2013, മാർച്ച് 31, ഞായറാഴ്‌ച

നിതാഖാത്ത് നേരിടാന്‍ വേണം താഖത്ത് !




പത്തു പന്ത്രണ്ടു വര്‍ഷമായി സൌദിയില്‍ ജീവിക്കുന്ന ഒരാളാണ് ഞാന്‍ .
ഒരു അന്യനാട് എന്ന നിലക്ക് ഇവിടെ വന്ന അന്ന് മുതല്‍ ഇവിടുത്തെ നിയമം അനുസരിച്ചാണ് ജീവിച്ചത്. ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നത് . ഒരേ ഒരു സ്പോണ്സര്‍ ക്ക് കീഴില്‍ ആണ് ജോലി ചെയ്തത് .
അനധികൃതമായി ഒന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ല . അതിന്റെ ആവശ്യവും അല്ലാഹുവിന്റെ കൃപയാല്‍ വന്നിട്ടില്ല .

പുറത്തു കേള്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും മാത്രമല്ല സത്യം .
വിഷയങ്ങളോട് സത്യസന്ധമായി സമീപിക്കുകയും വസ്തുനിഷ്ടമായി മനസ്സിലാക്കുകയും ചെയ്തിട്ടല്ല 'നിതാഖാത്ത്' എന്ന പുതിയ സൗദി നിയമത്തെ പലരും വ്യാഖ്യാനിക്കുന്നതും അതിനെതിരെ തിരിയുന്നതും !

സത്യം പറഞ്ഞാല്‍ ഇന്ന് ഇവിടെ 'നാടുവിടല്‍ ' ഭീഷണി അനുഭവിക്കുന്ന വിദേശികള്‍ ഒക്കെയും സൗദി നിയമം അനുസരിച്ച് ഇവിടെ തങ്ങുന്നവരല്ല , കഫീല്‍ എന്ന ആളെ തീരെ കാണാത്തവര്‍ മുതല്‍ തീരെ ബന്ധപ്പെടാത്തവര്‍ വരെ ഇവിടെ ഉണ്ട് .

ഞാന്‍ വന്ന അന്ന് മുതല്‍ക്കെ കേട്ട് തുടങ്ങിയതാണ് സൗദി വല്‍ക്കരണം . ഏകദേശം പന്ത്രണ്ടു വര്ഷം മുന്‍പ് മുതല്‍ . പക്ഷെ ഇത്ര കാലം ഈ ഗവണ്മെന്‍റ് ആ വിഷയത്തില്‍ ഒരു മൃദു സമീപനം ആണ് സ്വീകരിച്ചത് .. ആ മൃദു സമീപനം നമ്മള്‍ പരമാവധിയും അതിനു അപ്പുറവും ഉപയോഗിച്ചു . സൂചിപ്പഴുതിലൂടെ അകത്ത് കടന്നു അതില്‍ കുന്തം കയറ്റി വലുതാക്കി, ഒടുവില്‍ ഒരു പാട് ആളുകള്‍ക്ക് കടന്നു പോകാന്‍ പരുവത്തില്‍ വലിയ ഗുഹയാക്കി മാറ്റി . ആ ഗുഹയിലൂടെ നുഴഞ്ഞു കയറി , വേണ്ടതും വേണ്ടാത്തതും ചെയ്തു കൂട്ടി . എല്ലാ വൃത്തി കെട്ട പരിപാടികളും ഇവിടെയും തുടങ്ങി . വാറ്റു മുതല്‍ വ്യഭിചാരം വരെ  നടത്തി .
ഏറ്റവും ഒടുവില്‍ താമസ സ്ഥലത്ത് നിന്ന് പെണ്‍കുട്ടിയെ കിഡ്നാപ്പ് ചെയ്യാന്‍ വരെ ധൈര്യം കാണിച്ചു . ഉമ്ര വിസക്ക് വന്നു കാലങ്ങളോളം ഇവിടെ അനധികൃതമായി തങ്ങി . ഒടുവില്‍ ഉമ്ര യുടെ പേരില്‍ വര്‍ഷങ്ങളായി നടന്നു വന്നിരുന്ന അനധികൃത നിയമ ലംഘനം ഫിന്ഗര്‍ പ്രിന്റ്‌ വഴിയും മറ്റു നവീന സാങ്കേതിക മാര്‍ഗങ്ങളും ഉപയോഗിച്ച് സൗദി നിയമത്തിന്റെ വരുതിയില്‍ നിര്‍ത്തി ..
എന്നിട്ടും അനുഭാവ പൂര്‍വമാണ് ഈ ഗവണ്മെന്റ് വിദേശികളോട് പെരുമാറിയത് .

ഇപ്പോള്‍ ഇവിടെയുള്ള യുവാക്കള്‍ക്ക് ജോലിയില്ല , സ്വന്തം പൌരന്മാര്‍ക്ക് പണിയില്ലാതെ വരികയും മറ്റു നാട്ടുകാര്‍ എല്ലാ മേഖലയും കയ്യടക്കുകയും ചെയ്യുമ്പോള്‍ അത് ഏതു രാജ്യമാണ് സഹിക്കുക ? ഏതു രാജ്യക്കാരാന് പൊറുക്കുക ?

തമിഴനും ബംഗാളിയും നമ്മുടെ നാട്ടില്‍ ഈ നിലക്ക് നിറഞ്ഞു കവിഞ്ഞാല്‍ , നമുക്ക് ജോലിയില്ലാതെ വന്നാല്‍ നമ്മുടെ സര്‍ക്കാര്‍ എന്ത് ചെയ്യും എന്ന് ആലോചിച്ചു നോക്കൂ . ഈ വിഷയം സൌദിയെ വലിയ ഒരു അഭ്യന്തര വിപ്ലവത്തിലേക്ക് നയിക്കും എന്ന അകലക്കാഴ്ച യാണ് ഇപ്പോള്‍ നടക്കുന്ന ഈ കര്‍ക്കശ നിലപാടിനു കാരണം .

പിന്നെ പത്തമ്പത് വര്‍ഷം നമ്മെ തീറ്റിപ്പോറ്റുകയും നമ്മുടെ എല്ലാ ധൂര്‍ത്തിനും ആഡംബരങ്ങള്‍ക്കും നില മറന്നുള്ള പെരുമാറ്റങ്ങള്‍ക്കും കാരണമാകുകയും ചെയ്ത ഒരു നാടിനെ അവരുടെ നാടിന്റെ നന്മക്ക് വേണ്ടി അവര്‍ നടപ്പാക്കുന്ന നിയമങ്ങളുടെ പേരില്‍ ആക്രമിക്കുന്നതും ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ബലൂണ്‍ പോലെ ഊതി വീര്‍പ്പിച്ചു പ്രചരിപ്പിക്കുന്നതും സത്യം പറഞ്ഞാല്‍ നന്ദി കേടാണ് .. ഏതായാലും ഇനിയും കൂടുതല്‍ കാലം നമുക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ല , അതിനു പറ്റിയ മാര്‍ഗങ്ങള്‍ നാം ആരായുക ..

പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ധൈര്യ പൂര്‍വ്വം നേരിടുക .. നമുക്ക് ജീവിക്കാന്‍ പറ്റിയ കാലാവസ്ഥയും ചുറ്റുപാടും നമ്മുടെ നാട്ടില്‍ തന്നെ കണ്ടെത്തുക ..

അല്ലാതെ ഇത്ര കാലം നമ്മെ പാലൂട്ടിയ അമ്മയുടെ 'ആരോഗ്യപരമായ ' ചികിത്സയെ പഴിച്ചു പാല്‍ തന്ന ആ അമ്മയുടെ നെഞ്ചത്ത് തൊഴിക്കാതിരിക്കുക !!!

2013, മാർച്ച് 22, വെള്ളിയാഴ്‌ച

എഴുത്തിന്റെ വഴികളെക്കുറിച്ച് ഒരു വർത്തമാനം


ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച  സാഹിത്യ ശില്പ ശാലയില്‍
'എഴുത്തിന്റെ വഴികള്‍ ' എന്ന വിഷയത്തെക്കുറിച്ച് 
ചില ശ്ലഥചിന്തകള്‍




 

നന്ദിപൂര്‍വ്വം : നൗഷാദ് വടക്കേല്‍ , കെ കെ ജലീല്‍  അരീക്കോട് , ജരീര്‍ വേങ്ങര   
-------------------------------------------------

എഴുത്തും വായനയും   ഇഷ്ടപ്പെടുന്ന വ്യത്യസ്ത മേഖലകളില്‍  പ്രവര്‍ത്തിക്കുന്ന അറുപതോളം അക്ഷരസ്നേഹികള്‍ പങ്കെടുത്ത ഈ പരിപാടി വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ജിദ്ദ ഇസ്ലാഹീ സെന്റര്‍ ആയിരുന്നു വേദി . പ്രശസ്ത ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് ആധ്യക്ഷം വഹിച്ചു . 

പ്രസിദ്ധ പത്രപ്രവര്‍ത്തകരായ കാസിം ഇരിക്കൂര്‍ (ഗള്‍ഫ് മാധ്യമം ) 
സി .ഓ.ടി അസീസ്‌ (മലയാളം ന്യൂസ് ) വ്യത്യസ്ത സെഷനുകളില്‍ പത്ര പ്രവർത്തനം ,  'വാര്‍ത്തകളില്‍ ഉണ്ടാകുന്ന പിശകുകള്‍ ' എന്നീ  വിഷയങ്ങളില്‍ ക്ലാസെടുത്തു . 

ബ്ലോഗര്‍മാരായ സലീം ഐക്കരപ്പടി , പ്രിന്സാദ്‌ തുടങ്ങിയവര്‍  
ആയിരുന്നു സംഘാടകര്‍ .

ഭാഷാ പ്രാവീണ്യം  സ്വയം മൂല്യ നിര്‍ണ്ണയം നടത്താന്‍ പാകത്തില്‍  'ഭാഷാ ജാലകം '  എന്ന പേരില്‍ ഒരു എഴുത്ത് പരീക്ഷയും ഉണ്ടായിരുന്നു . 

അതിനു തയ്യാറാക്കിയ ചോദ്യങ്ങൾ ആണ് താഴെ . 
                                                                          
1 - തെറ്റ് ഉണ്ടെങ്കില്‍ തിരുത്താം :                                                                           
-----------------------------------
A - പ്രബഞ്ചം
B - അഥിതി
C - ആദരാജ്ഞലികള്‍ 
D - സൃഷ്ടാവ്
E - അദ്ധേഹം ബുദ്ദിമാന്‍ 
- അനുഗ്രഹീതനായ വ്യക്തി 
- കാര്യവിജാരം
- അഭിവ്രിദ്ദിക്കു നല്ല പ്രവര്‍ത്തി വേണം 
- അവന്റെ ക്ഷണനം ഞാന്‍ സ്വീകരിച്ചു 
- അംബരചുംബി

2 - അഭംഗി ഒഴിവാക്കി മനോഹരമാക്കാം:                                    
-------------------------------------------------------------
A - ചില ജലദോഷത്തിനുള്ള മരുന്നുകള്‍ ഫലം ചെയ്യാറില്ല
  
B - ഉച്ചക്ക് ശേഷം സി.ഒ.ടിയുടെ 'വാര്‍ത്തകളില്‍ ഉണ്ടാകുന്ന പിശകുകള്‍ ' എന്ന വിഷയത്തില്‍ ക്ലാസ്സ്‌ നടക്കും.
  
C - പെട്ടിതുറന്നപ്പോള്‍ കണ്ടത് നല്ലവണ്ണം ഭംഗിയായി വസ്ത്രം ധരിച്ച മധ്യവയസ്ക്കയായ ഒരു സ്ത്രീയുടെ മൃതദേഹമാണ് .

D - ഭാഷ അറിയുന്ന ഒരാളുടെ ക്ലാസും അറിയാത്ത ഒരാളുടെ ക്ലാസ്സും അജഗജാന്തര വ്യത്യാസം ഉണ്ടാകും .

E - എഴുത്ത് പഠിച്ച് കരുത്ത്‌ നേടൂ ..
  
F - ദയവായി ഹാളിനുപുറത്തു നില്‍ക്കുന്ന എല്ലാവരും അകത്തുകയറി ഇരിക്കേണ്ടതാണ്

3 - ചേരുംവിധം ചേര്‍ക്കാം  :                                           
------------------------------
1 - മനുഷ്യന് ഒരു ആമുഖം  -  വൈക്കം മുഹമ്മദ്‌ ബഷീര്‍  
2 - രണ്ടാമൂഴം - സുകുമാര്‍ അഴീക്കോട്‌      
3 - ടൈഗര്‍  - സുഭാഷ് ചന്ദ്രന്‍                  
4 - ഫ്രാന്‍സിസ് ഇട്ടിക്കോര  - മുസഫര്‍  അഹമദ് 
5 - ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു - എം.ടി.
6 - മരുഭൂമിയുടെ ആത്മകഥ -  ടി.ഡി.രാമകൃഷ്ണന്‍

4 - ആശയം ചോരാതെ പരമാവധി ചുരുക്കി എഴുതാം                             
---------------------------------------------------------
1. ഗ്രന്ഥപാരായണം കൊണ്ടേ മനുഷ്യന്‍ നന്നാവുകയുള്ളൂ എന്ന വസ്തുത ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിച്ചുപോകുകയാണ്


2 . അക്ഷരാഭ്യാസം ഇല്ലാത്തവന്‍ മൃഗമാണ് എന്ന ഈയുള്ളവന്റെ സുചിന്തിതമായ അഭിപ്രായം ഇവിടെ തുറന്നു പറയുന്നതില്‍ ഞാന്‍ ലവലേശം മടി കാണിക്കുന്നില്ല.

3 . ഇത്തവണത്തെ ഫോക്കസ്‌  പരിപാടി എല്ലാം കൊണ്ടും സമ്പൂര്‍ണ്ണ വിജയമായിരുന്നു എന്ന യഥാര്‍ത്ഥ്യം സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.

4 .ഒന്നാംസമ്മാനം ഇരുപത്തഞ്ചു ലക്ഷംരൂപയും സഞ്ചരിക്കാന്‍ ഒരു മാരുതി കാറും. കടന്നുവരൂ.. കടന്നുവരൂ..

5 - പത്രം  കയ്യിലെടുത്തു നിവര്‍ത്തി വായിക്കാന്‍  തുടങ്ങുമ്പോള്‍  ആണ് അത് പഴയ പത്രമാണെന്നു മനസ്സിലാവുന്നത് . 



2013, മാർച്ച് 13, ബുധനാഴ്‌ച

അയാളും ഞങ്ങളും തമ്മില്‍







വാദിയില്‍ നിന്ന് ചെറിയ ഒരു ഷോപ്പിംഗ് കഴിഞ്ഞ് കുടുംബ സമേതം ശറഫിയ്യയിലേക്ക് ടാക്സി കാത്തു നില്‍ക്കുകയാണ് . 


ഏറിയാല്‍ പതിനഞ്ചു റിയാല്‍ മാത്രമേ ടാക്സിക്കൂലി വേണ്ടൂ . എന്നിട്ടും ഇരുപതും ഇരുപത്തഞ്ചും ചോദിക്കുന്നു ഡ്രൈവര്‍മാര്‍ . 

നാട്ടിലെ പോലെയല്ല നേരത്തെ സംഖ്യ ചോദിച്ചു ഓ കെ ആണെങ്കില്‍ കേറിയാല്‍ മതി . ഒന്ന് രണ്ടു പേരോട് ചോദിച്ചു , ഇരുപതും ഇരുപത്തഞ്ചും പറഞ്ഞത് കൊണ്ട് കേറിയില്ല .

മൂന്നാമത് വന്നത് ഒരു സൗദി പൌരന്‍ ആണ് .
പതിനഞ്ചിന് സമ്മതിച്ചു .

കേറി ഇരുന്നു കാര്‍ നീങ്ങി തുടങ്ങിയ പാടെ മകന്‍ അവിടെയും ഇവിടെയും 'ഞെക്കാന്‍ ' തുടങ്ങി . പോരാത്തതിന് പാട്ട് , പാട്ട് എന്ന് പലവട്ടം പറയുന്നുമുണ്ട് .
കുട്ടി എന്താണ് പറയുന്നത് എന്ന് ചോദിച്ചു അദ്ദേഹം . 
ഞാന്‍ കാര്യം പറഞ്ഞു . സാധാരണയായി നിലമ്പൂര്‍ക്കാരന്‍ മുഹമ്മദലിയുടെ കാറാണ് അത്യാവശ്യങ്ങള്‍ക്ക് വേണ്ടി വിളിക്കാറ് . മുഹമ്മദ്‌ അലി ഒരു മാപ്പിളപ്പാട്ട് പ്രേമിയാണ് . നല്ല ഒരു സെലക്ഷന്‍ തന്നെയുണ്ട് അദ്ദേഹത്തിന്‍റെ പക്കല്‍ .

അദ്ദേഹം നല്ല പാട്ട് വെക്കും ' പേര്‍ഷ്യയിലെക്കെന്നുരത്ത് ' എത്രയും ബഹുമാനപ്പെട്ട , പണ്ട് പണ്ട് പായാക്കപ്പലില്‍ .. തുടങ്ങി വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പാട്ടുകള്‍ ..

ഒടുവില്‍ സൗദി പൌരന്‍ പാട്ടിട്ടു . നല്ല ഒരു അറബി പാട്ട് . മോന്‍ തലകുലുക്കാനും കൈകൊട്ടാനും താളം പിടിക്കാനും തുടങ്ങി . അത് കണ്ടപ്പോള്‍ അദ്ദേഹം കുട്ടിയെ എടുത്തു മടിയില്‍ വെച്ചു .

സ്റ്റയറിംഗ് അവന്റെ കയ്യില്‍ കൊടുത്തു . 
അവന് നിധി കിട്ടിയ സന്തോഷം !

അദ്ദേഹം സംസാരിച്ചു കൊണ്ടേയിരുന്നു . കൂട്ടത്തില്‍ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള അന്തരത്തിലേക്ക് വന്നു .

കാലത്തിനു അനുസരിച്ചാണ് പുതിയ തലമുറ വളരുന്നതെന്നും നമ്മുടെ കാലമല്ല ഇക്കാലമെന്നും അദ്ദേഹം . പഴയ തലമുറയുടെ ബുദ്ധിയും ചിന്തയും പോര ഇന്നത്തെ മക്കള്‍ക്ക്‌ . കാലത്തിനനുസരിച്ച് തലമുറയും മാറുന്നു .. ഇന്ന് കുട്ടികള്‍ക്ക് കളിക്കോപ്പുകളോടല്ല താത്പര്യം മൊബൈല്‍, കമ്പ്യൂട്ടര്‍ , ഇവയാണ് 'കളിക്കോപ്പുകള്‍ ' തുടങ്ങി തികച്ചും പോസിറ്റിവ് ആയി ചിന്തിക്കുന്ന അദ്ദേഹത്തോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നി ..

ഇടയ്ക്കിടെ മകനെ ഓമനിക്കുകയും നെറുകയില്‍ തലോടി വാത്സല്യം കാണിക്കുകയും അവനെ കൊഞ്ചിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം .
കുട്ടിയാണെങ്കില്‍ അവനാണ് കാറോടിക്കുന്നത് എന്ന ഭാവത്തില്‍ ആണ് ഇരിപ്പ് !!!

ഷറഫിയ്യയില്‍ എത്തിയത് അറിഞ്ഞതേയില്ല . ഒടുവില്‍ ഇറങ്ങാന്‍ നേരം കുട്ടിയെ എടുത്തിട്ടു അവന്‍ പോരുന്നില്ല !!! ഒരു വിധം പിടിച്ചു പറിച്ചു കൊണ്ട് പോരുകയാണ് ചെയ്തത് .
അദ്ദേഹവും ആകെ വല്ലാതായി ..!!

ടാക്സി കൂലി കൊടുത്ത് ശുക്രന്‍ പറഞ്ഞു പോരാന്‍ നോക്കുമ്പോള്‍ അദ്ദേഹം കാശ് വാങ്ങുന്നില്ല . എത്ര നിര്‍ബന്ധിച്ചിട്ടും ഒകെ അല്ലാഹ് ആതീകല്‍ ആഫിയ എന്ന് പറഞ്ഞു സലാം തന്നു അദ്ദേഹം കാറെടുത്ത് മുന്നോട്ടു പോയി .
പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടക്ക് ആദ്യത്തെ അനുഭവം .

മോന്‍ അപ്പോഴും കരഞ്ഞു കൊണ്ടേയിരുന്നു !!!


 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്