2013, ഏപ്രിൽ 24, ബുധനാഴ്‌ച

'പ്രാണി'ക് 'ഫീലിംഗ്സ്' !!




പ്രാണികളെ ഇഷ്ടത്തോടെയും കൗതുകത്തോടെയും അല്ലാതെ കണ്ടിട്ടില്ലായിരുന്നു .
ഏറെ ഇഷ്ടപ്പെട്ടത്  തുമ്പികളെ !
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കല്‍ അന്ന് എല്ലാ കുട്ടികളുടെയും ഹോബിയായിരുന്നു .
ചങ്ങാതിമാര്‍  ബാപ്പുട്ടിയും , യൂസുഫും ആ അക്രമം ചെയ്യുമ്പോള്‍ കുട്ടിയാണെങ്കിലും ഇത്തിരി വിഷമം തോന്നും.  രണ്ടു ചിറകുകളിലും  കൂട്ടിപ്പിടിച്ചാണ് പഹയന്മാരുടെ കളി .
ഒടുവില്‍ ആ രണ്ടു ചിറകുകളും കയ്യില്‍  ഊരിപ്പോരും . ..
നമ്മുടെ രണ്ടു കൈകളും ഒരാള്‍ പിഴുതെടുത്താല്‍ എങ്ങനെയുണ്ടാകും ? പാവങ്ങള്‍ !!!

വീടിനു പിറകിലെ കുഞ്ഞു കുഴികളില്‍ ഒളിച്ചിരിക്കുന്ന കുഴിയാനകളെകളോടും ഇഷ്ടമായിരുന്നു . 'വലിയ പേരും ' ചെറിയ ശരീരവുമായി കുഴികളില്‍ ഒളിക്കുന്ന 'ആനകളെ ' ഈര്‍ക്കിള്‍ കൊണ്ട് 'ഇങ്ങോട്ട് വാ ആനെ , വലത്തോട്ട് തിരി ആനെ , ഇടത്തോട്ട് കിട ആനേ എന്നൊക്കെ പറഞ്ഞു 'പാപ്പാന്‍  ' ചമയും .
പാവങ്ങളുടെ ഹജ്ജ് ആണ് 'ജുമുഅ' എന്ന് പറയുന്നപോലെ പാവങ്ങളുടെ 'ആന'യായിരുന്നു കുഴിയാന !

ചെറു ജീവികളെ വെറുക്കാന്‍ തുടങ്ങിയത് ഗള്‍ഫില്‍ വന്നതിനു ശേഷം ആണ് .
വെറുപ്പില്‍ ഒന്നാം സ്ഥാനവും എ പ്ലസും നമ്മുടെ മഹാനായ മൂട്ട അവര്‍കള്‍ക്കും പരിവാരങ്ങള്‍ക്കും  തന്നെ !!! ചില്ലറ പ്രശ്നങ്ങള്‍  ഒന്നും അല്ല ഈ ചെറു ജീവികള്‍ മനുഷ്യര്‍ എന്ന വലിയ ജീവികളോടു കാണിക്കുന്നത് .

പ്രവാസിയുടെ ചിരകാല  സ്വപ്നവും എത്ര അനുഭവിച്ചാലും കൊതി തീരാത്തതും , പെരുന്നാള്‍ ലീവ് വരുമ്പോള്‍ മാത്രം വയര്‍ നിറയെ കിട്ടുന്നതുമായ  'ഉറക്ക മഹാമഹത്തെ' ഇത്രയേറെ 'സ്വാധീനിക്കുന്ന' മറ്റൊരു സാധനം വേറെയില്ല . നാട്ടില്‍ ഇപ്പോള്‍ ഇവയെ കാണുന്നില്ല ..

മൂട്ടകള്‍ ഒക്കെയും ഫ്രീ വിസ യില്‍ കുടുംബ സമേതം ഗള്‍ഫിലേക്ക് പോന്നു ഇവിടുത്തെ പൌരത്വം സ്വീകരിച്ചു  എന്ന് തോന്നുന്നു ..

കട്ടിലിനടിയിലും മുക്കുമൂലകളിലും പകലുറങ്ങിയും കളിച്ചും ചിരിച്ചും കഴിച്ചു കൂട്ടി , രാത്രി ഡ്യൂട്ടിക്ക് കൃത്യമായി ഇവര്‍ ഇറങ്ങി വരും .. ചിലര്‍ സര്‍ക്കസിലെ കോമാളി താഴേക്ക്‌ വീഴും പോലെ , സീലിംഗില്‍ നിന്ന് തുരുതുരാ  ബെഡ് - ലേക്ക് ചാടുന്നവരുമുണ്ട് .

നേരം പുലർന്നു ലൈറ്റ് ഇട്ടു നോക്കുമ്പോള്‍  കാണാം തള്ളയും തന്തയും കുട്ട്യാളും മക്കളും ഡ്യൂട്ടി കഴിഞ്ഞു പോകുന്നു .. വല്ലാത്ത ഉറക്കച്ചടവോടെ !

ഒരിക്കല്‍ കട്ടിലിനടിയില്‍ ഇവയെ കൂട്ടത്തോടെ കണ്ടപ്പോള്‍ ഒരു മൂട്ടക്കവിത മനസ്സില്‍ വന്നു .
"കട്ടിലിന്റെ ചോട്ടിലൊരു കൂട്ടം മൂട്ട
മൂട്ടകളുടെ  മൂട്ടിലൊരു കൊട്ട മുട്ട .."!

ഏതു ബോംബും ഇവരുടെ മുമ്പില്‍ നിഷ്പ്രഭമാണ്!!

വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്ഗ്രസ് പോലെയാണ് മൂട്ടകളും . മരുന്ന് വെക്കും തോറും കുറയുകയും പോയതിലേറെ വേഗത്തില്‍ വീണ്ടും വരികയും ചെയ്യുന്ന വര്‍ഗ്ഗം ..
സുരേഷ് ഗോപിയുടെ 'ദേ , പോയി ദേ വന്നു' പ്രയോഗം ഇവരുടെ കാര്യത്തില്‍ ആപ്റ്റ് ആണ് !
മൂട്ടയെ കൊല്ലാന്‍  മരുന്ന് വെച്ച കാരണത്താല്‍  ജീവന്‍ വരെപോയ ഒരു പാട് കഥകളും ഉപകഥകളും കുറേയുണ്ട് പ്രവാസികള്‍ക്ക്  ഗിര്‍ഗിര്‍ പറഞ്ഞു നടക്കാന്‍ !!!

ഏതു മൂട്ട ബോംബും ഇവരുടെ മുമ്പില്‍  നിഷ്പ്രഭമാണ്!!

വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്ഗ്രസ് പോലെയാണ് മൂട്ടകളും . മരുന്ന് വെക്കും തോറും കുറയുകയും പോയതിലേറെ വേഗത്തില്‍  വീണ്ടും വരികയും ചെയ്യുന്ന വര്‍ഗ്ഗം ..
സുരേഷ് ഗോപിയുടെ 'ദേ , പോയി ദേ വന്നു' പ്രയോഗം ഇവരുടെ കാര്യത്തില്‍ 'മിഅ ഫില്‍ മിഅ ' ആപ്റ്റ് ആണ് !

ബാച്ച്ലേഴ്സ് റൂമില്‍ നിന്ന് ഇപ്പോള്‍ ഫാമിലി റൂമിലേക്ക്‌ വന്നപ്പോള്‍  അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം വരുന്ന നല്ല മീശയും ചുവന്ന നിറവുമുള്ള 'റെഡ് വളണ്ടിയേര്‍സ്' കാത്തിരിക്കുന്നുണ്ടായിരുന്നു ..

ഇപ്പോള്‍  എന്റെ അസ്വസ്ഥത മുഴുവനും ആ സൈനീക വ്യൂഹം ആണ് .
ആളെ മനസ്സിലായില്ലെങ്കില്‍ പറയാം .. കൂറ എന്ന കൂതറ !!!

മനുഷ്യന്‍ എത്ര നിസ്സഹായാന്‍  ആണ് എന്ന് ബോധ്യപ്പെടുന്ന ചില സന്ദര്‍ഭങ്ങള്‍ ആണ് ഇവയൊക്കെ നന്നേ ചെറിയ ജീവികളോടു പോലും നാം പലപ്പോഴും തോറ്റുപോകുന്നു !!

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

ശരീഅത്താ നിയമം കുഞ്ഞിമ്മുവാ സാധനം !!!




കുഞ്ഞാണി കുഞ്ഞിമ്മുവിനെ എപ്പോഴും പ്രകോപിപ്പിക്കും .
''ജ്ജ് ഞ്ഞോ ട് വല്ലാതെ കളിക്കണ്ട . ഞാന്‍ വേറെ ഒന്നും കൂടി അങ്ങട്ട് കെട്ടും .
ഇസ്ലാമില്‍ നാലെണ്ണം കെട്ടാം എന്ന് നിയമം ണ്ട് ..'!

അത് കേള്‍ക്കുമ്പോള്‍ കുഞ്ഞിമ്മു മോന്ത കനപ്പിച്ച്‌ അമര്‍ത്തിച്ചവിട്ടി അടുക്കളയിലേക്കു പോകും .

കുഞാണിയുടെ ഈ വര്‍ത്തമാനം കേട്ട് ഒരിക്കല്‍  കുഞ്ഞിമ്മുവിന് കലി കേറി .
അവള്‍ അടുക്കളയില്‍  ചെന്ന് വെട്ടുകത്തിയുമായി വന്നു കുഞ്ഞാണിയോട് പറഞ്ഞു .

''മേലാല്‍  ഈ ഈ വര്‍ത്താനം പറഞ്ഞാല്‍ ങ്ങള് നോക്കിക്കോ ഞാനും ശരീഅത്ത് നടപ്പാക്കും ...
ങ്ങക്ക് മാത്രല്ല ശരീഅത്ത്.." !

കുഞ്ഞാണി ഒന്നയഞ്ഞു ..

'ന്റെ കുഞ്ഞിമ്മ്വോ ജ്ജ് എന്ത് ശരീ അത്താ നടപ്പാക്ക്വാ..' ?

''അല്ല മാന്സാ ങ്ങള് ഇസ്ലാം പറഞ്ഞ പോലെ ആണോ കജ്ജ്ണത് ? ഇസ്ലാമില്‍ അന്യ പെണ്ണുങ്ങളെ നോക്കാന്‍ പാടുണ്ടോ ? ഇന്ന് ട്ട് ങ്ങള് നോക്ക് ണ് ല്ലേ ? എഷണി പറയാന്‍ പറ്റ്വോ ഇസ്ലാമില്‍ ? ങ്ങള് ഒരു ദിവസം എത്തെരെ മനുസമ്മാരെ പച്ച എറച്ചിയാ തിന്നുണത് ?

ബീഡി വലിച്ചാം പാടുണ്ടോ ങ്ങള് ഒരു ദിവസം എത്ത്ര കെട്ട് ബീടിയാ വലിച്ചുണത് വല്ല കണക്കൂം ണ്ടോ ?
ഒന്നും മാണ്ട ഒരു മുസ്ലിമായ മന്സന്റെ നിര്‍ബന്ധമായ കടമയാ അഞ്ചു വഖ്ത്തു നിസ്ക്കാരം . അഞ്ചു പോയിട്ട് ഒരു വഖ്ത്തു നിങ്ങള്‍ നിസ്ക്കരിക്ക്ണ് ണ്ടോ ?
നിസ്ക്കരിക്കാത്തോന് ഈ ഭൂമിയില് ജീവിക്കാനെ അര്‍ഹത ല്ല . ഓനെ വെട്ടി ക്കൊല്ലണം ന്നാ
ഇസ്ലാമില് ! അതോണ്ട് , പറഞ്ഞത് പറഞ്ഞു , മേലാല്‍ ഇതും പറഞ്ഞു ഇങ്ങട്ട് വരരുത് ..
ദാ , ഈ കത്തി കൊണ്ട് ഞാന്‍ ശരീഅത്ത് നേര് ക്ക് അങ്ങട്ട് നടപ്പാക്കും ... ! ങ്ങക്ക് കുഞ്ഞിമ്മൂനെ സരിക്കും മനസ്സിലായിട്ടില്ല !!!!

പിന്നീടൊരിക്കലും കുഞ്ഞാണി ആ കാര്യം മുണ്ടിയിട്ടില്ല !!!

2013, ഏപ്രിൽ 21, ഞായറാഴ്‌ച

മൂന്നു വയസ്സുകാരന്റെ ഞെക്കലും എഴുതുന്നവന്റെ പ്രഷറും





വെള്ളിയാഴ്ച അവധിയായതുകൊണ്ട് കുത്തിക്കുറികള്‍ സുഖമായി നടക്കുന്നത് അന്നാണ് . 
രാവിലെ തികച്ചും ശാന്തമായി ഇരിക്കാം . 
ധര്‍മ്മിണിയും മക്കളും ദീര്‍ഘമായ ഉറക്കത്തില്‍ . പരിസരത്തു നിന്നും വലിയ ഒച്ചപ്പാടുകളും ബഹളങ്ങളും ഉണ്ടാവില്ല . എല്ലാം കൊണ്ടും 'തലയില്‍ വല്ലതും ഉണ്ടെങ്കില്‍ ' ഒരു തടസ്സവും കൂടാതെ ഒഴുകി വരുന്ന ബ്രഹ്മ മുഹൂര്‍ത്തം !

പൊതുവേ എന്ത് എഴുതുമ്പോഴും അതിലേക്കു ആരെങ്കിലും എത്തി നോക്കുന്നത് ഇഷ്ടമല്ല , 
അത് ഭാര്യയാലും സ്വന്തം കഫീല്‍ ആയാലും :)

മുമ്പൊക്കെ എഴുത്തിന് 'എഴുത്തുകുത്ത്' എന്നും പറഞ്ഞിരുന്നു . 
സത്യത്തില്‍ അന്നത്തെക്കാള്‍ ആ പ്രയോഗം ഇന്ന ത്തെ എഴുത്തിനാണ് ചേരുക . 
കുത്തിക്കുത്തി ആണല്ലോ പുതിയ എഴുത്ത് .
'സാലീസൂട്ട്' എന്നെഴുതി 'കാലിക്കറ്റ്' എന്ന് വായിച്ചു 'കോഴിക്കോട്‌' എന്ന് അര്‍ഥം പറയുന്ന 
ഇംഗ്ലീഷിനെ കുഞ്ഞുണ്ണി മാഷ്‌ മുന്‍പ് കളിയാക്കിയിട്ടുണ്ട് .

ഇന്ന് ഇംഗ്ലീഷില്‍ അടിച്ചു മംഗ്ലീഷ് ആക്കി മലയാളം വരുത്തുന്ന പരിപാടി ആണല്ലോ നടക്കുന്നത് .

സത്യത്തില്‍ സ്പീഡില്‍ അടിച്ചു പോകാം എങ്കിലും ശരിയായ പദം തെരഞ്ഞു പിടിച്ചു അടിക്കുന്നത് ഇത്തിരി പ്രയാസമുള്ള കാര്യം തന്നെ . പക്ഷെ ചില വേദനകള്‍ക്കും ഉണ്ട് ഒരു സുഖം എന്ന് പറയും പോലെ ഈ പ്രയാസത്തിനും ഉണ്ട് ഒരു സുഖം !

കൊച്ചു വെളുപ്പാന്‍ കാലത്ത് നല്ല മൂഡില്‍ അങ്ങനെ എഴുതി വരികയായിരുന്നു .
ആരുടെയും ശല്യമില്ലാതെ . വേര്‍ഡ്‌ ഫോര്‍മാറ്റില്‍ ആണ് എഴുത്ത് കുത്ത് നടക്കുന്നത് . 
പിന്നെ ആവശ്യമുള്ള യിടത്തേക്ക് കട്ട് ആന്റ് പേസ്റ്റ് ചെയ്താല്‍ മതിയല്ലോ .

സാധാരണ എഴുത്ത് വേളകളില്‍ മൂന്നു വയസ്സുകാരന്‍ വല്ലാതെ ശല്യപ്പെടുത്താന്‍ വരും . 
അവന്റെ ചൂണ്ടു വിരല്‍ എപ്പോള്‍ എവിടെയാണ് പ്രസ്സ്‌ ചെയ്യുന്നത് എന്ന് ഒരു നിശ്ചയവും ഉണ്ടാവില്ല ..!

അവനും സുഖമായി ഉറങ്ങുകയാണ് !

എഴുത്തു ഏകദേശം അവസാന ഘട്ടം വരെ എത്തിയതാണ് . 
ഒരു പാരഗ്രാഫ്‌ കൂടി കഷ്ടിച്ച് എഴുതാനേ ഉള്ളൂ ..

അവസാനിപ്പിക്കാനുള്ള ഘട്ടം ആയി വരുന്നു ..
അപ്പോഴാണ്‌ വാതില്‍ തുറന്നു അവന്‍ കണ്ണും തിരുമ്മി 'ഉപ്പാ' എന്ന് വിളിച്ചു വരുന്നത്..!

ഞാന്‍ അവസാനത്തെ 'പഫ്ഫ്‌ ' ആസ്വദിച്ചു വലിക്കുകയാണ് . അതിനിടയില്‍ എപ്പോഴോ
മൂന്നു വയസ്സുകാരന്‍ പണി പറ്റിച്ചു !

കമ്പ്യൂട്ടറിന്റെ ഷട്ട് ഡൌണ്‍ ബട്ടന്‍ ഞെക്കി ! അത് വരെ എഴുതിയതൊക്കെയും സ്വാഹ !!!
അവസാനം സേവ് ചെയ്യാമെന്ന് കരുതിയതായിരുന്നു !!

എനിക്ക് കലിയടക്കാനായില്ല . ഞാന്‍ അവന്റെ തുടയില്‍ രണ്ട്ങ്ങു പൊട്ടിച്ചു ..!
'മേലാല്‍ അന്റെ ചൂണ്ടാം വെരലുമായി ഇങ്ങട്ട് വരരുത് ..'!!
അവന്‍ കരച്ചിലോട് കരച്ചില്‍ ..
അവന്റെ മൃദുവായ ചന്തിയില്‍ ചുവന്ന വിരല്‍ പാട് !

കുട്ടിയുടെ കരച്ചില്‍ കേട്ട് എല്ലാവരും ഉണര്‍ന്നു ..
കാര്യം മനസ്സിലായപ്പോള്‍ ശ്രീമതി എന്നോടൊരു ചോദ്യം .

നിങ്ങള്ക്ക് എഴുത്താണോ കുട്ടിയാണോ വലുത് ?
അതൊരു കുഴക്കുന്ന ചോദ്യമായിരുന്നു .. !!

എഴുതുന്നവൻ ഒരു 'പ്രഷര്‍ രോഗി'യാണെന്ന് പറയുന്നത് വെറുതെയല്ല !

2013, ഏപ്രിൽ 20, ശനിയാഴ്‌ച

തത്സമയം ചില കുറിപ്പുകള്‍



എന്റെ പൊന്നേ !
------------------------
ഇടക്ക് അപൂര്‍വം  സമയങ്ങളില്‍ ഞാന്‍  അവളെ 
'എന്റെ പൊന്നേ .. ' എന്ന് വിളിക്കും . 
അന്നേരം അവളുടെ മുഖത്ത് പ്രണയം പൂക്കും . പ്രസാദം ഓളമിടും . 

മിനിഞ്ഞാന്ന് വാര്‍ത്ത  കേള്‍ക്കുന്നതിനിടെ 'സ്വര്‍ണ്ണ  വാര്‍ത്ത 'ക്കിടയില്‍ 
ഞാന്‍  അവളെ 'എന്റെ പൊന്നേ ' എന്നൊന്ന് നീട്ടി വിളിച്ചു . 
രൂക്ഷമായ ഒരു നോട്ടം നോക്കി അവള്‍ , 
ഇത്ര തീവ്രമായ ഒരു നോട്ടം മുമ്പൊന്നും എനിക്ക് 'കിട്ടി'യിട്ടില്ല . :)

സ്മൈലി 
-------------
എനിക്ക് ഫേസ് ബുക്കിലിടാന്‍  ആകെ അറിയാവുന്ന ചിഹ്നം സ്മൈലി മാത്രമായിരുന്നു . 

പിന്നീട് ഇപ്പോള്‍ അടുത്താണ് കൂടുതല്‍  ചിഹ്നങ്ങളെ അറിയുന്നത് .  അക്കൂട്ടത്തില്‍   ഏറെ ഇഷ്ടം തോന്നിയത് രണ്ടു പേരോട് . 

ഒന്ന് അന്നും ഇന്നും വേണ്ടിടത്തും വേണ്ടാത്തിടത്തും, ഇഷ്ടം പോലെയും കഷ്ടം പോലെയും ഉപയോഗിച്ചു വന്നിരുന്ന നമ്മുടെ പ്രിയങ്കരനായ സ്മൈലി . :)

രണ്ടാമത് കണ്ടാല്‍ തന്നെ ഒരു പ്രത്യേക തരം പ്രണയം തോന്നിപ്പിക്കുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള സ്നേഹ ചിഹ്നം . 

സ്മൈലിയിട്ട് മടുത്തിരിക്കുമ്പോള്‍  ആണ് എനിക്ക് 'ഹൃദയം ' കിട്ടുന്നത് . 
പിന്നെ സ്മൈലിയെ തത്ക്കാലം മൊഴി ചൊല്ലി , 'ഹൃദയത്തെ' പിടിച്ചു . 
മൊഴി ചൊല്ലുന്നതിലേറെ എളുപ്പമാണ് ഇപ്പോള്‍  മൊഴി മാറ്റം . അത് കൊണ്ട് നോ പ്രോബ്ലം .

അത് കിട്ടിയ ഊറ്റത്തില്‍  ഞാന്‍  പലയിടത്തും 'അവനെ ' കൊണ്ട് പോയി നിക്ഷേപിച്ചു . പുതിയത് വല്ലതും കിട്ടിയാല്‍  പിന്നെ അങ്ങനെയാണല്ലോ . പഴയത് പിന്നെ ആര്‍ക്കു  വേണം ?

അപ്പോഴാണ്‌ ചില കൂട്ടുകാര്‍  എന്റെ പിറകെ കൂടുന്നത് . ഈ വയസ്സാം കാലത്തും ഇതിന്റെ പിന്നാലെയാണോ നിങ്ങള്‍ എന്നാണ് ചോദ്യം  . അപ്പോഴാണ്‌ എനിക്ക് വയസ്സായി എന്നും നമുക്കൊന്നും ഈ ചിഹ്നത്തിന്റെ അരികത്തു കൂടി പോകാന്‍  പോലും പാടില്ലെന്നും മനസ്സിലാകുന്നത്‌ . ( ഇവിടെ ഒരു സ്മൈലിക്കു സ്കോപ്പ് ഉണ്ട് :) ! ) 

ഞാന്‍  അവരോടു പറഞ്ഞു : മക്കളെ ,  ഇത് ഹൃദയത്തിന്റെ ചിഹ്നം ആണ് . വയസ്സ് കൂടും തോറും അതിനോട് ഇഷ്ടം കൂടും . അത് പണി മുടക്കിയാല്‍  എല്ലാ പണിയും മുടങ്ങും .. 
പിന്നെ ചില പിള്ളേര്‍ക്കും 'പിള്ളി 'കള്‍ക്കും അതിനു ഒരേ ഒരു അര്‍ഥം  മാത്രമേ അറിയൂ ..

ഒരു മനുഷ്യന് ഈ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം മരണം വരെ അവന്റെ അവയവങ്ങള്‍  അവന്റെ കൂടെ നില്ക്കുക എന്നതാണ് . 

നാമറിയാതെ നമ്മുടെ ശരീരത്തില്‍  ആരൊക്കെ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് നമുക്ക് ഒരു നിശ്ചയവുമില്ല . അതില്‍  ഏതെങ്കിലും ഒന്ന് പണി മുടക്കിയാല്‍ തീര്‍ന്നു  കഥ . 

എത്ര വിലപിടിച്ച അവയവങ്ങളുമായി ആണ് നാം നടക്കുന്നത് ? 

ന്തായാലും നഷ്ടപ്പെടുമ്പോഴേ നഷ്ടത്തിന്റെ വില അറിയൂ .. 
ഹൃദയമേ നിന്നെയല്ലാതെ ഞാന്‍  ആരെയാണ് പ്രണയിക്കേണ്ടത് ? 
നീ ഒരു നിമിഷം ഒന്ന് റസ്റ്റ്‌ എടുത്താല്‍ പിന്നെ ഞാന്‍  കാലാക്കാലം 'റസ്റ്റില്‍ 'ആവില്ലേ ?  

'ഒരാള്‍ തന്റെ ശരീരത്തെ അറിഞ്ഞാല്‍  അവന്‍ അവന്റെ സൃഷ്ടാവിനെ അറിഞ്ഞു '

കുലുങ്ങിച്ചിരി 
-----------------------
ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാത്തതും
ഇനി ഒരിക്കലും സംഭവിക്കും എന്ന് പ്രതീക്ഷിക്കാത്തതുമായ ഒരു കാര്യം
സംഭവിച്ചു കാണുമ്പോള്‍ ആരായാലും ഒന്ന് ചിരിച്ചു പോകും :)
ഇന്നലെ ഒരു പക്ഷെ സംഭവിച്ചത് അതാകും .
സ്വര്‍ണ്ണ വില വല്ലാതെ താഴുന്നത് കണ്ടപ്പോള്‍
സ്വയം അറിയാതെ ഒന്ന് 'കുലുങ്ങി' ചിരിച്ചതാവും ഭൂമി !
ഭൂമിയും ഒരു മാതാവാണല്ലോ :)

ഒരു നുള്ള് ശാമ മതി !
-----------------------------
ഒരു പാട് സ്ഥാപനങ്ങളുള്ള ഒരു സമുച്ചയത്തിലാണ് എന്റെ ഓഫീസ് . ഒമ്പതാം നിലയില്‍  . ഓഫീസിന്റെ മെയിന്‍  ഡോറിന് അഭിമുഖമായാണ് എന്റെ ഇരിപ്പിടം . ആര് വന്നാലും അവര്‍  എന്നെയാണ് കണി കാണുക . മിക്ക ദിവസങ്ങളിലും ചില സ്ത്രീകള്‍ വരും . ഫോട്ടോ കോപ്പി എടുക്കാനാണ് . സ്വാഭാവികമായും അവര്‍ എന്നോടാണ് ആ ആവശ്യം പറയുക . ഞാന്‍  ജോലി നിര്‍ത്തി വെച്ച് അവരെ സഹായിക്കും . നമുക്ക് നഷ്ടമൊന്നും ഇല്ലല്ലോ . പിന്നെ ചെറിയ ഒരു സഹായം ചെയ്യലും ആയി.

ഇയ്യിടെ സ്ത്രീകള്‍  വരുന്നത് കാണുമ്പോഴേക്കും ജഹാംഗീര്‍  ഓടിവരും . ഞങ്ങളുടെ 'മുദീര്‍  ഷായ്' ആണ് . ചായ കൊണ്ട് എല്പ്പിക്കപ്പെട്ട മലക്ക് ! ബീഹാരി. ആയിക്കോട്ടെ , അയാള്‍  ചെയ്തോട്ടെ , എന്ന് ഞാനും കരുതി .

ഈ ആവശ്യവുമായി സ്ത്രീകള്‍  വരുമ്പോള്‍  ജഹാംഗീര്‍  ഗ്ലാസ്സും പാട്ടയും ഒക്കെ അവിടെയിട്ട് , ഓടി ചെല്ലും . വല്ലാത്ത ആവേശവും ഇത്തിരി പരവേശവും കാണിക്കും ..
ഇതിനു മാത്രം തിടുക്കം എന്തിന് എന്ന് എനിക്ക് മനസ്സിലായില്ല .
ഇന്ന് അതെനിക്ക് ക്ലിക്ക് ആയി .

സ്ത്രീകള്‍  വരുമ്പോള്‍  അയാള്‍  അവരുടെ അടുത്തേക്ക് ഓടി ചെല്ലും .
ഫോട്ടോ കോപ്പി എടുക്കേണ്ടവ വാങ്ങിക്കും . എന്നിട്ട് പുറത്തു നില്ക്കാന്‍  പറയും .. കോപ്പി എടുത്തു അതുമായി ടിയാന്‍  ചെല്ലും . അത്രയേ എനിക്ക് കാണാന്‍  പറ്റിയിരുന്നുള്ളൂ . ഇന്ന് പാതി തുറന്നു കിടക്കുന്ന ഡോറിലൂടെ നോക്കുമ്പോള്‍  ആണ് ആവേശത്തിന്റെ ഗുട്ടന്സ് പിടി കിട്ടുന്നത് .
ജഹാംഗീര്‍  ഫോട്ടോ കോപ്പി 'കച്ചവടം ' നടത്തുകയാണ് !


'ഒരു നുള്ള് ശാമ മതി ഒരു നല്ല ഭാര്യയാവാന്‍  ' എന്ന് ഒരു കറിമസാലയുടെ പരസ്യത്തില്‍ ശ്വേത മേനോന്‍  പറയും പോലെ  'ഒരു നുള്ള് സേവനം മതി നല്ല ഒരു സമ്പാദ്യമാവാന്‍ ' , എന്ന് നല്ല ഈണത്തില്‍ ഞാനും പറഞ്ഞു !

ആശയും കീശയും 
---------------------------
പ്രവാസികളില്‍ പലരും പുറത്തു നിന്ന് ഒരു ചായ പോലും വാങ്ങികഴിക്കില്ല. ആശയില്ലാഞ്ഞിട്ടൊന്നുമല്ല.
നാട്ടിലെ സംഖ്യ പന്ത്രണ്ടുമടങ്ങായി വര്‍ധിത വീര്യത്തോടെ ഓര്‍മ്മയില്‍ ഓടി എത്തുന്നത് അപ്പോഴായിരിക്കും.
ഇന്നലത്തെ ഉണക്ക പൊറാട്ട കട്ടന്‍ ചായയില്‍ മുക്കി കടിച്ചു ചവച്ചു പ്രാതല്‍ ഒപ്പിക്കും. രണ്ടു റിയാല്‍ കീശയില്‍ തന്നെ വിശ്രമിക്കും. മസാല ദോശക്കൊക്കെ ആശയുണ്ടാവും ഈ കേശവന്മാര്‍ക്ക്.
കീശയില്‍ കാശുമുണ്ട്. പക്ഷെ പിശുമനസ്സ് കീശയില്‍ കയ്യിടാന്‍ അനുവദിക്കില്ല. മീശ പിരിച്ചു മുട്ടന്‍വടിയുമായി നില്‍പ്പുണ്ടാവും കാലമാടന്‍ കീശയോരത്ത്.

ഇരുപത്തഞ്ചു കൊല്ലമായി ഗള്‍ഫിലുള്ള ഒരാളെ അടുത്തറിയാം. വസ്ത്രങ്ങള്‍ സൂക്ഷിക്കാനും തൂക്കിയിടാനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന , റെക്സിന്‍ കൊണ്ട് നിര്‍മ്മിച്ച ഒരു തോലാബിനു 
( അലമാര) നാല്പതോ അമ്പതോ റിയാല്‍ കൊടുത്താല്‍ മതി. പക്ഷെ ആരെങ്കിലും നാട്ടില്‍ പോവുമ്പോള്‍ ഒഴിവാക്കുന്ന തോലാബാണ് ഇയാളുപയോഗിക്കുക.

ഫ്രൂട്ട് സ് അയാള്‍ക്ക് വലിയ ഇഷ്ടമാണ്. അവ നോക്കിവെള്ളമിറക്കുകയല്ലാതെ ഒരു കിലോ ആപ്പിളോ ബുർ തുഖാലോ (ഓറഞ്ചു) വാങ്ങിക്കഴിക്കില്ല.
ഒരുഹലലക്കും പ്രത്യേകിച്ചൊന്നും അദ്ദേഹം വാങ്ങി കഴിക്കില്ല.
മറ്റുള്ളവരോടൊപ്പംപുറത്തു പോയി എന്തെങ്കിലും കഴിക്കുന്ന കൂട്ടത്തിലും കാണില്ല അയാളെ.
ബ്രഷും പേസ്റ്റും ഏരിയലുമൊക്കെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട്വാങ്ങിക്കും. അത്രയും ഭാഗ്യം.! രോഗം വന്നാലും, ഇത് തന്നെയാണ് അവസ്ഥ .

ദിവസങ്ങളോളം ചുമച്ചു ചുമച്ചു ചോര ഛര്‍ദ്ദിച്ചാലും സഹമുറിയന്മാരുടെ പ്രാക്കും മുറുമുറുപ്പും ഏറെ സഹിക്കേണ്ടി വന്നാലും അടുക്കളയില്‍ നിന്ന് വല്ല ഇഞ്ചിയോ കുരുമുളകോ ചെറുനാരങ്ങയോ ഒക്കെയെടുത്ത് തല്‍ക്കാലം ശമനമുണ്ടാക്കാന്‍ നോക്കും. എന്നിട്ട് എ.സി ഇല്ലാത്ത വല്ലവരാന്തയിലും ചുരുണ്ട് കൂടിക്കിടക്കും. ആശുപത്രിയില്‍ പോവില്ല. അപ്പോഴേക്കുംപന്ത്രണ്ടു ഇരട്ടി മുട്ടന്‍ വടിയുമായി കീശയോരത്ത് വന്നു നിന്ന് അയാളെവിരട്ടുന്നുണ്ടാവും.

എന്നിട്ടിപ്പോള്‍, ഷുഗറും പ്രഷറും കൊളസ്ട്രോളും മൂലക്കുരുവും മൂത്രക്കല്ലുമായി അത്യാവശ്യം ഭേദപ്പെട്ട തറവാട്ടില്‍ നിന്ന് വരുന്ന നാലഞ്ച് രോഗങ്ങളോടൊപ്പമാണ് ടിയാന്റെ പൊറുതി.

എന്നാല്‍ ഇത്തരക്കാരുടെ വീടുകളിലെ അവസ്ഥയോ?
'പണം പുല്ലെടീ നമുക്കില്ലെടീ'എന്നായിരുന്നു പണ്ട് നാം പാടിയിരുന്നത്. എന്നാലിപ്പോള്‍ 'പണം പുല്ലെടാ നമുക്കുണ്ടെടാ ..' എന്നാ മട്ടിലാണ് കെട്ട്യോളും കുട്ട്യാളും വാരി വിതറുന്നത്..

അവരെകുറ്റം പറയാനൊക്കുമോ? അവര്‍ക്ക് നോക്കെത്താദൂരത്ത് കണ്ണുംനട്ട് ഇരിക്കുകയൊന്നും വേണ്ട.. 'ആയിരം, നാലായിരം, എണ്ണായിരം പിന്നെ പത്തായിരം ..' എന്ന പാട്ടും പാടി ഇരുന്നാല്‍ മതി. മാസാമാസം കിറുകൃത്യമായി പറന്നു ചെല്ലുകയല്ലേ പള പള മിന്നുന്ന ഗാന്ധിത്തലകള് ..!‍
ഇനി ഓള്‍ക്കോ, കുട്ട്യാള്‍ക്കോ, ഒരു ഏനക്കെടോ, ഓക്കാനമോ, തുമ്മിയാല്‍തെറിക്കുന്ന മൂക്കോ, ഒക്കെ വരുന്നുണ്ടെന്നു വിവരം ലഭിച്ചാലോ?

ടെന്‍ഷന്‍ മരം കിടന്നുലയുകയായി. പിന്നെ വിളിയോട് വിളി..
നാട്ടിലെ ഏറ്റവും വലിയ ഹോസ്പിറ്റലിലേക്ക് തന്നെ വിട്ടോളൂ എന്ന് മൊബൈല്‍ കത്തിച്ചു വിളി. ഓട്ടോക്കൊന്നും പോണ്ട .. കാറ്കിട്ടുമോന്നു നോക്ക്. കാറ്..!

പണം കായ്ക്കുന്ന മരത്തിന്റെ വേര് ദ്രവിക്കുന്നതിലേറെ ഉത്കണ്‍ഠ പണം സ്വീകരിക്കുന്ന കൈകള്‍ക്കുള്ളിലെ കൊച്ചു പനിചൂടിനാണ് എന്നര്‍ത്ഥം ..
ആവശ്യങ്ങള്‍ക്ക് ചെലവാക്കാനുള്ളതാണ് പണം.
ആവശ്യത്തിനു ഉപയോഗിക്കുന്നില്ലെങ്കില്‍ അത് വെറുംകടലാസ്.
നമുക്ക് വേണ്ടി നാം ചെലവാക്കുന്നത് മാത്രമാണ് നമ്മുടേത്‌.
ബാക്കിയുള്ളത് അനന്തരാവകാശികളുടെതാണ്

ഞമ്മക്കും പോസ്റ്റണം !
-------------------------------
അടുത്ത വീട്ടിലെ അടുക്കളയില്‍  നിന്ന് ഇറച്ചി തിളയ്ക്കുന്ന മണം വരുമ്പോള്‍ ഞാന്‍  ഉമ്മാനോട് പറയും :
'ഉമ്മാ ഓല് ന്ന് എറച്ചി വാങ്ങീക്കുണൂ..'
ഉമ്മ അപ്പോള്‍ എന്നെ ഇങ്ങനെ സമാധാനിപ്പിക്കും :
'പെരുന്നാള്‍  ബരട്ടെ ഞമ്മക്കും മാങ്ങണം '

ഇന്നിപ്പോള്‍  ഇറച്ചി വാങ്ങിയതിന്റെയും മീന്‍  വാങ്ങിയതിനെറെയും ഒക്കെ മണം ഫേസ് ബുക്കിലൂടെ യാണ് മൂക്ക് തുളച്ചു വരുന്നത് . നാട്ടില്‍ പോയ ചില വന്‍സ്രാവുകള്‍  തങ്ങളേക്കാള്‍  വലിയ മീനും പിടിച്ചു നില്ക്കുന്ന ഫോട്ടോ ഒക്കെയിട്ട് മണപ്പിക്കുക മാത്രമല്ല കൊതിപ്പിക്കുകയും ചെയ്യുന്നു .. :)

'പെരുന്നാള്‍  വരട്ടെ ഞമ്മക്കും മാങ്ങണം ' എന്ന് ഉമ്മ പറഞ്ഞ പോലെ ,
അടുത്ത വെക്കേഷന്‍ വരട്ടെ ഞമ്മക്കും പോസ്റ്റണം !!!

ആഫ്റ്റര്‍ ട്വന്റി ഇയര്‍സ്
-----------------------------------
ഒരു പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ശേഷം അന്നത്തെ അതിനൂതന സംവിധാനം ഉപയോഗിച്ച് എഴുതാന്‍ സാധ്യതയുള്ള 'ഗൃഹാതുരത്വ'മുണണര്‍ത്തുന്ന ഒരു കുറിപ്പ് ഒരു പക്ഷെ 
ഇങ്ങനെയാവും :)
മുമ്പ് ഫേസ് ബുക്ക്‌ എന്ന പേരില്‍ ഒരു സോഷ്യല്‍ നെറ്റ് സംവിധാനം ഉണ്ടായിരുന്നു .
ഓര്‍മ്മയില്‍ പോലും മധുരം നിറക്കുന്ന ' ആ ബുക്കില്‍ ' കളഞ്ഞ സമയത്തിനും ചെലവഴിച്ച
ഒഴിവു വേളകള്‍ക്കും കണക്കില്ല . അന്ന് അത് ഒരു ഹരം മാത്രമല്ല ; ജ്വരം തന്നെ ആയിരുന്നു .

എന്നാലും ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എത്ര രസകരമായിരുന്നു ആ കാലം എന്ന് തോന്നിപ്പോകും :)

നേരം വെളുത്തു എണീറ്റ്‌ ഓടുന്നത് തന്നെ ബുക്കിലെക്കായിരിക്കും .
'പാത്രീ'ഭൂതനാകുന്നതിനും 'ബ്രഷീ'കരിക്കുന്നതിനും 'കാപ്പി വത്ക്കരണം' നടത്തുന്നതിനും മുമ്പേ വെറും വയറ്റില്‍ ബുക്ക് ഓപ്പണീകരിക്കും. തുറന്ന പാടെ ആദ്യം കണ്ണ് പോകുക കമ്പ്യൂട്ടറിന്റെ ഇടതു വശത്തെ ചെമന്നു കാണുന്ന നമ്പറിലേക്കാണ് :)

അവിടെ രണ്ടോ മൂന്നോ അക്കങ്ങള്‍ ഒന്നിച്ചു കണ്ടാല്‍ അന്നത്തെ ദിവസം ധന്യമായി ..
അതിനും അപ്പുറത്ത് ഉണ്ടാകും മറ്റൊരു ചുവപ്പന്‍ അക്കക്കോളം .
ആരാണിപ്പോള്‍ സ്വകാര്യം പറയാന്‍ വന്നത് എന്ന ഒരു കിന്നരിപ്പുഴ അപ്പോള്‍ മനസ്സില്‍ ഓളം വെട്ടും .

അന്ന് ഇന്നത്തെ പോലെ ചുണ്ടനക്കുമ്പോഴേക്കും അക്ഷരം തെളിയുന്ന പരിപാടിയൊന്നും ആയിട്ടില്ല :)
അക്ഷരങ്ങളെ കുത്തിക്കുത്തി വേണം അടിക്കാന്‍ . കീ ബോര്‍ഡ്‌ എന്ന പേരില്‍ ഒരു കുന്ത്രാണ്ടം ഉണ്ടാകും എല്ലാ കമ്പ്യൂട്ടറിനും . അതിന്മേല്‍ വിരലുകള്‍ കൊണ്ട് അടിയോടടി ..
എന്നാലും ആ എഴുത്തിനു എന്തൊരു ഹരമായിരുന്നു...! :)

ഫേസ് ബുക്ക് കഥകളെ ക്കുറിച്ച് പറയാന്‍ തുനിഞ്ഞാല്‍ കുറെയെറെയുണ്ട് .
ഒരിക്കല്‍ ഒരുത്തന്‍ ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്തു .ഒരു കുരങ്ങന്‍ പത്രം വായിക്കുന്നതാണ് രംഗം . ഞങ്ങളുടെ പത്രം കൂടുതല്‍ ആളുകളിലേക്ക് എന്ന 'തലയില്‍ എഴുത്തും' ഉണ്ട് കൂടെ ..
ഒന്ന് രണ്ടു നല്ല കമന്റുകള്ക്ക് ശേഷം പത്രത്തിന്റെ ഒരു ബദ്ധവൈരിയുടെ കമന്റ് വന്നു .
'മനുഷ്യര്‍ ഒഴിവാക്കുന്നത് ആണല്ലോ മൃഗങ്ങള്‍ ഉപയോഗിക്കാറ്‌' ഒരു മൊശകോടന്റെ ആറ്റിക്കുറുക്കിയ കമന്റ് ..
പിന്നെ അവിടെ നടന്നത് തൃശൂര്‍ പൂരം അല്ല 'കോലാഹലമ്പൂര്‍ ' പൂരം ആണ് .

ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും ചൂടായും ചൂടാക്കിയും തണുപ്പിച്ചും പരസ്പ്പരം പൊക്കി
പ്പറഞ്ഞും സൗഹൃദം നുണഞ്ഞും ദൂരെ എവിടെയോ ഇരിക്കുന്ന ഒരാള്‍ തന്റെ അടുത്ത് തന്നെ ഉണ്ട് എന്ന രീതിയില്‍ 'പെരുമാറിയും ...
അങ്ങനെയങ്ങനെ എന്ത് രസമായിരുന്നു . സമയം പോകുന്നതെ അറിയില്ല 

ഒരു പോസ്റ്റിട്ടാല്‍ പിന്നെ ഒരു സമാധാനവുമില്ല , ലൈക്‌ കിട്ടിയോ കമന്റ് വന്നോ എന്ന ആകാംക്ഷയാണ് പിന്നെ ! 
പ്രസവ റൂമിനു പുറത്തു കാത്തു നില്‍ക്കുന്ന ഭര്‍ത്താവിന്റെ മാനസികാവസ്ഥ :)
ഇടയ്ക്കിടെ എത്തിയും പാളിയും പോയി നോക്കല്‍ .. ഒന്നും പറയണ്ട !

ചിലര്‍ എപ്പോള്‍ നോക്കിയാലും ഉണ്ടാകും ഇതിന്റെ മുമ്പില്‍ . അങ്ങനെ ഇരുപത്തി നാല് മണിക്കൂറും തുറന്നു പ്രവര്ത്തിരക്കുന്ന ഒരു അത്യാഹിക്കാരനെ ഒരിക്കല്‍ ഒരാള്‍ കളിയാക്കി .
നീ ഇരുപത്തി നാല് മണിക്കൂറും ഇവിടെ തന്നെ ആണല്ലോ എന്ന് .. അവനുണ്ടോ വിടുന്നു . ഇരുപത്തി നാല് മണിക്കൂറും ഇവിടെ ആരൊക്കെയുണ്ട് എന്ന് നോക്കാന്‍ രാവും പകലും നീ ഇവിടെ ത്തന്നെയുണ്ടല്ലോ ..

അങ്ങിനെ എത്രയെത്ര മറക്കാനാവാത്ത രസകരമായ അനുഭവങ്ങള്‍ .. ഓർമ്മകൾ .
അതൊക്കെ ഇന്ന് നഷ്ട ബോധത്തോടെയല്ലാതെ ഓര്‍ക്കാന്‍  കഴിയില്ല :)
എന്തു പറയനാണ് ? നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലല്ലോ :)

ദുഷ്ടതേ നിന്റെ പേരോ ?
------------------------------------
അപകടം പിണഞ്ഞു ചോര വാര്‍ന്നു ബോധമില്ലാതെ കിടക്കുന്ന ഹതഭാഗ്യരെ രക്ഷപ്പെടുത്താന്‍ , അവനവനെ കൊണ്ട് കഴിയുന്നത് എന്തെങ്കിലും ചെയ്യുന്നതിന് പകരം തക്കം നോക്കി അവരുടെ പോക്കറ്റില്‍ കയ്യിട്ടു വാരി കിട്ടിയതൊക്കെ മോഷ്ടിക്കുന്ന ദുഷ്ടന്മാരെ
ഞങ്ങള്‍ കണ്ടിട്ടുണ്ട് . അത്തരം കഥകള്‍ കേട്ടിട്ടുണ്ട് .
ആ ഒരു വൃത്തികെട്ട നിലവാരത്തിലേക്ക് എയര്‍ ഇന്ത്യേ നീ പോകരുതായിരുന്നു .

പെരുന്നാള്‍ പോലുള്ള ആഘോഷ വേളകള്‍
കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആറ്റു നോറ്റ് ഞങ്ങള്‍ , എങ്ങനെയെങ്കിലും കാശുണ്ടാക്കി പോകാന്‍ നോക്കും . അത്തരം സന്ദര്‍ഭങ്ങളില്‍
അവസരം മുതലെടുത്ത് നീ ഞങ്ങളുടെ പോക്കറ്റടിക്കും . അത് ഞങ്ങള്‍ സഹിക്കും .

അവധിക്കാലങ്ങളില്‍ സ്കൂളുകള്‍ അടക്കുമ്പോള്‍ , നാട്ടിലുള്ള ഞങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ഒരു നോക്ക് കാണാന്‍ ഞങ്ങള്‍പോകുമ്പോഴും ആര്‍ത്തി പൂണ്ട നിന്റെ കൈകള്‍ വീണ്ടും ഞങ്ങളുടെ പോക്കറ്റിലേക്ക് നീണ്ടു വരും . അതും ഞങ്ങള്‍ സഹിക്കും.

പക്ഷെ , നില്‍ക്കക്കള്ളിയില്ലാതെ , ഗതികേട് കൊണ്ട് ,
തകര്‍ന്ന മനസ്സും ശൂന്യമായ കീശയുമായി ഇനിയെന്ത് എന്ന് ഒരു നിശ്ചയവുമില്ലാതെ ഞങ്ങള്‍ നാട്ടിലേക്ക് 'നിതാഖാത്തി'നെ ഭയന്ന് ജീവനും കൊണ്ട് ഓടുമ്പോള്‍ , ഈ ഒരു പ്രതിസന്ധി ഘട്ടത്തിലെന്കിലും നിന്നില്‍ നിന്ന് ഞങ്ങള്‍ അല്പം കാരുണ്യം പ്രതീക്ഷിച്ചു . പക്ഷെ നീ നിന്റെ തനിനിറം തന്നെ കാണിച്ചു .

എയര്‍ ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ എന്തൊക്കെപ്പറഞ്ഞാലും , നീ എത്രയൊക്കെ ദ്രോഹിച്ചാലും എവിടെയോ ഒരു നേരിയ ഇഷ്ടം നിന്നോട് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു .. പക്ഷെ ....................!!!
ദുഷ്ടതേ , നിന്റെ പേരോ എയര്‍ ഇന്ത്യ ?... !!!!

പ്രാര്‍ത്ഥന 
-------------
നിതാഖാത്ത്
നേരിടാന്‍
നാഥാ
നീ താ
താഖത്ത് !!

*എഫ് ബി യില്‍ പല സമയങ്ങളില്‍ എഴുതിയ ചില തത്സമയ സ്റ്റാറ്റസുകള്‍ 




2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

എഴുത്തും വായനയും സാന്റ് വിച്ച് പരുവത്തില്‍ ?!!!




വായനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് എപ്പോഴും ഒരേ താളം ആണ് എവിടെയും കാണുന്നത് . 
അത് ബഷീറില്‍ തുടങ്ങി എം ടി യിലൂടെ പോയി മാധവിക്കുട്ടിയില്‍ അവസാനിക്കുന്നു . 
വിജയനോ , പുനത്തിലോ , മുകുന്ദനോ , സക്കറിയയോ , എന്‍ . എസ് . മാധവനോ ഒന്നും ചര്‍ച്ചയില്‍ പോലും വരുന്നില്ല . എന്നിട്ടല്ലേ പുതിയ എഴുത്തും എഴുത്തുകാരും.

ബഷീറും എം ടിയും ഒക്കെ വായിക്കപ്പെട്ട പോലെ ഇനി മറ്റാരെങ്കിലും വായിക്കപ്പെടും എന്ന് തോന്നുന്നില്ല . പഴയ കാലത്തെ ചില വായനാ ഓര്‍മ്മകള്‍ മാത്രമാണ് നമുക്കുള്ളത് . 
അത് കൊണ്ടാണ് ഇത്തരം ചര്‍ച്ചകളില്‍ പുതിയ എഴുത്തുകാര്‍ തീരെ കടന്നു വരാത്തത് .

പുതിയ ജനറേഷന്‍ ഫാസ്റ്റ്‌ ഫുഡ്‌ സംസ്ക്കാരത്തെയാണ് വായനയിലും ഇഷ്ടപ്പെടുന്നത് .
എഫ് . ബി വന്നതോടെ വലിയ ഒരു സൃഷ്ടിയും നമുക്ക് കണ്ടുകൂടാതായി . 
കാമ്പ് മാത്രം മതി . പറയാനുള്ളത് നേരെ ചൊവ്വെ സംഗ്രഹിച്ചു എത്ര ചുരുക്കിക്കുറുക്കി പറഞ്ഞോ അത്രയും നന്ന് .

പക്ഷെ ഈ ചെറുതിനെ മാത്രം 'കാംക്ഷിക്കുന്ന ' സമീപനം വലിയ ചില സാധ്യതകളെ സംഹരിക്കുന്നുണ്ട് .
വലിയ ക്യാന്‍വാസില്‍ പറയുന്ന കഥകള്‍ , നോവലുകള്‍ വായനക്കാരന് രസം മാത്രമല്ല നല്‍കുക .
ഭാഷ , ശൈലി , സമര്‍ത്ഥന രീതി , വാക്യ ഘടന , ശില്പ ഭംഗി , ക്രാഫ്റ്റ് തുടങ്ങി ഒരെഴുത്തുകാരന്‍ മനസ്സിരുത്തേണ്ട നിരവധി നൈപുണികള്‍ നാമറിയാതെ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്ന എഴുത്തുകളാണ്, സത്യത്തില്‍ എഴുതിത്തുടങ്ങുന്നവരുടെ പ്രാഥമിക സ്കൂള്‍ . 
ആ സ്കൂള്‍ ഇപ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ് .

കൊറിക്കാന്‍ പറ്റുന്ന സൃഷ്ടികള്‍ക്ക് ആണ് ഇന്ന് ഡിമാന്റ് . അതില്‍ എത്ര മാത്രം 'രസം ' ഉണ്ട് അതിനനുസരിച്ച് ആണ് സ്വീകാര്യത . ആലോചിച്ചും മനനം നടത്തിയും ആശയ തലങ്ങളിലേക്ക് ഊളിയിട്ടും പോകുന്നത് മെനക്കെട് മാത്രമല്ല , ദഹനക്കേട് കൂടിയാണ് ഇന്ന് .

അത് കൊണ്ടൊക്കെത്തന്നെ ഇന്നത്തെ എഴുത്തിന് ഭാഷ ഒരു പ്രശ്നമാകുന്നില്ല , 
അക്ഷരത്തെറ്റുകള്‍ പോലും ശ്രദ്ധിക്കേണ്ട കാര്യമേയല്ല !!

എഴുതിയും തിരുത്തിയും വീണ്ടും എഴുതിയും മിനുക്കിയും കരുത്ത് നേടിയിരുന്ന മുന്‍ എഴുത്തുകാരും 'അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് അപ്പപ്പോള്‍ ചുട്ടെടുക്കുന്ന പുതിയ 'അമ്മായിമാരും ' തമ്മില്‍ താരതമ്യത്തിന് പോലും വക കാണുന്നില്ല .

പുതിയ രീതിയില്‍ എഴുത്തിന്പൂക്കാനോ , തളിര്‍ക്കാനോ കായ്ക്കാനോ , ഒന്നും നേരമില്ല .. !
ഒരു പൂത്തിരി പോലെ മെല്ലെ ഒന്ന് കത്തി പിന്നെ മിന്നി ഒടുവില്‍ എരിഞ്ഞടങ്ങുന്നു .

എഴുത്തിനെ ഇത്ര 'സില്ലി 'യായി കണ്ട ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു .
ഗഹനമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തിരിഞ്ഞു നോക്കാത്ത 'പുതിയ വായനാ സമൂഹം ' ആഴമില്ലാത്ത' ' എഴുത്തുകളില്‍ അഭിരമിക്കുന്നു . 
എഴുത്തുകാര്‍ ആവട്ടെ കിട്ടിയ ലൈക്കും കമന്റും കണക്ക് കൂട്ടിയും അതില്‍ ആഹ്ലാദം കൊണ്ടും ആത്മരതിയില്‍ സ്വയം മറക്കുകയും ചെയ്യുന്നു .

എഴുത്ത് ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് . മുമ്പ് ഒരു എഡിറ്റര്‍ എങ്കിലും ഉണ്ടായിരുന്നു വായനക്കാരനും എഴുത്തുകാരനും ഇടയില്‍ . 
ഇന്ന് എഡിറ്ററും പ്രൂഫ്‌ റീഡറും , പബ്ലിഷറും , പ്രിന്ററും പ്രസാധകരും പരസ്യക്കാരും വില്‍പ്പനക്കാരും ഒക്കെ ഒരാള്‍ തന്നെ .

ഈ അവസ്ഥയില്‍ മാര്‍ക്കറ്റ് നോക്കി എഴുതാന്‍ എഴുത്തുകാരനും നിര്‍ബന്ധിതനാകുന്നു .
സൂകര പ്രസവം പോലെ എഴുത്ത് നടക്കുന്നു . 
അത് കൊണ്ട് തന്നെ ഇന്നത്തെ മിക്ക എഴുത്തും വായനയും 'നീറ്റിലെ പോളകള്‍ ' മാത്രമായി അവശേഷിക്കുന്നു .

മനസ്സിന്റെ ഭക്ഷണം ആണ് വായന . 
അത് വെറും ഫാസ്റ്റ്‌ ഫുഡ്‌ മാത്രമായി പോയാല്‍ അത് ആരോഗ്യത്തിനു ഗുണകരമാവില്ല , വലിയ വായന വിഭവ സമൃദ്ധമായ സദ്യ യാണ് . സമീകൃതാഹാരം ..
അവിടേക്ക് ഒരു തിരിച്ചു പോക്ക് നമുക്ക് സാധിക്കില്ല ; 
എങ്കിലും ഒരു തിരിച്ചറിവ് സാധിക്കുമല്ലോ ..


2013, ഏപ്രിൽ 14, ഞായറാഴ്‌ച

കണി ഒരു കെണി !!!




വിഷുവല്ലേ
ഒരു നല്ല കണി കാണണേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ആണ് ഓഫീസിലേക്ക് ഇറങ്ങിയത് .

ഫ്ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്ന് ഒരു വിധം കണ്ണ് ചിമ്മിയാണ് മെല്ലെ മെല്ലെ താഴെ എത്തിയത് .
കണിയില്‍ വിശ്വാസം ഒന്നും ഇല്ല . കെണിയില്‍ നല്ല വിശ്വാസം ഉണ്ട് താനും .

എന്നാലും ഒരു അന്ധവിശ്വാസം . 
അന്ധമായാലും ഊമയായാലും വിശ്വാസം അല്ലെ എല്ലാം !! 

കൊന്ന കാണാന്‍ വഴിയില്ല , എന്നാലും മനസ്സിന് കുളിര്‍മ്മ പകരാന്‍ പറ്റിയ എന്തെങ്കിലും കാണണെ എന്നായിരുന്നു പ്രാര്‍ത്ഥന.

ഫ്ലാറ്റിന്റെ ഗേറ്റ് തുറന്നാല്‍ മെയിന്‍ റോഡ്‌ ആയി ..
വല്ല നല്ല കാറും കണ്ടാലും മതിയല്ലോ ?
സമ്പന്നതയുടെ പ്രതീകം അല്ലെ കാറ് ?
ഏതെന്കിലും ലക്ഷ്വറി കാര്‍ കണി കാണണേ എന്ന് പ്രാര്‍ഥിച്ചു.

ഗേറ്റ് തുറന്നു .
നേരം വെളുത്തു വരുന്നേയുള്ളൂ .
വെയില്‍ നാളങ്ങള്‍ മെല്ലെ മെല്ലെ ഉറക്കില്‍ നിന്നും എഴുന്നേറ്റു 
വന്നു കണ്ണ് തിരുമ്മി കോട്ടുവാ ഇട്ടു അവിടെയും ഇവിടെയും 
കൂനിക്കൂടി ഇരിക്കുന്നു ..

റോഡിലൂടെ കൂടുതല്‍ വാഹങ്ങള്‍ ഒന്നും പായാന്‍ തുടങ്ങിയിട്ടില്ല ... !!!
കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു കാറിന്റെ ഒച്ച കേള്‍ക്കുമ്പോള്‍ 
കണ്ണ് തുറക്കാം എന്ന് വിചാരിച്ചു കണ്ണ് മുറുകെച്ചിമ്മി 
കടിച്ചു പിടിച്ചു നിന്നു ..!!

അപ്പോഴാണ്‌ അതി ദയനീയമായ ഒരു കരച്ചില്‍ കേള്‍ക്കുന്നത് .. !
ഞാന്‍ കാതു കൂര്‍പ്പിച്ചു .. കണ്ണ് തുറക്കണോ എന്ന് സംശയിച്ചു ..
കരച്ചില്‍ കേള്‍ക്കുന്നതെ ദു:ശകുനം ആണ് . അതും പുലര്‍ക്കാലത്ത് .
അപ്പോള്‍ കണി കാണുന്നത് അതിലേറെ ദു:ശകുനം അല്ലെ ?
ഞാന്‍ അപ്പോള്‍ 'ത്രി ശങ്കു'വും കടന്നു 'ഫോര്‍ ' ശങ്കുവിലായി !

ആറ്റു നോറ്റ് ഭംഗിയുള്ള ഒരു കണി കാണാന്‍ മോഹിച്ചിട്ട് ഒരു കരച്ചില്‍ ആണല്ലോ പടച്ചോനെ ഇന്നത്തെ കണി എന്ന് ഞാന്‍ വേദനയോടെ ഓര്‍ത്തു .

ഒന്നുകില്‍ കരച്ചില്‍ കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതെ പോകണം .
അല്ലെങ്കില്‍ ഈ കണി തന്നെ കാണണം ..
ഇനി ഒരു കണി കാണാന്‍ ഒരു വര്‍ഷം കാത്തിരിക്കണം .. !
എന്ത് ചെയ്യണമെന്നറിയാതെ മുറുകെ ചിമ്മിയ കണ്ണുകള്‍ തുറക്കാതെ ഞാന്‍ അന്തിച്ചു നിന്നു !

നിലവിളിയിലേക്ക് തിരിഞ്ഞു നോക്കാതെ പോകുന്ന നീ മനുഷ്യനാണോ ?
എന്ന് ഉള്ളില്‍ നിന്നു മന:സാക്ഷി എന്നോട് ചോദിച്ചു കൊണ്ടിരുന്നു .

ഒടുവില്‍ ആ ചോദ്യം എന്നെ വല്ലാതെ തളര്‍ത്തി ..
മറ്റൊന്നും ആലോചിച്ചില്ല .
വരുന്നത് വരട്ടെ .. എന്ന് കരുതി കണ്ണ് തുറന്നു ... !

നോക്കുമ്പോള്‍ ഒരു പാവം മരണ വെപ്രാളത്തില്‍ കിടന്നു പിടയുകയാണ് ..

ജീവന്‍ കിട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് ..
കടിക്കുന്നുണ്ട് , അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട് .. കിതക്കുന്നുണ്ട് ..
തേങ്ങുന്നുണ്ട് ..

ഞാന്‍ നാല് പാടും നോക്കി .. ആരെയും കാണുന്നില്ല ..
എല്ലാവരും ഉണര്‍ന്നു വരുന്നേയുള്ളൂ ...

ഒടുവില്‍ ഞാന്‍ അടുത്തേക്ക് ചെന്നു .
അതെന്നെ ദയനീയമായി നോക്കി ..
അതിന്റെ ഭാഷയില്‍ എന്തോ പറയുന്നു..
എന്നെ രക്ഷിക്കണേ എന്നാവും ..
പാവം..!
ഞാന്‍ വല്ലാതെ വിഷമിച്ചു .. 
പടച്ചവനെ ഇന്നത്തെ കണി ഇങ്ങനെ ഒരു 'കെണി ' ആയല്ലോ ..

അത് ഒരു എലിക്കെണി ആയിരുന്നു .....!!!!
അതില്‍ പാവം ഒരു എലി കിടന്നു ജീവന് വേണ്ടി പിടയുന്നു ....

വെയില്‍ ഉദിച്ചു വരുന്നതോടെ സൂര്യ രശ്മികള്‍ ആ പാവത്തെ നിര്‍ദാക്ഷിണ്യം കൊല്ലും ..
കൊന്ന കാണാന്‍ മോഹിച്ച ഞാന്‍ 'കൊന്നത് ' കാണേണ്ടി വരുമല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടു .

ഒടുവില്‍ ഒരു കാര്യം തീരുമാനിച്ചു ..
നാല് പാടും നോക്കി കെണി വെച്ച ആളും സാക്ഷികളും ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തി ..
മെല്ലെ കെണിയുടെ മുഖം തുറന്നു .

കൂട് തുറന്നതും , ഓട്ടത്തിന്റെ ഊക്ക് പോലെയിരിക്കും ആയുസ്സിന്റെ നീട്ടം എന്ന് മനസ്സിലാക്കി ആ പാവം ഒരു ഓട്ടം ഓടി ..!

മരണത്തില്‍ നിന്നു രക്ഷപ്പെടുമ്പോള്‍ അത് കേവലം ഒരു ജീവി ആണെങ്കിലും അതിന്റെ സന്തോഷം എത്രയാണ് !!

2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

അവനവന് അറിയാത്ത കാര്യങ്ങൾ വിശദീകരിക്കാൻ നില്ക്കരുത് ..!!




മലയാള  ഭാഷയുമായോ സാഹിത്യവുമായോ ഒരു ബന്ധവുമില്ലാത്ത ഒരാള്‍ ഒരു 'സാഹിത്യാഭിരുചി ' പരീക്ഷയ്ക്ക് എഴുതാവുന്ന ഉത്തരങ്ങള്‍ :)

ചോദ്യം : 
കുമാരനാശാന്‍ വീണ പൂവ് എഴുതാനുണ്ടായ സാഹചര്യം
എന്തായിരുന്നു ?

ഉത്തരം : 
അദ്ദേഹത്തിന്‍റെ മകള്‍ വീണ ഒരു പൂവുമായി വരുന്ന വഴിക്ക് അവളൊന്നു വീണു .
ആ കുട്ടിയെ പിടിച്ചെഴുന്നേല്പ്പിച്ചു വീട്ടിലേക്ക് പോകുമ്പോഴാണ് 'വീണ പൂവ് ' എന്ന ആശയം അദ്ദേഹത്തിനു വീണു കിട്ടുന്നത് .

ചോദ്യം :
ബഷീറിന്റെ 'പാത്തുമ്മയുടെ ആട് ' ന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് ?

ഉത്തരം :
അത് എന്തും തിന്നും. ഏതു വേലിയും പൊളിച്ച് കണ്ടിടത്തൊക്കെ കയറി കാഷ്ടിക്കും . ഒടുവില്‍ തിന്നു തിന്നു മൂപ്പരുടെ പുതപ്പടക്കം തിന്നു . അവസാനം അദ്ദേഹം എഴുതിയ കുറിപ്പും ശാപ്പിട്ടു . 'സാഹിത്യം തിന്ന ആട് ' എന്ന പേരില് ആ ആട് ഇന്നും അറിയപ്പെടുന്നു .

ചോദ്യം :
രമണന്‍ ആരായിരുന്നു ?

ഉത്തരം :
എ പ്പോഴും രമയുടെ മണം പിടിച്ചു നടക്കുന്ന ഭര്‍ത്താവ് . അല്ലാതാര് ?

ചോദ്യം :
എം . മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ' അദ്ദേഹത്തിന്‍റെ മാസ്റ്റര്‍ പീസ്‌ ' ആണെന്ന് പറയാന്‍കാരണം എന്താണ് ?

ഉത്തരം :
ആ നോവലില്‍ , തന്നെ ചെറുപ്പ കാലത്ത് പഠിപ്പിച്ച ഒരു മാസ്റ്ററെ ക്കുറിച്ച് ചില കാര്യങ്ങള്‍ അവിടെയും ഇവിടെയും പീസ്‌ പീസായി പറയുന്നുണ്ട്അദ്ദേഹം, അത് കൊണ്ട് തന്നെ .

ചോദ്യം :
പുനത്തിലിന്റെ കന്യാവനങ്ങള്‍ ഏതു പശ്ചാത്തലത്തില്‍ എഴുതിയ കൃതിയാണ് ?

ഉത്തരം :
ഒരു കന്യക വനത്തില്‍ പെട്ട് പോകുന്നതും അവളെ ചിലര്‍ അതി സാഹസികമായി രക്ഷിക്കുന്നതും പാശ്ചാ ത്തലമാക്കി എഴുതിയ നോവല്‍ ആണിത് .

ചോദ്യം :
ബഷീറിന്റെ മതിലുകളെ കുറിച്ച് നാലോ അഞ്ചോ വാചകങ്ങള്‍എഴുതുക

ഉത്തരം :
ബഷീറിന്റെ മതിലുകള്‍ അക്കാലത്ത് നിര്‍മ്മിച്ച ഏറ്റവും മനോഹരമായ മതിലുകളില്‍ ഒന്നാ യിരുന്നു . പ്രത്യേക തരം കല്ലുക ളാ ണ് അവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നത് . വളരെ വിദൂര ദേശങ്ങളില്‍നിന്ന് പോലും അത് കാണാന്‍ ആളുകള്‍ എത്തിയിരുന്നു . ബഷീറിന്റെ വീടിനു ചുറ്റും ആണ് ഇത് നിര്‍ മ്മിച്ചത് .

ചോദ്യം :
എന്താണ് സന്ധി ? എന്താണ് സമാസം ?

ഉത്തരം :
കുടുംബ പ്രശ് നങ്ങള്‍ ഉണ്ടാകുന്നത് ആരിലും വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കും . അവ കൂടിയാലോചനയിലൂടെ വേണം പരിഹരിക്കാന്‍. ഇങ്ങനെ പ്രശ്ന പരിഹാരത്തിനായി മധ്യസ്ഥ രെ സമീപിക്കാം . പക്ഷെ മധ്യസ്ഥന്‍ ഒരു പക്ഷത്തേക്കും ചായാന്‍ പാടില്ല . നീതി സമാസമം നടപ്പാക്കണം .
ഇങ്ങനെ ചെയ്യുന്ന പരസ്പര സഹായ സഹകരണ പരിപാടിക്ക് സന്ധി എന്നും ഇങ്ങനെ സമ നിലയിൽ പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് സമാസം എന്നും പറയുന്നു .

ചോദ്യം :
പറ്റുവിന മുറ്റു വിന ഇവ തമ്മിലുള്ള വ്യത്യാസം എന്താണ് ?

ഉത്തരം :
നമുക്ക് സ്വന്തം പറ്റുന്ന വിനകള്‍ക്ക് പറ്റു വിന എന്നും മറ്റുള്ളവര്‍ക്ക് പറ്റുന്നവയ്ക്ക് മുറ്റു വിന എന്നും പറയും .

ലേബല്‍ : നര്‍ മ്മം

2013, ഏപ്രിൽ 6, ശനിയാഴ്‌ച

ബയാളും പുത്യാപ്ലക്കോരയും പിന്നെ നിതാഖാത്തും





ബലദിനടുത്തുള്ള മീന്‍ മാര്‍ക്കറ്റിലേക്ക് ആദ്യമായാണ്‌ പോകുന്നത് . പ്രവാസി എന്ന പേര് കിട്ടിയിട്ട് പത്തുവര്‍ഷമായെങ്കിലും ആ വഴിക്കൊന്നും വഴി തെറ്റി പോലും പോകേണ്ട ആവശ്യം വന്നിട്ടില്ലായിരുന്നു . 
ബാച്ച്ലേഴ്സ് റൂമില്‍ ആയത് കൊണ്ട് കിട്ടിയതു തിന്നും കിട്ടാത്തത് 'പുളിക്കും ' എന്ന് കരുതി സമാധാനിച്ചും എട്ടൊമ്പത് കൊല്ലം കഴിഞ്ഞു . 

മേശമേല്‍ നിരത്തി വെച്ച 'വിഹിത പാത്ര'ത്തില്‍ ഏറ്റവും 'വലിയ മീന്‍ ' തെരഞ്ഞെടുത്തും 'തോനെ കണ്ടം' ഉള്ള ഇറച്ചിപ്പാത്രം സെലക്റ്റ്‌ ചെയ്തും തിന്നു 'സുഖിച്ചു ' നടന്ന കാലത്ത് 'വിനോദയാത്രയില്‍ ' മീരാജാസ്മിന്‍ ദിലീപിനോട് ചോദിച്ച പോലെ തക്കാളിക്ക് എന്താ വില ? അരിക്ക് കിലോക്ക് എത്ര ? കറന്റ് ബില്‍ ഒരു മാസം എത്ര വരും ? മത്തിക്ക് കിലോ എത്ര റിയാല്‍ കൊടുക്കണം ? ഒരു കുറ്റി ഗ്യാസിന് എന്ത് കൊടുക്കണം ? എന്നൊന്നും അറിയില്ലായിരുന്നു :)

ഇപ്പോള്‍ എല്ലാം കിറുകൃത്യമായി അറിയാം .. :)

സനൂസിയില്‍ ആണോ ലാഭം ബദര്‍ സ്റ്റോര്‍ ആണോ നല്ലത് എന്നൊക്കെ ഇന്ന് കാണാപ്പാഠം ആണ് .
മുമ്പ് എന്ത് സനൂസി , എന്ത് ഇന്തോനേശീ .. :)
പറഞ്ഞു വന്നത് മീന്‍ മാര്‍ക്കറ്റിനെ കുറിച്ചാണ് . ഓഫീസില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ അമീനും സലിം അസ്ലമും (ഒരാള്‍ സുഡാനി രണ്ടാമന്‍ പച്ച എന്ന പാക്കിസ്ഥാനി ) പോകുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ ഞാനും ഒപ്പം കൂടി ..

മീന്‍ മാര്‍ക്കറ്റ്‌ , മൂക്കിനു ഇത്തിരി 'ദുര്‍ഗന്ധ മണ വാസന ' ആണെങ്കിലും കണ്ണിനു നല്ല 'സുഖസുന്ദര മധുര മനോഹര' കാഴ്ചയാണ് ..
കയ്യും കാലും മീശയും താടിയും വാലും വാലിന്മേല്‍ വാലും ഒക്കെയുള്ള മീന്‍ രാജാക്കന്മാരെ കാണാനേ ഒരു രസമാണ് . കുറെ കണ്ടു പരിചയമുള്ള കഥാപാത്രങ്ങള്‍ , കുറെ അപരിചിതരും കണ്ടാല്‍ ഇരിക്കുന്നിടത്തു എഴുന്നേറ്റു നിന്ന് സലാം കൊടുക്കേണ്ടവയും .. 

കൂട്ടത്തില്‍ പലവിധ രാഷ്ട്രീയക്കാരും ഉണ്ട് .. പച്ചകളും ചോപ്പന്മാരും വെളുപ്പന്മാരും കറുപ്പന്മാരും. ഒന്നിലും പെടാത്ത അരാഷ്ട്രീയക്കാരും ഉണ്ട് യഥേഷ്ടം !!

ഞങ്ങള്‍ മൂന്നു പേരും മൂന്ന് രാജ്യക്കാരായത് കൊണ്ട് ഒരേ മീനിനെ തന്നെ ഞങ്ങള്‍ പല പേരിട്ടു വിളിച്ചു :)
നമ്മുടെ പുത്യാപ്ലക്കോരക്ക് അറബിയില്‍ അമീന്‍ പറയുന്ന പേരല്ല സലിം പറയുന്നത് , കൂന്തളിനും ചെമ്മീനിനും ഒക്കെ പുതു പുത്തന്‍ പേരുകള്‍ ; ജമണ്ടന്‍ പേരുകള്‍ . 

എനിക്ക് ആകെ അറിയാവുന്ന 'അറബി മീന്‍ ' 'ബയാള് ' ആണ് ..
'പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു ' എന്ന് പറഞ്ഞ പോലെ 
പേരറിയാത്ത മത്സ്യങ്ങളെ ഞാന്‍ ബയാള് എന്നു വിളിച്ചു :) '

ഏതായാലും പോയത് മൊതലായി .. ഷറഫിയ്യയില്‍ ഇരുപത്തഞ്ചും ഇരുപത്തി രണ്ടും ഒക്കെ കൊടുക്കേണ്ട ഫ്രഷ്‌ ബയാളിനു പതിനഞ്ചു റിയാല്‍ !

മൂന്നു പേരും അവരവരുടെ ടേസ്റ്റ് അനുസരിച്ച് മീന്‍ സെലക്റ്റ്‌ ചെയ്തു !

ക്ലീന്‍ ചെയ്യാന്‍ നോക്കുമ്പോള്‍ മറ്റൊരു സ്ഥലത്തേക്ക് പോകണം ..
ഞാന്‍ ആദ്യമായാണ് പോകുന്നത് . അത് കൊണ്ട് കാണുന്നതൊക്കെ കൌതുകം ആണ് ..
കമ്പൂട്ടറൈസ്‌ഡ് ബില്ലിംഗ് ആണ് ക്ലീനിംഗ് സ്ഥലത്ത് :) 
'തുലാഭാരത്തിനു' അനുസരിച്ച് സംഖ്യ അടക്കണം.
അവിടെയും കണ്ടത് നമ്മുടെ മലയാളി ചൊങ്കന്മാരെ !

മീന്‍ വൃത്തിയാക്കുന്ന 'നിയോജക മണ്ഡല 'ത്തിലേക്ക് ചെന്നപ്പോള്‍ അവിടെ 'വോട്ടു ചയ്യാന്‍ ' ക്യൂ പാലിക്കണം ..

നിര നിരയായി മീനുകളെ 'പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന' ടേബിളുകളും ആയുധങ്ങളും മിസൈലുകളും അതുപയോഗിക്കുന്ന ആളുകളുടെ കൈക്കടുപ്പവും ഒക്കെ ഒന്ന് കാണേണ്ട കാഴ്ച തന്നെ !!

മീന്‍ വാങ്ങാന്‍ വന്ന സ്വദേശികള്‍ , തോപ്പ് മടക്കിക്കുത്തി , കാല്‍സറായി പകുതി മുക്കാലും പുറത്തു കാട്ടി , മീന്‍ വെള്ളം സ്പ്രേ ചെയ്യുന്നതില്‍ നിന്ന് പരമാവധി അകലം പാലിച്ചു 'പാവം പാവം നിത്താഖാത്തുകളുടെ ' കരുണക്കായി പഞ്ച പുച്ചമടക്കി കാത്തു നില്‍ക്കുന്നു ..!!

എനിക്ക് അപ്പോള്‍ ചിരിയാണ് വന്നത് .

ഈ 'നിതാഖാതുകളെ ' ഇവിടെ നിന്ന് 'യാ അല്ലാഹ് റൂ ബര്‍ റ ' എന്ന് പറഞ്ഞു ആട്ടി വിട്ടാല്‍ ഇവിടുത്തെ 'കഥ' എന്താവും എന്ന് ഒരു നിമിഷം ആലോചിച്ചു പോയി .. !!!
അവസാനത്തെ നിതാഖാത്തു വണ്ടിയും പുറപ്പെട്ടു പോയാല്‍ ഈ മീന്‍ മാര്‍ക്കറ്റിലെ രംഗം എങ്ങനെ ആയിരിക്കും ?

നമ്മുടെ നാട്ടിലും ചില പണിയൊന്നും എത്ര പൈസ തരാം എന്ന് പറഞ്ഞാലും നമ്മള്‍ എടുക്കൂല .. അതെ പോലെ ഇവിടെയും ഉണ്ടല്ലോ ചില പണികളൊക്കെ .. !!!
എ സി ഇല്ലാത്തിടത്തും ചില 'മര്‍ റ തഫ്ശാന്‍ ശുഗ്ല്‍ ' ഉണ്ടല്ലോ .. :) 

ചുരുക്കത്തില്‍ നിതാകാത്ത് വിദേശികളുടെ മാത്രമല്ല , സ്വദേശികളുടെയും പേടിസ്വപ്നം തന്നെയാണ് .. !!!

അവര്‍ ഒരു പക്ഷെ 'അത്രക്കൂറ്റും അങ്ങ്ട്ട് ആലോയിച്ചിട്ടുണ്ടാകൂല ' .. ല്ലേ ... ? :)

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

എടുക്കാച്ചരക്കുകൾ








ഇന്ന് ജവാസാത്തില്‍ പോയപ്പോള്‍ ആണ് ആ പഴയ ഉപകരണം വളരെ കാലങ്ങള്‍ക്കു ശേഷം വീണ്ടും കാണുന്നത് .

മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നതും ഇന്ന് നമ്മുടെ ചിന്തയില്‍ പോലും കടന്നു വരാത്തതുമായ ചില ഉപകരണങ്ങള്‍ വീണ്ടും കാണുമ്പോള്‍ നമുക്കുണ്ടാകുന്നത് വല്ലാത്ത ഒരു കൌതുകമായിരിക്കും .

ഒരു കാലത്ത് ഓഫീസുകളില്‍ ഒക്കെ ഒഴിച്ച് കൂടാനാവാത്ത ഒരു വസ്തുവായിരുന്നു ടൈപ്പ് റൈറ്റര്‍ . ഇന്നത്തെ കമ്പ്യൂട്ടറിന്റെ സ്ഥാനം വഹിച്ചിരുന്ന ഉപകരണം .

പഴയ കാലത്ത് ടൈപ്പ് റൈറ്റിംഗ് സെന്ററുകള്‍ നമ്മുടെ നാട്ടിലൊക്കെ വ്യാപകമായിരുന്നു . ഫീസ്‌ കൊടുത്ത് അത് പഠിക്കാന്‍ പോയതും ഒരാഴ്ച വലിയ ആവേശത്തോടെ പോയി , പിന്നെപ്പിന്നെ മടി പിടിച്ചു പഠനം അവസാനിപ്പിച്ചതും വെറുതെ ഓര്‍മ്മയില്‍ എത്തി .

ജവാസാത്തുമായി ബന്ധപ്പെട്ട ഫോമുകള്‍ സ്വയം ഫില്‍ അപ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ആണ് പുറത്ത് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് .

ഏതെന്കിലും ഓഫീസുകളില്‍ പണ്ട് കാലത്ത് ഉപയോഗിച്ചവയായിരിക്കും .
കണ്ടാല്‍ തന്നെ അറിയാം കാലപ്പഴക്കം . 
വലതു കയ്യിലെ നാലു വിരലുകളും 
നഷ്ടപ്പെട്ട ഒരാളുടെ അടുത്തേക്കാണ്

ഞാന്‍ എങ്ങനെയോ എത്തിപ്പെട്ടത് .. 
അയാളുടെ ചൂണ്ടു വിരല്‍ മാത്രം ഒരു കുഴപ്പവുമില്ലാതെ 
പ്രവര്‍ത്തിക്കുന്നുണ്ട് ..

ആ ചൂണ്ടു വിരല്‍ ആണ് അയാളുടെ ജീവിതം കുരുപ്പിടിപ്പിക്കുന്നത് ..

എന്നിട്ടും എല്ലാ വിരലുകളും ഉള്ളവരേക്കാള്‍ വേഗത്തില്‍ ആണ് അയാളുടെ ജോലി നടക്കുന്നത് ! അതിശയിപ്പിക്കുന്ന വേഗത്തില്‍ ..


നിരനിരയായി വലിയ കുടകള്‍ കൊണ്ട് നിര്‍മ്മിച്ച താത്ക്കാലിക കൌണ്ടറുകളില്‍ നോക്കുമ്പോള്‍ എല്ലായിടത്തും ' ഈ പഴയ ഓഫീസര്‍ ' ആണ് പ്രവര്‍ത്തിക്കുന്നത് ..
പേന കൊണ്ട് എഴുതിയ ഫോമുകള്‍ സ്വീകരിക്കപ്പെടാത്തത് കൊണ്ട് , 

മുമ്പ് ഫോം പൂരിപ്പിച്ചു ഉപജീവനം നടത്തിയിരുന്നവര്‍ കണ്ടെത്തിയ

ഏറ്റവും ലളിതമായ മാര്‍ഗം !!!
മിനിറ്റുകള്‍ വേണ്ടി വന്നില്ല , ഫോം ഫില്‍ അപ്പ്‌ ചെയ്യാന്‍ .

പത്തു റിയാല്‍ ആണ് ചാര്‍ജ് . എനിക്ക് ആ മനുഷ്യനോട് വല്ലാത്ത മതിപ്പ് തോന്നി ..

വലതു കയ്യിന്റെ ചൂണ്ടു വിരല്‍ മാത്രം നിര്‍ത്തി
മറ്റു വിരലുകള്‍ ഒക്കെ ദൈവം എടുത്തിട്ടും , കിട്ടിയ ആ ചൂണ്ടു വിരല്‍ കൊണ്ട്

സ്വന്തം ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു അയാള്‍ .
വൈകല്യങ്ങള്‍ കാണിച്ചും അതിനെക്കുറിച്ച് സങ്കടം

പറഞ്ഞും യാചിച്ചു ജീവിക്കുന്ന എത്രയെത്ര ആളുകള്‍ ഉണ്ട്
നമ്മുടെ സമൂഹത്തില്‍ എന്ന് ഒരു നിമിഷം ഓര്‍ത്ത്‌ പോയി .

ഇന്ന് നാം വലിയ കണ്ടു പിടുത്തങ്ങള്‍ ആണെന്ന് ധരിക്കുകയും
അവ യില്ലെന്കില്‍ നമ്മുടെ ജീവിതം മുട്ടിപ്പോകും എന്നുമൊക്കെ തോന്നിപ്പിക്കുന്ന , കമ്പ്യൂട്ടറിനും മോബൈലിനും 
ഒക്കെ കാലം ഏറെ ചെല്ലുമ്പോള്‍ ഈ ഗതി വരുമായിരിക്കും .

തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ , എടുക്കാചരക്കുകളായി ,
ആര്‍ക്കും വേണ്ടാത്തവരായി .... 

നമ്മുടെയൊക്കെ ജീവിതം പോലെത്തന്നെ !!!








അണ്ണനും തങ്കച്ചിയും







ഇന്നും ഇന്നലെയും നമ്മുടെ ചൂടുള്ള വിഷയം ഗണേഷും തങ്കച്ചിയും ആയിരുന്നു .
ഇനി ഒന്ന് രണ്ടു ദിവസം നമ്മുടെ ഇഷ്ടപ്പെട്ട വിഷയവും അതാവും . അതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ചൂടുള്ളതാണ് എല്ലാവര്‍ക്കും വേണ്ടത് . നമുക്കായാലും ചാനലുകാര്‍ക്ക് ആയാലും . ചൂടുള്ളത്തിന്റെ 'ആസ്വാദന നിലവാരം' മറ്റൊന്നിനും കിട്ടില്ല , അത് എയിഡ്സ് ആയാലും എന്ടോ സൾഫാൻ ആയാലും ക്യാന്‍സര്‍ ആയാലും. വിഷയത്തില്‍ എത്ര കാമ്പുണ്ട് എന്നല്ല എത്രമാത്രം എരിവുണ്ട് എന്നതാണ് എല്ലാവരുടെയും നോട്ടം .

നമുക്ക് കൊള്ളാവുന്ന ഒരു മന്ത്രിയായിരുന്നു ഗണേഷ് , യാമിനിക്ക് കൊള്ളരുതായ്മകൾ ഏറെയുള്ള ഒരു ഭർത്താവും .

ഗണേഷ് മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് . വിവാദങ്ങളുടെ കാര്യങ്ങളില്‍ അടക്കം . അദ്ദേഹം പേരെടുത്ത ഒരു നടൻ ആണ് എന്നതാണ് ഒന്ന്. കേരളത്തിൽ മറ്റാർക്കും കഴിയാത്ത ഒരു ബഹുമതി എന്ന് വേണമെങ്കിൽ പറയാവുന്ന കാര്യം .

കാരണം നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ പോലും ഇറങ്ങി മാനം കെട്ട് തിരിച്ചു കേറേണ്ടി വന്ന മേഖല . പക്ഷെ ഗണേഷ് അവിടെയും തിളങ്ങി , സ്വഭാവ നടനായും വില്ലനായും ശത്രു സംഹാരി യായും പിന്നെ കാമുകനായും സ്റ്റണ്ട് വീരനായുമൊക്കെ .. !!

പൊതുവേ പൊതു പ്രവർത്തകരുടെ കുടുംബം ചിത്രത്തിൽ അധികം വരാറില്ല . പ്രത്യേകിച്ചും കേരളത്തിൽ . അപവാദങ്ങൾ ഉണ്ടെങ്കിലും . ആ ചരിത്രവും ഗണേഷ് തിരുത്തി . ഇന്നിപ്പോൾ കേരളത്തിന്റെ നിയമ നിർമ്മാണ സഭ പ്രക്ഷുബ്ദമായത് ഒരു മന്ത്രിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍  കാരണമാണ് . അത് ഒരു പക്ഷെ ഗണേഷിന്റെ കാര്യത്തില്‍  മാത്രം ഉള്ള പ്രത്യേകത ആവും .

കുടുംബ കലഹം പൊതു വിഷയമല്ല , പക്ഷെ പൊതു പ്രവര്‍ത്തകന്റെ വുക്തിജീവിതം പോലും പൊതു വിഷയാകുന്നു എന്ന നിലക്ക് ഇതും 'പൊതു' ആയി വരുന്നു .

പൊതു പ്രവർത്തകരുടെ കുടുംബം പോലും ശത്രു പക്ഷത്തു നില്ക്കുന്നു എന്നത് ഗണേഷിന്റെ മറ്റൊരു പ്രത്യേകത . അച്ഛന്‍ പിള്ളയുടെ നല്ല പിള്ള അല്ല പണ്ടേ ഗണേഷ് . അച്ഛനെ കണ്ടുകൂടാത്ത മകനാണ് ഗണേഷ് എന്നും . പല അഭിമുഖങ്ങളിലും തുറന്നു പറച്ചിലുകളിലും ഇത് വ്യംഗ്യമായും പരസ്യമായും ഗണേഷ് പറഞ്ഞിട്ടുണ്ട് .

പക്ഷെ ഗണേഷിനു വീട്ടിലെ മുഖമല്ല നാട്ടിൽ . നാട്ടിൽ സ്വഭാവ നടന്‍ ആണ് കക്ഷി . സാധാരണ നാട്ടില്‍ പുലികളായ പലരും വീട്ടില്‍ പൂച്ചകൾ ആയിരിക്കും . ഇവിടെ ഗണേഷ് നേരെ തിരിച്ചാണ് . സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തും സാംസ്ക്കാരിക രംഗത്തും മന്ത്രി എന്ന നിലയിലും ഒക്കെ തിളങ്ങുന്ന ഗണേഷിനു സഹപ്രവർത്തകരും സുഹൃത്തുക്കളും ഗുഡ് സര്‍ട്ടിഫിക്കറ്റ് ആണ് നല്കുന്നത് പൊതുവേ .

നടി ശ്രീവിദ്യയുടെ സഹോദരനായും സംരക്ഷകനായും സഹായിയായും വരെ പ്രത്യക്ഷപ്പെട്ട ഗണേഷ് നല്ല മതിപ്പാണ് ആ രംഗത്ത് ഉള്ളവരിലും സൃഷ്ടിച്ചത് . ചില ഒച്ചയില്ലാത്ത ശബ്ദങ്ങള്‍ ആ വിഷയത്തിലും കേട്ടിരുന്നു എങ്കിലും .

ഭാര്യ ഭർത്താവിനെ അടിക്കുന്നത് അത്ര വ്യാപകമല്ല , ഇനി അത് നടന്നാലും അതാരും പരസ്യമായി പറയില്ല , ഇവിടെ ആ പതിവും ഗണേഷ് തെറ്റിച്ചു .

സ്വന്തം വീട്ടിൽ മോശക്കാരനായ ഒരാള്‍ക്ക്‌ നാട്ടില്‍  നല്ലവനാകാന്‍  കഴിയുമോ ?
സ്വന്തം ഭാര്യയോടു പോലും നീതി കാണിക്കാത്ത ഒരാൾക്ക്‌ മറ്റുള്ളവരോട് നീതി പാലിക്കാൻ കഴിയുമോ എന്നൊക്കെ നല്ല ചോദ്യങ്ങൾ ആണ് . ചിന്തിപ്പിക്കേണ്ടവയും .

ഗണേഷിന്റെ രാജി സൈബർ ലോകം പോലും 'വേണ്ടത്ര' ആഘോഷിച്ചില്ല എന്നത് ഒരു പൊതു പ്രവർത്തകൻ എന്ന നിലക്ക് ഗണേഷിനു കിട്ടിയ ഒരു ഓസ്ക്കാര്‍ ആണ് . ചില നേരിയ അപശബ്ദങ്ങളെ കേട്ടുള്ളൂ എന്നത് ഗണേഷ് എന്ന മന്ത്രിയെ ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നു എന്നത് തന്നെയാണ് കാണിക്കുന്നത് .

ഒരു കാര്യം ഉറപ്പാണ് . പിള്ളയെ പോലെയല്ല പിള്ളയുടെ പിള്ള . നല്ല കാഴ്ചപ്പാടും പരിഷ്ക്കരണ മനസ്ഥിതിയും സജീവതയും കര്‍മ്മകുശലതയും ഗണേഷ് കാണിച്ചിട്ടുണ്ട് . മുന്‍പ് മന്ത്രി ആയപ്പോഴും ഇപ്പോഴും .

എല്ലാം കൂട്ടി വായിക്കുമ്പോള്‍ ചില ദുരൂഹതകൾ എവിടെയൊക്കെയോ മണക്കുന്നുണ്ട് . അത് പുറത്തു വരേണ്ടത് ഗണേഷ് തന്നെ പറഞ്ഞ പോലെ ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക് ഗണേഷിന്റെ ആവശ്യമാണ്‌ .

പണവും പദവിയും സ്ഥാനമാനങ്ങളും സുഖസൌകര്യങ്ങളും ഒക്കെയുണ്ടായിട്ടും മനസമാധാനം ഇല്ലെങ്കിൽ പിന്നെ ആ മനുഷ്യൻ തന്നെയല്ലേ ഏറ്റവും വലിയ 'ദാരിദ്രര്‍' ?

ഒരു രാജി യോടെ നമ്മുടെ വിഷയം തീര്‍ന്നു . വിവാഹമോചനത്തി ലൂടെ ഒരു പക്ഷെ തങ്കച്ചിയുടെ വിഷയവും തീരും . നമുക്ക് മറ്റൊരു ചൂടുള്ള വിഷയം കിട്ടിയാല്‍ നാം അങ്ങോട്ട്‌ ചാടും . ഗണേഷിന് മറ്റൊരു ഭാര്യ കിട്ടിയാൽ അദ്ദേഹത്തിന്റെതും തീരും . ഇനിയും ഒരംഗത്തിന് ആല്ല നൂറങ്കത്തിനു അദ്ദേഹത്തിനു ബാല്യമുണ്ട് . അദ്ദേഹം ഇനിയും കൂടുതല്‍ ശക്തിയോടെ തിരിച്ചു വരും . തങ്കച്ചി ക്കും ഒരു പക്ഷെ മറ്റൊരു ജീവിതം ഉണ്ടായേക്കാം .

പക്ഷെ അച്ഛന്റെയും അമ്മയുടെയും ഏറ്റുമുട്ടലുകള്‍ക്കിടയില്‍ നിസ്സംഗരായി നില്ക്കുന്ന മക്കള്‍ക്ക്‌ ഇത് എന്നും ചൂടുള്ള വിഷയം തന്നെയാവും . ആരൊക്കെ എന്തൊക്കെ കൊടുത്താലും മക്കൾ എവിടെയൊക്കെ എത്തിയാലും അച്ഛനും അമ്മയ്ക്കും പകരം ഈ ലോകത്ത് മറ്റെന്താണ് ഉള്ളത് ?

ഓരോ വേര്‍പിരിയലുകളും തീരാത്ത നെടുവീര്‍പ്പുകൾ ആകുന്നത് ഇവിടെയാണ്‌ !!
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്