2013, മേയ് 1, ബുധനാഴ്‌ച

എല്ലാം വറ്റുകയാണ് ; സ്നേഹം പോലും ..!!!!


എന്റെ കിണറും വറ്റി . 
ഇപ്പോള്‍ അതില്‍ നിറയെ കരിയിലകള്‍ മാത്രം . 
എന്റെ മീന്‍ കുഞ്ഞുങ്ങള്‍ ഒക്കെ ചത്തു കാണും .. 
നല്ലൊരു മഴക്കാലത്ത് തൊടുവിലേക്ക് വെള്ളം കേറിയ കൂട്ടത്തില്‍ കിട്ടിയതായിരുന്നു കുറെ പരലുകള്‍ . കുറെ കോട്ടികള്‍ - കുത്തുന്ന ഒരു തരം മീന്‍ - പിന്നെ കുറച്ചു മുഴുക്കുട്ടികളും ..

അന്ന് മക്കള്‍ക്ക്‌ കാണാന്‍ ഞാന്‍ അവയെ ഒരു വലിയ വട്ടപ്പാത്രത്തില്‍ നിറയെ വെള്ളം ഒഴിച്ച് അതിലിട്ടു. അവ നീന്തിത്തുടിക്കുന്നത് കാണാന്‍ എന്ത് രസമാണ് . 
ദിലൂമോന്‍ അതിന്റെ അടുത്തു നിന്ന് പോകുന്നെ ഇല്ല .. ഒടുവില്‍ തൊട്ടിയിലിട്ടു കിണറ്റിലേക്ക് ഇറക്കി അവയെ . മീന്‍ പോയ സങ്കടത്തില്‍ കുട്ടി കുറെ കരഞ്ഞു .. 

അവസാനത്തെ നനവും തീരും വരെ അവ കിണറിലൂടെ ഓടിക്കളിച്ചിട്ടുണ്ടാവും . 
ജീവന് വേണ്ടി കരഞ്ഞിട്ടുണ്ടാകും .. 

ഓരോ കോല്‍ പൂര്‍ത്തിയാവുമ്പോഴും ആകാംക്ഷയോടെ ഞാന്‍ കരയില്‍ ഇരുന്നു .. 
ജയിംസിനും കുട്ട്യച്ചനും ഒപ്പം .. 
ഉറവു കാണും വരെ .. 

അതിന് കാരണമുണ്ട് :
വീടിനു സ്ഥലമെടുത്ത ഉടനെ കിണര്‍ കുഴിക്കുകയാണ് ആദ്യം ചെയ്തത് . 
എടുത്ത സ്ഥലത്ത് വെള്ളം കാണില്ല എന്ന് ഒരു 'കു' പ്രചരണവും ഉണ്ടായിരുന്നു അന്ന് . 

സ്വന്തമായി ഒരു കിണറില്ലാത്ത വീട്ടില് ആണ് ജനിച്ചത്‌ . തൊട്ടയല്പക്കത്തെ വീട്ടിലെ കിണര്‍ ആയിരുന്നു ആശ്രയം . എത്ര വര്‍ഷം ആ വെള്ളം കുടിച്ചു , കുളിച്ചു ,  ഉപയോഗിച്ചു എന്നറിയില്ല . എന്റെ ഉമ്മ പത്തു മക്കളെ പ്രസവിച്ചതും വളര്‍ ത്തി വലുതാക്കിയതും ഈ വെള്ളമില്ലാത്ത വീട്ടിലായിരുന്നു എന്ന് ഇന്ന് ആലോചിക്കാന്‍ പോലും ആവുന്നില്ല .

ഞങ്ങളുടെ വീടിനു ചുറ്റുമുള്ള വീടുകളില്‍ ഒക്കെ കിണര്‍ ഉണ്ട് . വെള്ളവും . പക്ഷെ നിറയെ പാറയായിരുന്ന എന്റെ വീട് നില്ക്കുന്ന സ്ഥലത്ത് . 
കിണര്‍ പോയിട്ട് ഒരു കുഴി പോലും കുത്താന്‍ പറ്റുമായിരുന്നില്ല . 

അന്നേ പഠിച്ച വലിയ ഒരു പാഠം ഉണ്ട് . 
സ്വന്തം വീട്ടില് നിര്‍ ബന്ധമായും വേണ്ട ഒന്നാണ് കിണര്‍ . അത് പോലെ വീട്ടിലേക്കുള്ള വഴി . 
മറ്റുള്ളവരെ ആശ്രയിച്ചാല്‍ ആ വഴികള്‍ അടയാന്‍ നന്നേ ചെറിയ ഒരു പിണക്കം മതി .. ഇന്ന് നല്ല സ്നേഹവും സൌഹാര്‍ദ്ദവും ഉണ്ടെന്നു കരുതി നാളെ അത് ഉണ്ടായിക്കൊളണം എന്നില്ല ...!!!

അന്ന് ഒരുച്ചയ്ക്ക് ജയിംസ് താഴെ നിന്ന് വിളിച്ചു പറഞ്ഞു : 
മാഷെ കണ്ടു ...!!!

സന്തോഷം കൊണ്ട് എനിക്ക് നില്ക്കാന്‍ വയ്യ .. ഞാന്‍ ഓടിച്ചെന്നു ഭാര്യ യോട് പറഞ്ഞു : വെള്ളം കണ്ടു .. അവള്‍ക്കു അതിലേറെ സന്തോഷം .. വീട്ടില്‍ വെള്ളമില്ലാത്തതിന്റെ വിഷമം എന്നെക്കാള്‍കൂടുതല്‍ അവള്‍ ആണല്ലോ അനുഭവിച്ചത് .. 

മക്കളും ഞാനും അവളും അവിലും ശര്‍ക്കരയും ചുവന്നുള്ളിയും ഒക്കെയായി കിണര്‍ കാണാന്‍ പോയി .. അവിലും വെള്ളം കലക്കി .

അയല്‍ വീടുകളിലും വഴിയിലൂടെ പോകുന്നവര്‍ക്കുമൊക്കെ  അവിലും വെള്ളം കൊടുത്തു .. സ്കൂളിലേക്ക് പോകുന്ന കുട്ടികളെ യും പീടിക യിലേക്ക് പോകുന്ന മുതിര്‍ന്നവരെയും  കിണറ്റിലെ ആദ്യ വെള്ളം കൊണ്ട് ഉണ്ടാക്കിയ അവിലും വെള്ളം കുടിപ്പിച്ചു !!!!

അന്ന് ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു .. സത്യത്തില്‍ വെള്ളം ഒരു നിധി തന്നെയല്ലേ ?

പക്ഷെ ഇന്ന് എല്ലാം വറ്റുകയാണ് ..
സ്നേഹം പോലും ..!!!!

14 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. സ്നേഹം വറ്റി .. വിദ്വേഷവും പകയും കൂടി ..
  ആർക്കും ആരോടും കടപ്പാടും സ്നേഹവും ഇല്ലാതായി ..
  ഇന്ന് ജനിക്കുന്ന കുഞ്ഞിനെ പോലും കാമകണ്ണുകളോട് നോക്കുന്നവർ ...
  പെണ്‍മക്കൾ ഉള്ള മാതാപിതാക്കൾ ഭീതിയിൽ കഴിയുന്ന കാലം ..
  എന്തൊരു ലോകം ??? ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ ആവോ

  മറുപടിഇല്ലാതാക്കൂ
 2. എല്ലാം വറ്റുന്ന ഈ കാലത്ത് നന്മവറ്റാത്ത ഹൃദയങ്ങളില്‍ നിന്ന് വരുന്ന ഇത്തരം കുറിപ്പുകള്‍ ആശ്വാസപ്രദമാണ്

  മറുപടിഇല്ലാതാക്കൂ
 3. സ്നേഹംവറ്റാത്ത കിണറുകളില്‍ കാരുണ്യത്തിന്‍റെ കരുക്കള്‍ സമൃദ്ധിയായി
  ഉണ്ടാകട്ടെ!
  ആശംസകള്‍ മാഷെ

  മറുപടിഇല്ലാതാക്കൂ
 4. സ്നേഹത്തിന്‍റെ ഉറവകള്‍ ഇനിയും ഒരുപാട് ഉണ്ടാകട്ടെ യെന്നു നമുക്ക് ഒന്നായി പ്രാര്‍ത്തിക്കാം

  മറുപടിഇല്ലാതാക്കൂ
 5. സത്യത്തിൽ ഈ വേനൽ പലതും പറയുന്നുണ്ട് മാഷേ..........

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 6. സ്നേഹത്തിന്‍റെ ഉറവകള്‍ ഇനിയും ഒരുപാട് ഉണ്ടാകട്ടെ

  മറുപടിഇല്ലാതാക്കൂ
 7. കുറിപ്പ് ഹൃദയസ്പര്‍ശിയായി..

  മറുപടിഇല്ലാതാക്കൂ
 8. അതെ, സ്നേഹം വറ്റുന്നിടത്ത് വിദ്വേഷത്തിന്റെ പാറകൾ പൊന്തുന്നു.. പാറകൾ തകർത്ത് കരുണയുടെ ഉറവകൾ തുറക്കാൻ ശ്രമിക്കാം. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 9. എല്ലാ സുമനസ്സുകൽക്കും നന്ദി
  zakeer hussain
  ajith
  Cv Thankappan
  Abdullah
  ഷാജു അത്താണിക്കല്‍
  niDheEsH kRisHnaN
  Jefu Jailaf
  Echmukutty
  ബഷീര്‍ പി.ബി.വെള്ളറക്കാട്‌


  മറുപടിഇല്ലാതാക്കൂ
 10. അതേ...ഇന്ന് എല്ലാം വറ്റുകയാണ് സ്നേഹം പോലും.
  നന്മ നിറഞ്ഞ വരികൾക്ക്, നന്ദി മാഷേ...

  മറുപടിഇല്ലാതാക്കൂ
 11. വറ്റിയൊരീ സ്നേഹത്തിനായി അന്ത്യോപചാരമർപ്പിക്കാം...

  മറുപടിഇല്ലാതാക്കൂ
 12. എല്ലാം വറ്റുകയാണ് ...എങ്കിലും ഒരിക്കലും വറ്റാതെ ഈ സോഹൃതം എന്നും നില നില്‍ക്കട്ടെ ...എഴുത്ത് മനോഹരം ....

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്