2013, ജൂൺ 11, ചൊവ്വാഴ്ച

ഒരു ടാക്സിക്കഥ



മക്കയിലെക്കായിരുന്നു യാത്ര .
താമസ സ്ഥലത്ത് നിന്ന് ഒരു ടാക്സിയില്‍ ബാബ് മക്കയിലെ 'മൌഖിഫി'ലേക്ക് പോകാം  എന്ന് വെച്ചു .

ഇറങ്ങിയ പാടെ വന്ന ടാക്സിക്ക് കൈ കാണിച്ചു .
വെറും അഞ്ചോ പത്തോ മിനിറ്റേ വേണ്ടൂ മൌഖിഫിലേക്ക് .
പക്ഷെ വ്യാഴാഴ്ച ആയത് കൊണ്ട് വാഹങ്ങളുടെ നല്ല തിരിക്കുണ്ട് നിരത്തില്‍ , ബ്ലോക്കും ..

കേറിയ പാടെ ഡ്രൈവറെ പരിചയപ്പെട്ടു . ജീവിത യാത്രയില്‍ ഏതാനും നിമിഷം നമ്മോടൊപ്പം ഉണ്ടാകുന്നവരാണ് ടാക്സി ഡ്രൈവര്‍മാര്‍ . പിന്നീട് ഒരു പക്ഷെ അവരെ നാം കാണുകയെ ഇല്ല .  എന്നാലും ചിലര്‍ നമ്മെ  അവരെ കുറിച്ച് ഓര്‍മ്മിക്കാന്‍ എന്തെങ്കിലും തന്നാവും പിരിയുക .. !!!

പരിചയപ്പെട്ടപ്പോള്‍ ആളു നമ്മുടെ 'ശത്രു രാജ്യക്കാരന്‍ ' ആണ് !  നമ്മുടെ അജ്മല്‍ കസബിന്റെ നാട്ടുകാരന്‍ . ഇസ്ലാമാബാദില്‍ നിന്നും വന്നവന്‍ . പേര് മുഹമ്മദ്‌ അക്രം .. അവിവാഹിതന്‍ .
ഇവിടെ വന്നിട്ട് ഏഴു വര്‍ഷം ആവുന്നു .
നാട്ടില്‍ ഒരു മൊബൈല്‍ മെക്കാനിക്ക്‌ ആയി ജോലി ചെയ്തിരുന്നു ..

അവന്‍ ബസ്മല്‍ മോനോട് സലാം പറഞ്ഞു .
അവന്റെ കൈകള്‍ കുട്ടിയുടെ കൈകള്‍ മുകര്‍ന്നു .
'മോനെ കുട്ടാ  നീ എങ്ങോട്ടാണ് പോകുന്നത്' എന്ന് ഉറുദുവില്‍ ചോദിച്ചു ..
ഞാന്‍ മോന് അത് പരിഭാഷപ്പെടുത്തിക്കൊടുത്തു ..
'എങ്ങോട്ടാ പോകുന്നെ എന്നാ കാക്കു ' ചോദിക്കുന്നത് .
കുട്ടി പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു : 'കഅബ '

അത് കേട്ടപ്പോള്‍ മുഹമ്മദ്‌ അക്രമിന് വല്ലാത്ത സന്തോഷം ..
മാഷാ അല്ലാഹ് എന്ന് രണ്ടു മൂന്നു വട്ടം പറഞ്ഞു .. ഇപ്പോള്‍  ഞങ്ങളുടെ വാഹനം ബ്ലോക്ക്‌ കാരണം നിരത്തില്‍ നിര്‍ത്തിയിട്ടിരിക്കയാണ് . ആ സമയം അവന്‍ എന്റെ മടിയില്‍ നിന്ന് മോനെ എടുത്തു മടിയില്‍ വെച്ചു ... ഉറുദുവില്‍ അവനോടു സ്നേഹപൂര്‍വ്വം എന്തൊക്കെയോ പറഞ്ഞു ..

കുട്ടിയെ തിരികെ തന്നു . വണ്ടി ഉരുമ്പരിക്കും പോലെ മുന്നോട്ടു നീങ്ങുന്നതിനിടയില്‍ അവന്‍ എന്നോട് ചോദിച്ചു :
മോന്റെ പേര് എന്താണ് ?
ഞാന്‍ പറഞ്ഞു : ബസ്മല്‍ റഹ്മാന്‍ !
ഒന്ന് കൂടി  പേര് പറയാന്‍ അവന്‍ ആവശ്യപ്പെട്ടു .
ഞാന്‍ വീണ്ടും പേര് ആവര്‍ത്തിച്ചു .
ഇങ്ങനെ ഒരു പേര് മുമ്പ് കേട്ടിട്ടില്ല . എന്താണ് ആ വാക്കിന്റെ അര്‍ഥം ? ഞാന്‍ വിശദീകരിച്ചു കൊടുത്തു . ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം എന്നതിന്റെ ഷോര്‍ട്ട് ആണ് .
ആണ്‍കുട്ടികള്‍ക്ക് ആണെങ്കില്‍ ബസ് മല്‍ എന്നും പെണ്‍കുട്ടിക്ക് ആണെങ്കില്‍ ബസ്മല എന്നും പറയും .

അവന്‍ ഉടനെ തന്‍റെ  പോക്കറ്റില്‍ നിന്ന് ഒരു കുഞ്ഞു  പുസ്തകം  പുറത്തെടുത്തു .
അതില്‍ ഒരു താളില്‍ ഉറുദുവില്‍ 'ബസ്മല്‍ റഹ്മാന്‍ 'എന്ന് എഴുതി , തൊട്ടടുത്ത് തന്നെ ബസ്മല എന്നും !!

അത് കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു . ഞാന്‍ അവനെ കളിയാക്കി  . കല്യാണം പോലും കഴിക്കാത്ത ഇയാള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന കുട്ടിക്ക് ഇപ്പോഴേ   പേര് കണ്ടു വെക്കുകയാണോ ?

അവന്‍ ഒന്ന് ചിരിച്ചു  :

ഇതെന്റെ  സുഹൃത്തിന്റെ കുട്ടിക്ക് ഇടാനാണ് .. അവന്റെ ഭാര്യ ഗര്‍ഭിണി യാണ് . ഞങ്ങള്‍ ഒന്നിച്ചു പഠിച്ചവരാണ് . അന്നും ഇന്നും ഇണപിരിയാത്ത കൂട്ടുകാര്‍ . ഒടുവില്‍ ഞാന്‍ ഇങ്ങോട്ട് വണ്ടി കേറി . ഞങ്ങള്‍ സാധിക്കുമെന്കില്‍ ഒരേ ദിവസം ഒന്നിച്ചു വിവാഹിതരാവണം എന്ന് തീരുമാനിച്ചിരുന്നു ..
പക്ഷെ അവന്റേതു നേരത്തെ കഴിഞ്ഞു .  അവന്‍ അധികം വൈകാതെ ഒരു ബാപ്പയാകും .
 സുഹൃത്ത്‌  വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു ഒന്ന് രണ്ടു  നല്ല  പേര് കണ്ടു വെക്കാന്‍ .
ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പറ്റുന്നത് .
നീ സൗദി അറേബ്യയില്‍ ആയത് കൊണ്ട് കുറെ നല്ല പേരുകള്‍ കേള്‍ക്കുമല്ലോ ..

''അതെന്താ അവനു ഇരട്ട കുട്ടികളാണോ ഉണ്ടാകാന്‍ പോകുന്നത് ..''?
''അല്ല , ആണാണോ പെണ്ണാണോ എന്ന് അറിയില്ലല്ലോ .''
ഏതായാലും ഇതില്‍ രണ്ടില്‍ ഏതെന്കിലും ഒന്നാവും .. അത് ഉറപ്പാണല്ലോ ..
അപ്പോള്‍ ആണോ പെണ്ണോ ജനിക്കുന്നത് അതിനനുസരിച്ച്  ഉപയോഗിക്കാം ..

ഞാന്‍ അവനോടു പറഞ്ഞു : ആരാന്റെ കുട്ടികള്‍ക്ക് പേരിട്ടു നടന്നാല്‍ മതിയോ ?
സ്വന്തമായി കുട്ടികളൊക്കെ വേണ്ടേ ..?
വേണം .. സുഹൃത്തിന്റെ കല്യാണം കഴിഞ്ഞ അന്ന്  മുതലേ ഉമ്മ നിര്‍ബന്ധിക്കുമായിരുന്നു . ഒരു നെടുവീര്‍പ്പ് ..!!!

അടുത്ത ലീവിന് നാട്ടില്‍ പോകുമ്പോള്‍ ഏതായാലും കല്യാണം ഉണ്ടാകും .. ഇനി എന്ത് കാത്തിരിക്കാനാ ..
നേരെ താഴെ രണ്ടു അനിയന്മാര്‍ ഉണ്ട് . ഒരു പെങ്ങളും . അനിയന്മാരുടെ വഴി മുടക്കി ആവരുതല്ലോ .

ഞാന്‍ പറഞ്ഞു : കല്യാണം എത്രയും നേരത്തെ കഴിക്കാന്‍ പറ്റിയോ അത്രയും നല്ലത് ..
ഏതു കാര്യം നീട്ടി വെച്ചാലും വിവാഹം നീട്ടരുത് .. ഞാന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആണ് പറയുന്നത് .
അപ്പോള്‍ നിങ്ങളും വൈകി ആണോ കല്യാണം കഴിച്ചത് ..
അതെ , ഒരു ജോലിയൊക്കെ ആവാതെ എങ്ങനെ കുടുംബം പോറ്റും എന്ന് കരുതി നീട്ടി വെച്ചു . കല്യാണം വൈകിയാല്‍ കുട്ടികള്‍ ഉണ്ടാവലും വൈകും .. നേരത്തെ കുട്ടികള്‍ ഉണ്ടായാല്‍ അത് ആണായാലും പെണ്ണായാലും അത് ഒരു ഭാഗ്യം തന്നെയാണ് ..

നമ്മുടെ വയസ്സാം കാലത്ത് അവര്‍ 'ഒന്നിനാത്തരം ' പോന്ന മക്കള്‍ ആവും .
അവരുടെ ജീവിതം കൂടി നമുക്ക് ആസ്വദിക്കാം ..
അത് അവനു കൊണ്ടു എന്ന് തോന്നി ! ഇന്ഷാ അല്ലാഹ് അടുത്ത വെക്കേഷനില്‍ അതുണ്ടാകും ഉറപ്പാണ് !

നിങ്ങളുടെ ബസ്മല്‍ മോന്‍ ഭാഗ്യവാനാണ് ..
ഈ പ്രായത്തില്‍ കഅബ യൊക്കെ കാണാന്‍ ഭാഗ്യം ഉണ്ടായില്ലേ ?
എത്ര എത്ര ആളുകള്‍ ഈ  ആജീവനാന്ത സ്വപ്നം പൂവണിയാന്‍ ആഗ്രഹിച്ചു ജീവിതകാലത്ത് ഒരിക്കലും അത് നടക്കാതെ മരണപ്പെട്ടു പോകുന്നു ..

അത് പറയുമ്പോള്‍ അവന്റെ കണ്‍ കോണുകളില്‍ ഒരു നനവ്‌ പടരുന്നത് ഞാന്‍ കണ്ടു .
എന്റെ ഉമ്മാന്റെ വലിയ ഒരു മോഹമായിരുന്നു .. ഒരു ഹജ്ജ്‌ ..!

ഞാന്‍ കല്യാണം കഴിക്കും മുമ്പേ ഉമ്മയെ ഹജ്ജ്‌ ചെയ്യിക്കണം എന്ന് ഒരു വാശി ഉണ്ടായിരുന്നു .
അതിനു ശ്രമവും നടന്നതാണ് ..
പക്ഷെ കഅബ കാണും മുമ്പേ കഅബയുടെ നാഥന്റെ വിളി വന്നു ഉമ്മ പോയി ..!!!

അവന്‍ കണ്ണീര്‍ തുടച്ചു തേങ്ങിത്തേങ്ങി കരയാന്‍ തുടങ്ങി ..
അപ്പോഴേക്കും ഞങ്ങള്‍ മൌഖിഫില്‍ എത്തിയിരുന്നു ..
അവനെ എങ്ങനെ പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ ഞാന്‍ വിഷമിച്ചു ..
നിര നിരയായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് അപ്പോള്‍ 'മക്ക , മക്ക , മക്ക ..
എന്ന വിളി ഉയരുന്നുണ്ടായിരുന്നു ....

** മൌഖിഫ് - സ്റ്റേഷന്‍
** മാഷാ അള്ളാ .. സന്തോഷം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന 
വാചകം . അല്ലാഹു ഉദ്ദേശിച്ചത് നടക്കും എന്ന് അര്‍ഥം




2013, ജൂൺ 9, ഞായറാഴ്‌ച

വാക്കുകളുടെ വക്കുകള്‍




ലോകത്തിന്റെ ഏതെന്കിലും ഒരു കോണില്‍ ഒറ്റയ്ക്കിരുന്നു
മനസ്സില്‍ രൂപപ്പെടുന്ന ചില ആശയങ്ങള്‍ക്ക് അക്ഷരരൂപം കൊടുത്തു നാം ഒരു പോസ്റ്റ് ഇടുമ്പോള്‍
അത് ആര്‍ക്കൊക്കെ എവിടെയൊക്കെ പോയി 'കൊള്ളും ' എന്ന് നാം ചിന്തിക്കാറില്ല .

നമ്മുടെ അക്ഷരങ്ങള്‍ ഒരു പക്ഷേ മൂര്‍ച്ചയുള്ള ആയുധങ്ങളായി ആരുടെയെങ്കിലും മനസ്സില്‍ മുറിവ് ഉണ്ടാക്കിയേക്കാം .
ഉണങ്ങി തുടങ്ങിയ മാറാ വ്രണങ്ങളില്‍ വാക്കുകളുടെ വക്കുകള്‍ കൊണ്ട് പോറല്‍ ഉണ്ടായി ആ മുറിവില്‍ നിന്ന് വീണ്ടും രക്തം ഇറ്റിയേക്കാം ...
മുറിവിന്റെ ആഴം കൂട്ടിയേക്കാം .

ചിലപ്പോള്‍ അക്ഷരങ്ങള്‍ മുറിവിന് മീതെ പുരട്ടുന്ന സ്നേഹ ലേപനമോ , മുറിവുണക്കാന്‍ പര്യാപ്തമായ മരുന്നോ ആയും മാറിയേക്കാം ..

ഇന്ന് ഉണ്ടായ ഒരു അനുഭവം ആണ് ഈ മുഖവുരക്ക് ഹേതു .

വായനയെ കുറിച്ചുള്ള എന്റെ ഒരു പോസ്റ്റില്‍ ഡോക്ടര്‍ . വി.പി.ഗംഗാധരന്റെ
'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകത്തെ ക്കുറിച്ച് ഒരു പരാമര്‍ശം ഉണ്ടായിരുന്നു ..
അത് പോസ്റ്റ്‌ ചെയ്തു അധികം സമയമൊന്നും ആയില്ല .
പി എമ്മിലൂടെ എനിക്ക് ഒരു മെസ്സേജ് വന്നു .

അതില്‍ ഒരു അമ്മ കുട്ടിയെ എടുത്തുയര്‍ത്തി ലാളിക്കുന്ന ചിത്രം .
അതിനു കീഴില്‍ ഇങ്ങനെ ഒരു അടിക്കുറിപ്പ് :
'അമ്മയുടെ കരങ്ങളിലെ സുരക്ഷിതത്വത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ല '

മറ്റൊരു താളില്‍ സ്വന്തം കൈപ്പടയില്‍ ഇത്തിരി അക്ഷരങ്ങളും ...
( ഏതോ ഡയറി താളില്‍ പേന കൊണ്ട് എഴുതിയത് ഫോട്ടോ കോപ്പി എടുത്തതാണ് )

അത് ഇങ്ങനെ വായിക്കാം :
-------------------------------------------------------------------------
"വേര്‍പാടിന്റെ വിരല്‍ പാടുകള്‍ '
അകലെ .. അകലെ .. ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത ദൂരങ്ങളിലേക്ക് ..
അവള്‍ യാത്രയായിട്ടു ഇന്നേക്ക് എട്ടു വര്‍ഷം തികയുന്നു .. വേര്‍പാടിന്റെ വേദനയുടെ നീണ്ട നാളുകള്‍ .. മനസ്സിന്റെ തേങ്ങലുകള്‍ .. അകാലത്തില്‍ വിധിയുടെ ക്രൂരതയില്‍ ഏറ്റു വാങ്ങേണ്ടി വന്ന ദുരന്തത്തിന്റെ ഓര്‍മ്മകൂടുമായി ഈ ജീവിത യാത്ര തുടരുമ്പോഴും ..

എന്നും അവള്‍ക്കായി പ്രാര്‍ഥിക്കുന്നു .. സര്‍വ ശക്തനായ നാഥാ ..
ഈ ലോകത്തിനപ്പുറം എവിടെയാണെങ്കിലും അവളുടെ വാസസ്ഥലം
നീ സ്വര്‍ഗ്ഗ പൂന്തോപ്പ് ആക്കണേ ...

ഇതിന്റെ കൂടെ അദ്ദേഹം ഇത്രയും കൂടി എഴുതിയിരിക്കുന്നു ..

''മാഷേ .. താങ്കളുടെ പോസ്റ്റില്‍ പറഞ്ഞ ആ ഡോക്ടറുടെ കയ്യൊപ്പ് കൊണ്ട് മാത്രമാണ് ഏഴു മാസം ഗര്‍ഭിണിയായ , അര്‍ബുദം മുഴുവനും പ്രണയിച്ചു കഴിഞ്ഞ അവളുടെ വയറ്റില്‍ നിന്ന് എന്റെ കുട്ടിക്ക് അത്ഭുത കരമായി പിറവി കൊള്ളാന്‍ കഴിഞ്ഞത് ! അവളുടെ ചികിത്സ ഒരു ഭാഗത്ത് . കുട്ടി മാതൃ സമീപനം അറിയാതെ രണ്ടു മാസം ചൂട് പെട്ടിയില്‍ .. ഒടുവില്‍ കുട്ടിക്ക് ഒമ്പത് മാസം പൂര്‍ത്തിയാകും മുമ്പേ , പറക്കമുറ്റാത്ത മൂന്നു നക്ഷത്ര കുഞ്ഞുങ്ങളെ എന്റെയും അവളുടെ വീട്ടുകാരുടെയും കരങ്ങളില്‍ സുരക്ഷിതമായി നോക്കുവാന്‍ തന്നിട്ട് ഈ ലോകത്ത് നിന്നും പറന്നു പോയ എന്റെ നക്ഷത്രക്കുഞ്ഞുകളുടെ ഉമ്മയുടെ ഓര്‍മ്മ ഇന്ന് വീണ്ടും എന്റെ മനസിലേക്ക് നിങ്ങള്‍ കൊണ്ടുവന്നു .. ''

ഞങ്ങള്‍ ഈ സ്നേഹനിധിയായ ഡോക്ടര്‍ ന്റെ അടുത്തു ചെല്ലുമ്പോഴേക്കും ഈ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു .. അല്ലെങ്കില്‍ അതിലെ കണ്ണീര്‍ വീണു വിതുമ്പുന്ന അക്ഷരങ്ങളില്‍ നിന്ന് ഞങ്ങളുടെ കഥയും നിങ്ങള്ക്ക് വായിക്കാമായിരുന്നു .. "

ആവശ്യത്തിനും അനാവശ്യത്തിനും എന്തൊക്കെയോ എഴുതുന്ന എന്റെ അക്ഷരങ്ങള്‍ ഒരു മനസ്സിനും മുറിവ് എല്പ്പിക്കരുതെ എന്ന പ്രാര്‍ത്ഥന മാത്രമേ ഇതോടൊപ്പം എഴുതി ചേര്‍ക്കാന്‍ കഴിയുന്നുള്ളൂ ....

2013, ജൂൺ 4, ചൊവ്വാഴ്ച

കോളേജുകളും സ്കൂളുകളും ഇല്ലാത്ത കാലം !!!!


ഇന്നലെ ഷറഫിയ്യയില്‍ ഒരു ചുമരില്‍ ഒരു പാട് നോട്ടിസുകളില്‍ ഒന്ന്
വല്ലാത്ത കൌതുകം ഉണര്‍ത്തി .
'മണിക്കൂറുകള്‍ക്കകം കയ്യക്ഷരം മനോഹരമാക്കാം..'
ബന്ധപ്പെടുക : മൊബൈല്‍ നമ്പര്‍ :

അത് വായിച്ചപ്പോള്‍ ഒരു നിമിഷം മനസ്സ് ഒരു പാട് പിറകിലേക്ക് പറന്നു പോയി...
രണ്ടു വര കോപ്പികളില്‍ മസില്‍ പിടിച്ചു എഴുതിയ കാലം...

ഏതെങ്കിലും അക്ഷരം വേലി പൊളിച്ചു അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് തെന്നി പോയാല്‍ ടീച്ചര്‍ അതിനു കീഴില്‍ ചുവന്ന മഷി കൊണ്ട് രണ്ടു വര വരക്കും.. ചില ടീച്ചര്‍മാര്‍ പത്തില്‍ മാര്‍ക്ക്‌ തരും..
ചിലര്‍ 'ഗുഡ് 'എന്നോ ' വെരി ഗുഡ് ' എന്നോ സര്‍ട്ടിഫൈ ചെയ്യും..
അത് കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടാകും ..

മലയാളം, ഇംഗ്ലീഷ് , ഹിന്ദി എല്ലാ ഭാഷക്കുമുണ്ടായിരുന്നു കോപ്പി ബുക്കുകള്‍ . രണ്ടു വര , നാല് വര എന്നിങ്ങനെ .
ഹിന്ദി കോപ്പി എഴുതാനായിരുന്നു എളുപ്പം.
കാരണം ഹിന്ദി അക്ഷരങ്ങള്‍ ഒരു വടിയില്‍ തൂങ്ങി കിടക്കുന്നവയാണ്..
അത് കൊണ്ട് മുകളിലെ വരയിടാന്‍ എളുപ്പമാണ് !
വവ്വാലുകള്‍ ഉറങ്ങുന്ന പോലെയാണല്ലോ അവയുടെ കിടപ്പ്!

അന്ന് നല്ല കയ്യക്ഷരത്തിനു പ്ലസ് മാര്‍ക്കും ഉണ്ടായിരുന്നു..

നല്ല കയ്യക്ഷരമുള്ളവരെ കുട്ടികള്‍ക്കും , അധ്യാപകര്‍ക്കും വല്ലാത്ത ഇഷ്ടമായിരുന്നു.. 
കയ്യക്ഷരത്തിനു മത്സരം പോലും ഉണ്ടായിരുന്നു .. 

ഓട്ടോ ഗ്രാഫുകളില്‍ പേരെഴുതി ക്കൊടുക്കാനും കയ്യെഴുത്ത് മാസികകളില്‍ സൃഷ്ടികള്‍ എഴുതാനുമൊക്കെ വിദ്യാര്‍ ഥികളും അധ്യാപകരും നല്ല കയ്യക്ഷരമുള്ള കുട്ടികളെയാണ് എല്പ്പിക്കുക . 

കയ്യിലിരിപ്പ് മോശമായിരുന്നെങ്കിലും എന്റെ കയ്യക്ഷരം കൊള്ളാമായിരുന്നു 
അത് കൊണ്ട് മാര്‍ച്ച്‌ മാസങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ ഒരു 'ഗമ ' യൊക്കെ ഉണ്ടാകും .. 
കയ്യെഴുത്ത് മാസികളില്‍ എഴുതാന്‍ അധ്യാപകര്‍ ഏല്‍പ്പിക്കുമ്പോള്‍ ഒരു ചെറിയ അഭിമാനമൊക്കെ തോന്നും .. 

അന്നൊക്കെ അധ്യാപകരില്‍ നിന്ന് കിട്ടുന്ന കുഞ്ഞു കുഞ്ഞു അംഗീകാരങ്ങള്‍ക്ക് 
എന്ത് മധുരമായിരുന്നു .. ചോക്ക് എടുത്തു കൊണ്ട് വരാന്‍ ഓഫീസ് റൂമിലേക്ക്‌ പറഞ്ഞയക്കുക , വടി എടുത്തു കൊണ്ട് വരാന്‍ എല്പ്പിക്കുക , അധ്യാപകര്‍ ഇല്ലാത്ത സമയങ്ങളില്‍ ഒച്ചയും ബഹളവും ഉണ്ടാക്കുന്നവരുടെ പേരെഴുതി സാറെ ക്കാനുള്ള ചുമതല ഏല്‍പ്പിക്കുക ഇതൊക്കെ വലിയ 'ബഹുമതി ' ആയി കണക്കാക്കും കുട്ടികള്‍ ..
ഇന്ന് സ്കൂളുകളില്‍ കോപ്പി എഴുത്ത് ഉണ്ടോ എന്തോ ? കോപ്പിയടി പിന്നെ ഇന്നും ഉണ്ടാകും 

ആധുനിക യുഗത്തില്‍ കയ്യക്ഷരങ്ങളുടെ പ്രസക്തി മങ്ങിത്തുടങ്ങി..
കമ്പ്യൂട്ടറുകള്‍ എഴുതി തുടങ്ങിയതോടെ കയ്യക്ഷരങ്ങള്‍ക്ക് വലിയ പ്രസക്തി ഇല്ലാതായി .
എഴുത്തിന്റെ മാധ്യമം മാറിമാറി വന്നാലും അക്ഷരങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ല..
അക്ഷരം അക്ഷയമായി തന്നെ തുടരും .
അന്നും ഇന്നും നാളെയും 'അ' യുടെ ഷേപ്പ് ദേ ഇങ്ങനെ തന്നെയാവും !

നാം വിചാരിക്കുന്നതിലും വേഗത്തില്‍ ആണ് കാലം മാറുന്നത്.
ഒരു പക്ഷെ സ്കൂളുകളും കോളേജുകളും ഒക്കെ ആവശ്യമില്ലാത്ത ഒരു കാലഘട്ടം വരും എന്ന് എനിക്ക് തോന്നുന്നു . അത്തരം ഒരു കാലം വന്നാല്‍ അതെന്തൊരു അനുഗ്രഹമായിരിക്കും ...

പഠനം ഓണ്‍ ലൈനില്‍ , പരീക്ഷയും ഓണ്‍ ലൈനില്‍ , റിസള്‍ട്ട് , ക്ലാസ്‌ കയറ്റം ഒക്കെ അങ്ങനെ തന്നെ . ആനന്ദ ലബ്ധിക്കു ഇതില്‍ പരം മറ്റെന്തു വേണം ?

മോള് മിക്കപ്പോഴും കേള്‍ക്കാറുള്ള ഒരു ഓണ്‍ ലൈന്‍ ക്ലാസ്‌ ഇയ്യിടെ കുറച്ചു നേരം ഞാനും കേട്ടിരുന്നു .

എത്ര മനോഹരമായ ക്ലാസ്‌ . അധ്യാപകനെ കാണുന്നില്ല എന്നേയുള്ളൂ .
ബോര്‍ഡ്‌ ഒക്കെ ഉപയോഗിച്ചാണ് ക്ലാസ്‌ .

സംശയങ്ങള്‍ വല്ലതും തോന്നിയാല്‍ കമന്റ് കോളത്തില്‍ എഴുതിയാല്‍ മതി .
മറുപടി കമന്റായി കിട്ടും . ഇതെങ്ങാനും സാധ്യമായാല്‍ വിദ്യഭ്യാസ രംഗത്ത് എത്ര വിസ്മയാവഹമായ വിപ്ലവം ആവും നടക്കുക ?

ബോറന്‍ അധ്യാപകരെയും അധ്യാപികമാരെയും സഹിക്കുന്നതിലപ്പുറം ഒരു വിദ്യാര്‍ഥിക്ക്
മറ്റെന്തു മുഷിപ്പും വെറുപ്പും ആണ് ഈ ലോകത്ത് ഉള്ളത് ? 
അതൊന്നും ഇവിടെ പ്രശ്നമാകില്ല .

രാവിലെ കുട്ടികള്‍ക്ക് ബസ്സിലും ഓട്ടോയിലും കേറി പ്രയാസപ്പെട്ടു സ്കൂളില്‍ പോകേണ്ട , അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കണ്ട . ബില്‍ഡിംഗ്കള്‍ വേണ്ട , ഫീസ്‌ കൊടുക്കേണ്ട ,
വിദ്യാഭ്യാസ കച്ചവടം ഉണ്ടാവില്ല , വിദ്യാഭ്യാസ മന്ത്രി പോലും വേണ്ടി വരില്ല .
സര്‍ക്കാര്‍ ഖജനാവ് മുടിയില്ല !!!
കുട്ടികള്‍ക്കും സുഖം , രക്ഷിതാക്കള്‍ക്ക് അതിലേറെ സുഖം .. 

അവിശ്വസിക്കാന്‍ വരട്ടെ ..
പണ്ട് കാലത്ത് ഒരു സിനിമ കാണാന്‍ എന്തായിരുന്നു പാട് .
വണ്ടി കേറിപ്പോകലും ടിക്കറ്റിനു ക്യൂ നില് ക്കലും വിയര്‍ത്തു കുളിയും 
മൂട്ടകടിയും ഒന്നും പറയണ്ട .
ഇന്നോ , ഒരു ക്ലിക്ക് മതി ഏതു 'പൂത്ത പട'വും പുത്തന്‍ പടവും നമുക്ക് മുമ്പില്‍ ഓടിത്തുടങ്ങാന്‍ ..
സ്വന്തം റൂമില്‍ കട്ടിലില്‍ കിടന്നു ആസ്വദിച്ചു കാണാം . 
അല്പം കണ്ടു പിന്നീട് വീണ്ടം കാണാം . എന്തൊരു സുഖം ? എന്ത് രസം ? 
ചെലവോ നാമമാത്രവും !

കത്തിന്റെയും ടെലഫോണ്‍ ന്റെയും ഒക്കെ കാര്യവും ഇങ്ങനെത്തന്നെ .

പണ്ടത്തെ സിനിമാ കൊട്ടകകള്‍ ഇന്നത്തെ കല്യാണ മണ്ഡപങ്ങള്‍ ആയ പോലെ ഇന്നത്തെ സ്കൂളുകളും കോളേജുകളും വല്ല ഷോപ്പിംഗ്‌ കോമ്പ്ലക്സ് കളോ 'യുസുഫലിമാളുകളോ ' ഒക്കെ ആവില്ലെന്ന് ആര് കണ്ടു ? 

അങ്ങനെ വന്നാല്‍ ചരിത്രത്തിലെ ഏറ്റവും ഭാഗ്യവാന്മാരായ കുട്ടികള്‍ അവരായിരിക്കും .. ??

2013, മേയ് 30, വ്യാഴാഴ്‌ച

മുള്‍ച്ചെടികള്‍ക്കിടയില്‍ വേറിട്ട്‌ നില്‍ക്കും കുളിര്‍മരങ്ങള്‍






വെള്ളിയാഴ്ചകളില്‍ സകുടുംബം പുറത്തുപോകാറില്ല .
ഒഴിവുദിവസമായതുകൊണ്ട് നല്ല തിരക്കാവും എല്ലായിടത്തും.

അന്ന്  പതിവ് തെറ്റിച്ചു. 'Top Ten'ആണ് ലക്‌ഷ്യം. കുട്ടികള്‍ക്ക് ഡ്രസ്സും  ചെരുപ്പും എടുക്കണം.  താമസസ്ഥലത്ത് നിന്ന് അഞ്ചുമിനിറ്റ്  നടന്നാല്‍മതി. അത്രയ്ക്ക് അടുത്താണ് ഷോപ്പ്. 

ഞങ്ങള്‍ ചെല്ലുമ്പോള്‍  നല്ല തിരക്കുണ്ട് . കുട്ടികള്‍ക്കും  സ്ത്രീള്‍ക്കുമുള്ള  ഡ്രസ്സുകളും ബാഗും ചെരുപ്പുമൊക്കെ മിതമായ വിലക്ക് കിട്ടുന്ന കടയായത് കൊണ്ട് കസ്റ്റമേഴ്സ്  കൂടുതലും സ്ത്രീകളാണ്. 

കുട്ടികള്‍ സെലക്ഷന്‍ തുടങ്ങി. മോനെ എടുത്തുനിന്ന്  കൈ കുഴഞ്ഞ പ്പോള്‍ ഞാന്‍  ഒരു 'അറബിയ്യ '  (പര്‍ച്ചേസിംഗ് കാരിയര്‍ ) കൊണ്ട് വന്ന്  മോനെ അതിലിരുത്തി . ട്രോളി കണ്ടപ്പോള്‍ ചെറിയ മകള്‍ സുറുമി തോളിലിരുന്ന ബാഗ് അതില്‍ വെച്ചു.

മക്കള്‍ക്ക്‌ ഒന്ന് രണ്ടു സാധാരണ ഡ്രസ്സുകളും മോന് ഒരുടുപ്പും 
എടുത്തു. ചെരുപ്പിന്റെ സെക്ഷന്‍ മുകളിലാണ് . അങ്ങോട്ട്‌ പോകാനൊ രുങ്ങുമ്പോഴാണ്  മോള് ചോദിച്ചത്.  'ബാഗ് എവിടെ' ?

'അറബിയ്യ'  അരിച്ചുപെറുക്കിയിട്ടും ബാഗ് കാണുന്നില്ല! 
കുട്ടികളുടെയും ഭാര്യയുടെയും  'ഇഖാമ ' ( താമസരേഖ ) ബാഗിലാണ്.

ഞങ്ങള്‍ എല്ലായിടത്തും നോക്കി.കാണുന്നില്ല . 
ഒടുവില്‍ ഞാന്‍ റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞു. അവര്‍ കൈ മലര്‍ത്തി.   
'കതീര്‍ ഹറാമി ഈജി യൗമുല്‍ ജുമുഅ' 
( വെള്ളിയാഴ്ചകളില്‍ കൂടുതല്‍ ഹറാമികള്‍ വരുന്നുണ്ട് കക്കാന്‍ ) 
'ലെ ഇന്ത മാ വദ്ദി ഷന്‍ത ഫില്‍ ഇസ്തിഖബാല്‍' ? 
(എന്തെ നിനക്ക് ബാഗ് കൌണ്ടറില്‍ ഏല്പ്പിച്ചു കൂടായിരുന്നോ?)

അല്പം പ്രായക്കൂടുതലുള്ള  അയാള്‍  എന്നോട്   ചോദിച്ചു. എനിക്ക് ഉത്തരം മുട്ടി. ആ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ മതിയായിരുന്നു. 

പത്തുവര്‍ഷമായി ഇവിടെ ജീവിക്കുന്നു . ഒരിക്കലും ഇഖാമ നഷ്ടപ്പെട്ടിട്ടില്ല.  ഇഖാമ പോയാല്‍ അത് 'ബാബ് മക്കയില്‍' 'സോമാലിയ  സൂഖില്‍' കിട്ടുമെന്നു കേട്ടിട്ടുണ്ട്. അവര്‍ പറഞ്ഞ സംഖ്യ കൊടുക്കേണ്ടി വരുംഅങ്ങനെ ഒരു 'ഇഖാമ റാക്കറ്റ്' അവിടെ  പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അറിയാം . 

ബാഗില്‍ പണം ഇല്ലായിരുന്നു . അത് കൊണ്ട്തന്നെ മോഷ്ടിച്ചയാള്‍ ബാഗ് എവിടെയെങ്കിലും ഉപേക്ഷിക്കും  എന്നായിരുന്നു പ്രതീക്ഷ. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ നിരാശരായി ഞങ്ങള്‍ ഫ്ലാറ്റിലേക്ക് തിരിച്ചുപോന്നു.

ചെറിയമോള്‍ സുറുമിക്കായിരുന്നു ഏറെ വിഷമം.
ബാഗ് വണ്ടിയില്‍ വെച്ചതാണ്‌  ഇഖാമ പോകാന്‍ കാരണം എന്നായിരുന്നു അവളുടെ സങ്കടം.  
ബാഗ് ഞാന്‍ പിടിച്ചാല്‍ മതിയായിരുന്നു  എന്ന്  ഭാര്യ.

പിറ്റേന്ന്, ഓഫീസില്‍ എത്തി ചില സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍  എല്ലാവരോടും പറയാറില്ല. കാരണം, നമ്മെ ഇഷ്ടപ്പെടുന്നവരില്‍ ആ വാര്‍ത്ത  വിഷമം സൃഷ്ടിക്കും. വിരോധം ഉള്ളവരില്‍ സന്തോഷവും. രണ്ടും വേണ്ട .

എന്ത് ചെയ്യണമെന്ന അന്വേഷണത്തിനിടെ   വ്യത്യസ്ത അഭിപ്രായങ്ങളാ ണ് കിട്ടിയത്. പത്രത്തില്‍ പരസ്യം ചെയ്യണം, പോലീസില്‍ വിവരം നല്കണം, 'കറാമ ' ( ഫൈന്‍ ) അടക്കണം.  ഓരോരുത്തരും വെവ്വേറെ അഭിപ്രായങ്ങളാണ് പറഞ്ഞത് .  

ഒടുവില്‍ ജവാസാത്തില്‍ ജോലി ചെയ്യുന്ന മുജീബുമായി ബന്ധപ്പെട്ടു . 
'കുട്ടികളുടെ ഇഖാമ ആയതു കൊണ്ട് പ്രശ്നമില്ല. പോലീസില്‍ വിവരം പറഞ്ഞു  ഒരു ലെറ്റര്‍ സംഘടിപ്പിച്ച്  ജവാസാത്തില്‍ പോയാല്‍  മതി. ' അദ്ദേഹം പറഞ്ഞു. അപ്പോഴാണ്‌ ശ്വാസം  നേരെ വീണത്‌ !

അടുത്തദിവസം 'കഫീലിന്റെ' (സ്പോണ്‍സര്‍) കത്തുമായി പോലീസ് സ്റ്റേഷനിലേക്ക്. 



നാട്ടില്‍ നിന്ന് പോലും പോലീസ് സ്റ്റേഷനിലേക്ക് അധികം പോകേണ്ടി വന്നിട്ടില്ല. അപരാധം ഒന്നും ചെയ്യാതെയാണെങ്കിലും 'അങ്ങോട്ട്‌ 'ചെല്ലുന്നതെ ഒരു തരം പേടിയാണ് .
ആരെ കിട്ടിയാലും ഒന്ന് വിരട്ടാതെ നമ്മുടെ ഏമാന്മാര്‍ വിടില്ലല്ലോ.

ഇനി ഈ നാട്ടിലെ 'ഏമാന്മാര്‍' എങ്ങനെ ആണാവോ ?


ഇഖാമ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. 
എന്തേ ഇതുവരെ വരാതിരുന്നത്  എന്ന് ന്യായമായും ചോദിക്കാം. ചോദ്യങ്ങള്‍ക്കുണ്ടോ പഞ്ഞം ? 

ഒരു ടാക്സിയില്‍ സ്റ്റേഷനിലെത്തി . വിജനമായ ഒരു സ്ഥലത്താണ്.   

ഞാന്‍ നേരെ റിസപ്ഷനില്‍ ചെന്ന് സലാം പറഞ്ഞു. 
പിന്നെ  കത്ത് കാണിച്ചു.
ഒരു മാന്യന്‍ പയ്യനാണ് അവിടെയിരിക്കുന്നത് .  വെളുത്തു മെലിഞ്ഞു മിനി താടിയൊക്കെയുള്ള ഒരു സുന്ദരക്കുട്ടപ്പന്‍. അയാള്‍  കത്ത് വായിച്ചു നോക്കിയിട്ട് പറഞ്ഞു :

'റൂഹ് ദോര്‍ അര്‍ബ , ബഇദയിന്‍ വര്‍രി ഖിതാബ് ക്യാപ്റ്റന്‍ '
( നാലാം നിലയില്‍ ചെന്ന് കത്ത് ക്യാപ്റ്റനെ  കാണിച്ചു വരൂ . .')

ഞാന്‍ ലിഫ്റ്റില്‍ കേറി . വിചാരിച്ചപോലെ പേടിക്കേണ്ട കാര്യമൊന്നുമില്ല. മനസ്സ് പറഞ്ഞു .

ഫോര്‍ത്ത് ഫ്ലോറില്‍ എവിടെയാണാവോ 'അദ്ദേഹം ' ഇരിക്കുന്നത് ? ആദ്യം കണ്ട ഒരു ഓഫീസിലേക്ക് സലാംചൊല്ലി കടന്നുചെന്നു. കുറെ ആളുകളുമായി സംസാരിച്ചിരിക്കുന്നു ഒരു മധ്യവയസ്ക്കന്‍ . ഞാന്‍ കത്ത് അദ്ദേഹത്തെ  കാണിച്ചു . 'ക്യാപ്റ്റന്റെ റൂം എവിടെ'യെന്നു ചോദിച്ചു .

കമ്പനിയുടെ  ലറ്റര്‍ ഹെഡ് കണ്ടത് കൊണ്ടാകണം. 'മാഷാ അല്ലാഹ് നീ ഈ സ്ഥാപനത്തിലാണോ  ജോലി ചെയ്യുന്നത് ?  എവിടെ നിങ്ങളുടെ ഓഫീസ് ? എന്നൊക്കെ അദ്ദേഹം സന്തോഷത്തോടെ ചോദിച്ചു . 

എന്റെ കഫീലിനെ അറിയാവുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.    പേര് ഹാമിദ് . വല്ലാത്ത ഒരു സ്നേഹവും ആദരവും   കാണിച്ചു ഹാമിദ് . കഫീലിനെ കുറിച്ചും  അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി യെക്കുറിച്ചുമൊക്കെ  ഹാമിദ് ചോദിച്ചു . 
ഒടുവില്‍ അദ്ദേഹവും എന്റെ കൂടെ വന്നു. ക്യാപ്റ്റന്റെ റൂം കാണിച്ചു തന്നു . 

ഞാന്‍ സലാം ചൊല്ലി അകത്തേക്ക് ചെന്നു . മൂന്നോ നാലോ നക്ഷത്രങ്ങള്‍ ക്യാപ്റ്റന്റെ കുപ്പായത്തില്‍  കിടന്ന്  വെട്ടിത്തിളങ്ങുന്നുണ്ട്.
അതിന്റെ അഹങ്കാരമൊന്നും ആ മുഖത്ത് കണ്ടില്ല ..!

ഞാന്‍ ഭവ്യതയോടെ കത്ത് അദ്ദേഹത്തെ കാണിച്ചു . 
രണ്ടേ രണ്ടു ചോദ്യങ്ങള്‍ മാത്രം 
താമസിക്കുന്നത് എവിടെ ? ജോലി എവിടെ ?

അവസാനം  കത്തിനു താഴെ അദ്ദേഹം എന്തോ എഴുതി ഒപ്പിട്ടു. കത്ത് താഴെ കൊടുക്കാന്‍ പറഞ്ഞു.

അറബിയിലാണ് എഴുതിയിരിക്കുന്നത്. രണ്ടു വാക്കുകള്‍ മാത്രം . അറബി അറിയാം ; പക്ഷെ ഇത് എനിക്ക് വായിച്ചിട്ട് മനസ്സിലായില്ല . എന്തോ ചുരുക്കെഴുത്താണ് .  ബ്രാക്കറ്റിലിട്ട  2 എന്ന അക്കം മാത്രം  പരിചിതഭാവത്തില്‍ എന്നെ നോക്കി ചിരിച്ചു!

താഴേക്ക്‌ ചെല്ലുമ്പോള്‍  അവിടെ ഊഴം കാത്തു രണ്ടുപേര് ഇരിക്കുന്നു.  ഒരു പയ്യനും  ഒരു  സ്ത്രീയും . കണ്ട മാത്രയില്‍ തന്നെ ഉമ്മയും മോനുമാണെന്ന് ഞാന്‍ ഊഹിച്ചു .  അറബിയിലാണ് അവര്‍ സംസാരിക്കുന്നത്. 

ഒരു അയഞ്ഞ ടീ ഷര്‍ട്ടും  ആവശ്യത്തിലേറെ  പോക്കറ്റുകളുള്ള ഒരു ബര്‍മുഡയുമാണ് പയ്യന്‍ ധരിച്ചിരിക്കുന്നത്‌.  മുഖം മറച്ച സ്ത്രീയുടെ കുലീനത ഒളമിടുന്ന  കണ്ണുകള്‍ മാത്രം പുറത്തുകാണുന്നുണ്ട്.

ഞാന്‍ അവര്‍ക്ക്  തൊട്ടരികിലെ  സീറ്റില്‍ ഇരുന്നു . പയ്യന്‍  എന്നോട് ലോഹ്യം പറഞ്ഞു . എന്താണ് പ്രശ്നം എന്ന് ചോദിച്ചു . ഞാന്‍ 'സംഭവം ' വിശദീകരിച്ചു . ആ സ്ത്രീ എല്ലാം ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട് . ഒടുവില്‍  കത്ത് ഞാന്‍ അവരെ കാണിച്ചു .

കത്ത് കണ്ട ഉടനെ  ആ സ്ത്രീ പറഞ്ഞു :
'സിജ്ജില്‍ ഹീന റഖം ഇത്നൈന്‍  . മുശ്കില കതീര്‍ . വ ഖസാറ കതീര്‍.   ഇന്ത ഇര്‍ജാ ഇലാ ക്യാപ്റ്റന്‍ കല്ലിം സവ്വി റഖം വാഹിദ്  !  
(ഇതില്‍ നമ്പര്‍ രണ്ട്  എന്നാണ്‌  എഴുതിയിരിക്കുന്നത്. അവിടെ ത്തന്നെ ചെന്ന് അത് 'ഒന്ന്' ആക്കി തരാന്‍ പറയൂ . അല്ലെങ്കില്‍ വലിയ സംഖ്യ ഫൈന്‍ അടക്കേണ്ടി വരും. ഒരു ഇഖാമക്കു ചിലപ്പോള്‍ ആയിരം റിയാല്‍ വരെ കറാമ (ഫൈ ന്‍) വരും . 'കല്ലിം കലാം ഹുലൂ .. '
അയാളെ പോയി സോപ്പിട്ടു തിരുത്തിക്കാനാണ് പറയുന്നത്!

ഞാന്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടിരിക്കുകയാണ്. ഇവരെ എന്റെ മുമ്പില്‍  എത്തിച്ചത് പടച്ചവന്‍  തന്നെ. അല്ലെങ്കില്‍ ഒന്നുമറിയാത്ത ഞാന്‍ കുടുങ്ങിയേനെ .

ഞാന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു. ക്യാപ്റ്റനെ എങ്ങിനെ സോപ്പിടും എന്നറിയാതെ കുഴഞ്ഞു. സ്വന്തം ഭാഷയില്‍ തന്നെ സോപ്പിട്ടു കാര്യം നേടാന്‍ കഴിയാത്ത  ഞാന്‍  മറ്റൊരു ഭാഷയില്‍ മണിയടിച്ചു കാര്യം സാധിക്കുന്നത് എങ്ങനെയാണ് ?

അപ്പോഴാണ്‌ എന്റെ 'കിഡ്നി'യില്‍ ഹാമിദിന്റെ മുഖം  തെളിഞ്ഞത് . 
നേരെ   അദ്ദേഹത്തിന്‍റെ അടുത്തു ചെന്ന്  കാര്യം പറഞ്ഞു . 
ഉമ്മയും മോനും പറഞ്ഞത് തന്നെ അദ്ദേഹവും പറഞ്ഞു .

എന്റെ ദയനീയ ഭാവം കണ്ടാകണം ഹാമിദ്‌ എന്നോട് പറഞ്ഞു :
'മാ ഫീ ഖൌഫ് ഇന്ത , അന മഅക്' 
(നീ പേടിക്കണ്ട; ഞാനുണ്ട് കൂടെ!)

ഹാമിദ് കത്ത് വാങ്ങി . ക്യാപ്റ്റന്റെ റൂമിലേക്ക്‌ പോയി .  നിമിഷ നേരം കൊണ്ട് അദ്ദേഹം തിരിച്ചെത്തി. 
'അല്‍ഹംദുലില്ല .. അര്‍ബഅ ആലാഫ് മൌത്ത് '!
(ദൈവത്തിനു സ്തുതി , നാലായിരം റിയാല്‍ മരിച്ചു!) 

കത്ത് വാങ്ങി നോക്കുമ്പോള്‍ മടങ്ങി ചുരുണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തം ഇരുന്നിരുന്ന   'രണ്ടി'ന്റെ സ്ഥാനത്ത് അറ്റന്‍ന്‍ പൊസിഷനില്‍ 'ഒന്ന് ' ഇരുന്നു ചിരിക്കുന്നു !

ഹാമിദിനോട് അറിയാവുന്ന വാചകങ്ങളില്‍ ഒക്കെയും നന്ദി പറഞ്ഞു ഞാന്‍ താഴേക്കു വന്നു !
ഇനി എഫ്.ഐ.ആര്‍  തയാറാക്കണം . 
ചില ചോദ്യങ്ങക്കൊക്കെ ഞാന്‍ ഉത്തരം പറഞ്ഞു. സംഭവം നടന്ന ദിവസം, സമയം, രീതി അങ്ങനെ ചെറിയ ചില ചോദ്യങ്ങള്‍ . ഒടുവില്‍ അദ്ദേഹം പറഞ്ഞു : എഫ്.ഐ.റിന്റെ നാല് ഫോട്ടോ കോപ്പി എടുത്തു വരണം ; നിങ്ങളുടെ ഇഖാമ കോപ്പിയും ..'

ഫോട്ടോസ്റ്റാറ്റിന് എവിടെ പോകും ? ഞാന്‍ പുറത്തിരിക്കുന്ന കാവല്‍ക്കാരനോട് അന്വേഷിച്ചു . അല്പം ദൂരേക്ക്‌ അദ്ദേഹം കൈ ചൂണ്ടി . അത് അല്പമല്ല കുറച്ചു ദീര്‍ഘിച്ച 'ചൂണ്ടല്‍ 'ആയിരുന്നു . ഒരു റിയാലിന്റെ ഫോട്ടോ കോപ്പി എടുക്കാന്‍  അങ്ങോട്ടും ഇങ്ങോട്ടുമായി ഇരുപതു റിയാല്‍ വരുമെന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു . ഏതായാലും നാലായിരത്തില്‍നിന്ന് രക്ഷപ്പെട്ട എനിക്ക് എന്ത് ഇരുപത്  ? 

സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയത്‌ തന്നെ അവരുടെ മുമ്പിലേക്കാണ്. അവര്‍ പോകാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുകയാണ്. 
മറ്റാരുമല്ല ആ ഉമ്മയും മോനും !

എന്നെ കണ്ടപ്പോള്‍ പയ്യന്‍ ഗ്ലാസ്സ് താഴ്ത്തി ; എന്തായി എന്ന് ചോദിച്ചു .
ഞാന്‍ എല്ലാം ഓക്കേയായി എന്ന്  തള്ളവിരല്‍ ഉയര്‍ത്തി ആംഗ്യം കാണിച്ചു .

മബ്രൂക് അവന്‍ പറഞ്ഞു . 
'അല്ലാഹ് ബാരിക് ഫീ '
അന്നേരം ആ സ്ത്രീ എന്നോട് ചോദിച്ചു : ഇനി എന്താണ് പ്രശ്നം ?
ഞാന്‍ ഫോട്ടോ കോപ്പിയുടെ കാര്യം പറഞ്ഞു .
'ഇന്തക് ഫീ സയ്യാറ ? ' 
( നിന്റെയടുക്കല്‍ വണ്ടിയുണ്ടോ ? )
ഞാന്‍ പറഞ്ഞു : ഇല്ല
ര്‍കബ്  സയ്യാറ : 
( കാറില്‍ കേറൂ )
എന്നെ വല്ലാതെ വിസ്മയിപ്പിച്ചു കൊണ്ട് അവര്‍ പറഞ്ഞു. 

ഫോട്ടോകോപ്പി എടുക്കാന്‍ സൗകര്യമുള്ള സ്ഥലം അവര്‍ക്ക് അറിയാമായിരുന്നു . അവര്‍ യമീന്‍, യസാര്‍, സീദാ എന്നൊക്കെ പറഞ്ഞു പയ്യന് വഴി കാണിച്ചു  കൊടുക്കുന്നു . കുറച്ചു ദൂരം ഇടത്തോട്ടും വലത്തോട്ടും നേരെയും ഓടിയ ശേഷം ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി . 

ഞാനും പയ്യനും ഇറങ്ങി . എന്റെ പേപ്പറുകള്‍  വാങ്ങി ആ കുട്ടി ഒരു സ്ഥാപനത്തിലേക്ക് ഓടിക്കേറി . അധികം വൈകാതെ തിരിച്ചു വന്നു . 
പടച്ചവനേ, ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാര്‍ ! 
വിശ്വസിക്കാനാവാതെ തരിച്ചു നില്‍ക്കുമ്പോള്‍ അവന്‍ പറഞ്ഞു 
'യാ അല്ലാഹ് ഇര്‍കബ് സയ്യാറ..'

എന്നെ സ്റ്റേഷന്‍ പടിക്കല്‍ കൊണ്ട് വന്നിറക്കിയിട്ടാണ് അവര്‍ പോയത് .

അവര്‍ കൈവീശിക്കാണിച്ചു പോയപ്പോള്‍ ഞാന്‍  ഓര്‍ത്തു .
ഈ നന്മയൊക്കെ സ്വീകരിക്കാന്‍ മാത്രം എന്ത് അര്‍ഹതയാണ് പടച്ചവനെ എനിക്കുള്ളത് ?
  •                                                   
രണ്ടു ദിവസത്തെ മാനസിക പിരിമുറുക്കത്തിന് ശേഷം  പിറ്റേന്ന് ശാന്തമായ മനസ്സോടെയാണ് ഓഫീസില്‍ എത്തിയത്. രാവിലെ ഏകദേശം ഒരു ഒമ്പതു മണിയായിക്കാണും. എന്റെ മൊബൈലിലേക്ക് ഒരു കാള്‍ .
'അല്‍ അബീര്‍ ഹോസ്പ്പിറ്റലില്‍ നിന്നാണ്. നിങ്ങളുടെ മോളാണോ സുമാനാ  നസ്രിന്‍' ? 

എന്റെ മനസ്സിലൂടെ ഒരു മിന്നല്‍ പിണര്‍ കടന്നു പോയി ! 
അവള്‍ സ്കൂളിലേക്ക് പോയിട്ടാണ് ഞാന്‍ ഓഫീസിലേക്ക് പോന്നത് . തിരിച്ചെത്താന്‍ സമയവും ആയിട്ടില്ല .  ഇതിനിടക്ക്‌ അവള്‍ക്കു എന്ത് പറ്റി ? ഇനി സ്കൂളില്‍  വെച്ച് വല്ലതും ? 
ഞാന്‍ ആകെ പരിഭ്രമിച്ചു . 
'അതെ എന്റെ മോളാണ്. അവള്‍ക്കു എന്ത് പറ്റി..' ? 
'അവളുടെ ഇഖാമ നഷ്ടപ്പെട്ടിരുന്നോ..' ? 
'അതെ' . 
'എങ്കില്‍ അത്  കിലോ നാലില്‍ ഒരാള്‍ക്ക്‌ കിട്ടിയിട്ടുണ്ട് . ഈ നമ്പരില്‍ വിളിച്ചാല്‍ മതി.' വിളിച്ച ആള്‍  നമ്പര്‍ തന്നു . 

ഉടനെ ഞാന്‍ ആ നമ്പരില്‍ വിളിച്ചു . 
മറുതലക്കല്‍ നിന്ന് സ്നേഹപൂര്‍ണ്ണമായ  മറുപടി . അറബിയിലാണ് . നാല് ഇഖാമകളും തന്റെ കയ്യില്‍ ഭദ്രമാണെന്നും പേടിക്കെണ്ടതില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ നമുക്ക് നേരില്‍ സംസാരിക്കാം ,   വൈകുന്നേരം അഞ്ചു മണിക്ക് ശേഷം വരൂ എന്നും   അദ്ദേഹം പറഞ്ഞു. 
അങ്ങോട്ട്‌ ചെല്ലാനുള്ള വഴി പറഞ്ഞു തന്നിട്ടാണ് അദ്ദേഹം ഫോണ്‍ കട്ട്‌ ചെയ്തത് . 

ബഗ്ദാദിയ്യയില്‍ നിന്ന് നഷ്ടപ്പെട്ട ഇഖാമ കിലോ നാലില്‍ നിന്ന് കണ്ടു കിട്ടിയിരിക്കുന്നു..! ആറേഴു കിലോ മീറ്റര്‍ അപ്പുറത്ത് നിന്ന് !

ല്‍ അബീറിലേക്ക് വിളിക്കാന്‍ എന്താണ് കാരണം ? 
എവിടുന്ന്, എങ്ങനെയാണ്  കിട്ടിയത് ? തുടങ്ങി 
ഒരു പാട് സംശയങ്ങളും ആകാംക്ഷയും ഉണ്ടായി എനിക്ക് .
ഏതായാലും കിട്ടിയല്ലോ. സമാധാനം . 

വൈകുന്നേരം സഹപ്രവര്‍ ത്തന്‍ ഹൈദരാബാദ്കാരന്‍ ഹഫീസിന്റെ കാറിലാണ് പോയത് . കൂടെ മോനെയും കൊണ്ട് പോയി .  ഏകദേശം ഒരു ധാരണ വെച്ച് കിലോ നാലില്‍ എത്തി അദ്ദേഹത്തിന് വിളിച്ചു . 'ഞങ്ങള്‍ ഇപ്പോള്‍ 'മര്‍കസ് അല്‍ മലാബിസിനു' മുമ്പില്‍ ആണുള്ളത്‌' . 

 'മെയിന്‍ ഗേറ്റിലൂടെ വരൂ .' അദ്ദേഹം പറഞ്ഞു .  ഞങ്ങള്‍ അകത്തു കടന്നില്ല അപ്പോഴേക്കും അദ്ദേഹം വിളിച്ചു : 'യാ ഉത്‌മാന്‍ ...' 
കുട്ടിയെ കണ്ടത് കൊണ്ടാവണം അദ്ദേഹം  പെട്ടെന്ന് തിരിച്ചറിഞ്ഞത്. 

ഞാന്‍ സലാം പറഞ്ഞു . ആ കൈ മുകര്‍ന്നു  , നന്മയുടെ ഹൃദയം എന്റെ നെഞ്ചോട്‌ ചേര്‍ത്ത്  വെച്ചു  !

അദ്ദേഹം സ്വയം പരിചയപ്പെടുത്തി . പേര് മന്‍സൂര്‍ അല്‍ വസ്സാമി . യമന്‍കാരന്‍ .  'മര്‍കസ് അല്‍മലാബിസി'ന്റെ മുദീര്‍   . രാവിലെ ഷോപ്പിലേക്ക് വരുമ്പോഴാണ് കണ്ടത് . വഴിയരികില്‍ ഒരു കവര്‍ . 

ഞാന്‍ വെറുതെ ഒന്നെടുത്തു നോക്കി . കവര്‍ തുറന്നു . അപ്പോഴാണ്‌   ഇഖാമകള്‍ കാണുന്നത് . അദ്ദേഹം ആ കവര്‍ എന്നെ ഏല്പിച്ചു . അപ്പോഴാണ്‌ മറ്റൊരു കാര്യം  അറിയുന്നത് .  ഇഖാമ മാത്രമല്ല . മോളുടെ മെഡിക്കല്‍ കാര്‍ഡും കൂട്ടത്തിലുണ്ട് !

രണ്ടു ദിവസം മുമ്പ് പനി ബാധിച്ചതിനാല്‍ മോളെ അല്‍ അബീറില്‍ കാണിച്ച രേഖകളും അതിലുണ്ടായിരുന്നു . അത് വഴിയാണ് ന്‍സൂര്‍ ല്‍ അബീറിലേക്ക് ബന്ധപ്പെട്ടത് . 

ബാഗ് തിരിച്ചു കിട്ടാത്തത് കൊണ്ട് മോഷ്ടാവ്  ഒരു സ്ത്രീ ആയിരിക്കുമെന്ന് ഊഹിച്ചു. എങ്കിലും  ആ സ്ത്രീയുടെ മനസ്സിലും ഇത്തിരി കാരുണ്യം ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു . അല്ലെങ്കില്‍ ഈ കഥാന്ത്യം ഇങ്ങനെ ആകുമായിരുന്നില്ലല്ലോ . 

സലാം പറഞ്ഞു പോരാന്‍ നേരം ബസ്മല്‍ മോന്‍ അദ്ദേഹത്തിന്  തുരുതുരാ ഉമ്മ കൊടുത്തു. താടിയിലും  ഇരു കവിളുകളിലും  നെറ്റിയിലും. 
ആ നല്ല മനുഷ്യന്റെ കാരുണ്യത്തിന്‌  പകരം  നിഷ്കളങ്കമായ ഈ സമ്മാനമല്ലാതെ മറ്റെന്താണ് ഞാന്‍ നല്കുക ? 

ഗദ്ദാമ യുടെയും ആട് ജീവിതത്തിന്റെയും കഥകള്‍ മാത്രം പുറത്തു വരുന്ന ഈ നാട്ടില്‍ ഇങ്ങനെയും ചില മനുഷ്യരുണ്ട്‌ . നന്മ വറ്റിപ്പോയി നാം കരുതുമ്പോഴും എവിടെയൊക്കെയോ നന്മ മരങ്ങള്‍ ഉണങ്ങി പ്പോകാതെ ഇലകളും കായ്കളുമായി തണല്‍ വിരിച്ചു നില്പുണ്ട് ..
ഇവിടെ ആരോടൊക്കെയാണ് സുഹൃത്തേ ,
ഞാന്‍ 'താങ്ക് യു ' എന്ന് പറയേണ്ടത് ?

(https://www.facebook.com/groups/malayalamblogwriters/)


(https://www.facebook.com/ThankYouMMovie)

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്