2014, മേയ് 21, ബുധനാഴ്‌ച

പുഴ അഴക്‌ മാത്രമല്ല


എന്റെ ഏറ്റവും ചെറിയ പെങ്ങളുടെ ഭര്‍ത്താവിനെ കൊണ്ട് പോയി മുക്കി കൊന്നതും ഒരു പുഴയായിരുന്നു .

ഞങ്ങളുടെ പെങ്ങന്മാരുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയും ഇളയവളും അവളായിരുന്നു . പല അന്വേഷണങ്ങളും നടന്നിട്ടും ഒന്നും ശരിയായില്ല . പിന്നെയാണ് ഈ കല്യാണം നടക്കുന്നത് .

നല്ല സ്നേഹമുള്ള ആളായിരുന്നു അളിയാക്ക .
നാടന്‍ പണിക്കു പോകും . കിട്ടിയ കൂലി മുഴുവന്‍ പെങ്ങളുടെ കയ്യില്‍ കൊണ്ട് വന്നു കൊടുക്കും .

ഒരിക്കല്‍ കുറച്ചു ദൂരേക്ക്‌ പണിക്കു പോയതായിരുന്നു .
അന്ന് പെങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ട് . മൂന്നാമത്തെ കുട്ടി വയറ്റിലും ഉണ്ട് .
പണി കഴിഞ്ഞു കുളിക്കാന്‍ പരിചയമില്ലാത്ത ഒരിടത്ത്
ഇറങ്ങിയതാണ് .

അവിടെ ചില മരണങ്ങള്‍ മുന്‍പേ നടന്നിരുന്നു വത്രേ .
ഒരു സ്ത്രീ ദൂരെ നിന്ന് വിളിച്ചു പറഞ്ഞു പോലും .

''അവിടെ ഇറങ്ങല്ലേ ഇറങ്ങല്ലേ എന്ന് .. ''

പക്ഷേ അത് കേള്‍ക്കാതെ അസ്റാഈ ലിന്റെ വിളിക്ക് ഉത്തരം നല്‍കാനെന്നോണം അളിയാക്ക ഇറങ്ങി ..
പുഴ പിടിച്ചു വെച്ചു . നിര്‍ദയം ശ്വാസം മുട്ടിച്ചു കൊന്നു !!!

ഇന്നും അവള്‍ ആ മൂന്നു കുട്ടികളുമായി ഞങ്ങളുടെ അടുത്തു തന്നെ മറ്റൊരു വീട്ടില്‍ കഴിയുന്നു . രണ്ടു ആണ്‍കുട്ടികള്‍ . അളിയാക്ക മരിക്കുമ്പോള്‍ വയറ്റിലുണ്ടായിരുന്ന മോള്‍ക്ക്‌ ഇപ്പോള്‍ മൂന്നു കുട്ടികള്‍ ആയി . ഉപ്പാനെ കാണാന്‍ കഴിയാത്ത മോള്‍ ആണ് അവള്‍ .

അതിനു ശേഷം പല വിവഹാലോചനകളും വന്നു . പെങ്ങള്‍ സമ്മതിച്ചില്ല . അവള്‍ ഇപ്പോഴും മക്കള്‍ക്ക്‌ വേണ്ടി
ജീവിക്കുന്നു ..

പുഴയും വഞ്ചിക്കും .
പുഴയും പതിയിരുന്നു ജീവനെടുക്കും
പുഴ അഴക്‌ മാത്രമല്ല കാലനും കൂടിയാണ് ..

അന്ന് അളിയാക്ക മരിച്ച ശേഷം പൂര്‍ണ്ണ ഗര്‍ഭിണിയായ പെങ്ങളെ വീട്ടിലേക്കു കൊണ്ട് പോരുമ്പോള്‍ കുട്ടിയായ ഞാനും ഉണ്ട് കൂടെ ..
കണ്ണീര്‍ വറ്റാത്ത ആ കണ്ണു കളിലേക്ക് ഒന്ന് ഒളിഞ്ഞു നോക്കാന്‍ പോലും ശക്തിയില്ലായിരുന്നു എനിക്ക് .

അന്ന് മുതല്‍ എനിക്ക് പുഴ പേടിയാണ് ..
കുളിക്കാന്‍ ഇറങ്ങിയാല്‍ പോലും വല്ലാതെ ആഴത്തിലേക്ക് ഇറങ്ങി പോവില്ല .

ഓരോ ദുരന്തങ്ങളും ഇങ്ങനെയാണ് . പലപ്പോഴും ദുരന്തങ്ങള്‍ ഇങ്ങോട്ട് വരികയല്ല ചെയ്യുക . നാം അങ്ങോട്ട്‌ ചെന്ന് കൊടുക്കും .

മരണം എവിടെ ഏതു രീതിയില്‍ എന്ന് പറയാന്‍ കഴിയില്ല
പക്ഷേ , മരണം നിശ്ചയിച്ച സ്ഥലത്തേക്ക് വണ്ടി പിടിച്ചോ , ടാക്സി പിടിച്ചോ , വിമാനം കയറിയോ , കുളിക്കാനിറങ്ങിയോ , ഒക്കെ നാം അങ്ങോട്ട്‌ ചെന്ന് കൊടുക്കും .

വെറുതെ നമ്മള്‍ പറയും : ആ സ്ത്രീയുടെ വിളി കേട്ടിരുന്നെങ്കില്‍ .. അന്ന് പോയില്ലായിരുന്നെങ്കില്‍ .. ആ വണ്ടി മുടങ്ങിയിരുന്നു എങ്കില്‍ .. എന്ന് എബടെ ..

വിധി നമ്മെ മരണം നിശ്ചയിച്ച സ്ഥലത്തേക്ക്
ആനയിക്കും .. എന്നിട്ട് മരണത്തിനു എറിഞ്ഞു കൊടുത്തു തിരിച്ചു പോരും .

നാം ഈ ലോകത്ത് വെറും അഭിനേതാക്കള്‍ മാത്രം . വിധിയുടെ തിരക്കഥ അനുസരിച്ച് അഭിനയിക്കുന്നവര്‍ .. നമ്മുടെ സ്ഥലം സമയം എപ്പോള്‍ എവിടെ എങ്ങനെ ഒന്നും നമുക്കറിയില്ല .

അത് അറിയാത്തതും നന്നായി . നേരത്തെ അറിയുമായിരുന്നു എങ്കില്‍ നാം പിന്നെ മരിച്ചു ജീവിക്കുമായിരുന്നു ..

മരണ സമയം നേരത്തെ അറിഞ്ഞ ഒരാളുടെ ജീവിതം ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ ..

അപ്പോള്‍ അത് രഹസ്യമായി ഇരിക്കുന്നത് തന്നെയാണ് നല്ലത് .
കഥ ഒന്നും അറിയാതെ നാം കളിച്ചു ചിരിച്ചു മരണത്തിലേക്ക് ചെല്ലുന്നു അതെ , അത് തന്നെയാണ് അതിന്റെ ശരി .



24

കുബേരനും കുചേലനും



ജോലി
ഒറ്റ ഷിഫ്റ്റ്‌ ആയതു കൊണ്ട് ഉച്ചഭക്ഷണം വൈകുന്നേരം
ഓഫീസില്‍ നിന്ന് വന്നിട്ടേ കഴിക്കാറുള്ളൂ . ഓഫീസിലേക്ക് പോകുമ്പോള്‍ മെസ്സില്‍ നിന്ന്
ഒരു കുഞ്ഞു ബോക്സില്‍ ഇത്തിരി പ്രാതല്‍ കൂടെ കരുതും.
ഉപ്പുമാവോ , മക്കറോണയോ , ഗോതമ്പ് നുറുക്കോ , ഒക്കെയായി വ്യത്യസ്തമായ പ്രഭാത ഭക്ഷണം ആവും ഉണ്ടാവുക . അത് ഉച്ചയ്ക്ക് കഴിക്കും . രാവിലെ എന്തെങ്കിലും ഒരു സാന്റ് വിച്ചു കൊണ്ട് ഒപ്പിക്കും .
വൈകുന്നേരം ആണ് 'കുശാലായ' ഉച്ച ഭക്ഷണം !

ഇന്നലെ ഉച്ചയ്ക്ക് 'ലഞ്ച് ബോക്സ്' തുറക്കുമ്പോഴേ എന്തോ ഒരു അരുചി തോന്നി .
കഴിച്ചു തുടങ്ങുമ്പോള്‍ ഒരു കല്ലുകടി പോലെയും ..
അതുകൊണ്ട് പൂര്‍ത്തിയാക്കിയില്ല . കളഞ്ഞു .

ഒരു ഗ്രീന്‍ ടീ കുടിച്ചു കുറച്ചു നേരം ഇരുന്നു .
പക്ഷേ വിശപ്പ്‌ ഉണ്ടായിരുന്നു . എന്തെങ്കിലും ലഘുവായി കഴിക്കണം .
നാലര വരെ ഒന്നും കഴിക്കാതെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല .

എന്തെങ്കിലും കഴിക്കാം എന്ന് കരുതി ഓഫീസില്‍ നിന്ന് താഴെ ഇറങ്ങി .
അടുത്തുള്ള ബൂഫിയ ലക്‌ഷ്യം വെച്ച് നടന്നു . ചെല്ലുമ്പോള്‍ ബൂഫിയക്കാരന്‍
ഉച്ചവരെയുള്ള കച്ചവടം മതിയാക്കി അടക്കാനിരിക്കുകയാണ് .

'എല്ലാം കയ്ഞ്ഞു .. അടക്കാ .. ' മലപ്പുറം കാരനായ സൈതാലി പറഞ്ഞു .

ഇനി എവിടെയാ ബൂഫിയ ഉള്ളത് ?

അയാള്‍ കുറെ ദൂരേക്ക്‌ വിരല്‍ ചൂണ്ടി .

പൊരിവെയിലത്ത് അങ്ങോട്ട്‌ നടക്കുന്നത് ആലോചിച്ചു കൂടാ .

ഒടുവില്‍ തൊട്ടപ്പുറത്തുള്ള ഹോട്ടലില്‍ കേറാം എന്ന് വെച്ചു .
'മത് അം ബുഖാരി' എന്ന വലിയ ബോര്‍ഡുള്ള ഹോട്ടലിലേക്ക് കേറി .
അവിടെ കബ്സയെ ഉള്ളൂ . ലഘുവായി ഒന്നും ഇല്ല .

കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു കബ്സ .
അവര്‍ പോയതിനു ശേഷം കബ്സ കഴിച്ചിട്ടില്ല . എങ്കില്‍ അത് തന്നെയാവട്ടെ എന്ന് കരുതി
ഒരു ഹാഫ് ചുട്ട കോഴിക്കും -'അല്ഫാം'- ഓര്‍ഡര്‍ കൊടുത്തു .

അധികം വൈകാതെ ഭക്ഷണത്തളിക മുന്നിലെത്തി .
നോക്കുമ്പോള്‍ വലിയ ഒരു വട്ട പ്പാത്രം നിറയെ ചോറുണ്ട് .
രണ്ടാള്‍ക്ക്‌ വയര്‍ നിറയെ കഴിക്കാനുള്ള ഭക്ഷണം തളികയില്‍ പരന്നു കിടക്കുന്നു .
രണ്ടു വലിയ കഷണം കോഴി ചുട്ടെടുത്ത പടി ചൂടോടെ ചോറിനു മുകളില്‍
കിടന്നു പുകയുന്നുമുണ്ട് !!

ഒറ്റയ്ക്ക് എങ്ങനെ കഴിച്ചാലും തീരില്ല . മാത്രമല്ല വൈകുന്നേരം ചെല്ലുമ്പോള്‍ എന്റെ വിഹിതമായ ചോറും മീന്‍ പൊരിച്ചതും സാമ്പാറും പയര്‍ ഉപ്പേരിയും അച്ചാറും വഴിക്കണ്ണുമായി എന്നെയും കാത്തു മെസ്സ് റൂമില്‍ ഇരിക്കുന്നുമുണ്ടാവും .

കുറച്ചു കഴിച്ചു ബാക്കി വെറുതെ കളയേണ്ടി വരും എന്നുറപ്പ് .

അപ്പോഴാണ്‌ ഒരാശയം പെട്ടെന്ന് മനസ്സില്‍ ഉണരുന്നത് .
അന്നേരം ശരീഫ്ക്ക മനസ്സിലേക്ക് ഓടിയെത്തിയത് കൊണ്ടാകണം
അങ്ങനെ ഒരു തോന്നല്‍ ഉണ്ടായത് .

എന്റെ ഒരു സുഹൃത്തിന്റെ അമ്മാവനാണ് ശരീഫ്ക്ക .
ഖത്തറില്‍ ഒരു അമീറിന്റെ വീട്ടിലെ 'ഹൌസ് ഡ്രൈവര്‍' .
അദ്ദേഹവും കുടുംബവും ഉമ്രക്കു വന്നതായിരുന്നു .
തികച്ചും അവിചാരിതമായിട്ടാണ് സുഹൃത്തിനോടൊപ്പം അദ്ദേഹത്തെ കണ്ടു മുട്ടുന്നത് .
സംസാര പ്രിയന്‍ .

അമീറിന്റെ വീട്ടിലെ ഡ്രൈവര്‍ ആണെന്നു പറഞ്ഞപ്പോള്‍ എനിക്ക് ഒരു പാട് കാര്യങ്ങള്‍ ചോദിച്ചറിയണം എന്ന് തോന്നി . സാധാരണക്കാരന്റെ ജീവിതം അല്ലല്ലോ അമീറുമാരുടെത് .
എന്റെ താത്പര്യം മനസ്സിലാക്കിയിട്ടെന്നോണം ശരീഫ്ക്ക പറഞ്ഞു തുടങ്ങി .

എന്റെ അമീര്‍ ഒരു സത്ക്കാര പ്രിയനാണ്
ദിവസവും അതിഥികള്‍ ഉണ്ടാകും. കണ്ടമാനം ഭക്ഷണം ഉണ്ടാക്കും . വരുന്നവരൊക്കെ വി ഐ പികളും വിവിഐപി കളും ആയതു കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം മുക്കാലും ബാക്കിയാവും .

എന്നിട്ട് ബാക്കി വരുന്നത് എന്ത് ചെയ്യും ? എന്റെ ചോദ്യം .

അതല്ലേ രസം . ഉപയോഗിക്കാത്ത ഭക്ഷണം അല്പം പോലും കളയാന്‍ അദ്ദേഹം അനുവദിക്കില്ല . നന്നായി പാക്ക് ചെയ്തു ഭക്ഷണം ആവശ്യമുള്ള ആളുകള്ക്ക് എത്തിച്ചു കൊടുക്കണം
എന്നാണു ഓര്‍ഡര്‍ . ആ ചുമതല എനിക്കാണ് . ഞാന്‍ എനിക്കറിയാവുന്ന സുഹൃത്തുക്കള്ക്കും മറ്റും അത് കൊണ്ട് പോയിക്കൊടുക്കും .

മിക്ക റൂമിന്റെയും ഒരു കീ എന്റെ പക്കലുണ്ട് . ജോലിക്ക് പോയ കാരണം റൂമില്‍ ആളില്ലെങ്കിലും ഡോര്‍ തുറന്നു ഭക്ഷണം അവിടെ വെച്ച് പോരും .. !!!

ആ അമീറിനോട് എനിക്ക് വല്ലാത്ത ആദരവും ബഹുമാനവും തോന്നി . ഭക്ഷണം കൊണ്ട് ഇവിടുത്തെ ചില പ്രമാണിമാര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുക ള്‍ അന്നേരം മനസ്സില്‍ തെളിഞ്ഞു . വിശുദ്ധ റമദാനിലൊക്കെ വെറുതെ കളയുന്ന വിലപിടിപ്പുള്ള ഭക്ഷണ സാധനങ്ങള്ക്ക് കയ്യും കണക്കുമില്ല .

സത്യം പറഞ്ഞാല്‍ ആ ഭക്ഷണത്തളികക്ക് മുമ്പിലിരുന്നു ഞാന്‍ ശരീഫ്ക്കയെയും അദ്ദേഹത്തി ന്‍റെ അമീറിനെയും ഓര്‍ത്തു .

ഞാന്‍ സപ്ലയര്‍ ബംഗാളിയെ വിളിച്ചു പറഞ്ഞു . ഒരു പ്ലേറ്റ്‌ കൂടി കൊണ്ട് വരാന്‍ .
ബംഗാളി അതുമായി വന്നു .
ആവശ്യത്തിനു മാറ്റിവെച്ചു ബാക്കി മറ്റേ പ്ലേറ്റിലേക്ക് ഇട്ടു .
ഒരുകഷ്ണം കോഴിയും . എന്നിട്ട് അത് പാര്‍സല്‍ ആയി തരാന്‍ ആവശ്യപ്പെട്ടു .

ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി നേരെ ചെന്നത് ഞാന്‍ എന്നും കാണുന്ന വൃദ്ധയായ ഒരു പാവം
കറുത്ത വര്‍ഗ്ഗക്കാരിയുടെ അടുത്തേക്കാണ് .

ഓഫീസിലേക്ക് പോകുമ്പോഴും തിരിച്ചു പോരുമ്പോഴും ഒക്കെ അവരെ കാണാം . വലിയ ഒരു വേസ്റ്റ് ബോക്സ് ന്റെ അടുത്തു അവരുണ്ടാവും . നിസ്ക്കാരവും മറ്റു കാര്യങ്ങളും ഒക്കെ അവിടെ വെച്ച് തന്നെ . എത്ര രാവിലെയാണ് അവര്‍ വരുന്നത് എന്നറിയില്ല . രാത്രി എപ്പോഴാണ് വീട്ടിലേക്കു തിരിച്ചു പോവുക എന്നും . ഏതു പൊരിവെയിലത്തും അവരെ അവിടെ കാണാറുണ്ട്‌ .

ഞാന്‍ അവര്‍ക്ക് ഭക്ഷണപ്പൊതി കൊടുത്തു .
അത് വാങ്ങുമ്പോള്‍ കറുത്ത് കരുവാളിച്ച ആ മുഖം വല്ലാതെ പ്രസന്നമായി .
അവര്‍ പറഞ്ഞു : 'അല്ലാഹ് ആതീക ല്‍ ആഫിയ' - പടച്ചവന്‍ നിനക്ക് സൌഖ്യം പ്രദാനം ചെയ്യട്ടെ -
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
ഈജിപ്ഷ്യന്‍ എഴുത്തുകാരനായ മുസ്തഫ ലുത്ഫി മന്ഫലൂത്വി യുടെ
(1876 - 1924 ) പ്രസിദ്ധമായ ഒരു ഗ്രന്ഥം ആണ് 'അന്നളറാത്ത്' . - നിരീക്ഷണങ്ങള്‍
കവിയും എഴുത്തുകാരനും ആയ അദ്ദേഹത്തിന്‍റെ ഒരു പാട് പ്രശസ്തമായ ഗ്രന്ഥങ്ങളില്‍ ഒന്ന് .
ആ പുസ്തകത്തില്‍ 'അല്‍ ഗനിയ്യു വല്‍ ഫഖീര്‍ ' - കുബേരനും കുചേലനും - എന്ന ഒരു അധ്യായമുണ്ട് .

അതില്‍ അദ്ദേഹം രണ്ടു മനുഷ്യരെ പരിചയപ്പെടുത്തുന്നു .
രണ്ടു പേരും ഒരേ ആവലാതി പറയുന്നവര്‍ .
രണ്ടു പേര്‍ക്കും പ്രശ്നം 'വയര്‍ വേദന'യാണ് .

കുബേരന് കൂടുതല്‍ കഴിച്ച കാരണത്താലുള്ള വയറു വേദന
കുചേലന് വിശപ്പ്‌ കാരണമുള്ള വയര്‍ വേദന

ഒടുവില്‍ മന്ഫലൂതി പറഞ്ഞു വെക്കുന്നു .

ഒരാള്‍ തനിക്ക് ആവശ്യമുള്ളത് കഴിച്ചു ബാക്കിയുള്ളത് മറ്റേ ആള്‍ക്ക് കൊടുത്തിരുന്നു എങ്കില്‍
രണ്ടു പേര്‍ക്കും ആവലാതിപ്പെടേണ്ടി വരില്ലായിരുന്നു ..!!


2014, മേയ് 18, ഞായറാഴ്‌ച

അബടെ എപ്പളും ചൂടെന്നെ അല്ലെ ...


ളരെ നാളുകള്‍ക്കു ശേഷമാണ് കോയക്കയെ കണ്ടു മുട്ടിയത്‌ .
വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഞാന്‍ അന്വേഷിച്ചു ..
നാട്ടിലേക്ക് വിളിക്കാറില്ലേ ?
'ഇപ്പൊ വിളിച്ചു വെച്ചിട്ടെ ഉള്ളൂ '
'എന്താ നാട്ടിലെ വിവരങ്ങള്‍ ?
'അങ്ങനെ പോണൂ ..'
'എന്താ ഒരു ഉഷാറില്ലാത്ത പോലെ '?

എന്ത് പറയാനാ ചങ്ങായീ .. കഴിഞ്ഞ ആഴ്ച വിളിച്ചപ്പോ ഓള് പറഞ്ഞു :
അവടെ ഭയങ്കര ചൂടാ , കിണറ്റിലോക്കെ വെള്ളം കമ്മ്യാ .. കുട്ടികളൊക്കെ ചൂട്ടുട്ടു ആകെ എടങ്ങെറിലാ .. ഫാന്‍ ഒക്കെ കൊറച്ചു തിരിഞ്ഞാ പിന്നെ ഒരു ചൂട് കാറ്റാ വര്വാ ..

അന്ന് എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു ...
കുട്ടികളെയും ഓളെയും ഓര്‍ത്തിട്ടു ..

ഇന്നിപ്പോള്‍ നല്ല മഴ പെയ്തു ..
ചൂടൊക്കെ മാറി എന്ന് അവള്‍ പറഞ്ഞപ്പോള്‍ ഒരു സമാധാനം ..
മനസിന് ഒരു കുളിര് ..!!!

അപ്പോള്‍ ഞാന്‍ ഓളോട് പറഞ്ഞു :
ഇബടെ ഇപ്പൊ ഭയങ്കര ചൂടാ .. തെളച്ച വെള്ളം തലീക്കൂടി പാരും പോലെ .. !!!
അത് കേട്ടാപ്പോ ഓള് പറയാ :
''അതിനു അബടെ എപ്പളും ചൂടെന്നെ അല്ലെ ... '' ?

രണ്ടു വരി പ്രേമം : ഒരു ഫ്ലാഷ് ബാക്ക്


ളാഞ്ചേരി എം ആര്‍ എച്ച് എസില്‍ അധ്യാപകനായിരുന്ന സമയം .
ഒരു ദിവസം പത്രത്തില്‍ ഒരു പരസ്യം കണ്ടു . താനൂര്‍ ലയണ്‍സ് ക്ലബ് 'വാഹനാപകട നിവാരണ ബോധവത്ക്കരണ വാരം ' ആചരിക്കുന്നു . അതിന്റെ ഭാഗമായി ഒരു 'ശ്ലോഗന്‍' മത്സരം നടത്തുന്നു .

വാഹന അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി പാതയോരങ്ങളില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ബോര്‍ഡുകളില്‍ എഴുതി വെക്കാന്‍ പറ്റിയ ചെറിയ വരികളില്‍ വലിയ ആശയമുള്ള വാചകങ്ങള്‍ ആണ് എഴുതേണ്ടത് .

ഒരു പോസ്റ്റ്‌ കാര്‍ഡില്‍ എഴുതി അയച്ചാല്‍ മതി .
ഒരാള്‍ക്ക്‌ എത്ര വാചകങ്ങള്‍ വേണമെങ്കിലും അയക്കാം .
അയക്കേണ്ട വിലാസം : താഴെ കൊടുത്തിട്ടുണ്ട്‌ .

അപ്പോള്‍ തന്നെ സ്കൂളിനു അടുത്തുള്ള പോസ്റ്റ്‌ ഓഫീസില്‍ പോയി
ഒരു പോസ്റ്റ്‌ കാര്‍ഡ് വാങ്ങി കൊണ്ട് വന്നു .

അതില്‍ ഇങ്ങനെ എഴുതി :

കുതിപ്പ് കിതപ്പിലേക്ക് ആവാം
വേഗത മൂകതയിലേക്കും !

മുന്‍പേ പോകുന്ന വാഹനത്തെ മറികടക്കാം
പിന്പേ വരുന്ന മരണത്തെയോ ?

ഡ്രൈവര്‍ സുഹൃത്തേ ,
വഴിക്കണ്ണുമായി താങ്കളെയും കാത്തിരിപ്പുണ്ട്
ഒരു അമ്മപ്പക്ഷിയും കുറെ കുഞ്ഞുങ്ങളും !

ഓര്‍ക്കുക : ഈ വളയത്തില്‍ അനേകം ജീവിതങ്ങള്‍
സ്പന്ദിക്കുന്നുണ്ട് !!

ആറേഴു എണ്ണത്തില്‍ നിന്ന് ഓര്‍മ്മയിലുള്ളത് ഇവയാണ് .

കൂടുതല്‍ ആരും മത്സരിക്കാന്‍ ഇല്ലാത്തത് കൊണ്ടോ 'തമ്മില്‍ ഭേദം ഈ തൊമ്മന്‍ ' ആയതു കൊണ്ടോ എന്തോ
ഒന്നാം സ്ഥാനം എനിക്കായിരുന്നു ..!!

അന്ന് സമ്മാനമായി കിട്ടിയത് ഒരു പുസ്തകമായിരുന്നു . ഒരു പാട് മഹാന്മാരുടെ മഹത് വചനങ്ങള്‍ അടങ്ങിയ 'സുമംഗല ' യുടെ 'മൊഴിമുത്തുകള്‍'

പിന്നീട് 'രണ്ടു വരി 'ഒരു ഹരമായി മാറി .

ഇന്ന് ഫേസ് ബുക്കില്‍ ചെയ്യുന്ന പോലെ അപ്പപ്പോള്‍ തോന്നിയത് ഒരു നോട്ടു ബുക്കില്‍ എഴുതി വെക്കാന്‍ തുടങ്ങി ..

ഒടുവില്‍ കുറെ ആയപ്പോള്‍ ഒരു ദിവസം കോഴിക്കോട് എന്തോ ഒരാവശ്യത്തിന് പോകുമ്പോള്‍ ആ നോട്ടു ബുക്കും കൂടെ കരുതി .

അന്ന് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ചില കഥകളും കവിതകളും ലേഖനങ്ങളും ഒക്കെ പലപ്പോഴായി പ്രസിദ്ധീകരിച്ചു വന്നിരുന്നു .
ആ ഒരു 'ബല'ത്തില്‍ ഞാന്‍ ചന്ദ്രിക ഓഫീസിലേക്ക് ചെന്നു .

അന്ന് ചന്ദ്രിക പത്രാധിപര്‍ കെ.പി . കുഞ്ഞി മൂസ സാഹിബ്
ആയിരുന്നു . (പിന്നീട് അദ്ദേഹം എന്റെ പത്ര പ്രവര്‍ത്തനരംഗത്തെ ഗുരുവായി മാറി )

ഞാന്‍ എന്നെ സ്വയം പരിചയപ്പെടുത്തി ..
എന്നെ അദ്ദേഹം തിരിച്ചറിഞ്ഞോ ഇല്ലയോ എന്നൊന്നും അറിയില്ല . ഞാന്‍ ആ നോട്ട് ബുക്ക് അദ്ദേഹത്തെ ഏല്പ്പിച്ചു .

ഇത് ഒന്ന് പരിശോധിച്ച് പറ്റുമോ എന്ന് നോക്കണം എന്ന് പറഞ്ഞു . പറ്റിയില്ലെങ്കില്‍ ഞാന്‍ പിന്നീട് വന്നു ബുക്ക് വാങ്ങിക്കോളാം എന്നും .. വലിയ പ്രതീക്ഷയൊന്നും ഇല്ല . കിട്ടിയാല്‍ കിട്ടി !

പക്ഷെ എന്നെ അമ്പരപ്പിച്ചു കൊണ്ട് അടുത്ത ആഴ്ച മുതല്‍ ആഴ്ചപ്പതിപ്പില്‍ അവ ഖണ്ഡശ്ശ : വരാന്‍ തുടങ്ങി .
'അരുളും പൊരുളും' എന്ന ഞാന്‍ കൊടുത്ത അതെ പേരില് തന്നെ !

കുഞ്ഞുണ്ണി മാഷ്‌ ചന്ദ്രികയില്‍ 'എന്നിലൂടെ' എന്ന ഒരു പംക്തി കൈകാര്യം ചെയ്യുന്ന സമയമാണ് .

'അരുളും പൊരുളും ' പ്രസിദ്ധീകരിച്ചു വന്നതോടെ കുറെ നല്ല പ്രതികരണങ്ങളും കിട്ടിക്കൊണ്ടിരുന്നു .

ഒരു ദിവസം , എനിക്ക് പോസ്റ്റ്‌ വഴി ഒരു കാര്‍ഡ് വന്നു .
അതില്‍ ഒരേ ഒരു വാചകം മാത്രമാണ് ഉണ്ടായിരുന്നത് .

'കുഞ്ഞുണ്ണി മാഷെ പേര് ഉസ്മാന്‍ ഇരിങ്ങാട്ടിരി എന്നാക്കിയത് ഞങ്ങള്‍ വലപ്പാടുകാര്‍ അറിഞ്ഞില്ല .. '
എന്ന് മാത്രം ..

ഫ്രം അഡ്രസ്‌ ഇതായിരുന്നു :

'ഉണ്ണി വാരസ്യാര്‍
അതിയാരം പി.ഓ
വലപ്പാട്'

ആ കാര്‍ഡ് ഇന്നും ഞാന്‍ സൂക്ഷിക്കുന്നുണ്ട് .

എനിക്ക് എന്തോ വലിയ വിഷമം തോന്നി .
കുഞ്ഞുണ്ണി മാഷ് എന്ന നക്ഷത്രം എവിടെ മണ്ണുണ്ണി എന്ന ഈ പുല്‍ക്കൊടി എവിടെ ?

അദ്ദേഹത്തെ അനുകരിച്ചു എന്നാണു പരിഹാസം എങ്കില്‍ അത് ചന്ദ്രികയില്‍ തന്നെ പരസ്യമായി പറയുക അല്ലെ വേണ്ടിയിരുന്നത് ?
എന്ന് വലിയ വിഷമത്തോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു . മറ്റാരോടും അക്കാര്യം പറഞ്ഞില്ല .
ഞാന്‍ ഒന്നും പ്രതികരിക്കാനും പോയില്ല .
അതിനു മറുപടിയും എഴുതിയില്ല .

പിന്നെയും 'അരുളും പൊരുളും ' തുടര്‍ന്നു .
ഏകദേശം ഇരുപത്തി നാല് ലക്കങ്ങളിലൂടെ .
ഓരോ ലക്കത്തിലും എട്ടോ പത്തോ വരികള്‍ ഒന്നിച്ചു വന്നു കൊണ്ടിരുന്നു .

കുഞ്ഞുണ്ണി മാഷ് വെട്ടിത്തുറന്ന ആ വഴിയിലൂടെ അദ്ദേഹത്തെ അനുകരിക്കാനല്ല അനുഗമിക്കാനാണ് ഞാന്‍ ശ്രമിച്ചത് .

പക്ഷേ , ആ മേഖല ചില 'തെറ്റിധാരണക്ക് 'കാരണമാകും എന്ന് മനസ്സിലാക്കി അധികം വൈകാതെ ഞാന്‍ എന്റെ കുഞ്ഞു വരികളോട് സലാം പറഞ്ഞു പിരിഞ്ഞു .

വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ് ബുക്ക് ആണ് അന്ന്
നഷ്ടപ്പെട്ട എന്റെ പ്ര ണയിനിയെ വീണ്ടും എന്നിലേക്ക്‌ അടുപ്പിച്ചത് ..

അന്ന് എനിക്ക് ഞാന്‍ മാത്രം കാണുന്ന ഒരു നോട്ട് ബുക്കേ ഉണ്ടായിരുന്നുള്ളൂ . ഇന്ന് നിങ്ങള്ക്കും കാണാവുന്ന ഒരു ബുക്കിലാണ് എഴുത്ത് എന്ന് മാത്രം .

എന്ത് കൊണ്ടോ ഇവയൊക്കെ സ്വരൂപിച്ചു ഒരു പുസ്തകം ആക്കണം എന്ന ആഗ്രഹം രണ്ടു വട്ടമായി മുടങ്ങിപ്പോയി .

രണ്ടു പ്രാവശ്യവും അവസാന ഘട്ടം വരെ എത്തിയതാണ് .
ഒടുവില്‍ എന്തോ എങ്ങനെയോ അലസിപ്പോവുന്നു ...

ഏറ്റവും അവസാനം എന്റെ ഫേസ് ബുക്ക് / ബ്ലോഗ്‌ സുഹൃത്ത്‌ Bhraanthan Amjath അംജദ് ഖാന്‍ പ്രത്യേകം താത്പര്യമെടുത്ത്
നിങ്ങള്‍ ഒന്നും അറിയേണ്ട ഞാന്‍ ഇറക്കും എന്ന് പറഞ്ഞു
മുന്നോട്ടു വന്നു . പുസ്തകത്തിനു 'കടലമണിക്കവിതകള്‍ ' എന്ന പേരും നിശ്ചയിച്ചിരുന്നു .

അതിനു ഞാന്‍ ഏറെ ആദരിക്കുന്ന ഇഷ്ടപ്പെടുന്ന
എന്റെ ബഹുമാന്യനായ മറ്റൊരു എഫ് ബി സുഹൃത്ത്
ശ്രീ Venmaranallur Narayanan സര്‍ പ്രൌഡ മായ ഒരു അവതാരികയും എഴുതി തന്നിരുന്നു .

പ്രസിദ്ധീകരണം കാത്തു ഞാനിരിക്കുമ്പോള്‍ എന്ത് കൊണ്ടോ അവസാന നിമിഷം അതും നടക്കാതെ പോയി ..

ചില കാര്യങ്ങള്‍ അങ്ങനെയാണ് . അവസാന നിമിഷം അപ്രതീക്ഷിതമായി മുടങ്ങിപ്പോകും . സമയം ആയിട്ടുണ്ടാവില്ല .

എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട് . അല്ലേ ... ?

പാലം


ശൈശവവും
ബാല്യവും
കൌമാരവും
യുവത്വവും
എത്ര പെട്ടെന്നാണ് ഈ പാലം കടന്നു
പോയത് ?

ഇന്ന്
അനേകം കാതം ഇക്കരെ
അത്യന്താധുനിക പാലങ്ങളുടെയും 'കുബ്രി'കളുടെയും
നാട്ടില്‍ ജീവിക്കുമ്പോഴും
ഒരു പാലം
മാത്രം എന്തെയിങ്ങനെ
മനസ്സില്‍
നീണ്ടു നിവര്‍ന്നു കിടക്കുന്നു ?

ഈ പാലം കടന്നാണ്
ഇരുള്‍ മുറ്റിയ
പരിസരത്തു നിന്ന്
പ്രകാശപ്പൊട്ടുകള്‍ തേടി
പാഥേയമില്ലാത്ത വെറും
ഒരു മുസാഫിറായി
ജീവിതത്തിലേക്ക്
ഒറ്റയ്ക്ക്
നടന്നു പോയത്
കൈ പിടിക്കാന്‍ പോലും ഒരാളില്ലാതെ .

പക്ഷേ
അന്നേ അറിയാമായിരുന്നു
ഇത് ഒന്നാമത്തെ പാലമാണെന്നും
അനേകം പാലങ്ങളിലൂടെ കടന്നു വേണം
മറു കര പറ്റാനെന്നും ..!!!

ഒരായിരം പാലം കടന്നു
ഒരായിരം നാടുകളിലൂടെ
ഒരായിരം കിലോമീറ്ററുകള്‍
ഓടിത്തളര്‍ന്നാലും

ഒടുവില്‍ ,
ജീവിതത്തിന്റെ സായം സന്ധ്യയില്‍
അന്ന് പോന്ന പോലെ
ഇക്കരെ നിന്ന് അക്കരെക്കു
ഒരു വരവുണ്ട്

എന്നിട്ട്
നിന്റെ കാല്‍ച്ചുവട്ടിലൂടെ
നിശ്ശബ്ദം ഒഴുകുന്ന
എന്റെ കണ്ണീര്‍ ആരും കാണാതെ
തുടച്ചു തന്നിരുന്ന
എന്റെ പ്രിയപ്പെട്ട
നിലംപതിപ്പുഴയുടെ മാറില്‍
എല്ലാം മറന്നു ഒരു കിടത്തമുണ്ട്

ഒടുവില്‍,
പരമാവധി ശ്വാസം എടുത്തു
അടിപ്പരപ്പില്‍
ഒരു മുങ്ങിക്കിടത്തമുണ്ട്

ഓര്‍മ്മകളെ പോലെ
വഴുവഴുപ്പുള്ള
വെള്ളാരം കല്ലുകള്‍
എടുത്തു തുരുതുരെ ഒരു ഓമനിക്കലുണ്ട് !!

ഒന്നും എഴുതാത്ത ,
വക്കു പൊട്ടിയ
കൊച്ചു സ്ലേറ്റുമായി

നിന്നിലൂടെ
വെറുതെ
അക്കരെക്കും ഇക്കരെക്കും
ഒരു നടത്തമുണ്ട്

അന്ന് ഞാന്‍
എന്തൊക്കെയോ പിടിച്ചടക്കാന്‍ പോയ
മുസാഫിറായിരിക്കില്ല

എല്ലാം ഉണ്ടായിട്ടും
ഒന്നും ഇല്ലാത്ത
വെറും ഒരു ഫഖീര്‍ !!!

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
* കുബ്രി - പാലം
* മുസാഫി ര്‍ - സഞ്ചാരി
* ഫഖീര്‍ - ദരിദ്രന്‍
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

വിശ്വാസം തന്നെയാണ് എല്ലാം !!!


ഇന്ന് രാവിലെ ഓഫീസിലേക്ക് പോവുമ്പോള്‍ ഒരു മലയാളിയുടെ
ടാക്സി ആണ് കിട്ടിയത് . സംസാരിച്ചു വന്നപ്പോള്‍ അദ്ദേഹം എന്റെ സമീപ പ്രദേശമായ പട്ടിക്കാട്ട് കാരനാണ്. പേര് മുസ്തഫ .

ഒറ്റനോട്ടത്തില്‍ ഒരു പരുഷ പ്രകൃതക്കാരനാണെന്ന് തോന്നി .
പക്ഷേ സഹൃദയനായ ഒരു നല്ല മനുഷ്യനാണ് അദ്ദേഹം എന്ന് അധികം വൈകാതെ മനസ്സിലായി .

യാത്ര തുടരുന്നതിനിടെ പെട്ടെന്ന് വഴിയില്‍ ഒരിടത്ത് റോഡിനു ഓരം ചേര്‍ ന്ന്
അദ്ദേഹം കാ ര്‍ നിര്‍ത്തി.
'എന്തേ ഇവിടെ നിര്‍ത്തിയത് '? ഉദ്വേഗത്തോടെ ഞാന്‍ അദ്ദേഹത്തെ നോക്കി .

അപ്പോള്‍ അദ്ദേഹം ഒരിടത്തേക്ക് കൈ ചൂണ്ടി .
നോക്കുമ്പോള്‍ ഡിവൈഡറില്‍ ഒരു ഇലക്ട്രിക് പോസ്റ്റ്‌ വീണു കിടക്കുന്നു .

ഇന്നലെ രാവിലെ ഇവിടെ ഒരപകടം നടന്നു . ഒരു കാര്‍ ആ പോസ്റ്റിനു പോയി ഇടിച്ചു . ഡ്രൈവര്‍ തത്ക്ഷണം മരിച്ചു . വെന്തു പോയ ആ മനുഷ്യന്‍ വെറും കരിക്കട്ട ആയിരുന്നു .
ഒരു പ്ലാസ്റ്റിക് കവറില്‍ ആണ് അദ്ദേഹത്തെ കൊണ്ട് പോയത് .

വല്ലാതെ നടുക്കുന്ന ഒരു വാര്‍ത്ത യായിരുന്നു അത് .

മറ്റൊരു വാഹനത്തിനു ഇടിച്ചോ ഇങ്ങോട്ട് വന്നു ഇടിച്ചോ ഒക്കെ അപകടം വരാം .
ഇത് എങ്ങനെ സംഭവിച്ചു എന്നറിയില്ല . ഒരു പക്ഷെ അദ്ദേഹത്തിന്റെ കണ്ണൊന്നു മാളിയിട്ടുണ്ടാവും . അദ്ദേഹം പറഞ്ഞു .

അതെ ഒരു ജീവിതം കരിക്കട്ട ആവാ ന്‍ / പൊടുന്നനെ പൊലിഞ്ഞു പോകാന്‍ കണ്ണ് ഒന്ന് മാളിയാല്‍ മതി . നന്നേ ചെറിയ ഒരു അശ്രദ്ധ മതി .

ഞങ്ങള്‍ പിന്നെ സംസാരിച്ചത് മരണത്തെ ക്കുറിച്ചാണ് .
എപ്പോള്‍ ഏത് പ്രദേശത്ത് , ഏതു അവസ്ഥയില്‍ , എങ്ങനെ എന്നൊന്നും അറിയില്ല .
എവിടെയാണോ മരണം നിശ്ചയിച്ചത് അവിടേക്ക് വണ്ടി എടുത്തു പോയിരിക്കും .
എങ്ങനെ യെങ്കിലും ആ സമയത്ത് ആ സ്ഥലത്ത് ആ വ്യക്തി എത്തിയിരിക്കും .

സംസാരിക്കുന്നതിനിടെ അദ്ദേഹം മറ്റൊരു കാര്യം പറഞ്ഞു .
എന്റെ മനസ്സിലും പലപ്പോഴും തോന്നിയിടുള്ള ഒരു വിഷയം .

ഇവിടെ അപകടമോ മരണമോ വല്ല ദുരന്തമോ സംഭവിച്ചാല്‍ നമ്മെ പോലെ മറ്റുള്ളവരില്‍ പ്രകടമായ വൈകാരിക വിഷമങ്ങളോ , സങ്കടമോ , കരച്ചിലോ , പിഴിച്ചിലോ ഒന്നും ഉളവാക്കുകയില്ല .

എന്ത് സംഭവിച്ചാലും അതൊക്കെ ദൈവ ഹിതം - ഖദ്ര്‍ - വിധി എന്നേ ഇവിടെയുള്ളവര്‍ കരുതൂ . 'അല്ലാഹുമ്മര്‍ഹം ഹു' - പടച്ചവന്‍ അദ്ദേഹത്തിനു പൊറുത്തു കൊടുക്കട്ടെ - എന്ന ഒരു പ്രാര്‍ത്ഥന മാത്രം !

നമ്മുടെ ഇഷ്ടത്തിനു അനുസരിച്ചല്ല നാം ജനിച്ചത് , മരണവും അങ്ങനെ തന്നെ . ദൈവ ഹിതം . അതിനു സങ്കടപ്പെടുന്നതും വ്യസനിക്കുന്നതും അല്ലാഹുവിന്റെ തീരുമാനത്തോടുള്ള പ്രതിഷേധം ആയാണ് പൊതുവെ അറബികള്‍ കാണുന്നത് .

ഇയ്യിടെ എന്റെ കഫീലിന്റെ ഉമ്മ മരണപ്പെട്ടു .
അന്നും ഞങ്ങളുടെ സ്ഥാപനം പതിവ് പോലെ പ്രവ ര്‍ ത്തിച്ചു .
മയ്യിത്ത് നിസ്ക്കാര ത്തില്‍ - പരേത യ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന - യില്‍
സ്ഥാപനത്തിലെ ജോലിക്കാരില്‍ കുറെ പേര്‍ പങ്കെടുത്തു . അത്ര മാത്രം .

അതെ പോലെ ഞങ്ങളുടെ മാനേജറുടെ ഉപ്പയും ഇയ്യിടെ മരണപ്പെട്ടു .
അന്നും എല്ലാം പതിവ് പോലെ നടന്നു .

ഇവിടുത്തെ ഭരണാധികാരികള്‍ മരണപ്പെട്ടാല്‍ പോലും ചടങ്ങുകള്‍ വളരെ ലളിതം .

സ്വന്തക്കാരും ബന്ധക്കാരും പ്രിയപ്പെട്ടവരും വിശിഷ്ട വ്യക്തികളും ഒക്കെ
മരിക്കുമ്പോള്‍ ഒരിറ്റു കണ്ണീര്‍ പൊടിയാത്തവര്‍ മനുഷ്യനാണോ എന്ന് പോലും നമ്മള്‍ വിചാരിക്കും . ചോദിക്കും . പരസ്പരം പറയും .

പക്ഷേ ഇവിടെയുള്ളവരുടെ മനോഗതം , അല്ലാഹു വിളിച്ചു , അദ്ദേഹം പോയി . പരേതനു അല്ലാഹു പൊറു ത്തു കൊടുക്കട്ടെ . തീ ര്‍ ന്നു .

അപ്പോള്‍ മുസ്തഫക്ക എന്നോട് മറ്റൊരു കാര്യം കൂടി പറഞ്ഞു : ഇക്കാര്യത്തില്‍ മാത്രമല്ല അംഗ വൈകല്യമുള്ളവരുടെ കാര്യത്തിലും ഇതേ സമീപനം ആണ് ഇവിടെ സ്വീകരിക്കുക .
പല അറബികളും എന്നോട് തന്നെ പറഞ്ഞിട്ടുണ്ട് .
അത്തരക്കാരെ കാണുമ്പോ ള്‍ അവ ര്‍ക്ക് കഴിയുന്ന വല്ല സഹായവും ചെയ്യുക എന്നല്ലാതെ സഹതപിക്കരുത് എന്ന് . 'അയ്യോ പാവം..'
കഷ്ടം .. എന്നൊന്നും പറയരുത് .

അത് പടച്ചവന്റെ അധികാരത്തില്‍ കൈകടത്തലാണ് .

വിവാഹ സമയങ്ങളില്‍ , ആഘോഷ ദിവസങ്ങളില്‍, മരണ വേളകളില്‍ ഒക്കെ ഓരോ രാജ്യത്തും പല രീതിയിലുള്ള സമീപനങ്ങളും ചടങ്ങളും ആണ് സ്വീകരിക്കുന്നത് .

ഓരോ രാജ്യത്തിന്റെയും വിശ്വാസപരവും വൈകാരികവും സാംസ്ക്കാരികവുമായ ചടങ്ങുകളും രീതികളും തികച്ചും വ്യത്യസ്തമാണ് എന്ന ര്‍ത്ഥം

മറ്റുള്ളവര്‍ക്ക് ഒരു പക്ഷേ അത്തരം രീതികള്‍ ആലോചിക്കാന്‍ കൂടി പ്രയാസമായിരിക്കും

നമ്മള്‍ വൈകാരികമായി ചെയ്യുന്ന ചടങ്ങുകളും മറ്റുള്ളവര്‍ക്ക് തമാശയായി തോന്നാം . ചിരിക്കു വക നല്കുന്നതാവാം . ഉള്‍ക്കൊള്ളാന്‍ പോലും പ്രയാസമാവാം .

എന്തിനു നമ്മുടെ കൊച്ചു കേരളത്തില്‍ പോലും
ഓരോ മത വിഭാഗവും വിവിധ വേളകളില്‍ സ്വീകരിക്കുന്ന ചടങ്ങുകളും രീതികളും തന്നെ എ ത്രയേറെ വ്യത്യസ്തമാണ് !

ആചാരങ്ങളും ചടങ്ങുകളും സംസ്ക്കാരത്തി ന്റെയും വിശ്വാസത്തിന്റെയും ഭാഗം കൂടിയാണ് .
പക്ഷേ നാം തുടരുന്ന , ആചരിക്കുന്ന , ആചാരങ്ങളാണ് നല്ലത് എന്നും
നമ്മുടേത്‌ മാത്രമാണ് നല്ല സംസ്ക്കാരം എന്ന് നമ്മള്‍ കരുതുന്നു .
അവരുടെതാണ് നല്ലത് എന്നും അവരും കരുതുന്നു .
അതെ വിശ്വാസം തന്നെയാണ് എല്ലാം ..!!!

ചില തോന്നലുകളും ഊന്നലുകളും



കാമ്പുള്ള എഴുത്തും കാതലുള്ള മരവും ഒരുപോലെയാണ്
കാലാക്കാലം നിലനില്ക്കും

പൊതുവെ അശക്തനെന്നു തോന്നുന്ന 'ചിതലിന് 'പോലും
കൂട്ടം ചേ ര്‍ന്ന്
'കരുത്തുറ്റ മരങ്ങള്‍' നശിപ്പിക്കാനാവും

'എന്തെങ്കിലും' എഴുതാതെ
'എന്തെങ്കിലും ഉള്ളത്' എഴുതാം

ഇരുമ്പിനെ പോലും നശിപ്പിക്കാന്‍
കേവലം തുരുമ്പിനു കഴിയും

ചില എഴുത്തുകള്‍ കരിയില പോലെയാണ്
ആളിക്കത്തും . അതിലേറെ എളുപ്പത്തില്‍ ഒരു പിടി ചാരമാകും

ചില എഴുത്തുകള്‍ മഴ പോലെയാണ്
പെയ്തു തോര്‍ന്നിട്ടും മരം പെയ്തു കൊണ്ടേയിരിക്കും

പറന്നുയരുമ്പോഴും
പറക്കമുറ്റാത്തൊരു
കാലം കഴിഞ്ഞതൊന്നോര്‍മ്മ വേണം !!

നടക്കാം ; മുന്നോട്ടിടയ്ക്കിടെ
നോക്കണം പിന്നോട്ടെന്നു മാത്രം .

ശാശ്വതമായ ധനം



മജീദും റഫീഖും എന്റെ സുഹൃത്തുക്കള്‍ , റൂം മേറ്റ്സ് .
രണ്ടു പേരും ഒരേ ബെഞ്ചില്‍ ഒന്നിച്ചിരുന്ന് പഠിച്ചവര്‍ .
മജീദ്‌ പത്തില്‍ തോറ്റു തൊപ്പിയിട്ടു .
അവന് എല്ലാ വിഷയങ്ങള്‍ക്കും കൂടി കിട്ടിയ മാര്‍ക്ക് റഫീഖിന് ഒരു വിഷയത്തിന് തന്നെ കിട്ടി !!!
റഫീഖ് വിജയ കിരീടം ചൂടി .!

അധികം വൈകാതെ മജീദ്‌ ഒരു ജീപ്പില്‍ കേറി . പിന്നെ ഡ്രൈവര്‍ ആയി

റഫീഖ് പഠിച്ചു , ബി. എ . ബിഎഡ് ഒക്കെ എടുത്തു സമര്‍ത്ഥനായ അധ്യാപകനായി .

രണ്ടാളും ഇപ്പോള്‍ പ്രവാസികള്‍ .

ഒരേ സ്കൂളിള്‍ ജോലി.
റഫീഖ് അധ്യാപകന്‍ .
മജീദ്‌ സ്കൂള്‍ ബസ്സ്‌ ഡ്രൈവര്‍ .
മജീദിന്റെ മാസ ശമ്പളം അയ്യായിരം റിയാല്‍ !
റഫീഖിനോ മുവ്വായിരം !

മജീദിന് 'പെര്‍ ഹെഡ് 'ആണ് ശമ്പളം .
റഫീഖിന് 'പെര്‍ മന്ത്' !!

പാഠം :
കുറെ ' പഠിച്ചിട്ടൊന്നും ചിലപ്പോള്‍ 'ഗുണം' കിട്ടൂല !
കുറെ പണം കിട്ടിയിട്ടൊന്നും പഠിച്ചതിന്റെ 'ഗുണം' കിട്ടൂല !!

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉന്നതങ്ങളില്‍
എത്താനാവു . സമ്പത്ത് ഉണ്ടാക്കാന്‍ വിദ്യാഭ്യാസം തന്നെ വേണം എന്നില്ല . വെറും അഭ്യാസം മാത്രമുണ്ടായാലും മതി .

പക്ഷേ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വിദ്യാഭ്യാസം നേടാത്തതിന്റെ വേദന അവനെ വേട്ടയാടും .

പണം ഇന്ന് വരും ; നാളെ പോകും . പക്ഷേ പഠിച്ചു നേടിയ യോഗ്യത വലിയ ഒരു സമ്പാദ്യമായി കൂടെത്തന്നെയുണ്ടാകും . കാലാക്കാലം .

അറിവുള്ളവരും ഇല്ലാത്തവരും ഒരിക്കലും ഒരുഘട്ടത്തിലും ഒരളവിലും തുല്യരല്ല .

പോക്കറ്റിന്റെ വലുപ്പമല്ല അറിവിന്റെ വ്യാപ്തിയും മനസ്സിന്റെ വലുപ്പവുമാണ് യഥാര്‍ത്ഥ വിജയം;
അതാണ്‌ ശാശ്വതമായ ധനം !!!

കള്ളന്മാരുടെ കാലം

ഇന്നലെ ഇ ന്‍ ബോക്സില്‍ ഒരാള്‍ 'ഹായ് ഇക്കാ 'എന്ന് പറഞ്ഞു വന്നു .
സുഖമല്ലേ ?
'അതെ . എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ..'?

'ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട് അവിടെ വന്നു ഒരു നല്ല അഭിപ്രായം എഴുതണം
' ഇതാണ് പോസ്റ്റ്‌ . കൂടെ ലിങ്കും ഉണ്ട് .

ഒന്നാമത്തെ വരി വായിച്ചപ്പോ ള്‍ തന്നെ എനിക്ക് കാര്യം മനസ്സിലായി .

ഞാന്‍ ചോദിച്ചു . ഇത് ആരുടെതാണ് ?

എന്റേത് തന്നെ . ഞങ്ങളുടെ ഗ്രൂപ്പില്‍ നല്ല വായനയും പ്രതികരണവും കിട്ടിയ എന്റെ പോസ്റ്റ്‌ ആണ് .

ഇതിനു അഭിപ്രായം പറയാന്‍ എനിക്ക് കഴിയില്ല സുഹൃത്തേ ..
അതെന്താ ഇക്കാ ?

'എന്റെ സൃഷ്ടിയെ ക്കുറിച്ച് ഞാന്‍ എങ്ങനെ അഭിപ്രായം പറയാനാണ്' ?
'നിങ്ങളുടെ സൃഷ്ടിയോ' ?

അതെ ഇത് 2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച എന്റെ ബ്ലോഗില്‍ ഞാ ന്‍ എഴുതിയ പോസ്റ്റ്‌ ആണ് . ഇന്നാ പിടിച്ചോ ലിങ്ക് !!! ഇത് ഫേസ് ബുക്കിലും പോസ്റ്റ്‌ ചെയ്തിരുന്നു ..

ലിങ്ക് കണ്ടതും അവനെ പിന്നെ കണ്ടില്ല

സ്വന്തം 'കുഞ്ഞുങ്ങളുടെ' പിതൃത്വം പോലും തെളിയിക്കേണ്ട ഗതികേടിലാണ് നമ്മളിപ്പോള്‍
ഇത് കലികാലം മാത്രമല്ല ; കള്ളന്മാരുടെ കാലം കൂടിയാണ് !!!

അമ്മ



സിനിമ
കാണുന്നത് അപൂര്‍വമാണ് .
ഇന്ന് ഒരൊറ്റ ക്ലിക്ക് മതി ഏതുപടവും കാണാന്‍ . പുത്തനും കാണാം പൂത്തതും കാണാം !!
പോരാത്തതിന് ഏഷ്യാ നെറ്റ് മൂവീസിന് അത് തന്നെയാണല്ലോ പരിപാടി
ഒന്ന് തീരുമ്പോഴേക്കും മറ്റൊന്ന് !!!

ദിവസങ്ങള്‍ക്ക് മുമ്പാണ് . വെറുതെ ഇരിക്കുമ്പോള്‍ മൂവീസില്‍ ഒരു പടം തുടങ്ങുന്നു .
പേര് കേട്ടപ്പോള്‍ തനി തറ വളിപ്പ് പടം ആവുമെന്ന് കരുതി .
കുറച്ചു കണ്ടു നിര്‍ത്താം എന്ന് വിചാരിച്ചു .
ഒടുവില്‍ പൂര്‍ണ്ണമായും കണ്ടിട്ടേ എണീറ്റുള്ളൂ ..!!!

റിട്ടയര്‍ മെന്റ് വകയില്‍ കിട്ടിയ കാശൊക്കെ അമ്മയെ വശീകരിച്ച് അച്ഛനില്‍ നിന്ന് മക്കള്‍
കൈക്കലാക്കുന്നു . എപ്പോള്‍ വേണമെങ്കിലും തിരിച്ചു തരാം എന്ന് പറഞ്ഞു വാങ്ങിയ
പണം തിരിച്ചു കൊടുക്കാതെ അച്ഛനെ മക്കള്‍ എല്ലാവരും ചേര്‍ന്ന് പറ്റിക്കുകയാണ് .

പാപ്പരായ അച്ഛനും അമ്മയും മക്കളുടെ ഔദാര്യത്തില്‍ ജീവിക്കുന്നു .
മക്കള്‍ ഭാര്യമാരോടും അവരുടെ മക്കളോടും ഒപ്പം സുഖമായി കഴിയുമ്പോള്‍
അമ്മയും അച്ഛനും അവര്‍ക്ക് 'ഭാര'മാകുന്നു .. വീട്ടിലെ പണി മുഴുവനും
അവരെ കൊണ്ട് എടുപ്പിക്കുന്നു ..
എന്തൊക്കെയോ ന്യായം പറഞ്ഞു രണ്ടു പേരെയും രണ്ടിടത്തു താമസിപ്പിച്ചു
പരസ്പരം അകറ്റുന്നു .

ഒടുവില്‍ സഹികെട്ടു മക്കള്‍ക്കെതിരെ കേസ്‌ കൊടുക്കാന്‍ അച്ഛന്‍ തയ്യാറാവുന്നു .
അതറിഞ്ഞ അമ്മ വിങ്ങിപ്പൊട്ടുന്നു ..

നമ്മുടെ മക്കള്‍ക്കെതിരെ നിങ്ങള്‍ കേസ്‌ കൊടുത്താല്‍ ഇനി ഞാന്‍ ജീവിച്ചിരിക്കില്ല
എന്ന് ആ അമ്മ കരഞ്ഞു പറയുന്നു .

സ്നേഹ നിധിയായ ഭാര്യയുടെ വാക്കുകള്‍ അയാളില്‍ മാനസാന്തരം ഉണ്ടാക്കുന്നു .

കേസില്‍ നിന്ന് മക്കളെ ഒഴിവാക്കി കോടതിയില്‍ നിന്ന് വരുമ്പോള്‍
ആ അമ്മ തീര്‍ന്നു പോയിരിക്കുന്നു ..!!!

മക്കള്‍ എന്ത് തന്നെ ചെയ്താലും അവരെ വിഷമിപ്പിക്കാന്‍ ഒരു അമ്മ മനസ്സും തയാറാവില്ല .
അമ്മക്കോടതിയില്‍ മാപ്പ് കിട്ടാത്ത അപരാധികളായ 
വല്ല മക്കളുമുണ്ടോ ?

എന്നാല്‍ മക്കളോ ?

മക്കളുടെ കോടതിയില്‍ നിന്ന് നീതി കിട്ടാത്ത എത്ര അമ്മ മനസ്സുകള്‍

ഏതു വൃത്തികെട്ട മക്കള്‍ക്കും പൊറുത്തു കൊടുക്കുന്ന കാരുണ്യത്തിന്റെ
പേരാണ് അമ്മ !!
അമ്മയോട് പിണങ്ങി വര്‍ഷങ്ങളോളം അവരോടു മിണ്ടാതെ മരിച്ചു പോയ
ഒരു മകന്‍ (എവിടെയോ വായിച്ചതാണ് . സത്യാവസ്ഥ അറിയില്ല )
കൂടി പ്രധാന വേഷത്തില്‍ അഭിനയിച്ച പടം ആണിത് എന്നത്
ഒരു പക്ഷെ യാദൃശ്ചികം ആയിരിക്കും ..!!

ഈ ലോകത്ത് ആരോട് ഈഗോ കാണിച്ചാലും അമ്മയോട് അത് കാണിക്കുന്നവന്‍
അല്ലെ ഏറ്റവും നന്ദികെട്ട മനുഷ്യന്‍ !

മറ്റൊരാളോടും ആമ്മയോളം ബന്ധം ആര്‍ക്കും ഇല്ല . ചേര്‍ന്ന് കിടന്നിട്ടുണ്ടാവും .
കെട്ടിപ്പിടിച്ചു ഉമ്മ വെച്ചിട്ടിട്ടുണ്ടാവും . എല്ലാം ബാഹ്യമായി മാത്രം .
പക്ഷെ അമ്മയുടെ 'അകത്തു ' പത്തു മാസം കിടന്നവന്‍ ആണ് മകന്‍ / മകള്‍ .
അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ പങ്ക് പറ്റി അമ്മയുടെ നാഡീസ്പന്ദങ്ങള്‍ ക്കൊപ്പം വളര്‍ന്നു ,
ഒടുവില്‍ മരണ വേദന സഹിച്ചു പ്രസവിച്ചവള്‍ ആണ് അമ്മ ..

പശുവിന്‍ പാലിലോ , ആട്ടിന്‍ പാലിലോ , എരുമപ്പാലിലോ ഒന്നും ഇല്ലാത്ത കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമായ ഘടകം - വാത്സല്യം - ആവോളം ഉള്ള മുലപ്പാല്‍ തന്നവള്‍ .. ഉറക്കമൊഴിച്ചു താരാട്ട് പാടി ഉറക്കിയവള്‍ .. കരയുമ്പോള്‍ കൂടെ കരയുന്നവള്‍ .. മലവും മൂത്രവും യാതൊരു വെറുപ്പും കൂടാതെ വൃത്തിയാക്കിയവള്‍ എവിടെയാണെങ്കിലും എന്റെ മക്കളെ നീ കാക്കണമേ ദൈവമേ എന്ന് പ്രാര്‍ഥിക്കുന്നവള്‍

കാരുണ്യത്തിന്റെ മറ്റൊരു പേരായ അമ്മയോട് മിണ്ടാതെ നടക്കുന്നവന്‍ ഈ ലോകത്ത് മറ്റാരോടു മിണ്ടിയിട്ടും പ്രശസ്തിയുടെ ഏതു നെറുകയില്‍ എത്തിയിട്ടും എന്ത് കാര്യം ..
ആ കാലിന്‍ ചുവട്ടിനോളം പാവനാമായ ഒരു സ്ഥലം ഈ ഭൂമിയില്‍ വേറെയുണ്ടോ ?

സിനിമയുടെ പേര് പറയാന്‍ മറന്നു :
അച്ഛന്‍ കൊമ്പത്ത് , അമ്മ വരമ്പത്ത് !!!

'ഉറക്കം ദു:ഖമാണുണ്ണീ ഉണര്‍വ്വല്ലോ ഫലപ്രദം '



രക്തം
, കഫം , മലം , മൂത്രം ഇവയുടെ പരിശോധനാ
റിസല്‍ട്ടുകള്‍ പലപ്പോഴും കാണേണ്ടി വന്നിട്ടുണ്ട് .
പക്ഷെ ഒരൊറ്റ പ്രാവശ്യം മാത്രമാണ് 'സെമന്‍' പരിശോധിച്ചതിന്റെ
റിസല്‍ട്ട് കാണാന്‍ ഇടവന്നത് .
ദീര്‍ഘകാലമായി കുട്ടികളുണ്ടാകാത്ത കാരണത്താല്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സുഹൃത്തിന്റെതായിരുന്നു അത് .

അതില്‍ മൂന്ന് വിഭാഗം ആയാണ്
കൌണ്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്

ഒന്ന് - നിര്‍ജ്ജീവമായവ
രണ്ട് - ഇഴഞ്ഞു നീങ്ങുന്നവ
മൂന്ന് - സജീവമായവ

സജീവമായവ കൂടുതലുണ്ടെങ്കില്‍ പ്രത്യുത്പാദനം എളുപ്പമാകും .
മറ്റു രണ്ടും ആണ് കൂടുതലുള്ളത് എങ്കില്‍ പ്രയാസം തന്നെ !!

സത്യത്തില്‍ ഈ ലോകത്തും ഇത് പോലെ മൂന്നു വിഭാഗം മനുഷ്യരാണ് പൊതുവേ ഉള്ളത് .

മൂന്നാമത്തെ വകുപ്പില്‍ പെട്ട ആളുകളാണ് ഈ ലോകം ഇത്ര വിസ്മയാവഹവും ചലനാത്മകവും വികസനാത്മകവും ആക്കിയത് .

സജീവത കൈവിടാതിരുന്നാല്‍ നേടാനുണ്ട് ഒരു പാട് .
നമ്മെ പോലെയുള്ള മനുഷ്യരുടെ സജീവത യുടെ ഫലമാണ് നാം ഇന്ന് ഉപയോഗിക്കുന്ന , അനുഭവിക്കുന്ന , ആസ്വദിക്കുന്ന 
എല്ലാ വസ്തുക്കളും ...!!!

'ഉറക്കം ദു:ഖമാണുണ്ണീ
ഉണര്‍വ്വല്ലോ ഫലപ്രദം '

അതെ ; അത് തന്നെയാണ് അതിന്റെ ശരി



എന്റെ ഏറ്റവും ചെറിയ പെങ്ങളുടെ ഭര്‍ത്താവിനെ കൊണ്ട് 
പോയി മുക്കി കൊന്നതും ഒരു പുഴയായിരുന്നു .

ഞങ്ങളുടെ പെങ്ങന്മാരുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയും ഇളയവളും അവളായിരുന്നു . പല അന്വേഷണങ്ങളും നടന്നിട്ടും 
ഒന്നും ശരിയായില്ല . പിന്നെയാണ് ഈ കല്യാണം നടക്കുന്നത് .

നല്ല സ്നേഹമുള്ള ആളായിരുന്നു അളിയാക്ക .
നാടന്‍ പണിക്കു പോകും . കിട്ടിയ കൂലി മുഴുവന്‍ പെങ്ങളുടെ 
കയ്യില്‍ കൊണ്ട് വന്നു കൊടുക്കും .

ഒരിക്കല്‍ കുറച്ചു ദൂരേക്ക്‌ പണിക്കു പോയതായിരുന്നു .
അന്ന് പെങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ട് . മൂന്നാമത്തെ കുട്ടി 
വയറ്റിലും ഉണ്ട് . പണി കഴിഞ്ഞു കുളിക്കാന്‍ പരിചയമില്ലാത്ത ഒരിടത്ത് ഇറങ്ങിയതാണ് .

അവിടെ ചില മരണങ്ങള്‍ മുന്‍പേ നടന്നിരുന്നു വത്രേ .
ഒരു സ്ത്രീ ദൂരെ നിന്ന് വിളിച്ചു പറഞ്ഞു പോലും .

''അവിടെ ഇറങ്ങല്ലേ ഇറങ്ങല്ലേ എന്ന് .. ''

പക്ഷേ അത് കേള്‍ക്കാതെ അസ്റാഈ ലിന്റെ വിളിക്ക് ഉത്തരം നല്‍കാനെന്നോണം അളിയാക്ക ഇറങ്ങി ..
പുഴ പിടിച്ചു വെച്ചു . നിര്‍ദയം ശ്വാസം മുട്ടിച്ചു കൊന്നു !!!

ഇന്നും അവള്‍ ആ മൂന്നു കുട്ടികളുമായി ഞങ്ങളുടെ അടുത്തു തന്നെ മറ്റൊരു വീട്ടില്‍ കഴിയുന്നു . രണ്ടു ആണ്‍കുട്ടികള്‍ . അളിയാക്ക മരിക്കുമ്പോള്‍ വയറ്റിലുണ്ടായിരുന്ന മോള്‍ക്ക്‌ ഇപ്പോള്‍ മൂന്നു കുട്ടികള്‍ ആയി . ഉപ്പാനെ കാണാന്‍ കഴിയാത്ത മോള്‍ ആണ് അവള്‍ .

അതിനു ശേഷം പല വിവഹാലോചനകളും വന്നു . പെങ്ങള്‍ സമ്മതിച്ചില്ല . അവള്‍ ഇപ്പോഴും മക്കള്‍ക്ക്‌ വേണ്ടി
ജീവിക്കുന്നു ..

പുഴയും വഞ്ചിക്കും .
പുഴയും പതിയിരുന്നു ജീവനെടുക്കും
പുഴ അഴക്‌ മാത്രമല്ല കാലനും കൂടിയാണ് ..

അന്ന് അളിയാക്ക മരിച്ച ശേഷം പൂര്‍ണ്ണ ഗര്‍ഭിണിയായ പെങ്ങളെ വീട്ടിലേക്കു കൊണ്ട് പോരുമ്പോള്‍ കുട്ടിയായ ഞാനും ഉണ്ട് കൂടെ ..
കണ്ണീര്‍ വറ്റാത്ത ആ കണ്ണു കളിലേക്ക് ഒന്ന് ഒളിഞ്ഞു നോക്കാന്‍ പോലും ശക്തിയില്ലായിരുന്നു എനിക്ക് .

അന്ന് മുതല്‍ എനിക്ക് പുഴ പേടിയാണ് ..
കുളിക്കാന്‍ ഇറങ്ങിയാല്‍ പോലും വല്ലാതെ ആഴത്തിലേക്ക് ഇറങ്ങി പോവില്ല .

ഓരോ ദുരന്തങ്ങളും ഇങ്ങനെയാണ് . പലപ്പോഴും ദുരന്തങ്ങള്‍ ഇങ്ങോട്ട് വരികയല്ല ചെയ്യുക . നാം അങ്ങോട്ട്‌ ചെന്ന് കൊടുക്കും .

മരണം എവിടെ ഏതു രീതിയില്‍ എന്ന് പറയാന്‍ കഴിയില്ല
പക്ഷേ , മരണം നിശ്ചയിച്ച സ്ഥലത്തേക്ക് വണ്ടി പിടിച്ചോ , ടാക്സി പിടിച്ചോ , വിമാനം കയറിയോ , കുളിക്കാനിറങ്ങിയോ , ഒക്കെ നാം അങ്ങോട്ട്‌ ചെന്ന് കൊടുക്കും .

വെറുതെ നമ്മള്‍ പറയും : ആ സ്ത്രീയുടെ വിളി കേട്ടിരുന്നെങ്കില്‍ .. അന്ന് പോയില്ലായിരുന്നെങ്കില്‍ .. ആ വണ്ടി മുടങ്ങിയിരുന്നു എങ്കില്‍ .. എന്ന് എബടെ ..

വിധി നമ്മെ മരണം നിശ്ചയിച്ച സ്ഥലത്തേക്ക്
ആനയിക്കും .. എന്നിട്ട് മരണത്തിനു എറിഞ്ഞു കൊടുത്തു തിരിച്ചു പോരും .

നാം ഈ ലോകത്ത് വെറും അഭിനേതാക്കള്‍ മാത്രം . വിധിയുടെ തിരക്കഥ അനുസരിച്ച് അഭിനയിക്കുന്നവര്‍ .. നമ്മുടെ സ്ഥലം സമയം എപ്പോള്‍ എവിടെ എങ്ങനെ ഒന്നും നമുക്കറിയില്ല .

അത് അറിയാത്തതും നന്നായി . നേരത്തെ അറിയുമായിരുന്നു എങ്കില്‍ നാം പിന്നെ മരിച്ചു ജീവിക്കുമായിരുന്നു ..

മരണ സമയം നേരത്തെ അറിഞ്ഞ ഒരാളുടെ ജീവിതം ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ ..

അപ്പോള്‍ അത് രഹസ്യമായി ഇരിക്കുന്നത് തന്നെയാണ് നല്ലത് .
കഥ ഒന്നും അറിയാതെ നാം കളിച്ചു ചിരിച്ചു മരണത്തിലേക്ക് ചെല്ലുന്നു അതെ , അത് തന്നെയാണ് അതിന്റെ ശരി .
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്