവരുടെ കണ്ണുകളിലെ അവജ്ഞ യും പുച്ഛവും ദൈന്യതയും വല്ലാതെ  ഒന്ന് നുള്ളി നോവിച്ചു .

പൊരിവെയിലത്ത് കട്ടിച്ചട്ടകളും കാര്‍ട്ടന്‍ കഷണങ്ങളുമായി തലയ്ക്കുമീതെ പൊക്കിപ്പിടിച്ച് വെയില്‍ പെയ്യുന്ന പങ്കജനാഥന്റെ ഭീകരാക്രമണത്തില്‍ നിന്ന് വല്ലവിധേനയും രക്ഷനേടാന്‍ വിഫലശ്രമം നടത്തുന്ന പാവങ്ങള്‍ . . നേരംവെളുക്കും മുമ്പേ വന്നു നില്‍പ്പ് തുടങ്ങിയതാവും . കൊച്ചുബോട്ടിലുകളില്‍ കുടിവെള്ളവുമായി അവര്‍ തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ് . അപ്പോഴാണ്‌ ചില വരുത്തന്മാര്‍ സകലമര്യാദകളും മണല്‍ക്കാട്ടില്‍ ധൂളികളാക്കി പറത്തിവിട്ട് ഇങ്ങനെ ഞെളിയുന്നത് . അവരുടെ മനസ്സ്‌ അങ്ങനെ പറയുന്നുണ്ടാവണം.

കൂടുതല്‍ സഹതാപത്തിനൊന്നും നില്‍ക്കാതെ  ത്വലബിനോപ്പം അകത്തേക്ക് കേറിപ്പോയി .
ഇത്തരം ഘട്ടങ്ങളിലെ സഹതാപത്തിന് എന്തുണ്ട് വില എന്നും വെറുതെ ഗ്യാലറിയില്‍ ഇരുന്നു സഹതപിക്കാന്‍ ചെലവൊന്നുമില്ലല്ലോ. ചെലവില്ലാത്ത സഹതാപത്തിന് എന്തൊരു മാര്‍ക്കറ്റ് ആണിപ്പോള്‍ ..
ലോകത്തിലെ ഏറ്റവും വലിയ കാര്യം സ്വന്തം കാര്യം തന്നെ .
സ്വന്തം കാര്യം സിന്ദാബാദ് !
പണ്ടെന്നോ വിളിച്ചു മറന്നു പോയ എക്കാലത്തും പ്രസക്തമായ ആ പഴയ മുദ്രാവാക്യം ഒച്ചയില്ലാതെയും മുഷ്ടി ചുരുട്ടാതെയും പരിസരം മറക്കാതെയും വിളിച്ചു പറഞ്ഞു ..!
അകത്തു നിന്ന് കൂട്ടിക്കൊണ്ടു പോകാന്‍ വന്നയാളുടെ പിറകെ അല്പം 'ജാട'യോടെ നടന്നു..
അയാള്‍ അകത്തെ ലൈനിന്റെ ഏറ്റവും മുമ്പില്‍ കൊണ്ട് പോയി നിര്‍ത്തി. മാത്രവുമല്ല 'ഹര്‍റിക്ക് ശുവയ്യ വറാ..' - പിന്നിലേക്ക്‌ മാറിനില്‍ക്ക് - എന്ന് മുമ്പേ ലൈനില്‍ നില്‍ക്കുന്നവരോട് കടുപ്പിച്ചു പറയുന്നത് കേട്ടു.


ഇദ്ദേഹം നടത്തിയ ഈ ചെറിയ എഡിറ്റിംഗ് കൊണ്ട് ഏറ്റവും മുമ്പില്‍ നിന്നിരുന്ന അടുത്ത ഒന്നാമന്‍ നിമിഷനേരം കൊണ്ട് നാലാമനായി മാറി .
ആ നാലാമന്‍ ഒരു മലയാളി ആയിരുന്നു .


പിറകില്‍നിന്ന് വല്ല ഇരുട്ടടിയോ കോളറിനു പിടിത്തമോ പ്രതീക്ഷിച്ചു പിറകിലേക്ക് നോക്കാതെ , ജനഗണമന സമയത്ത് അസംബ്ലിയില്‍ നില്‍ക്കുന്ന കുട്ടികളെ പോലെ  അടങ്ങിയൊതുങ്ങി നിന്നു.
ആരോടൊക്കെയോ ഉള്ള പ്രതിഷേധവും രോഷവും ആ 'തെങ്ങോലത്തലപ്പിന്റെ' മുഖത്ത്‌ തിളച്ചുമറിയുന്നുണ്ട് എന്ന്  കാണാപ്പാഠം ആണ് ..തിരിഞ്ഞു നോക്കിയില്ല . നോക്കിയാലല്ലേ കാണൂ . കണ്ടാല്‍ അല്ലെ പ്രശ്നം ഉള്ളൂ...!!


'അന്യനാടായിപ്പോയി അല്ലെങ്കില്‍ ഈ കരിങ്കാലിപ്പണിക്ക് എന്ത് വേണം എന്ന് എനിക്കറിയാം..'
അവന്‍ പിറുപിറുക്കുന്നത് കേട്ടു.
'കരിങ്ങാലി' വെള്ളത്തെ കുറിച്ചായിരിക്കും അവന്‍ പറയുന്നത് . നമ്മുടെ പ്രസിദ്ധമായ ദാഹശമനിയില്ലേ? വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചാല്‍  ചായയുടെ നിറം വരുന്ന ഔഷധ ശാലയില്‍ നിന്നും കിട്ടുന്ന ആ സാധനം അതാവും അവന്‍ ഉദ്ദേശിച്ചത് !


വെറും പത്തു പതിനഞ്ചു മിനിറ്റിനുള്ളില്‍ കണ്ണും ഫിംഗറും ഫിഗറും കമ്പ്യൂട്ടറിന് സമര്‍പ്പിച്ചു മൂന്നു പേരും പുറത്തിറങ്ങി 'ഹാവൂ ...' എന്ന് ദീര്‍ഘശ്വാസം വിട്ടു .
'ഹാര്‍ മര്‍ ശദീദ്' (എന്തൊരു ചൂട് ) ! ഡയലോഗ് പാക്കിസ്ഥാനിയുടെ വകയാണ് ..
അത് കേട്ട്‌ 'ഇതൊക്കെ എന്നാ ചൂടാ , ചൂടൊക്കെ അങ്ങ് സുഡാനിലല്ലയോ..' എന്ന മട്ടില്‍ ത്വലബ് ഒരു ചിരി ചിരിച്ചു.


തിരിച്ചു പോരുന്നതിനിടെയാണ് ഈ 'എളുപ്പവഴിയില്‍ ക്രിയ' ചെയ്തതിന്റെ ഗുട്ടന്‍സ് മനസ്സിലായത്‌ ..
ത്വലബിനോട് ചോദിച്ചു : ഇതെങ്ങനെ സാധിച്ചു ?
'അതാണ്‌ റെക്കമെന്റിന്റെ പവറ്' !
ഒറ്റവാചകത്തില്‍ ത്വലാബ് പറഞ്ഞതിന്റെ പച്ചമലയാളം അതായിരുന്നു .


ഞങ്ങളുടെ സ്ഥാപനത്തിലെ Human resource Manager ആഖീല്‍ സമദാനിയുടെ പവറാണ് അവിടെ കണ്ടത്..
അദ്ദേഹം വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഞങ്ങള്‍ പൊരിവെയിലത്തെ വി.ഐ.പികള്‍ ആയത്‌.. .    
എല്ലാം കഴിഞ്ഞു പന്ത്രണ്ടു പത്തിന് ഓഫീസില്‍ തിരിച്ചെത്തുമ്പോള്‍ ഒരു ചോദ്യം മനസ്സില്‍ ദഹിക്കാതെ കിടപ്പുണ്ടായിരുന്നു . 
ഇങ്ങനെയൊരു കഥ നാട്ടിലാണ് അരങ്ങേറിയത് എങ്കില്‍ എന്താവും കഥ ?
---------------------------------------------------------------------------
* ബസ്മ = വിരലടയാളം 



  

2012, ജനുവരി 24, ചൊവ്വാഴ്ച

സീറോ




ചെറുപ്പത്തില്‍
എന്റെ വലിയ മോഹം 
ഒരു ഹീറോ പേന 
പിന്നീട്
ഹീറോ സൈക്കിളിനോളം
മോഹം വലുതായി 
പിന്നെയാണ് 
ഹീറോ ഹോണ്ടയ്ക്ക്
കൊതിയാവുന്നത്
നാളുകള്‍ കഴിയവേ
ഒരു ഹീറോ ആവണമെന്നായി.
ഒടുവില്‍ 
ഞാനിപ്പോള്‍
വെറും സീറോ ...!!!

2012, ജനുവരി 2, തിങ്കളാഴ്‌ച

വാമൊഴിക്കു വാരല്‍ മൊഴി






മുറ്റത്ത് കോണ്‍ ക്രീറ്റ് ഇട്ട് മഴ വെള്ളത്തെ ഒഴുക്കി കളയുകയും മലവും മൂത്രവും മലിനജലവും കോണ്‍ ക്രീറ്റ് ടാങ്കിനകത്ത് സൂക്ഷിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ ആസൂത്രണം തിരുത്താന്‍ സമയമായി.
                                                                                           - എ.പി. അബ്ദുള്ളക്കുട്ടി


  • പുറത്തു വിടുന്നത് സ്വീകരിക്കാനും സൂക്ഷിക്കാനും  ചില 'ടാങ്കുകള്‍' ഉണ്ടായത് ഏതായാലും   നന്നായി .. അല്ലെങ്കില്‍ ഇപ്പോള്‍ എന്താകുമായിരുന്നു കഥ ?


എമ്മെന്നും ടിവിയും തമ്മില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു . ഗൌരിയമ്മയെ വിവാഹം കഴിക്കാന്‍ ടി.വി.തോമസ്‌ തയ്യാറായിരുന്നില്ല . വിവാഹത്തിനു തയ്യാറായില്ലെങ്കില്‍ മന്ത്രിയാക്കില്ലെന്നു എം.എന്‍. തീര്‍ത്ത്‌ പറഞ്ഞു.
                                                                                             - പി.ഗോവിന്ദപ്പിള്ള

  • ഒരു മന്ത്രിക്കു ഒരു  ഭാര്യ ഫ്രീ ..



സംവിധായകനായ സലിം അഹ്മദ് ഇനിയും അത്ഭുതങ്ങള്‍ കാണിക്കും . ആദാമിന്റെ മകന്‍ ഒരു സാമ്പിള്‍ വെടിക്കെട്ട്‌ മാത്രമാണ്
                                                                                            - സലിം കുമാര്‍

  • സലിം അഹ്മദ് ഇനിയും അത്ഭുതങ്ങള്‍ കാണിക്കും . സലിം കുമാര്‍ ഇനിയും വളിപ്പുകളും കാണിക്കും .


പുസ്തകം വായിക്കുകയോ സാഹിത്യ സംബന്ധിയായ ആശയങ്ങള്‍ ഒരാധിയായി കൊണ്ട് നടക്കുകയോ ചെയ്യുന്ന ആളുകള്‍ ചാനലുകളില്‍ ഒന്നിലുമില്ല . അപ്പന്‍ തച്ചെത്തിനെ അവര്‍ക്കറിയില്ല . റീമ കല്ലിങ്ങലിനെയും റോമയെയും മാത്രമേ അറിയൂ. ഈ അഭിനവ ജേര്‍ണ ലിസ്റ്റ് കളെ സൃഷ്‌ടിച്ച പ്രസ് അക്കാദമി ഇതിനു സമാധാനം പറയണം
                                                                                         - എം.കെ. ഹരികുമാര്‍

  • ജേര്‍ണലിസ്റ്റുകളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ 'ജീര്‍ണ്ണലിസ്റ്റുകളുടെ' കാലമാണ് 



മുല്ലപ്പെരിയാരിനെ ചൊല്ലി പത്രക്കാരും ചാനലുകാരും പരക്കം പായുന്നു. ചില മന്ത്രി മാര്‍ ഏത്തപ്പഴം ബനിയനില്‍ വെച്ച് നിരാഹാരമിരിക്കുന്നു
                                                                                      - പുനത്തില്‍ കുഞ്ഞബ്ദുള്ള 

  • ചിലര്‍ ഗ്യാലറിയില്‍ ഇരുന്ന് വാചകമടിക്കുന്നു



കൈ പൊങ്ങുകേലെന്നു പറയുന്ന ജോസഫ് രണ്ടു കയ്യും ഭയങ്കരമായി പൊക്കി  VEDIO ക്ക് മുമ്പില്‍   നില്‍ക്കുന്നു
                                                                                         - വെള്ളാപ്പള്ളി നടേശന്‍ 

  • ജോസഫ് കൈ പോക്കുന്നു , ചിലര്‍ നാക്ക് കൊണ്ട് മറ്റുള്ളവരുടെ മുണ്ട് പൊക്കുന്നു..


ലോകത്ത് മറ്റേതു ജീവികള്‍ ജനിച്ചാലും പരസഹായമില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുമെങ്കില്‍ ഒരാളുടെയും സഹായമില്ലാതെ ഒരടി അനങ്ങാന്‍ സാധിക്കാത്തത് മനുഷ്യ കുഞ്ഞിനാണ് ..
                                                                                - ജസ്റ്റിസ് കെ.ടി. തോമസ്‌ 

  • അവന്‍ എണീറ്റ്‌ കഴിഞ്ഞാല്‍ പിന്നെ അടി തുടങ്ങുകയല്ലേ . കുറച്ചു കാലമെങ്കിലും ഒരടി നടക്കാന്‍ കഴിയാതെ കിടക്കട്ടെ എന്ന് സ്രഷ്ടാവ് കരുതിക്കാണും .


മാടമ്പി സംസ്ക്കാരം നിലനില്‍ക്കുന്ന ഒരേയൊരു സ്ഥലം മലയാള സിനിമയാണ്. സൂപ്പര്‍ താരം സെറ്റില്‍ വരുമ്പോള്‍ ഒരു പെണ്‍കുട്ടി എഴുന്നേല്‍ക്കാന്‍ മടിച്ചാല്‍ 'അവളെ പറഞ്ഞു വിട്ടേക്കൂ' എന്ന് പറയും
                                                                                                         - വിനയന്‍ 

  • ആറാം തമ്പുരാന്‍ , നരസിംഹം, താന്തോന്നി, പ്രമാണി, മാടമ്പി എന്നൊക്കെ നിങ്ങള്‍ തന്നെയല്ലേ അവര്‍ക്ക് പേര് വിളിച്ചത്? വളര്‍ത്തു ദോഷം എന്നലാതെ എന്ത് പറയാന്‍?



 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്