2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

വീണ്ടും ചില 'വീട്' കാര്യങ്ങള്‍




വീട് ഒരു അഭയ കേന്ദ്രമാണ് . പുറപ്പെടും നേരം തൊട്ടേ വേഗം തിരിച്ചെത്തണം എന്നാഗ്രഹിക്കുന്ന ഇടം . വീട്ടില്‍ നിന്നിറങ്ങിപ്പോയി വീട്ടിലേക്കു തിരിച്ചെത്തുമ്പോള്‍ കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല . അനുഭവിച്ചു തന്നെ അറിയണം .

സ്വന്തം വീട്  അസൗകര്യങ്ങളുടെ 'ധാരാളിത്തത്തില്‍ ' പണിതതായിരുന്നു .
ചെറിയ വീട് , ഒരുപാട് അംഗങ്ങള്‍ .
അന്നേ സൌകര്യങ്ങളുള്ള ഒരു വീട് സ്വപ്നത്തില്‍ ഇടയ്ക്കിടെ കടന്നു വരും . നല്ല വീട് കാണുമ്പോഴൊക്കെ ആഗ്രഹിക്കും . എന്നെങ്കിലും ഒരിക്കല്‍ .

പഠന കാലം തൊട്ടേ ഹോസ്റ്റല്‍ ആയിരുന്നു വീട് . ഒരു മുറിയില്‍ കുറെ പേര്‍ . വ്യത്യസ്ത നാട്ടില്‍ നിന്ന് , വിഭിന്ന സംസ്ക്കാരങ്ങളും , സ്വഭാവങ്ങളുമായി വന്നവര്‍ . താത്പര്യങ്ങളിലും  ഇഷ്ടങ്ങളിലും   സമീപന രീതികളിലും  എല്ലാം തികച്ചും വേറിട്ട വ്യക്തിത്വമുള്ളവര്‍ .

പരസ്പരം സഹിച്ചും ക്ഷമിച്ചും  പരിഗണിച്ചും സ്വന്തം ഇഷ്ടങ്ങള്‍ ത്യജിച്ചും ഒന്നിച്ചു കഴിയാന്‍ വിധിക്കപ്പെടെണ്ടി വരിക എന്നതിന് ദോഷങ്ങള്‍ കുറെ  ഉണ്ടെങ്കിലും  ഗുണങ്ങളും ഉണ്ടെന്നു മനസ്സിലാക്കിയ കാലം . ഉറങ്ങുന്നവനെ ഉണര്‍ത്താതെ , മറ്റുള്ളവന് ശല്യമാകാതെ ജീവിക്കേണ്ടി വരുമ്പോള്‍ , സ്വന്തം താത്പര്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ അഭീഷ്ടങ്ങളെ പരിഗണിക്കേണ്ടി വരുമ്പോള്‍ കിട്ടുന്ന ഒരു മാനസിക തൃപ്തി  മനസ്സിലാകുന്നത് അവിടം മുതല്‍ക്കാണ് .

പഠന കാലം കഴിഞ്ഞപ്പോള്‍ , കൂട്ട് ജീവിതവും അവസാനിച്ചു എന്ന് കരുതി . പക്ഷെ , അധ്യാപന ജീവിതത്തിലും കാത്തിരുന്നത് ഹോസ്റ്റല്‍ ജീവിതം തന്നെയായിരുന്നു . റസിഡന്‍ഷ്യല്‍ ഹൈ സ്കൂളില്‍ പത്തു വര്‍ഷം ഈ ജീവിതം തന്നെ . ഉണ്ണുന്നതും ഉറങ്ങുന്നതും പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രാര്‍ഥിക്കുന്നതും എല്ലാം ഒരു കുടക്കീഴില്‍ ..

കടല്‍ കടന്നപ്പോള്‍ കരുതി , ഇനിയെങ്കിലും ജീവിതത്തിനു മറ്റൊരു തലം ഉണ്ടാകുമെന്ന് . ഗള്‍ഫിലും കാത്തിരുന്നത് കൂട്ടുജീവിതം തന്നെയായിരുന്നു . ദീര്‍ഘമായ പത്തു വര്‍ഷത്തെ ജീവിതം ഇങ്ങനെയായിരുന്നു .

നിനക്ക്
എന്താണെഴുതെണ്ടത്?
ഇരുളില്‍ നിന്നിറങ്ങിപ്പോയി
ഇരുളിലേക്ക് തന്നെ കൂടണയുന്ന
ഉദയാസ്തമയങ്ങളെക്കുറിച്ച് ?
കനല്‍ മലയുടെ ഏഴാം നിലയില്‍
ആര്‍ക്കോ വേണ്ടി പുകയുന്ന
തീക്കൊള്ളികള്‍ക്കിടയില്‍
അനുവദിച്ചു കിട്ടിയ ഇത്തിരിയിടത്തെക്കുറിച്ച്‌ ?

ഹൃദയക്കൊളുത്തുകള്‍ മെല്ലെ അഴിച്ചു
മൌനച്ചുണ്ടുകള്‍ അമര്‍ത്തിയടച്ചു
താളം തെറ്റിയ അടുപ്പോരത്ത്
ഇറ്റിവീഴും മുന്‍പേ
വറ്റിത്തീരുന്ന കിനാത്തുള്ളികളെക്കുറിച്ച്‌ ?

ഒരു കുഞ്ഞു നിനവു പോലും
തഴുകിയെത്താനില്ലാത്ത
യാമക്കിതപ്പിനൊടുവില്‍
വിരസമായി കണ്‍ തുറക്കുന്ന
ജീവനില്ലാത്ത
പുലര്‍ക്കാഴ്ചകളെക്കുറിച്ച്‌ ?

വെന്തു മലച്ച വറ്റുകള്‍ക്കിടയിലും
വെറുതെ
നനവ്‌
പരതുന്ന
പരുക്കന്‍ വിരലുകളെക്കുറിച്ച്‌ ?

പറയൂ ചങ്ങാതീ ,
നിനക്കെന്താണെഴുതെണ്ടത് ?  

( 2002 Sept 8  നു എഴുതിയത് )


ഒടുവില്‍ ഗള്‍ഫ്‌  ജീവിതം കുറച്ചു സൌകര്യങ്ങള്‍ ഒക്കെയുള്ള ഒരു വീട് സമ്മാനിച്ചു . പക്ഷെ , അവിടെ വെറും വിരുന്നുകാരനായി മാത്രം ചെന്ന് ഏതാനും  ദിവസം പാര്‍ത്തു തിരിച്ചു പോരാന്‍ ആയിരുന്നു കാലം നിശ്ചയിച്ച വിധി .

എല്ലാ സൌകര്യങ്ങളുമുള്ള വീട് വിട്ട് , ബാത്ത് റൂമിനു മുമ്പില്‍ ക്യൂ നിന്നും , കിട്ടിയത് തിന്നും , ജീവിതം വീണ്ടും അലസമായി ഒഴുകി . എന്നാലും എന്തൊക്കെ അസൌകര്യങ്ങള്‍ ഉണ്ടെങ്കിലും  തന്റെ കട്ടിലില്‍ എത്തി ഒന്ന് നിവര്‍ന്നു കിടന്നാല്‍ ഒരു ദിവസം സമ്മാനിച്ച എല്ലാ വിഹ്വലതകള്‍ക്കും അറുതിയാവും .. വല്ലാത്ത  ഒരു സമാധാനം കൈവരും .

ഇന്ന് സ്വന്തം വീടല്ലെന്കിലും സ്വന്തം വാടക വീട്ടിലാണ് താമസം .. !!!

ഇന്നിപ്പോള്‍ എന്റെ  വീട് ഒരു പ്രവാസിയെപ്പോലെ ഞങ്ങളെ കാത്തിരിക്കുകയാണ്  ..

ഇടയ്ക്കു ഇട്ടേച്ചു പോയ കുടുംബാംഗങ്ങള്‍ തിരിച്ചു വരുന്നതും വീണ്ടും വീട് സജീവമാകുന്നതും കാത്ത് കാത്തിരിപ്പാണ്  .. ചുരുക്കത്തില്‍ വീട് ഒരു സ്വപ്നമാണ് അന്നും ഇന്നും ..!


2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

കുറിയ കുറെ കുത്തിക്കുറികള്‍




1
തീയില്‍ പെട്ടാല്‍
രക്ഷപ്പെടാം
തീപ്പെട്ടാലോ ?

2

മീഡിയ
'വണ്‍' ആയാലും 
'ഫണ്‍' ആയാലും
ഒരു 'ഗണ്‍ '
ആവാതിരുന്നാല്‍ മതി !


3
മാനത്തേക്ക് പോകാന്‍ പാടാണ്
മാനം പോകാന്‍ ഒരു പാടുമില്ല !!!

4
വയറ്റുപ്പിഴപ്പിനു 
ഓടുന്നവര്‍ ഏറെ
വയറു പിഴപ്പിക്കാന്‍ 
ഓടുന്നവരും ഏറെ
വയറ്റുപ്പിഴപ്പിനു 
വയറുപിഴപ്പിക്കുന്നവരും ഏറെ !!

5
ദാനം പോക്കും കഷ്ടപ്പാട്
ധ്യാനം പോക്കും ബദ്ധപ്പാട് !!

6
തുണി ഉരിഞ്ഞവരെ തുണച്ച്
തുണി ഉടുത്തവര്‍ 
സ്വയം തുണി ഉരിയരുത് !!!!

7

പര്‍ദ്ദയോടെന്തിനു സ്പര്‍ദ്ദ
തട്ടത്തിനിട്ടെന്തിനു തട്ട് ?

8
ചാരത്തെ പോലും
വെറും ചാരമാണെന്ന് വിചാരിക്കരുത് .
ഒരിക്കല്‍ ;
ചാരം പോലും ചാരെ വന്ന്
വിചാരണ ചെയ്യും !!!

9
കപ്പപ്പുഴുക്കെ
കപ്പലോടിക്കല്ലേ നാക്കില്‍
പതുക്കെ !

10
ഇന്ന്
മാര്‍ക്ക് 'ഗെറ്റിങ്ങി' നും
മാര്‍ക്കറ്റിംഗ് !!!

11
ഖുബ്ബൂസേ,
നീയെന്തെയിങ്ങനെ
വെറുമൊരു 'ബുദ്ദൂസാ'യി
നിന്നെ തിന്നു തിന്നു
അകത്തൊന്നും ഇല്ലാതായല്ലോ എനിക്കും .. !!!

12
നാവടക്കി
നോവൊടുക്കുക !!!

13
കരിദിനം
കരിനാഗം
കരിനാക്ക്
കരിമ്പൂച്ച
കരി ഓയില്‍
എല്ലാം മനസ്സില്‍ ഒരു തരം
കരിനിഴല്‍ വീഴ്ത്തുന്നു !
പിന്നെ
ആകെയൊരു സമാധാനം
കരി വണ്ടാണ്‌ !!!

14
ശരീരം നിറയെ
മുള്ളുകളുണ്ടായിട്ടും
നീയെന്തെയിങ്ങനെ
വെറുമൊരു
തൊട്ടാവാടിയായി... ?!

15
ഗുണം കെട്ടഗണത്തില്‍
പെട്ടാല്‍
തരം കെട്ടു !

16
കല മാറി
കൊലയായി
കൊലയൊരു
കലയായി
കോലം മാറി
കോലം കെട്ടലായി
കാലം മാറി
കലികാലമായി
എന്നിട്ടും
കഷ്ട കാലം മാത്രം എന്തേ
മാറിയില്ല ?

17
ചിലരുടെയൊക്കെ
തുലാഭാരം
തുലോം ഭാരം മാത്രം !!

18
ഭക്ഷണവും
ശിക്ഷണവും
തത്ക്ഷണം !!

19
സൂര്യ നെല്ലിയിലും 
ഒരിക്കല്‍
സൂര്യന്‍ ഉദിക്കും !!!

20
തലക്കെട്ട് പോകുന്നതിലേറെ 
സൂക്ഷിക്കേണ്ടത്
തല കെട്ടു പോകുന്നതാണ് !!!

21
ചൊവ്വേ പോയാല്‍ 
ചൊവ്വയിലും എത്താം

22
ചേരും പടിയെ ചേര്‍ക്കാവൂ
ചേരുന്നവര്‍ക്കേ ചാര്‍ത്താവൂ !!!!

23
ഗുരു ഒരു തരു
മരു ഒരു ഗുരു

24
തോല്‍ക്കാന്‍ കഴിയാത്തവരാരുമില്ല 
ജയിക്കാന്‍ കഴിയുന്നവര്‍ ഏറെയില്ല !!

25
ഹോളി ഡേ
ഒരു ജോളി ഡേ !!

26
തുണിത്തരം
അപ്പത്തരം
മേത്തരം
ചട്ടമ്പിത്തരം
അല്‍പ്പത്തരം
പോക്കിരിത്തരം
ചില തരങ്ങളൊക്കെ രസകരം
ചിലതോ, ഗുരുതരം !

27
മുമ്പൊക്കെ പെണ്ണ് കാണാന്‍ ചെല്ലുമ്പോഴാണ്
'നിറം ' നോക്കാറ് .
ഇന്നിപ്പോള്‍
നിറം നോക്കാതെ
ആരും ഒന്നും കാണുന്നില്ല !!!

28
തെറ്റ് പറ്റും
തെറ്റ് തന്നെ പറ്റരുത്

29
അധികം പറ്റരുത്
അധികപ്പറ്റാവരുത്

30
വയസ്സ് മേലോട്ട്
ആയുസ്സ് കീഴോട്ട്

31
വാടാതെ നില്‍ക്കും പൂവിന്‍ വിചാരം
വീഴാതെ നില്‍ക്കും ഞാന്‍ എന്നെന്നുമെന്ന്!!

32
ത്രി ശങ്കു സ്വര്‍ഗത്തിലാണെങ്കില്‍
'ഫോര്‍ ' ശങ്കു എവിടെയായിരിക്കും :)?

33
കുനിയാന്‍ എത്രയെത്ര ആളാണ്‌
കനിയാന്‍ എത്രയെത്ര കുറവാണ് !!

34
ഭ്രമം
ഒരു ഭ്രമരം പോലെ
ഈ ബ്രഹ്മത്തില്‍
നമ്മെ വിഭ്രമിപ്പിച്ചു കൊണ്ടേയിരിക്കുന്നു ..

35
പ്രണയം ഒരു പ്രയാണമാണ് 
പരിണയം ഒരു പണയവും .

36
നൈറ്റില്‍ നെറ്റില്ലെങ്കി 
ഡേയില്‍ ലൈറ്റ്‌ ഇല്ലാത്ത പോലെയാ !

37
ഇരി,
ഇങ്ങോട്ടിരി
അങ്ങോട്ടിരി
ചുമ്മാതിരി
ഒന്ന് മിണ്ടാതിരി
ഇമ്മാതിരി
പലമാതിരി
ഇരിങ്ങാട്ടിരി













2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

വീട്



നിലവിളികളുടെ അറ്റം
പുതിയ കിനാവിലേക്ക്
ഒരു ഗൃഹപ്രവേശം
സ്വന്തം
ഇരുട്ടിലേക്കുള്ള
ലാസ്റ്റ് ബസ്സ്

ചിലര്‍ക്ക്
വീട് ഒരു കിടപ്പ് മുറി
മരപ്പുര
അന്തിക്കൂട്ട്

മറ്റു ചിലര്‍ക്ക്
അതിര് കെട്ടിത്തിരിച്ച
ശ്മശാനം
കുഴിച്ചിട്ടും
പതിച്ചും
തിളക്കം കൂട്ടിയും ..

വേറെ ചിലര്‍ക്ക്
വിട്ടുമാറാത്ത നടുക്കം
ഒരു മുഴം കയര്‍

എനിക്ക്
കനല്‍ മാടം
ഒട്ടകത്തണല്‍
നിലച്ചു പോയ
ഘടികാരം

അവള്‍ക്ക്‌
വീടൊരു ത്രാസ്‌
വിരല്‍ത്തുമ്പിലെ ഭൂഗോളം
തുറക്കുകയെ വേണ്ടാത്ത
വാതില്‍

എന്നിട്ടും
നിര്‍ത്താതെ
കരയുകയാണ്
രാപ്രാവുകള്‍
നേരം പുലരുവോളം !!
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്