2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

കണ്ണാരം പൊത്തിപ്പൊത്തി




കളികള്‍ ഏറെയുണ്ടായിരുന്നു ഒരു കാലത്ത്   . പന്ത്  കളി  , കുട്ടിയും കോലും , തൊട്ടുമണ്ടിക്കളി , സാറ്റ് , പമ്പരംഏറ് , ഗോലി കളി , കക്ക്, കൊത്തം കല്ല് ,  വള്ളിച്ചാട്ടം  , അമ്മാനമാടല്‍ , കുറ്റിപ്പുര കെട്ടി ചോറും കറിയും വെക്കല്‍ .. അങ്ങനെയങ്ങനെ .


സ്കൂള്‍ വിട്ടുവന്ന പാടെ വല്ലതും കഴിച്ചെന്നു വരുത്തി , പാടത്തെക്കോ , പറമ്പിലേക്കോ , കളിക്കളങ്ങളിലേക്കോ വീടിന്റെ പിന്‍വശത്തെക്കോ 
ഓട്ടം. പിന്നെ കൂട്ടുകാരോടൊപ്പം മതിമറന്നു കളിച്ചു കൂത്താടി ശരീരം മുഴുവന്‍ മണ്ണും ചെളിയുമായി   കാലിലും തുടയിലുമൊക്കെ പോറലുകളും മുറിയലുകളുമായി സന്ധ്യയോടെ വീട്ടില്‍ എത്തിയിരുന്ന കുസൃതി നിറഞ്ഞ കാലം . മറക്കാന്‍ കഴിയാത്ത ,  ഓര്‍മ്മയില്‍ പോലും മധുരം നിറയുന്ന ബാല്യ കാലം ..


കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം , ഒരു കവിത , ഒരോര്‍മ്മ ഇതൊക്കെ ആ കാലത്തെ നമ്മുടെ മനസ്സിലേക്ക് കൂട്ടിക്കൊണ്ട് പോകും... നാം അറിയാതെ അല്‍പനേരം അന്നത്തെ ആ  കുട്ടിയായി മാറും . മനസ്സില്‍ നിന്ന് ഒരിക്കലും പടിയിറങ്ങി പോകാത്ത ഗൃഹാതുര സ്മരണയായി ബാല്യകാലം ഉള്ളില്‍ കിടന്നു ഓളം വെട്ടും .

എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരം കളികളെ കുറിച്ചൊന്നും  അറിയില്ല . കാലം മാറിയപ്പോള്‍ കഥ മാത്രമല്ല കളികളും ഏറെ മാറി. 


തികച്ചും യാന്ത്രികമാണ്‌ പുതിയ കാലത്തെ കുട്ടികളുടെ ജീവിതം . 
അടച്ചിട്ട മുറിയില്‍ നിന്ന്  സ്കൂള്‍ ബസ്സിലേക്ക് . അവിടെ നിന്ന് സ്കൂള്‍ മുറികളിലേക്ക് . വീണ്ടും ബസിലേക്ക് . വീട്ടിലേക്ക്.  

സ്വയം ചെറുതായി ചെറുതായി തന്റെ ചതുരങ്ങള്‍ക്കുള്ളില്‍   കറങ്ങുകയാണ്  പുതിയ തലമുറ  .  അവരുടെ വിനോദങ്ങളും വിചാരങ്ങളും വിനിമയങ്ങളും തികച്ചും വ്യക്ത്യാധിഷ്ടിതമാകുന്നു.  


മതിലുകള്‍ക്കുള്ളില്‍ വളരുന്ന  കുട്ടികള്‍ സമീപനങ്ങളിലും പെരുമാറ്റങ്ങളിലും മതിലുകള്‍ ഇല്ലാത്തവരായിപ്പോയി എന്നതാണ്  പുതിയ കാലത്തിന്റെ ഏറ്റവും വലിയ വൈരുധ്യം .  

പണ്ട് വലിയവരെ ബഹുമാനിക്കുക , മുതിര്‍ന്നവരെ ആദരിക്കുക , അവരെ കാണുമ്പോള്‍ മടക്കി കുത്തിയ മുണ്ട് താഴ്ത്തിയിടുക , അവരുടെ സാന്നിധ്യത്തില്‍ മെല്ലെ സംസാരിക്കുക  എന്നിവയൊക്കെ കുട്ടികളുടെ ശീലമായിരുന്നു . ഇന്ന് കുട്ടികള്‍ക്ക് എല്ലാവരും സമന്മാരാണ് . ആരും വലിയവരല്ല ; ആരും ചെറിയവരുമല്ല  എന്ന മട്ട് .. 
മതില്‍ കെട്ടി നിര്‍ത്തി വളര്‍ത്തുമ്പോള്‍ മറ്റു ചില മാനുഷിക  മതിലുകള്‍ 
തകരുന്നുണ്ട്    എന്നര്‍ത്ഥം. 


ഒരു കാര്യം നാം മനസ്സിലാക്കിയേ പറ്റൂ . ഓരോ കാലത്തിനും അനുയോജ്യമായ  തലമുറയാണ് ഇവിടെ ജനിക്കുന്നത് . അവര്‍ക്ക് അവരുടെതായ ശീലങ്ങളും സ്വഭാവങ്ങളും വിനോദങ്ങളും ഉണ്ട് . നമ്മുടെ കാലത്തെ കളികള്‍ നമ്മുടേത്‌ മാത്രമാണ്  . അവ ഓര്‍ക്കുമ്പോള്‍ തന്നെ നമുക്ക്  ഗൃഹാതുരത്വം തോന്നുന്നത്  അത് നമ്മുടെതായിരുന്നു എന്നത് കൊണ്ടാണ്  . പക്ഷെ അക്കാലം മാത്രമായിരുന്നു ശരി , പഴകാല കളികള്‍ മാത്രമാണ് കളി , എന്നൊക്കെ നമുക്ക് തോന്നാമെങ്കിലും പുതിയ തലമുറക്ക് തോന്നില്ല . സാറ്റ് കളിയെക്കുറിച്ച് നമ്മുടെ കുട്ടികളോട് ഒന്ന് പറഞ്ഞു നോക്കൂ .. !! 


കാലം മാറുമ്പോള്‍ തലമുറ മാറുമ്പോള്‍ കളികള്‍ , ശീലങ്ങള്‍ , രീതികള്‍ , ഇവയൊക്കെയും മാറും . നമ്മുടെ കുട്ടിക്കാലത്തെ കളികള്‍ അല്ല നമ്മുടെ കുട്ടികളുടെ കളികള്‍ . അവരുടെ കളികള്‍ ആവില്ല  അവരുടെ കുട്ടികളുടെ കളികള്‍ .
അതിനു ആരും ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല . അങ്ങനെയാണ് ലോകക്രമം . 


നാം തന്നെ എത്രയാണ് മാറിയത് ? അയല്‍പക്കങ്ങളില്‍ പോയി സൊറ പറഞ്ഞിരിക്കാന്‍ ഇന്ന് ആര്‍ക്കെങ്കിലും നേരമുണ്ടോ ? മനുഷ്യന്‍ മനുഷ്യനെ കാണുന്നത്  കൂടുതലും ഉപകരണങ്ങളിലൂടെയാണ് .  വിരല്‍ത്തുമ്പിലാണ് ഭൂഗോളം . തുറക്കുകയെ വേണ്ടാത്ത വാതിലുകള്‍ ആണ്  കൂടുതലും .. ആര്‍ക്കും ആരെയും ആശ്രയിക്കേണ്ടി വരുന്നില്ല . അത് കൊണ്ട് തന്നെ 'നമുക്ക് നാം തന്നെ ധാരാളം ' .


പണ്ടത്തെ കുട്ടികളെ വിരട്ടി നേരെയാക്കാന്‍ പറ്റുമായിരുന്നു . നാമൊക്കെ രക്ഷിതാക്കളില്‍ നിന്ന് അടി മേടിച്ചവരാണ് . അധ്യാപകരില്‍ നിന്നും അതിലേറെ കിട്ടിയവരാണ് . പക്ഷെ ഇന്ന് അടിയും വടിയും ഭീഷണിയും വിരട്ടലും ഒന്നും പുതിയ മക്കളുടെ അടുത്തു വിലപ്പോകില്ല .


അച്ഛനെ അവിടെ കാണുമ്പോള്‍ ഇവിടെ മാറിപ്പോകുന്ന മകനല്ല ഇന്നത്തെ മകന്‍ . അവന്‍ ഇന്ന് അച്ഛന്റെ തോളില്‍ കയ്യിട്ടു നടക്കുന്നവനാണ് . അവര്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു , വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു .. 


പുതിയ അച്ഛന്‍ /അമ്മ / മകന്‍ /മകള്‍ ബന്ധങ്ങളില്‍ ഒരു പാട് മാറ്റം വന്നിരിക്കുന്നു. അത് കൊണ്ട് തന്നെ സൌഹൃദ  അന്തരീക്ഷം 
വീട്ടിലും നമ്മുടെ സമീപനങ്ങളിലും ഉണ്ടായെങ്കില്‍  മാത്രമേ പുതിയ 
മക്കളുമായി നമുക്ക്  സമരസപ്പെട്ടു പോകാന്‍ കഴിയൂ.


പിടിച്ചു വെക്കലല്ല നിയന്ത്രണം വെക്കലാണ് ബുദ്ധി.  
അല്ലെങ്കില്‍ കിട്ടാത്തതു കിട്ടാന്‍ അരുതാത്ത   മാര്‍ഗങ്ങള്‍ അവന്‍ തേടിപ്പോവും.  നമുക്ക് നമ്മുടെ കുട്ടികളെ തന്നെ നഷ്ടപ്പെടാന്‍ ഇത് കാരണമായേക്കും .


പട്ടാളച്ചിട്ടയോടെ മക്കളെ വളര്‍ത്തുന്ന  കാലം കഴിഞ്ഞു . നല്ല സൌഹൃദവും അനുകൂലമായ  കുടുംബാന്തരീക്ഷവും 
പക്വമായ   സമീപനങ്ങളും കൊണ്ട് മാത്രമേ പുതിയ തലമുറയെ  നല്ല മക്കളായി വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിയൂ. 
കുട്ടികളെ മനസ്സിലാക്കാന്‍ നാം ശ്രമിക്കുമ്പോഴേ കുട്ടികള്‍ നമ്മെ മനസ്സിലാക്കാനും ശ്രമിക്കൂ.

പറയുന്നതെല്ലാം വാങ്ങിക്കൊടുക്കാന്‍ കാണിക്കുന്ന താത്പര്യത്തെക്കാള്‍ കൂടുതല്‍ , വാങ്ങിക്കൊടുത്തവ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നാം അറിയണം . പുതിയ സംവിധാനങ്ങള്‍ അവന്റെ മാനസിക വികാസത്തിനും വളര്‍ച്ചക്കും അനുഗുണമായ രീതിയില്‍ ഉപയോഗിക്കാനുള്ള ബോധം മക്കളില്‍ വളര്‍ത്തിക്കൊണ്ടു വരണം . 


പുതിയ തലമുറയെ നേര്‍വഴിക്കു നടത്താന്‍ നാം പുതിയ രക്ഷിതാക്കള്‍ ആവുക തന്നെ വേണം .



2012, ഏപ്രിൽ 25, ബുധനാഴ്‌ച

കഥ : പാളങ്ങള്‍


നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന അയാളുടെ ആവശ്യത്തോട് അവള്‍ പ്രതികരിച്ചത് ഇങ്ങനെയാണ് . 'അയ്യോ , അത്ര നേരത്തെയോ , അഞ്ചിന് എണീറ്റാല്‍ തന്നെ ധാരാളം സമയമുണ്ട്. വെറുതെയെന്തിനാ സുഖകരമായ ഒരു മണിക്കൂര്‍ വേസ്റ്റാക്കുന്നത്..'?

എന്നിട്ടും അയാള്‍ നാലരയ്ക്ക്  തന്നെ അലാറം വെച്ചു  .
അവളും മക്കളും ഒരുങ്ങിപ്പിടിച്ചു ഇറങ്ങുമ്പോള്‍ എന്തായാലും വൈകും . മൈന ഏതാണ്  നാളെ ഇടേണ്ടത് എന്ന് പോലും നിശ്ചയിട്ടുണ്ടാവില്ല . നൈന  അവള്‍ക്കിടാനുള്ള തൊക്കെ നേരത്തെ ത്തന്നെ ഒരുക്കി വെക്കുന്നത് കണ്ടു .
'നല്ല കുട്ടികള്‍ ഇങ്ങനെയായിരിക്കു'മെന്നു ഒരു കോംബ്ലിമെന്റ് കൊടുത്തു
അയാള്‍ അവള്‍ക്ക്.

ഭാര്യക്കും   മൂത്ത മോള്‍ക്കും തന്നെയാണ് ഒരുങ്ങാന്‍ കൂടുതല്‍ സമയം വേണ്ടിവരിക .  

'നീ ജീരകവെള്ളം എടുത്തുവെച്ചിട്ടുണ്ടോ ? അത് മറന്നാല്‍ പിന്നെ ഏതെങ്കിലും കുപ്പിവെള്ളം കുടിക്കേണ്ടിവരും . അത് നമ്മുടെ പോക്കറ്റിനെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും . ഏതെങ്കിലും വൃത്തികെട്ട പുഴ വെള്ളമോ കുളത്തിലെ അഴുക്കുവെള്ളമോ ഒക്കെയാണ് കുപ്പിയിലാക്കി കൊള്ളാവുന്ന ഒരു പേരും വെച്ച് കൊള്ളലാഭത്തിനു വില്‍ക്കുന്നത് ..'


അയാളുടെ അധികപ്രസംഗത്തിന് ചെവികൊടുക്കാതെ അവള്‍ എപ്പോഴോ ഉറങ്ങിക്കഴിഞ്ഞിരുന്നു .

അയാള്‍ മെല്ലെ കണ്ണടച്ച് കിടന്നു . വെളുപ്പിന് ഏഴിന് മുമ്പേ സ്റ്റേഷനില്‍ എത്തണം .  അതെങ്ങാനും മിസ്സായാല്‍ ഇന്നത്തെ യാത്ര തന്നെ അവതാളത്തിലാവും . രാത്രി ഏഴു മണിയാവും തിരുവനന്ത പുരത്തെത്താന്‍.

രണ്ടു പെണ്‍കുട്ടികളും ഭാര്യയും രാത്രിയും റെയില്‍വേ സ്റ്റേഷനും എല്ലാം കൂടി ഓര്‍ത്തപ്പോള്‍  അയാള്‍ക്ക് ആധി പെരുത്തു. ഒറ്റയ്ക്ക് യാത്ര പോകുന്ന പോലെയല്ല  പെണ്‍മക്കളുമായുള്ള യാത്ര . 

ഈ ആശങ്കകള്‍  അവളുമായി പങ്കുവെച്ചപ്പോള്‍ അവള്‍ അയാളെ കൊച്ചാക്കി പറഞ്ഞു:
'അതിനെന്താ നിങ്ങളില്ലേ കൂടെ ? അങ്ങനെയൊക്കെ പേടിച്ചും സങ്കല്‍പ്പിച്ചും ഇരുന്നാല്‍ വല്ലതും നടക്കുമോ? നിങ്ങള്‍  എങ്ങനെയിങ്ങനെ ഒരു  പേടി ത്തൊണ്ടനായി എന്റെ മാഷെ ? വെറുതെ കട്ടി മീശയും വെച്ച് നടന്നാല്‍  മതിയോ? 
നിങ്ങള്‍ പേടിക്കേണ്ട , ഞാനുണ്ട് കൂടെ കൂള്‍ ഡൌണ്‍ .. ' 

അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോവാമെന്നു വെച്ചത് . കാലമേറെയായി അവള്‍ പറയുന്നു. വസന്തചേച്ചിയെ ഒന്ന് കാണണമെന്ന്. ചേച്ചിക്ക് എന്തോ അസുഖം ഉണ്ടെന്നു കേട്ടത് മുതല്‍ അവള്‍ക്ക് തീരെ ഇരിക്കപ്പൊറുതിയില്ല .

ചേച്ചിയെന്നു പറഞ്ഞാല്‍ അവള്‍ക്ക് ജീവനാണ് . 
കെട്ടിക്കൊണ്ടു വരുമ്പോള്‍ തന്നോട് ഏറ്റവും കൂടുതല്‍ അവള്‍ സംസാരിച്ചത് വസന്തയെ കുറിച്ചാണ്. 
അവളുടെ ടീച്ചര്‍ ആയിരുന്നു വസന്തകുമാരി . വീടിനു തൊട്ടപ്പുറത്തെ വാടക വീട്ടിലെ താമസക്കാരി .

അവളുടെ കല്യാണത്തലേന്നു ബോംബെക്കാരി അമ്മായി രണ്ടുകൈകളിലും കാലുകളിലും മുട്ടോളം മൈലാഞ്ചിയിട്ട് ചുവപ്പിച്ചപ്പോള്‍ അവള്‍ക്ക് ചോറ് വാരിക്കൊടുത്തത് വസന്തേച്ചി യായിരുന്നുവത്രേ. അന്ന് ചേച്ചിയോടൊപ്പം അവരുടെ വാടക വീട്ടില്‍ ആണ് പോലും അവള്‍ കിടന്നത്.


വീട്ടില്‍ കല്യാണ ത്തിന്റെ ഒച്ചയും ബഹളവും ആയിരുന്നു. 
ചേച്ചി തന്നെയാണ് അങ്ങനെയൊരു സജഷന്‍ മുന്നോട്ടു വെച്ചത് . 
'ഇന്ന് ഏതായാലും നീ ഉറക്കമിളക്കണ്ട '
ചേച്ചി അങ്ങനെയാണ് . ചിലപ്പോള്‍  നല്ല ഒരു കൂട്ടുകാരി . മറ്റു ചിലപ്പോള്‍ ഉത്തരവാദിത്തമുള്ള ഒരു ജ്യേഷ്ടത്തി . ചില നേരങ്ങളില്‍ സ്നേഹമുള്ള അമ്മ . ചിലപ്പോള്‍ ഗുണകാംക്ഷിയായ അധ്യാപിക .

അവളുടെ വലിയ വായിലെ വര്‍ണ്ണനകള്‍ കേട്ട് മെല്ലെമെല്ലെ വസന്ത ടീച്ചറെ അയാളും ഇഷ്ടപ്പെട്ടു തുടങ്ങി.

അവളുടെ വീട്ടിലേക്കു പോകുമ്പോള്‍  അവള്‍ ആദ്യം ഓടിച്ചെല്ലുക ടീച്ചറിന്റെ അടുത്തേക്കാണ് . അധികം സംസാരിക്കാനൊന്നും വരില്ല . കുലീനമായ കാണാന്‍ ഭംഗിയുള്ള ഒരു ചിരി തരും എപ്പോഴും. 

അവളോടെ ഉള്ളു തുറക്കൂ . 
'കല്യാണമൊന്നും വേണ്ടേ ഇങ്ങനെ മൂത്ത് നരക്കാന്‍ തന്നെയാണോ പരിപാടി '? എന്ന് അവള്‍ ഒരിക്കല്‍ ചോദിച്ചു പോലും .. 
'നിങ്ങളെ പോലെ മുട്ടയില്‍ നിന്ന് വിരിയും മുമ്പേ യൊന്നും ഞങ്ങളെ കെട്ടിക്കില്ല . ഇനി നിനക്കൊരു കുട്ടിയൊക്കെ  ആവട്ടെ . എന്നിട്ടേ ഞാന്‍ കല്യാണം കഴിക്കുന്നുള്ളൂ.. '

ടീച്ചറെ കുറിച്ച് പറയുമ്പോള്‍ നൂറു നാക്കാണ് അവള്‍ക്ക് . അവളെ ചൊടിപ്പിക്കാന്‍ ഇടയ്ക്ക് അയാള്‍ പറയും .. 
നിന്റെ ആദ്യത്തെ പുത്യാപ്ല ആയിരുന്നോ വസന്ത ? നീയും നിന്റെ ഒരു കോഴിവസന്തയും ..
അത് കേള്‍ക്കെ അവള്‍ക്ക് കലിയിളകും . കോക്രികാട്ടിയും നല്ല മുഴുത്ത നുള്ള് വെച്ച് കൊടുത്തും അവള്‍ അയാളോട് കലി തീര്‍ക്കും .

പിന്നെയും കുറേക്കാലം കഴിഞ്ഞാണ് വിവരം അറിയുന്നത് . വസന്ത ച്ചേച്ചി സുമംഗലിയാവാന്‍ പോകുന്നു . വരന്‍ ആ സ്കൂളില്‍ തന്നെ യുള്ള മുരളി മാഷ്‌ . അവര്‍ പ്രേമത്തിലായിരുന്നുവത്രേ. 

അതറിഞ്ഞപ്പോള്‍ അയാള്‍ അവളെ ശുണ്‍ഠി പിടിപ്പിച്ചു . 
'നിന്റെ വസന്ത ആള് കൊള്ളാമല്ലോ , കണ്ടാല്‍ വെറും പാവം .. പുളിങ്കൊമ്പില്‍ കേറിയങ്ങ് പിടിച്ചല്ലോ ..
'അതിനെന്താ പ്രേമിച്ചു കല്യാണം കഴിക്കുന്നത് തെറ്റാണോ ? ചേച്ചി തെറ്റൊന്നും ചെയ്തിട്ടില്ല .'


മുരളി മാഷും അവളുടെ അധ്യാപകനാണ് . കണക്കു മാഷ്‌. കുട്ടികളുടെ പേടി സ്വപ്നം . 
പക്ഷെ അവള്‍ക്കു മുരളി മാഷെ അത്ര ഇഷ്ടമല്ല . 'അത്ര നല്ല ടീച്ചര്‍ക്ക് എങ്ങനെ അയാളെ ഇഷ്ടമായി ? എനിക്ക് മാഷെ കാണുന്നതെ പേടിയാണ് ..'
'അയാള്‍ നിന്റെ രക്ഷകനല്ലേ . അയാളെ പറ്റി നീ ഇത് തന്നെ പറയണം . അയാള്‍ തക്ക സമയത്ത് ഓടി വന്നില്ലായിരുന്നെങ്കില്‍ നീ ആയിരിക്കില്ല ഇന്ന് എന്റെ ഭാര്യ ..'
'അതോണ്ടെന്ത്യെ ങ്ങക്ക് നല്ലൊരു സുന്ദരിക്കുട്ടീനെ കിട്ടീലെ ..'.
'ഓ , ഒരു സുന്ദരിക്കോത ..'

അയാള്‍ എണീറ്റ് ചെന്ന് മണ്കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു . സമയം പന്ത്രണ്ട് പത്ത്.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് ബക്കറ്റിനോടൊപ്പം അവളും വീണത്‌ . രാത്രിയില്‍ വെള്ളം കോരാന്‍ ഇറങ്ങിയതായിരുന്നു  അവള്‍ . അന്ന് കിണറ്റില്‍ രണ്ടാള്‍ക്ക്‌ വെള്ളമുണ്ട് . അവള്‍ക്കു നീന്തല്‍ അറിയാമായിരുന്നത്  ഭാഗ്യം .  അവള്‍ മുങ്ങിപ്പൊങ്ങി കിണറിന്റെ ഒരു 'പാമ്പേരിയില്‍' പിടിച്ചു നിന്നു. ബഹളവും നിലവിളിയും കേട്ട് ആദ്യം ഓടിയെത്തിയത് മുരളി മാഷ് ആയിരുന്നു. കസേരയിരക്കി കിണറ്റിലിറങ്ങി അവളെ രക്ഷിച്ചതും മാഷ്‌ തന്നെ.
അത് കൊണ്ട് തന്നെ രണ്ടു പേരോടും അവള്‍ക്കു വല്ലാത്ത കടപ്പാടും വിധേയത്വവും ഉണ്ട് .. 


ഓരോ സ്കൂള്‍ വെക്കേഷന്‍ സമയത്തും അവള്‍ പറയും :
'നമുക്കൊന്ന് പോകാം മാഷെ .. ' 


ഭാഗ്യത്തിന് വസന്തക്കും മുരളി മാഷ്ക്കും ഒരുമിച്ചാണ് അവരുടെ നാട്ടിലേക്ക് ട്രാന്‍സ്ഫെര്‍ ശരിയായത് . ഇടയ്ക്കു അവള്‍ ചേച്ചിക്ക് വിളിക്കാറുണ്ട് . വിവരങ്ങളൊക്കെ അവളുടെയടുത്ത് അപ്ടുഡേറ്റ് ആണ്. 


അയാള്‍ക്ക്‌ യാത്ര ഇഷ്ടമേയല്ല . അവള്‍ക്കാണെങ്കില്‍ യാത്ര ജീവനാണ് . യാത്രാ വേളകളില്‍ അവള്‍ പതിവിലേറെ പ്രസന്നവതിയായിരിക്കും . സ്റ്റേഷനില്‍ മുരളി മാഷ്‌ വന്നു നില്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട് . പറ്റുമെങ്കില്‍ കോവളം , നാഗര്‍ കോവില്‍ , കന്യാകുമാരി  ഇവിടെയൊക്കെ ഒന്ന് പോകണം . മക്കള്‍ക്കും ഒരു ചേഞ്ച്‌ ആവും . 


സ്കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ നൈന ക്ക് വാക്ക് കൊടുത്തതാണ് കന്യാകുമാരിയിലേക്ക് കൊണ്ട് പോകാം എന്ന് . സത്യത്തില്‍ അയാളുടെ ഉള്‍ഭയം തന്നെയായിരുന്നു അതിനും കാരണം . പെണ്‍കുട്ടികളെ ടൂറിനു പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ക്ക് വല്ല മന:സമാധാനവും മുണ്ടാകുമോ അവര്‍ തിരിച്ചെത്തും വരെ ..?


ഇടയ്ക്കെപ്പോഴോ അയാളൊന്നു മയങ്ങി. പിന്നീട് എപ്പോഴോ അയാള്‍ ഞെട്ടിയുണര്‍ന്നു .  സമയം നാല് മണിക്ക് പത്തു മിനിറ്റ് ബാക്കി . തന്റെ കുളിയും പ്രാഥമിക കാര്യങ്ങളും നടത്തിയാലോ ? റയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ട് വിടാന്‍ ഒരു ഓട്ടോ ക്കാരനെ ഏര്‍പ്പാടാക്കിയിട്ടുണ്ട് . ഇനി അവന്‍ എഴുന്നേറ്റു വരാന്‍ വൈകുമോ എന്തോ? അഞ്ചു മണിക്ക് അവനെ ഒന്ന് വിളിക്കാം . ഒരുറപ്പിന്. അവന്‍ ഉറങ്ങിപ്പോയാല്‍ പോക്ക് കുളമാവും.


ട്രെയിനില്‍ വലിയ തിരക്കൊന്നും കണ്ടില്ല . ജനറല്‍ കമ്പാര്‍ട്ട് മെന്റ് മതിയെന്ന് അവളാണ് പറഞ്ഞത്. പകലല്ലേ യാത്രയുള്ളൂ . രാത്രിയാകുമ്പോഴേക്കും അവിടെ എത്തുകയും ചെയ്യും . അയാള്‍ക്ക്‌ സ്ലീപ്പര്‍ ക്ലാസ് ആയിരുന്നു ഇഷ്ടം . ടെന്‍ഷന്‍ കുറയും . അത് പറഞ്ഞു തര്‍ക്കിക്കാനൊന്നും നില്‍ക്കാതെ അയാള്‍ ടിക്കറ്റ് എടുത്തു . നാല് പേര്‍ക്കും ഒന്നിച്ചിരിക്കാന്‍ സീറ്റ് കിട്ടിയത് ഭാഗ്യം . മക്കളും വല്ലാത്ത സന്തോഷത്തിലാണ് . 
യാത്രക്കാര്‍ ക്രമേണ വര്‍ധിച്ചു കൊണ്ടിരുന്നു . ഓരോ സ്റ്റോപ്പില്‍ നിന്നും കണ്ടമാനം ആളുകള്‍ കേറിത്തുടങ്ങി . 


വട വടെ വട എന്ന കൊതിപ്പിക്കുന്ന വിളിച്ചു പറയലിനോടൊപ്പം അവരുടെ മുമ്പിലെത്തിയ നല്ല ചൂടുള്ള ഉഴുന്ന് വട കണ്ടപ്പോള്‍ അവള്‍ക്കും കുട്ടികള്‍ക്കും വാങ്ങിയെ തീരൂ . 
അയാള്‍ പറഞ്ഞു: ട്രയിനിലെ ആഹാര സാധനങ്ങളൊന്നും കഴിക്കാന്‍ കൊള്ളില്ല . വെറുതെ വയറു കേടാക്കണ്ട . നമുക്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യാനുള്ളതാണ് .'
ഒടുവില്‍ അവള്‍ ഇടപെട്ടു .
'ഒന്നും സംഭവിക്കില്ലന്നേ .. എത്ര ആളുകള്‍ ആണിതൊക്കെ വാങ്ങിക്കഴിക്കുന്നത് . എന്നിട്ട് അവര്‍ക്ക് വല്ല കുഴപ്പവും ഉണ്ടോ ? 


അയാള്‍ ആവശ്യപ്പെടും മുമ്പേ അവള്‍ നാല് വടക്ക് ഓര്‍ഡര്‍ കൊടുത്തു . 
അയാള്‍ വട വില്പനക്കാരനോട് പറഞ്ഞു : മൂന്നെണ്ണം മതി .


അടുത്ത സ്റ്റോപ്പില്‍ നിന്ന് ഒരു മധ്യ വയ്സ്ക്ക കേറി വന്നു സീറ്റ് കിട്ടാതെ കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ മൈനയോടു പറഞ്ഞു : 'മോളെ ഒന്ന് 
അഡ്ജസ്റ്റ് ചെയ്യാമോ? അവള്‍ അയാളെ ഒന്ന് നോക്കി , അവര്‍ക്ക് ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു . 
ഏതു തരക്കാരാണെന്ന് ആര്‍ക്കറിയാം . അയാള്‍ മനസ്സില്‍ പറഞ്ഞു.


അവരുടെ കണ്ണുകള്‍ മക്കളുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണ ചെയിനിലെക്കും കമ്മലിലേക്കും നീളുന്നുണ്ടെന്നു അയാള്‍ക്ക്‌ തോന്നി.


ദൂരയാത്രയാണ് ആഭരണമൊന്നും വേണ്ടെന്നു എത്ര പറഞ്ഞതാണ് ..
കേള്‍ക്കണ്ടേ . 'ചേച്ചിയൊക്കെ കാണുമ്പോള്‍ മോശമല്ലേ ? വല്ല ചന്ത ക്കമ്മ ലും ഇട്ടു ചെന്നാല്‍ അവരെന്തു വിചാരിക്കും ? കുറച്ചില്‍ നമുക്ക് തന്നെയല്ലേ ? ഇള്ളക്കുട്ടികള്‍ ഒന്നും അല്ലല്ലോ അവര് . അവരുടെ സാധങ്ങളൊക്കെ സൂക്ഷിക്കാന്‍ അവര്‍ക്ക് അറിയാം .. അവള്‍ ഇടപെട്ടത് അന്നേരം അയാള്‍ ഓര്‍ത്തു .


ഇപ്പോള്‍ നാല് ചെറുപ്പക്കാര്‍ ആണ് അവര്‍ക്ക് അഭിമുഖമായി ഇരിക്കുന്നത് . ഒരറ്റത്ത് ഒരു മധ്യവയസ്ക്കന്‍ . അയാള്‍ തൃശൂരില്‍ നിന്നാണ് കേറിയത്‌ . അയാളുടെ സ്യൂട്ട് കേസ് തന്റേതു പോലെയാണല്ലോ എന്ന ദുഷ്ചിന്ത അയാളിലപ്പോള്‍ ഉടലെടുത്തു . 


ത്ന്റെതിനു അടുത്തു തന്നെ കല്പിച്ചു കൂട്ടി അയാള്‍ പെട്ടി വെച്ചത് എന്തിനാവും ? അയാളുടെ മട്ടും ഭാവവും കണ്ടിട്ട് ഒരു കള്ളാ ലക്ഷണം ഉണ്ട് . ഇപ്പോഴത്തെ കാലത്ത് ആരെയാണ് വിശ്വസിക്കുക ? ഏതെല്ലാം വിധത്തിലാണ് തട്ടിപ്പ് നടത്തുകയെന്ന് ഒരു നിശ്ചയവും ഇല്ല . 


ആ പെട്ടിയില്‍ എന്താവും ? കുഴല്‍പ്പണമാകുമോ? അതോ മാരകായുധങ്ങ ളോ ? ഇനി വല്ല ബോംബോ മറ്റോ ആവുമോ? ഭീകര വാദികളുടേയും തീവ്രവാദികളുടേയും കാലമാണ് . എന്തെങ്കിലും അപായം മണത്താല്‍ പെട്ടെന്ന് പെട്ടി മാറ്റി അയാളെങ്ങാനും കടന്നു കളഞ്ഞാലോ ? കുടുങ്ങാനും ആഴിയെണ്ണാനും പിന്നെ അതുമതി . തന്റെ പെട്ടിയില്‍ നിന്ന് എന്തോ എടുക്കാനെന്ന ഭാവേന അയാള്‍ പെട്ടി തനിക്കരികിലേക്ക് കൂടുതല്‍ ചേര്‍ത്തു വെച്ചു .


ചെറുപ്പക്കാര്‍ മക്കളെയും ഭാര്യയേയും ശ്രദ്ധി ക്കുന്നുണ്ടെന്ന് അയാള്‍ കണ്ടു പിടിച്ചത് അപ്പോഴാണ്‌ . അവരൊക്കെ തങ്ങളുടെ വിലകൂടിയ മൊബൈലുകളില്‍ വ്യത്യസ്തങ്ങളായ നേരം പോക്കുകളില്‍ മുഴുകിയിരുപ്പാണ് . അവരുടെ കണ്ണുകള്‍ ഇടയ്ക്കിടെ മക്കളെയും ഭാര്യയെയും ഉഴിയുന്നുണ്ട് . മൈനയുടെ തട്ടം തോളിലേക്ക് ഊര്‍ന്നു വീണു കിടക്കുന്നു . ഈ കുട്ടിക്ക് ഒരു ശ്രദ്ധയുമില്ല .

ബ്ലൂട്ടൂത്തിന്റെയും ഒളി കാമറയുടെയും കാലമാണ് . ബാത്ത് റൂം പോലും ഇന്നത്തെ കാലത്ത് സുരക്ഷിതമല്ല . നാളെ തന്റെ മക്കളുടെയും ഭാര്യയുടെയും നഗ്ന ചിത്രങ്ങള്‍ ഇന്റര്‍ നെറ്റിലൂടെ പ്രചരി ക്കില്ലെന്ന് ആര് കണ്ടു ? തന്റെ ഗ്രാമത്തിലെ ഒരു പ്ലസ്‌ ടു ടീച്ചറുടെ അശ്ലീല ചിത്രങ്ങള്‍ ഇയ്യിടെ നെറ്റിലൂടെ ഒഴുകി നടക്കുന്നുണ്ട് എന്ന് ആരോ പറഞ്ഞത് അയാള്‍ അന്നേരം ഓര്‍ത്തു .
അയാള്‍ ഭാര്യയോടു സ്വകാര്യം പറഞ്ഞു :
'ആ ചെക്കന്മാരെ സൂക്ഷിക്കണം . അവരുടെ ഇരിപ്പും ഭാവവും കയ്യിലിരുപ്പും അത്ര ശരിയല്ല .. '

അവള്‍ അല്പം പുച്ഛം കലര്‍ന്ന ഭാഷയില്‍ അയാളോട് പറഞ്ഞു :
'നിങ്ങള്ക്ക് വെറുതെ ഓരോന്ന് തോന്നുന്നതാ , അങ്ങനെ സംശയിക്കാന്‍ തുടങ്ങിയാല്‍ നമുക്ക് ജീവിക്കാന്‍ പറ്റുമോ? എങ്ങോട്ടെങ്കിലും പോകാന്‍ പറ്റുമോ? നിങ്ങള്‍ ഓരോന്ന് ആലോചിച്ചു ഈ യാത്രയുടെ രസം കളയാതിരുന്നാല്‍ മതി ...' 
അയാള്‍ അവളുടെ മുമ്പില്‍ വീണ്ടും ചെറുതായി .
മക്കളും ഭാര്യയും യാത്ര നന്നായി ആസ്വദിക്കുകയാണ് .

ഇപ്പോള്‍ ട്രെയിന്‍ കുതിച്ചു പായുന്നത് അയാളുടെ മനസ്സിലൂടെയാണ് . തുരങ്കങ്ങളും പാലങ്ങളും വയലുകളും കുന്നുകളും മേടുകളുമൊക്കെ കടന്ന് , അകം നിറയെ കനലെരിഞ്ഞ് , തീതുപ്പി , കുതിച്ച് , 
വല്ലാതെ കിതച്ച്‌ ..!!







2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

വ്യാകരണം





ടവേളകളില്‍ 
'നനയമയയുഗമെട്ടില്‍ തട്ടണം മാലിനിക്ക് '
എന്നുറക്കെ ചൊല്ലും .
മാലിനിയുടെ കവിളിലപ്പോള്‍ 
ശ്ലഥകാകളി നൃത്തം വെക്കുന്നുണ്ടാകും .
അന്നേരം 
അവള്‍ ലോപസന്ധി വിട്ട്
കോപസന്ധിയിലെത്തും .


എങ്ങനെ 
എളുപ്പ വഴിയില്‍ 
ക്രിയ ചെയ്തു നോക്കിയിട്ടും 
അവളുടെ മനസ്സിന്റെ 
സമാസം കണ്ടു പിടിക്കാന്‍ 
കഴിഞ്ഞേയില്ല .


ഒടുവില്‍ ,
മാര്‍ച്ച് കഴിയാന്‍ നേരം 
ഓട്ടോഗ്രാഫുകളില്‍ 
വെയില്‍ തിളയ്ക്കുന്ന 
ഒരു നട്ടുച്ചനേരത്ത് 
അവളാണ് 
പഠിപ്പിച്ചു തന്നത് 


ആദേശ സന്ധിയും 
ആഗമ സന്ധിയും 
ചേര്‍ന്നാല്‍ 
എങ്ങനെയാണ് 
ദ്വിത്വസന്ധിയാവുകയെന്ന്..!!


 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്