2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

Chicking


മോനും മോളും കുറെ ദിവസമായി Chicking കഴിക്കണമെന്ന് പറഞ്ഞു വാശി പിടിക്കുന്നു . ഓരോ കാരണം പറഞ്ഞു മാറ്റി വെക്കുകയായിരുന്നു . ഇന്നലെ സ്കൂള്‍ വിട്ടു വന്ന പാടെ മോള്‍ കരയാന്‍ തുടങ്ങി . പോകല്ലേ ഉപ്പച്ചീ ... എന്നും പറഞ്ഞ് .

ഒടുവില്‍ ഇനിയും നീട്ടിക്കൊണ്ടു പോകേണ്ട എന്ന് കരുതി കുട്ടികളെ കൂട്ടി ഇറങ്ങി . വീടിനു അടുത്ത് തന്നെ യുള്ള ടൌണിലേക്ക് .

ഞങ്ങള്‍ അവിടെ യെത്തി . Chicking നു ഓര്‍ഡര്‍ കൊടുത്തു .
അപ്പോഴാണ്‌ എതിരേയിരിക്കുന്ന ഒരു ആന്റിയെ ഞാന്‍ ശ്രദ്ധിച്ചത് . തേജസ്സുള്ള ഒരു സ്ത്രീ . വിലകുറഞ്ഞ ഒരു കോട്ടന്‍ സാരിയാണ് അവരുടുത്തിരിക്കുന്നത്. വിഷാദം തളം കെട്ടിയ മുഖത്ത് ഒരു പ്രത്യേക കുലീനത്വം ഓളമിടുന്നുണ്ട് .

നഷ്ടപ്പെട്ടു പോയ സമ്പന്നതയുടെ ചില പ്രകാശ പൊട്ടുകള്‍ ഇപ്പോഴും അവരുടെ മുഖത്ത് അവിടവിടെ അവശേഷിക്കുന്നുണ്ട് .

അവര്‍ ഒറ്റയ്ക്കല്ല . കൂടെ അവരുടെ മോനും ഉണ്ട് . ഒരു പന്ത്രണ്ടോ പതിമൂന്നോ വയസ്സ് തോന്നിക്കും . അവര്‍ അവന്റെ മുഖത്തേക്ക് തന്നെയാണ് നോക്കുന്നത് . ചിരി തൂകി ക്കൊണ്ട് .
അവനും നല്ല സന്തോഷത്തിലാണ് .

അധികം വൈകാതെ ഭക്ഷണം എത്തി . ഒരു സെറ്റെ യുള്ളൂ . അടുത്തത് ഉടനെ വരുമായിരിക്കും . ഞാന്‍ കരുതി .

പക്ഷേ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നിച്ചു വന്നു . അപ്പോഴാണ്‌ എനിക്ക് മനസ്സിലായത് . അവര്‍ ഒന്നേ ഓര്‍ഡര്‍ കൊടുത്തിട്ടുള്ളൂ എന്ന് .

മകന്‍ കിട്ടിയ പാടെ കഴിച്ചു തുടങ്ങി . അമ്മ അവന്‍ കഴിക്കുന്നതും വല്ലാത്ത സംതൃപ്തിയോടെ നോക്കി ഇരിപ്പാണ് .

ഇടയ്ക്ക് ഒരു പൊട്ടറ്റോ പീസ്‌ എടുത്തു മെല്ലെ ചവക്കുന്നതു കണ്ടു . അത് കണ്ടാല്‍ തന്നെ അറിയാം . കൂടുതല്‍ എടുത്തു തിന്നു മകന് ഇല്ലതെയാകുമോ എന്ന കരുതലുണ്ട് കഴിക്കുന്നതില്‍ എന്ന് .

ചിക്കന്‍ കഴിച്ചു കഴിഞ്ഞ് ഉടനെ പൊട്ടാറ്റോ കൂടി മകന് നീക്കി വെച്ച് കൊടുത്തു ഇതും കൂടി കഴിക്കൂ എന്ന് പറയുന്നു ആ അമ്മ മകന്‍ അതും കഴിച്ചു തുടങ്ങി . അവരാവട്ടെ ഗ്ലാസ്സില്‍ കൊണ്ട് വന്നു വെച്ചിരിന്ന പച്ച വെള്ളം വെള്ളത്തിനു നോവിക്കുമോ എന്ന പോലെ അല്പാല്പമായി കുടിച്ചു കൊണ്ടിരുന്നു . എല്ലാം കഴിഞ്ഞു ബില്ല് വന്നു .

ഹാന്‍ഡ് ബാഗില്‍ നിന്ന് ഒരു ചെറിയ പേഴ്സ് എടുത്തു അവര്‍ എത്രയാണ് എന്ന് എണ്ണി നോക്കുക പോലും ചെയ്യാതെ ബില്‍ ബുക്കില്‍ വെക്കുന്നത് കണ്ടു . മടങ്ങി ചുരുണ്ട മുഷിഞ്ഞ കുറച്ചു നോട്ടുകള്‍ . ആ എടുക്കലും വെക്കലും കണ്ടാലറിയാം കൃത്യമായി കൊണ്ട് വന്ന കാശായിരുന്നു അതെന്നും ഇനി അതില്‍ ഒന്നും ഇല്ല എന്നും !!

ആ അമ്മയും മകനും കണ്ണില്‍ നിന്ന് മറയുന്നതു വരെ ഞാന്‍ നോക്കി നിന്നു . . അപ്പോഴാണ്‌ എന്റെ മക്കള്‍ എന്നോട് ചോദിക്കുന്നത് . ഉപ്പച്ചി എന്താ കഴിക്കാത്തെ .. ?

OO

ഈ അനുഭവ കഥയിലെ 'ഞാന്‍' ഈ പോസ്റ്റ്‌ എഴുതിയ 'ഞാന്‍' അല്ല .
നൂര്‍ മുഹമ്മദ്‌ എന്ന എന്റെ ഒരു വിദ്യാര്‍ഥി ആണ് . പഠിക്കുന്ന കാലത്ത് മിടുക്കനും പ്രസംഗം കഥാ പ്രസംഗം തുടങ്ങിയ കലകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തിരുന്ന നൂര്‍ ഇന്ന് മലപ്പുറം കോട്ടക്കലിലെ ഒരു ബിസിനസ് സ്ഥാപനത്തിന്റെ അധിപനാണ് .

വളരെ നാളുകള്ക്ക് ശേഷമാണു ഇന്നലെ നൂര്‍ ഇന്‍ ബോക്സില്‍ വന്നത്
എന്നിട്ട് പറഞ്ഞു : സാറെ ഞാനിന്നലെ ഒരു രംഗം കണ്ടു . അത് മാഷ്‌ ഒന്നെഴുതണം . അങ്ങനെ അവന്റെ അനുഭവം എന്റെ ഭഷയില്‍ എഴുതിയതാണ് ഇത് !!

OO

ഇണങ്ങുമ്പോള്‍



ഇണങ്ങുമ്പോള്‍ അതിര് വിട്ട് ഇണങ്ങരുത്
പിണങ്ങുമ്പോള്‍ പരിധി വിടുകയും അരുത്

കാരണം
ഇന്നത്തെ നമ്മുടെ ഉറ്റ സുഹൃത്ത്‌
നാളത്തെ നമ്മുടെ കൊടിയ ശത്രു ആവാം
ഇന്നത്തെ നമ്മുടെ ബദ്ധ വൈരി
നാളെ നമ്മുടെ അടുത്ത മിത്രവും ആവാം

നമ്മുടെ എല്ലാ രഹസ്യങ്ങളും എല്ലാവരോടും പറയരുത്
എല്ലാ വിഷമങ്ങളും എല്ലാവരെയും അറിയിക്കുകയും അരുത്

കാരണം
നാം പറഞ്ഞു അറിഞ്ഞ നമ്മുടെ രഹസ്യങ്ങള്‍
ഒരു നാള്‍ നമുക്കെതിരെയുള്ള ആയുധം ആവാം
നമ്മുടെ വിഷമങ്ങള്‍ മറ്റൊരാളോട് പറയുമ്പോള്‍
അവര്‍ നമ്മെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ അതവരില്‍ വിഷമം ഉണ്ടാക്കും .
ഉള്ളില്‍ ശത്രുത ഉള്ള ആളോടാണ് പറയുന്നത് എങ്കില്‍
അവനു സന്തോഷമാകും .
ഇത് രണ്ടും നമ്മെ വിഷമിക്കുന്നവ തന്നെ !!!

നമ്മുടെ ഉയര്‍ച്ചയില്‍ നമ്മെ നന്നായി അറിയുന്നവര്‍ക്കാവും
കൂടുതല്‍ 'വിഷമം '

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആവാനും
അവ 'കബന്ധങ്ങള്‍' ആവാനും
എഴുതും പോലെയും പറയും പോലെയും വളരെ
എളുപ്പമാണ് ഇക്കാലത്ത് !!!

അനുഭവം 'ഗുരു' മാത്രമല്ല 'കുരു'വും ആകുന്നു !!!


തേനീച്ച


പൂച്ചകള്‍ക്ക്
മീന്‍ മുള്ള്
നായകള്‍ക്ക്
എല്ല്
ഈച്ചകള്‍ക്ക്
വ്രണം
കാക്കകള്‍ക്ക്
എച്ചില്‍
കൊതുകിനു
രക്തം
തേനീച്ചകള്‍ക്ക്
മധു !!

കാതങ്ങളേ റെ സഞ്ചരിച്ചു
മധുമോന്തി വന്ന്
സൂക്ഷിച്ചു
കഷ്ടപ്പെട്ട് ഔഷധമാക്കി
മറ്റുള്ളവ ര്‍ ക്ക്
പ്രതിഫലേച്ഛയേതുമില്ലാതെ
അവ
സമര്‍ പ്പി ക്കുന്നു ..!!

അത് പാനം ചെയ്യുന്നവര്‍
ഹായ് എന്ത് മധുരം എന്ന് ചൊല്ലുന്നു
അതങ്ങനെ ആയിക്കിട്ടാന്‍
ആ പാവം
താണ്ടിയ ദൂരങ്ങളും
സഹിച്ച ത്യാഗങ്ങളും
ആര്‍ക്ക് അറിയാം
ആര്‍ക്ക് അറിയണം ?

ഓരോരുത്തര്‍ക്കും ഉണ്ട് ഓരോ നിയോഗം
ഓരോരുത്തര്‍ക്കും അവനവന്‍ ആവാനേ കഴിയൂ !!!


'കുട്ടികളെ തല്ലിയാല്‍ ജയിലില്‍ കിടക്കേണ്ടി വരും'



'കുട്ടികളെ തല്ലിയാല്‍ ജയിലില്‍ കിടക്കേണ്ടി വരും' എന്ന വാര്‍ത്ത കേട്ടതിന്റെ ഞെട്ടലില്‍ ഞാനിന്നലെ വീട്ടിലേക്കു വിളിച്ചപ്പോള്‍ രണ്ടാമത്തെ മോളോട് ചോദിച്ചു .
ഞാന്‍ നിന്നെ തച്ചിട്ടുണ്ടോ ?

നിമിഷ നേരം കൊണ്ട് തന്നെ ഉത്തരം വന്നു .
സീരിയസ് ആയി ഇത് വരെ അടിച്ചിട്ടില്ല . തമാശക്ക് കുറെ കിട്ടിയിട്ടുണ്ട് .
ങാഹാ . തമാശയ്ക്കോ .. അതേതാ ?

നിങ്ങള്‍ കമ്പ്യൂട്ടറില്‍ കുറെ നേരം ഇരുന്നു ബോറടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ എന്റെ കൈപ്പലക്ക് മെല്ലെ ഒരു അടി , പള്ളക്ക് ഒരു കുഞ്ഞു കുത്ത് , ചെവിയില്‍ പിടിച്ചു ഒരു കൊച്ചു തിരി . കവിളിലൊരു നുള്ള് ..
ഇതൊക്കെ കുറെ കിട്ടിയിട്ടുണ്ട് ...!!!

അതൊക്കെ ഒരു രസത്തിന് അല്ലേ ?
അതിനാണ് ഓമന നുള്ള് , ഓമനത്തല്ല് , ഓമനപ്പിച്ച് എന്നൊക്കെ പറയുക ..

അതെ അത് തന്നെ അല്ലെ ഞാനും പറഞ്ഞത് . തമാശക്ക് എന്ന്

പിന്നെ ..

പിന്നെ ..? ഇനിയും എന്തോ പറയാനുണ്ട്‌ എന്ന് തോന്നുന്നല്ലോ ..?

അതിനു മറുപടി 'ഏറനാടന്‍ ശ്ലാംഗില്‍ ' ആണ് വന്നത് !

'ങ്ങളെ മോന്ത കനത്താല്‍ ച്ചു പെരും പേടിയാ .. അപ്പൊ ങ്ങളെ മൊകം ആകെ കറുത്ത് കരു വാളിച്ചു കാണാന്‍ ഒരു രസവും ഉണ്ടാവൂലാ .. അപ്പൊ തോന്നും അടി കിട്ടുന്നതാ ചീത്ത പറയുന്നത്തിലേറെ നല്ലത് എന്ന് !!

ഗുഡ് . അപ്പോള്‍ സീരിയസ് ആയി ഒരു അടി പോലും മക്കളെ അടിക്കാത്ത എന്നെ ഞാന്‍ തന്നെ 'ബെസ്റ്റ് ഫാദര്‍' ആയി തെരഞ്ഞെടുത്തിരിക്കുന്നു ..
ഒന്ന് കയ്യടിച്ചേ ...!!!!

ഉപ്പാ കയ്യടിക്കാന്‍ വരട്ടെ ..

നുരഞ്ഞു പൊങ്ങിയ ആവേശം പെട്ടെന്ന് അവസാനിപ്പിച്ച്‌ ഞാന്‍ ചോദിച്ചു .
എന്തേ ?

അപ്പോള്‍ അവള്‍ ഒരു മറു ചോദ്യം എനിക്ക് നേരെ ..
നിങ്ങള്‍ ബെസ്റ്റ് ഫാദര്‍ ആയതെങ്ങിനെ ?
നല്ല മനസ്സുള്ള അച്ഛന്‍ ആയത് കൊണ്ട് തന്നെ ...
അല്ല
പിന്നെ ?

പിന്നെ .. പിന്നെ .. പിന്നെ..

എന്താ ഒരു പിന്നെയും പിന്നെയും പിന്നെ ..

നിങ്ങളുടെ മകള്‍ 'ബെസ്റ്റ് ഡോട്ടര്‍' ആയതോണ്ടാ നിങ്ങള്‍ ബെസ്റ്റ് ഫാദര്‍ ആയത് .
ഇത് വരെ സീരിയസ് ആയ ഒരു അടിക്കു പോലും കാരണം ഉണ്ടാക്കാത്ത കുട്ടി എന്ന നിലക്ക് ആ ക്രെഡിറ്റ് എനിക്കാണ് .. അപ്പൊ ഞമ്മള് പറഞ്ഞു വരുന്നത് എന്താച്ചാല്‍
'നല്ല മക്കളാണ് നല്ല രക്ഷിതാക്കളെ സൃഷ്ടിക്കുന്നത് !!!
ഒന്ന് കയ്യടിച്ചേ ...!!!

'സയന്റിഫിക് കാല്‍കുലേറ്റര്‍'


ഞാനിന്നു നാട്ടിലേക്ക് വിളിച്ചപ്പോള്‍ മോള് പറഞ്ഞു . ഒരു 'സയന്റിഫിക് കാല്‍കുലേറ്റര്‍' വേണം എന്ന് അടുത്ത് തന്നെ ആരെങ്കിലും പോരുമ്പോള്‍ കൊടുത്തയക്കാം എന്ന് പറഞ്ഞു
.
ഓര്‍മ്മകളില്‍ അപ്പോള്‍ 'ഓര് രണ്ടു രണ്ടേ , ഈരണ്ടു നാലേ , മൂരണ്ടു ആറെ
എന്ന താളാത്മകമായ ചൊല്ലിപ്പഠിക്കല്‍ ദൂരെ നിന്നെന്ന വണ്ണം ഒഴുകി എത്തി .

അത് മന :പാഠമാക്കാന്‍ എത്ര ഉറക്കം ഒഴിച്ചതാണ് ചൂരല്‍ കഷായം എത്ര കിട്ടിയതാണ് .

ഉറക്കില്‍ പോലും ഏഴു ഏഴു എത്ര എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉടന്‍ എഴുന്നേറ്റ് നിന്ന് ഉറക്കെ പറയും : നാല്പത്തി ഒമ്പത് എന്ന് .

ഹരണവും ഗുണനവും വ്യവകലനവും ലാസാഗു വും ഉസാഘയും എന്തൊക്കെയായിരുന്നു .
ഒന്നും പറയണ്ട !!! ഇന്നോ ? ആദ്യം കാല്‍ കുലേറ്റര്‍ വന്നു . ഇപ്പോള്‍ കമ്പ്യൂട്ടറും എക്സലും ...
ഇനി എന്തൊക്കെ വരാനിരിക്കുന്നു .

കോപ്പി എഴുതി എഴുതി കയ്യക്ഷരം നമ്മളൊക്കെ എത്ര നന്നാക്കി ?
അതിന്റെ പേരിലും കിട്ടിയില്ലേ നമുക്കൊക്കെ ചുട്ട അടികള്‍

ടീച്ച ര്‍ കൈകൂട്ടിപ്പിടിച്ചു എഴുതാന്‍ പഠിപ്പി ച്ചില്ലേ നമ്മളെ യൊക്കെ .
കോപ്പി ബുക്കിനു എത്ര കാശ് കളഞ്ഞു ? 'വെരി ഗുഡ് ' എന്ന് ചെമന്ന മഷിയില്‍ ടീച്ചറെ ഒപ്പ് സഹിതം കിട്ടിയാല്‍ നിധി കിട്ടിയ സന്തോഷം ആയിരുന്നു . അന്ന് കുറെ കോപ്പി എഴുതി കൊള്ളാവുന്ന കയ്യക്ഷരം ആയത് കൊണ്ട് ഒരു ഗമയൊക്കെ ഉണ്ടായിരുന്നു

കയ്യെഴുത്ത് മാസികകളില്‍ നല്ല കയ്യക്ഷരം ഉള്ള കുട്ടികളെ ക്കൊണ്ടാണ് എഴുതിപ്പിച്ചിരുന്നത് .
കയ്യക്ഷരം ഒരു വിധം നന്നായത് കൊണ്ട് ഹീറോ ആയത് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് .

ഓട്ടോ ഗ്രാഫില്‍ പെരെഴുതി കൊടുക്കാന്‍ ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും ക്യൂ നില്ക്കും .
നല്ല കയ്യക്ഷരത്തെ ഓര്‍ ത്തു അഭിമാനിച്ച കാലം .

ഇന്ന് കയ്യക്ഷരം ഇല്ല . കുത്തി കുത്തി എഴുതുന്ന അക്ഷരം 'കുത്തക്ഷരം' ആണുള്ളത് .
അന്ന് എഴുതാന്‍ ചുരുങ്ങിയത് കയ്യിലെ മൂന്നു വിരലുകളും മറ്റു വിരലുകളുടെ സഹകരണവും വേണം . ഇന്നോ ? ഒരൊറ്റ വിരലായാലും മതി . കുത്തിക്കുത്തി 'എഴുതാന്‍' . കുത്തിക്കുറിക്കുക എന്ന ഒരു പ്രയോഗം ഉണ്ടായിരുന്നു പണ്ട് . അത് ഏറെ യോജിക്കുക ഇന്നത്തെ എഴുത്തിനു ആണ് 'കുത്തി ' കുറിക്കുക

ഒരു കാലത്ത് കടലാസില്ലാതെ , മഷി ഇല്ലാതെ , പേന ഇല്ലാതെ എഴുതാന്‍ പറ്റില്ല എന്നൊക്കെ വിചാരിച്ചിരുന്ന നമ്മള്‍ ഇന്ന് അതൊന്നും ഇല്ലാതെ എഴുതുന്നു വായിക്കുന്നു .

ലോകം എത്രയാണ് മാറിയത് . എത്ര വേഗത്തിലാണ് വികസിച്ചത് ?
ഇനി നാം കാണാത്തതും അനുഭവിക്കാത്തതും എന്തൊക്കെ നമ്മുടെ വരും തലമുറ അനുഭവിക്കാനിരിക്കുന്നു .

ഇന്ന് മഹാ സംഭവം എന്ന് കരുതുന്ന പലതും നാളെ വെറും ഓര്‍മ്മ മാത്രമാകും ..

എനിക്ക് തോന്നുന്നു . മുമ്പൊരിക്കല്‍ എഴുതിയ പോലെ സ്കൂളുകളും കോളെജുകളും ഒന്നും ഇല്ലാത്ത കാലം വരാനിരിക്കുന്നു എന്ന് . വീട്ടിലിരുന്നു പഠിച്ചു പരീക്ഷ എഴുതി പാസ്സായി ജോലി നേടുന്ന ഒരു കാലം വരും . എല്ലാം ഓണ്‍ ലൈനില്‍ .

അവിശ്വസിക്കേണ്ട കാര്യം ഒന്നും ഇല്ല . ഞാനിതു എഴുതുന്ന , നിങ്ങള്‍ ഇത് വായിക്കുന്ന , ഇങ്ങനെ ഒരു സംവിധാനം കുറച്ചു വര്‍ഷങ്ങള്ക്ക് മുമ്പ് നമുക്ക് ആലോചിക്കുവാന്‍ പോലും
കഴിയുമായിരുന്നോ ?

ലോകം നമ്മുടെ വിരല്‍ത്തുമ്പി ലേക്ക് അടുത്തു അടുത്ത് വന്നു കൊണ്ടിരിക്കുന്നു .
അതിനോടൊപ്പം ഊഷ്മളമായ ബന്ധങ്ങളും ആത്മാര്‍ ത്ഥമായ സൌഹൃദവും സ്നേഹവും അകന്നു അകന്നു പോയിക്കൊണ്ടിരിക്കുന്നു . മനുഷ്യന്‍ അവനുപയോഗിക്കുന്ന യന്ത്രങ്ങളെ പോലെ ആവശ്യത്തിനു ഉപയോഗിക്കുന്ന , കാര്യം കഴിഞ്ഞാല്‍ ഒഴിവാക്കുന്ന , പുതിയത് കാണുമ്പോള്‍ പഴയത് മറക്കുന്ന തരത്തിലെക്കും തലത്തിലേക്കും മാറിക്കൊണ്ടിരിക്കുന്നു .
കാലവും സംവിധാനങ്ങളും സൌകര്യങ്ങളും മാറുന്നതിനൊത്ത് അതിലേറെ വേഗതയില്‍ നമ്മളും നമ്മുടെ മനസ്സും മാറിക്കൊണ്ടിരിക്കുന്നു ..


മുരിങ്ങ കുത്തിയാല്‍ ചുരങ്ങ കായ്ക്കില്ല .



കുടുംബം കൂടെയുള്ള സമയത്ത് ഞങ്ങള്‍ ചിലപ്പോള്‍ ഇവിടുത്തെ പേര് കേട്ട സൂപ്പര്‍ മാ ര്‍ ക്കറ്റ് കളില്‍ ഒന്നായ 'പാണ്ട' യിലേക്ക് പോകാറുണ്ട് . വില പൊതുവെ കൂടുതലാണെങ്കിലും എല്ലാം ഒരു കുടക്കീഴില്‍ കിട്ടും എന്ന സൌകര്യവും പൊതുവെ നല്ല സാധനങ്ങള്‍ ആണ് അവിടെ ഉണ്ടാവുക എന്നത് കൊണ്ടും ആണ് അങ്ങോട്ട്‌ പോകാറ് .

ചിലപ്പോള്‍ ചില ഓഫറും ഉണ്ടാകും .

അവിടെ എത്തിയാല്‍ മക്കള്‍ രണ്ടു ലഗ്ഗേജ് കാര്യര്‍ എടുക്കും .
ഒന്ന് സാധങ്ങന ങ്ങള്‍ ഇടാനും മറ്റൊന്നു ഒക്കത്തുള്ള 'ആളെ' അതില്‍ വെക്കാനും . മോനെ അതിലിരുത്തിയാല്‍ സുഖമായി ഉന്തിയാല്‍ മതി . എടുത്തു നടക്കേണ്ട .
ശ്രീമതിയും മക്കളും സാധനങ്ങള്‍ എടുക്കും ഞാന്‍ മോനെ ഉന്തിക്കൊണ്ടു അവരുടെ പിന്നിലും നടക്കും .

അവിടെ കേറിയ പാടെ കുട്ടി ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും
സണ്‍ ടോപ്‌ , ഹോപ്‌ , ചോക്ലേറ്റ് അങ്ങനെ .

ഇത്തരം സാധനങ്ങള്‍ എടുത്തു കുടിച്ചു അതിന്റെ ബോട്ടിലും മിഠായി യുടെ പൊതിയും ഒക്കെ കൂടുതല്‍ ആളുകളും അവിടവിടെ വലിച്ചെറിയുന്നത് കാണാം . കാരണം എല്ലാം എടുത്തു ബില്‍ അടക്കുമ്പോള്‍ ഇങ്ങനെ ആദ്യം എടുത്തു കഴിച്ച വസ്തുക്കളുടെ കവറോ ബോട്ടിലോ ഒക്കെ കാണിച്ചാലേ അവയുടെ സംഖ്യ ബില്ലില്‍ വരൂ . അല്ലെങ്കില്‍ അങ്ങനെ എടുത്തതും തിന്നതും ഒന്നും ആരും അറിയാന്‍ പോകുന്നില്ല .

അത്തരം ഒരു പാട് കള്ളന്മാരെയും കള്ളത്തികളെയും നേരിട്ട് കണ്ടിട്ടുണ്ട് . ഞാന്‍ കുട്ടികള്ക്ക് ആദ്യമേ പ്രത്യേകം നിര്‍ദ്ദേശം കൊടുക്കും . എന്ത് എടുത്തു കഴിച്ചാലും അതിന്റെ ബോട്ടില്‍ , അല്ലെങ്കില്‍ തെളിവ് ബില്‍ അടക്കുമ്പോള്‍ കാണിക്കണം എന്ന് .

അങ്ങനെ ചെയ്തില്ലെങ്കില്‍ ഏറി പോയാല്‍ അഞ്ചോ ആറോ റിയാല്‍ ലാഭം കിട്ടുമായിരിക്കും .
പക്ഷേ അത് നമ്മുടെ മക്കള്‍ കാണും . ഇത്തരം മോഷണം നാം അറിയാതെ അവരെ കൂടി പഠിപ്പിക്കലാവും ഫലത്തില്‍ ചെയ്യുന്നത് .

ഒരിക്കല്‍ ഞങ്ങള്‍ അങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ ഒരു മലയാളി എന്നോട് പറഞ്ഞു : ഇതൊക്കെ ഇവിടെ വരുന്ന എല്ലാവരും ചെയ്യുന്നതാ . പല കുട്ടികളും വയര്‍ ഫുള്ളാക്കിയിട്ടാ ഇവിടെ നിന്ന് പോകാറ് .. കണ്ടില്ലേ അവിടെയും ഇവിടെയും ചിതറിക്കിടക്കുന്നു കുടിച്ചു ഒഴിവാക്കിയ ടിന്നുകള്‍ . ചോക്ലേറ്റ് പൊതികള്‍ . അയാളെനിക്ക് കാണിച്ചു തന്നു .

ഞാന്‍ അയാളോട് പറഞ്ഞു . ആരെങ്കിലും ചെയ്യുന്നുണ്ട് എന്ന് കരുതി നാം ചെയ്യുന്നത് തെറ്റല്ലാതാകുമോ ? അയാള് എന്നെ ഒരു നോട്ടം നോക്കി . കടന്നു പോയി
നമ്മുടെ മക്കളെ നല്ലത് പഠിപ്പിക്കുന്നതും മോശം പഠിപ്പിക്കുന്നതും നമ്മള്‍ തന്നെയാണ് . മുരിങ്ങ കുത്തിയാല്‍ ചുരങ്ങ കായ്ക്കില്ല .



OO

സൂര്യകാന്തി


സൂര്യകാന്തി വിത്തുകളെ കുറിച്ചുള്ള ഒരു കഥ
മുമ്പെന്നോ വായിച്ചത് ഓര്‍ക്കുന്നു

ആരുടെ കഥയാണ് എന്ന് ഓര്‍മ്മയില്ല

നാട്ടിലേക്കു തിരിച്ചു പോകുന്ന ഒരു കുട്ടിയ്ക്ക് അവര്‍ താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്ത വീട്ടിലെ അമ്മൂമ്മ കുറച്ചു സൂര്യ കാന്തി വിത്ത്‌ കൊടുക്കുന്നു . മോനെ ഇത് വീട്ടിലെ പറമ്പില്‍ എവിടെയെങ്കിലും കുഴിച്ചിട്ടോളൂ എന്നും പറഞ്ഞാണ് കുട്ടിക്ക് വിത്തുകള്‍ കൊടുത്തത്

തീവണ്ടിയിലാണ് കുട്ടിയും അമ്മയും അച്ഛനും യാത്ര ചെയ്യുന്നത് .
കുട്ടി ആ വിത്തുകള്‍ ഒരു നിധി പോലെ കയ്യില്‍ തന്നെ കരുതി . ഇടയ്ക്കിടെ എടുത്തു നോക്കും . പിന്നെ കൂട്ടിപ്പിടിക്കും . പിന്നെയും പൊതി അഴിച്ചു നോക്കും . കൂട്ടിപ്പിടിക്കും .

തീവണ്ടി ഓടിക്കൊണ്ടിരിക്കെ വണ്ടിക്ക് വേഗത കൂടി . പുറത്തു നിന്ന് ശക്തമായ കാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങി . ഇടയ്ക്കെപ്പോഴോ കുട്ടി പൊതി തുറന്നു നോക്കുമ്പോള്‍ ശക്തമായ കാറ്റ് മൂലം പൊതി അടക്കം വണ്ടിയുടെ ജനാലയിലൂടെ പുറത്തേക്കു പാറിപ്പോയി .
കുട്ടിക്ക് വലിയ സങ്കടമായി . അവന്‍ കുറെ കരഞ്ഞു . അമ്മയും അച്ഛനും അവനെ സമാധാനിപ്പിച്ചു

വ ര്‍ ഷങ്ങള്‍ക്കു ശേഷം ആ കുട്ടി വലിയ ഒരാളായി അതെ വഴിയിലൂടെ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അയാള്‍ പഴയ കഥ ഓര്‍ത്തു . ആ അമ്മൂമ്മയെ ഓര്‍ത്തു . പറന്നു പോയ വിത്തുകളെ ഓര്‍ത്തു . ഒടുവില്‍ അന്ന് വിത്തുകള്‍ നഷ്ടമായ അതേ സ്ഥലത്ത് എത്തിയപ്പോള്‍ അദ്ദേഹം പുറത്തേക്ക് നോക്കി .
ആഹ്ലാദകരമായ ഒരു കാഴ്ചയാണ് അദ്ദേഹം കണ്ടത് .
ആയിരക്കണക്കിന് സൂര്യകാന്തിപ്പൂക്കള്‍ ഒന്നിച്ചു പൂത്തു നില്ക്കുന്ന അതി മനോഹരമായ കാഴ്ച !!!

കഥയില്‍ പറയുന്നില്ല എങ്കിലും അന്ന് ആ കഥ വായിച്ചപ്പോള്‍ എന്റെ മനസ്സിങ്ങനെ പറഞ്ഞു . ഒരു പക്ഷേ കഥയിലെ കഥാപാത്രം അന്നേരം
ഇങ്ങനെ ചിന്തിച്ചു കാണും .

ഇതാണ് നന്നായത് .അന്ന് ഏറെ സങ്കടപ്പെട്ടു എങ്കിലും ഇന്ന് ഈ കാഴ്ച എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു . കാരണം ഈ വിത്തുകള്‍ ഞാനെന്റെ വീട്ടില് കൊണ്ട് പോയി കൃഷി ചെയ്താലും അവ പുഷ്പിച്ചാലും എനിക്കോ എന്റെ നാട്ടിലെ കുറച്ചു ആളുകള്‍ക്കോ മാത്രമാണ് ഈ മനോഹരമായ കാഴ്ച കാണാന്‍ അവസരമുണ്ടാവുക .

എന്നാല്‍ ഇത് വഴി യാത്ര ചെയ്ത എത്രയെത്ര ആളുകളുടെ കണ്ണും മനസ്സും ആവും ഈ കാഴ്ച കുളിരണി യിച്ചിടുണ്ടാവുക .
അതിനു കാരണക്കാരനായ ഞാനൊരു ഭാഗ്യവാന്‍ തന്നെ .

അന്ന് ആ വിത്തുകള്‍ എനിക്ക് സമ്മാനിച്ച നിഷ്കളങ്കയായ
ആ അമ്മൂമ്മയുടെ ആത്മാവ് ഇത് കണ്ടു ഏറെ
സന്തോഷിക്കുന്നുണ്ടാവും ...!!!

നാം നമുക്ക് ദോഷമായി എന്ന് വിചാരിക്കുകയും അതോ ര്‍ ത്തു സങ്കടപ്പെടുകയും ചെയ്ത പലതും നന്നായി എന്ന് പിന്നീടു നമുക്ക് ബോധ്യപ്പെടും . അനുഭവം തന്നെ ഗുരു !!


നായിക്കാക്കൂ .





പ്രവാസിയായ മാനു അവധിക്കു നാട്ടില്‍ ചെന്നു . പെങ്ങന്മാരും കുട്ടികളും ഒക്കെയായി വീട് നിറച്ചും ആള്‍ക്കാര്‍ . കുട്ടികളുടെ ബഹളം .

നാട്ടില്‍ ചെന്നിറങ്ങിയതിന്റെ പിറ്റേന്ന് സിറ്റ് ഔട്ടില്‍ പത്രം വായിച്ചു ഇരിക്കുകയായിരുന്നു മാനു .
കുട്ടികള്‍ പലതും പറഞ്ഞു കലപില കൂട്ടുന്നു . അവന്‍ ശ്രദ്ധിച്ചു . അവര്‍ വൃത്തി കെട്ട പദങ്ങള്‍ ഒക്കെയാണ് ഉപയോഗിക്കുന്നത് . നായയും പട്ടിയും പന്നിയും ഒക്കെ നാവുകളില്‍ നിന്ന് മാറി മാറി പുറത്തു വരുന്നു . ഇത് കേട്ടു സഹിക്ക വയ്യാതെ അവരെ ഒന്ന് ഉപദേശിക്കാം എന്ന് വെച്ച് കുട്ടികളെ എല്ലാവരെയും അടുത്തേക്ക് വിളിച്ചു : എന്നിട്ട് പറഞ്ഞു .

മക്കളെ , മനുഷ്യനെ മൃഗങ്ങളുടെ പേര് വിളിക്കാന്‍ പാടില്ല .
നമുക്കൊക്കെ നമ്മുടെ ഉമ്മയും ഉപ്പയും ഓരോ നല്ല പേര് ഇട്ടിട്ടുണ്ട് . അതെ വിളിക്കാവൂ . ചീത്ത കുട്ടികളെ അങ്ങനെ യൊക്കെ പറയൂ . ഇനി ആരും അങ്ങനെയൊന്നും വിളിക്കരുത് ...!!!

അത് കേട്ട് ചിറി കോട്ടി കൂട്ടത്തിലെ ഒരു വില്ലന്‍ അമ്മാവന്റെ മുഖത്തു നോക്കി പറഞ്ഞു :

''ഒന്ന് പോടാ നായിക്കാക്കൂ .....''

ഈ കഥ അവധി കഴിഞ്ഞു തിരിച്ചു വന്ന മാനു റൂമില്‍ വളരെ വിഷമത്തോടെ അവതരിപ്പിച്ചു . ഇപ്പോഴത്തെ മക്കളെ ഒന്ന് ഉപദേശിക്കാന്‍ പോലും പേടിക്കണം . കാലം പോയ ഒരു പോക്കേ ... "

അന്ന് തന്നെ മറ്റൊന്ന് കൂടി സംഭവിച്ചു !
മാനു വിനു ഒരു പുതിയ പേര് വീണു
''നായിക്കാക്കു '' !!!

ഇന്ന് ആര്‍ക്കും മാനു എന്ന് പറഞ്ഞാല്‍ ആളെ അറിയില്ല
എന്നാലോ 'നായി കാക്കു' എന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും

* കേട്ട കഥ എന്റെ ഭാഷയില്‍ *


ചില സ്ത്രീ പക്ഷ ചിന്തകള്‍



ഭാര്യ എന്ന പദത്തേക്കാള്‍ നല്ല പ്രയാഗം 'നല്ല പാതി' എന്നോ
'സഹധര്‍ മ്മിണി' എന്നോ ആണ് .
നല്ല പാതിയുടെ ഇംഗ്ലീഷ് 'ബെറ്റര്‍ ഹാഫ് ' ഒരു പക്ഷെ നമ്മള്‍ മലയാളികള്‍ ഇംഗ്ലീഷീകരിച്ചതാവണം . അറബിയിലെ പ്രയോഗം 'സൌജ' എന്നാണു .
'ഇണ' എന്ന അര്‍ത്ഥം . അതും വല്ലാത്ത ഒരു അടുപ്പം സൃഷ്ടിക്കുന്ന പ്രയോഗം ആണ്

ഭാര്യ എന്ന പദം ഭരിക്ക പ്പെടുന്നവ ള്‍ എന്നു ധ്വനിപ്പിക്കുന്നുണ്ട്
അത് വഴി ഒരു പുരുഷ മേധാവിത്വത്തിന്റെ ലാഞ്ചന ആ പദത്തിലുണ്ട് .

എന്നാല്‍ നല്ല പാതി , ഇണ എന്നൊക്കെ പറയുമ്പോള്‍ അവിടെ ഒരു ഇണക്ക ത്തിന്റെ ശ്രുതി യുണ്ട് . പൂര്‍ണ്ണതയുടെ സ്വരം ഉണ്ട് .

പാതിയും പാതിയും ചേര്‍ന്നാലേ ഒന്നാവൂ എന്നും രണ്ടും കൂടി ചേരുമ്പോഴേ ജീവിതം പൂര്‍ണ്ണ മാകൂ എന്നുമൊക്കെ പാതി എന്ന സംജ്ഞ ധ്വനിപ്പിക്കുന്നു . അതില്‍ ഒരു സമത്വ ത്തിന്റെ ഇഴയടുപ്പം കാണാം . 'ഇരുമെയ്യാണെങ്കിലും മനം ഒന്ന് 'എന്ന കണ്‍സപ്റ്റ് ഈ പ്രയോഗത്തിലുണ്ട് .
ഇണ എന്ന പ്രയോഗത്തിലും കാണാനാവും ഇങ്ങനെ ചില ഹൃദ്യമായ ധ്വനികള്‍
ഇണക്കം തന്നെ ആദ്യം കടന്നു വരുന്ന ധ്വനി . ഒറ്റയ്ക്ക് എന്ന അപൂര്‍ണ്ണതയെ പൂര്‍ണ്ണത എന്ന തലത്തിലേക്ക് എത്തിക്കുന്നു ഇണ എന്ന പ്രയോഗവും . ഇവിടെയും കാണാം ഒന്നിച്ചു
ഒരുമിച്ചു എന്നൊക്കെയുള്ള ജിവിത വഴിയുടെ അനിവാര്യതയുടെ സൂചന . സമത്വത്തിന്റെ ഒരു നൂലിഴ ഈ പ്രയോഗത്തിലും ഉണ്ട് .

സ്ത്രീകളെ പൊതുവെ പറയാന്‍ ഉപയോഗിക്കുന്ന സംജ്ഞ കളിലും
ഉണ്ട് ഇത്തരം അന്തര്‍ലീനമായ അര്‍ ത്ഥവും അര്‍ ത്ഥ വ്യത്യാസവും .
പെണ്ണ് , സ്ത്രീ , വനിത , മഹിള ..
ഇക്കൂട്ടത്തില്‍ വനിത എന്ന പ്രയോഗത്തിനാണ് കൂടുതല്‍ മിഴിവ് എന്ന് തോന്നുന്നു .
പെണ്ണ് എന്ന പ്രയോഗത്തിലും വരുന്നുണ്ട് ഒരു പുരുഷ മേധാവിത്വം
'എന്തായിട്ടെന്തു നീ വെറും ഒരു പെണ്ണാണ് ' എന്ന് പറയുമ്പോഴുള്ള സ്ത്രീ സമൂഹത്തോടുള്ള അവജ്ഞ ആ പ്രയോഗത്തില്‍ ഉണ്ട് .

മഹിള എന്ന വാക്ക് ലഹള എന്ന പദത്തോട് അടുത്ത് നില്ക്കുന്നത് കൊണ്ട് സ്ത്രീകള്‍ എവിടെയുണ്ടോ അവിടെ യൊക്കെ കലഹവും ഉണ്ട് എന്ന ഒരു ഇകഴ്ത്തലിന്റെ സ്വരം വരുന്നുണ്ട് . നാല് തലകള്‍ ചേരും പക്ഷേ നാല് മുലകള്‍ ചേരില്ല എന്ന നമ്മുടെ സ്വന്തം പഴഞ്ചൊല്ലും ഈ കലഹ മനോഭാവത്തെ സൂചിപ്പിക്കുന്നുണ്ട് .

ഇവിടെ പൊതുവെ സ്ത്രീകളെ പറയുന്നത് 'ഹുര്‍മ' എന്നാണ്

'പവിത്ര' എന്നും 'ആദരിക്കപ്പെടുന്നവള്‍ ' എന്നും 'പരിശുദ്ധ' എന്നുമൊക്കെ അര്‍ത്ഥ തലങ്ങളുണ്ട് ആ പദത്തിന് . പൊതു വ്യവഹാരങ്ങളില്‍ ആ ആദരവും ബഹുമാനവും നമുക്ക് പ്രകടമായി മനസ്സിലാവും .

സ്ത്രീ വെറും ഒരു ഉപഭോഗ വസ്തു , എന്ന പഴയ പുരുഷാധിപത്യ സമീപനത്തില്‍ നിന്ന് ഒരു പാട് മാറ്റം വന്നിട്ടുണ്ട്. എങ്കിലും സ്ത്രീകളെ ബഹുമാനിക്കുന്ന , അവള്ക്കും സമൂഹത്തില്‍ സ്ഥാനം കല്പ്പിക്കുന്ന , അവളുടെ വാക്കിനും വിലയുള്ള ഒരവസ്ഥയിലേക്കു
മെല്ലെ മെല്ലെ ആണെങ്കിലും നമ്മുടെ മനസ്സുകള്‍ ഒരു പരിധി വരെ ഇപ്പോള്‍ പരിവര്‍ ത്തനം ചെയ്യപ്പെട്ടിടുണ്ട്.

'ചരക്ക്' 'സാധനം' 'പീസ്‌' എന്നൊക്കെയുള്ള പഴയ, വൃത്തി കെട്ട , വ്യാപകമായിരുന്ന പ്രയോഗങ്ങള്‍ ഇന്ന് തുലോം കുറവാണ് എന്ന് തോന്നുന്നു .

സ്ത്രീകളെ ആദരിക്കുന്ന , ബഹുമാനിക്കുന്ന , മാനിക്കുന്ന , ഒരു നല്ല കാലം എന്നെങ്കിലും
വരുമെന്ന് നമുക്ക് ആശിക്കാം .


അത് കഴിഞ്ഞേ മറ്റെന്തും വരൂ !!!


ഇന്നലെ പള്ളിയിലേക്ക് പോകുമ്പോള്‍ വഴിയോരത്ത് ഞാനൊരു അമ്മയെയും കുഞ്ഞിനേയും കണ്ടു .

ആ അമ്മ പ്രസവിച്ചിട്ട് അധികം ഒന്നും ആയിട്ടില്ല .
അമ്മ കുഞ്ഞിനെ നാവു കൊണ്ട് നക്കി നക്കി തലോടി സ്നേഹം പ്രകടിപ്പിക്കുന്നു . കുഞ്ഞ് അമ്മയുടെ ശരീരത്തിലൂടെ ഓടിയും ചാടിയും ഇടയ്ക്കിടെ അമ്മയ്ക്ക് ഉമ്മ കൊടുത്തും അമ്മയെ ചുറ്റിപ്പറ്റി കളിച്ചു ചിരിച്ചു നടക്കുന്നു .

അമ്മ എല്ലാറ്റിനും സ്വയം മറന്നു കിടന്നു കൊടുക്കുകയാണ്
ഇത്തിരി നേരം ആ അമ്മപ്പൂച്ചയെയും കുഞ്ഞിനേയും നോക്കി നിന്ന് ഞാന്‍ പള്ളിയിലേക്ക് പോയി

നിസ്ക്കാരം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അതെ സ്ഥലത്ത് തന്നെയുണ്ട്‌ രണ്ടാളും .

പെട്ടെന്ന് ഒരു കാര്‍ ഇരമ്പി പാഞ്ഞു വന്നു .
ശബ്ദം കേട്ട് പേടിച്ച് ആ കുഞ്ഞ് ഓടിയത് റോഡിലേക്ക് ആണ് !

അതിന്റെ കുഞ്ഞു തലയിലൂടെ ഒരു ചക്രം കേറിയിറങ്ങുന്നത് ഞാന്‍ വേദനയോടെ കണ്ടു .

ആ അമ്മ ആ രംഗം കണ്ടു ഹൃദയം തകര്‍ന്നു നോക്കി നില്‍ക്കുകയാണ് . ഒന്ന് കരയാനോ മാറത്തടിക്കാനോ കഴിയാതെ .

റോഡിന് നടുവില്‍ കിടന്നു പിടയുന്ന കുഞ്ഞിന്റെ അടുത്തേക്ക്‌ പോകാന്‍ ആ അമ്മ ഒന്ന് ശ്രമിക്കും .
അപ്പോഴേക്കും ഒരു വാഹനം വരും . അമ്മ പിറകോട്ടു മാറും .
പിന്നെയും പിന്നെയും ഇത് തന്നെ ആവര്‍ത്തിച്ചപ്പോള്‍
ഞാന്‍ ഒരു കാര്യം ചെയ്തു .

റോഡിന്റെ നടുവില്‍ നിന്ന് ആ കുഞ്ഞിനെ എടുത്തു ഒരരികിലേക്ക് കിടത്തി .
ആ അമ്മ കുഞ്ഞിന്റെ മുഖം മതിവരുവോളം അവസാനമായി ഒന്ന് കണ്ടോട്ടെ എന്ന് കരുതി . ആ അമ്മ എന്റെ മുഖത്തേക്ക് നന്ദിയോടെ ഒന്ന് നോക്കി .

ആ അമ്മ മരിച്ചു പോയ കുഞ്ഞിനെ ചുറ്റിപ്പറ്റി തന്നെ നില്‍ക്കുന്നതും അത് ശബ്ദമില്ലാതെ കരയുന്നതും നോക്കി വേദനയോടെ ഞാന്‍ കുറെ നേരം നിന്നു

സ്വന്തം കണ്മുമ്പില്‍ വെച്ച് മാറോടു ചേര്‍ത്ത് വെച്ചിരുന്ന കുഞ്ഞിന്റെ തല പൊട്ടിച്ചിത റു ന്നത് വെറും ഒരു ജീവി മാത്രമായ ഒരു അമ്മപ്പൂച്ചക്ക് പോലും സഹിക്കുന്നില്ല

ഞാന്‍ അപ്പോള്‍ ഓര്‍ത്തത് ഗാസയിലെ അമ്മമാരെയും അവരുടെ മാറില്‍ നിന്ന് തെറിച്ചു പോയി തല പൊട്ടിച്ചിതറിയ നിരപാരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളെയുമാണ്‌ .

ഏതെങ്കിലും ഒരമ്മയ്ക്ക് കഴിയുമോ ഇത്തരം രംഗങ്ങള്‍ കണ്ടു നില്‍ക്കാന്‍ ?
തോരുമോ ഈ അമ്മാരുടെ കണ്ണീര്‍ ?
തീരുമോ ഈ രക്തക്കൊതി ?

ലോകത്തിലെ ഏറ്റവും വലിയ ഭീകര പ്രവര്‍ത്തനം
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ ഇവ്വിധം
നിര്‍ദയം നിഷ്ക്കരുണം കൊന്നൊടുക്കുന്നതാണ് !!!
അത് കഴിഞ്ഞേ മറ്റെന്തും വരൂ !!!

ആ നിലക്ക് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രം ഇസ്രയേല്‍ ആണ് . അവര്‍ക്ക് ആയുധവും പിന്തുണയും നല്‍കുന്ന അമേരിക്കയും !!!


ബോട്ട് യാത്ര





നമ്മുടെ പ്രധാനപ്പെട്ട സഞ്ചാര വഴികള്‍ മൂന്നാണ് .
കര, ആകാശം , ജലം . ഇതില്‍ ഏറ്റവും കൂടുതല്‍ നാം യാത്ര ചെയ്യുന്നത് കരയിലൂടെയാണ് . ഒരോ യാത്രയും ഓരോ തരം അനുഭൂതിയാണ് നമുക്ക് സമ്മാനിക്കുക . ബസ്സ് യാത്ര തരുന്ന സുഖം അല്ല തീവണ്ടി യാത്ര നല്‍കുക .
കാര്‍ യാത്രയുടെ സുഖം അല്ല ബൈക്ക് യാത്ര യ്ക്ക് .
ആകാശ യാത്രയുടെ സുഖം അല്ല ജല യാത്രയ്ക്ക് .

കരയിലൂടെയും , ആകാശത്തൂടെയും ഉള്ള യാത്രകള്‍ ഇന്ന് നമുക്ക് അത്ര അപൂര്‍വമല്ല . പക്ഷേ ജല യാത്ര അപൂര്‍വ്വം തന്നെ .

അത് കൊണ്ടാവാം ഒരു ചെറിയ ചങ്ങാടത്തില്‍ പോകുന്നത് പോലും നമുക്ക് വല്ലാതെ ഹൃദ്യമായി അനുഭവപ്പെടുന്നത് . ഏറ്റവും ശുദ്ധമായ വായു ശ്വസിച്ചു കുളിര്‍ക്കാറ്റേറ്റ് ഉള്ള ജല യാത്രകളുടെ സുഖം
ഏതായാലും മറ്റൊരു യാത്രക്കും കിട്ടില്ല .

ഇത്രയും ആമുഖമായി പറഞ്ഞത് , വളരെ നാളുകള്‍ക്കു ശേഷം വീണു കിട്ടിയ ഒരു ജലയാത്രയെ ക്കുറിച്ചുള്ള അനുഭവങ്ങള്‍ നിങ്ങളുമായി പങ്കു വെക്കാനാണ് . .

കഴിഞ്ഞ പെരുന്നാള്‍ ഒന്നിനായിരുന്നു യാത്ര .
ജിദ്ദ എസ് വൈ എസിന്റെ 'അല്‍ മവദ്ദ ' കുടുംബ വേദിയാണ് യാത്ര സംഘടിപ്പിച്ചിരുന്നത് . ഇവിടെ നിന്ന് ചെറിയ പെരുന്നാള്‍ ദിനത്തിലാണ് പൊതുവേ ഇത് പോലെയുള്ള യാത്രകള്‍ നടക്കാറുള്ളത് .

ജിദ്ദ 'അബ് ഹൂറില്‍ 'നിന്നാണ് യാത്ര . ബഹ്ര്‍ എന്ന പദത്തിന്റെ അര്‍ഥം സമുദ്രം എന്നാണു . അതിന്റെ ബഹുവചനം ആണ് അബ് ഹൂര്‍ .

വൈകുന്നേരം അഞ്ചു മണിയോടെ യാത്രികരെല്ലാം ബോട്ടിലെത്തി ചേര്‍ന്നു . ഇരുനൂറോളം സ്ത്രീ പുരുഷന്മാരും അമ്പതോളം കുട്ടികളും അടങ്ങുന്ന വലിയ ഒരു സംഘം ആണ് യാത്രക്കു തയ്യാറായി എത്തിയത് .

കൃത്യം അഞ്ചരയ്ക്ക് ഞങ്ങളുടെ ബോട്ട് നീങ്ങി തുടങ്ങി .
ചെങ്കടലിനോട് ചേര്‍ന്ന കായലിലൂടെയാണ് യാത്ര . ബോട്ടിനകത്ത് പ്രത്യേകം സജ്ജമാക്കിയ കസേരകളും മേശകളും .

ഗ്ലാസ് ജനാലയിലൂടെ കായലിന്റെ ഭംഗി ആസ്വദിച്ചും സ്ത്രീകളും കുട്ടികളും കുടുംബങ്ങളും കുറച്ചു നേരം സൌഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടും സമയം കളഞ്ഞു .

വെയില്‍ ഒന്നാറി യപ്പോള്‍ എല്ലാവരും ബോട്ടിന്റെ മുകളിലേക്ക് കേറി തുടങ്ങി . ഓപ്പണ്‍ എയര്‍ ആയി കിടക്കുന്ന ബോട്ടിന്റെ മുകള്‍ ഭാഗത്ത് നിന്ന് നോക്കിയാല്‍ കണ്ണെത്താ ദൂരം വരെ കടല്‍ കാണാം . കായലിന്റെ മനോഹാരിത മുഴുവനും കണ്ണുകള്‍ കൊണ്ട് ഒപ്പിയെടുക്കാം .

പെരുന്നാള്‍ ആയതു കൊണ്ട് കായലില്‍ നിറയെ കൊച്ചു ബോട്ടുകളുണ്ട് .
ഫ്രീക്കന്‍ പയ്യന്മാര്‍ റോഡില്‍ ബൈക്ക് കൊണ്ട് അഭ്യാസം കാണിക്കും പോലെ ജല ബൈക്കുകള്‍ ഉപയോഗിച്ച് ആര്‍മാദിക്കുന്ന രംഗങ്ങള്‍ ഒന്ന് കാണേണ്ടത് തന്നെ . ഡോള്‍ഫിനുകള്‍ വെള്ളത്തില്‍ നിന്ന് മുകളിലേക്ക് പൊങ്ങും പോലെയാണ് കൊച്ചു ബോട്ടുകളില്‍ പയ്യന്മാര്‍ ഉയര്‍ന്നും താഴ്ന്നും സാഹസികമായും ജല ബോട്ടുകള്‍ ഓടിച്ചു 'കളിക്കുന്നത് '

മറ്റൊരു വശത്ത്‌ നീരാട്ട് മഹാമഹം നടക്കുന്നു . ആയിരക്കണക്കിന് ആളുകള്‍ കടല്‍ കുളിക്ക് വേണ്ടി വന്നിരിക്കുന്നു . ആഴം കുറഞ്ഞ ഭാഗങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും ജല ക്രീഡ നടത്തുകയാണ് .
ആ കാഴ്ചകള്‍ കന്യാകുമാരിയില്‍ ചെന്ന പ്രതീതി യാണ് സൃഷ്ടിച്ചത് .
പശ്ചാത്തലത്തില്‍ ജിദ്ദയിലെ അനുഗൃഹീത ഗായകരുടെ - ഗഫൂര്‍ കുറ്റ്യാടി ആന്റ് പാര്‍ട്ടിയുടെ 'സംകൃത പമകിരി '

നേരം ഇരുട്ടി തുടങ്ങുകയാണ് . ഇരുട്ടിന്റെ പുതപ്പു മെല്ലെ മെല്ലെ കായലിനെ കണ്ണുകളില്‍ നിന്ന് മറച്ചു തുടങ്ങി . അപ്പോഴേക്കും ദൂരെ നിന്ന് മഗ് രിബ് ബാങ്ക് കായലിളെ ഓളങ്ങളെ തഴുകി തലോടി കാതുകളില്‍ വന്നു അലയടിച്ചു .

യാത്രയ്ക്ക് നേതൃത്വം കൊടുക്കുന്ന സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ , കരീം ഫൈസി കീഴാറ്റൂര്‍ , അലി മൌലവി നാട്ടുകല്‍ തുടങ്ങിയവര്‍ ബോട്ടില്‍ വെച്ചുള്ള നിസ്ക്കാരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി .

അങ്ങനെ കായല്‍ പരപ്പില്‍ ഒരു സമൂഹ സന്ധ്യാ നമസ്ക്കാരം .
ഒരേ വിചാരത്തോടെ , ഒരേ കേന്ദ്രത്തിലേക്ക്, ഒരേ മന്ത്രം ഉരുവിട്ടുകൊണ്ട് കരയും ആകാശവും കടലും സൃഷ്‌ടിച്ച നാഥന്റെ മുമ്പില്‍ സാഷ്ടാംഗ പ്രണാമം !!


നിസ്ക്കാരം കഴിഞ്ഞ ഉടനെ ഭക്ഷണം കഴിച്ചിട്ടാവാം മറ്റു പരിപാടികള്‍ എന്ന യാത്രാ സംഘത്തലവന്റെ നിര്‍ദേശം അനുസരിച്ച് അതിനുള്ള നടപടികള്‍ സവാദ് പേരാമ്പ്രയുടെ നേതൃത്വത്തില്‍ തകൃതിയായി നടന്നു .

ഭക്ഷണം കഴിച്ചു കഴിഞ്ഞ് എല്ലാവരും ബോട്ടിന്റെ മുകള്‍ തട്ടിലേക്ക് കേറി സീറ്റ് പിടിച്ചു . എന്തൊക്കെയോ 'കാര്യമായി' നടക്കാനുണ്ടെന്നു നേരത്തെ തന്നെ ചില അനൌന്‍സ് മെന്റിലൂടെ മനസ്സിലാക്കിയത് കൊണ്ടാവും എല്ലാവരുടെ മുഖത്തും പ്രതീക്ഷയുടെ ഒരു മിന്നലാട്ടം കാണാമായിരുന്നു .

പരിപാടി ആരംഭിക്കുകയായി .
കായലില്‍ , രാത്രി വന്നു തപസ്സു തുടങ്ങിയിട്ടുണ്ട് .
അതുകൊണ്ട് ഇനി ആരുടെ ശ്രദ്ധയും അങ്ങോട്ട്‌ തിരിയുന്ന പ്രശ്നമില്ല .

ഉടന്‍ യാത്രാ തലവന്‍ അബ്ദുല്‍ കരീം ഫൈസി ജനങ്ങളെ അഭിമുഖീകരിച്ചു ഹ്രസ്വമായ ഒരു പ്രസംഗം നടത്തി .

ഒരു മാസക്കാലത്തെ റമദാന്‍ നമുക്ക് നല്‍കിയ ആത്മീയ വിശുദ്ധി കാത്തു സൂക്ഷിക്കണം എന്നും ആ ആത്മ സംസ്ക്കരണം നമ്മുടെ ജീവിതത്തില്‍ അടുത്ത റമദാന്‍ വരെ പ്രകടമായി കാണണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു .

അദ്ദേഹത്തിന്റെ പ്രസംഗം അവസാനിപ്പിച്ചത് ഇനി നമുക്ക് ചില വിജ്ഞാന നര്‍മ്മ പരിപാടികളിലേക്ക് പ്രവേശിക്കാം
എന്ന് പറഞ്ഞു കൊണ്ടായിരുന്നു .

ആ 'കടും കൈ' നടത്താന്‍ എന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത് ചില നമ്പരുകളൊക്കെ കയ്യിലുണ്ട് . അവ ഏശുമോ എന്ന ആശങ്കയിലായിരുന്നു ഞാന്‍ . പിന്നെ ആകെയുള്ള ഒരു സമാധാനം ആരും ഇറങ്ങി ഓടില്ല എന്നതായിരുന്നു
ഇത്തരം യാത്രകളില്‍ പരിപാടി അവതരിപ്പിക്കുന്നവരുടെ ഏക ആശ്വാസം അത് മാത്രമാണ്

മൈക്ക് എന്റെ കയ്യില്‍ തന്നു യാത്ര ക്യാപ്റ്റന്‍ സീറ്റിലിരുന്നു .

ഞാന്‍ ആദ്യമായി ചെറിയ ഒരു 'കത്തി' വെച്ചു .

ജീവിതത്തില്‍ നാമൊക്കെ വല്ലാതെ സീരിയസ് ആയി പോയിട്ടുണ്ടെന്നും ഒരു ചെലവു മില്ലാത്തതും ആര്‍ക്കും യഥേഷ്ടം നല്‍കാവുന്നതുമായ ഒരു ചെറു പുഞ്ചിരിയുടെ കാര്യത്തില്‍ പോലും നാം പിശുക്ക് കാണിക്കുന്നുണ്ട് എന്നും നര്‍മ്മ ബോധം നമ്മുടെ ജീവിത വിജയത്തിന് വലിയ ഗുണം ചെയ്യുമെന്നും ദാമ്പത്യ ജീവിതത്തില്‍ പോലും നര്‍മ്മത്തിന് വലിയ പ്രാധാന്യം ഉണ്ട് എന്നും ഒക്കെ വെച്ച് കാച്ചി !!

പല പൊട്ടിത്തെറികളും പൊട്ടിച്ചിരി ആക്കി മാറ്റാന്‍ നര്‍മ ബോധമുള്ളവര്‍ക്ക് സാധിക്കും എന്നും 'തട്ടി വിട്ടു' !

അത് സമര്‍ഥിക്കാന്‍ എന്റെ ഒരു കുഞ്ഞു 'കഥ' കിട്ടിയ അവസരം വെച്ച് ഉപയോഗപ്പെടുത്തുകയും ചെയ്തു .
അവസരം ചിലപ്പോള്‍ നമ്മെ തേടിവരും . ചിലപ്പോള്‍ നമ്മള്‍ അവസരത്തെ അങ്ങോട്ട്‌ തേടി പോകേണ്ടിയും വരുമല്ലോ .

കഥ ഇതാണ് .
പേര് ലളിത ഗാനം

രാത്രിയില്‍ കിടപ്പറയില്‍ അവളുടെ മുടിയിഴകളില്‍ തഴുകി തലോടി അവന്‍ അവളോട്‌ പറഞ്ഞു : എന്തൊരഴക് , എന്തൊരു മിനുപ്പ് , എന്തൊരു ന്മത്ത ഗന്ധം !!

പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ വറ്റുകള്‍ ക്കിടയില്‍ നിന്ന് ഒരു മുടിനാരിഴ വിരലിലുടക്കിയപ്പോള്‍ അവന്‍
അവളോട്‌ പൊട്ടിത്തെറിച്ചു .
എന്തായിത് ?

അവള്‍ വളരെ തന്മയത്വത്തോടെ ആ മുടിനാരിഴ കൈവെള്ള യിലെടുത്തു ഓമനിച്ചു കൊണ്ട് ഇങ്ങനെ പാടി
എന്തൊരഴക് , എന്തൊരു മിനുപ്പ് , എന്തൊരു ന്മത്ത ഗന്ധം !!

ഒരു പൊട്ടിത്തെറി എത്ര പെട്ടെന്നാണ് പൊട്ടിച്ചിരിയായി മാറിയത് !!
നര്‍മ ബോധമുള്ള ദമ്പതികള്‍ക്ക് വലിയ പൊട്ടിത്തെറി പോലും പൊട്ടിച്ചിരി ആക്കി മാറ്റാന്‍ കഴിയും എന്ന് ഇതിനോട് ചേര്‍ത്ത് പറഞ്ഞു വെച്ചു !

അത്തരം ചില നര്‍മ ബോധങ്ങളിലേക്ക് വഴി തുറക്കുന്ന ചില സമസ്യകളിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു എന്ന മുഖവുരയോടെയാണ്‌
പരിപാടി കളിലേക്ക് കടന്നത്‌ .

അതിനു മുമ്പ് നമുക്ക് നമ്മുടെ കുട്ടികള്‍ക്ക് മാത്രമായി ചില പരിപാടികള്‍ നടത്താം .

ആദ്യമായി നടക്കുന്നത് സൂചനാ മത്സരം ആണ് .
അതിനു തയ്യാറുള്ള കുട്ടികള്‍ ഒന്ന് കൈപൊക്കിക്കേ .. ഞാന്‍ പറഞ്ഞു .
പറഞ്ഞു തീരും മുമ്പ് ഒരു പാട് കൈകള്‍ ഉയര്‍ന്നു .
നന്നേ ചെറിയ കുട്ടികളുടെതടക്കം !

കൈപൊക്കിയ എല്ലാവരെയും മൈക്ക് പോയിന്റിലേക്ക് ആനയിച്ചു .
എന്നിട്ട് പറഞ്ഞു . ഞാന്‍ ഒരു വസ്തുവിനെ കുറിച്ച് അഞ്ചു സൂചന - ക്ലൂ - തരും അത് എന്താണെന്ന് പറയണം . പറയുന്ന ആള്‍ക്ക് വലിയ സമ്മാനം ഉണ്ട് . കുട്ടികള്‍ ആവേശം കൊണ്ടു .

ഞാന്‍ സൂചനകള്‍ ഇങ്ങനെ പറഞ്ഞു :

മൊട്ടത്തലയന്‍
ഒറ്റക്കണ്ണന്‍
ഒറ്റക്കാലന്‍
കാലില്‍ പല്ലുകളുള്ളവന്‍
നമ്മുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഇത് ഉപയോഗിക്കുന്നു
വസ്തു ഏതാണ് ?






മത്സരാര്‍ഥി കളായ കുട്ടികളോട് ഓരോരുത്തരോടും ഉത്തരം പറയാന്‍ ആവശ്യപ്പെട്ടു . പക്ഷേ അവരില്‍ ആരും ഉത്തരം പറഞ്ഞില്ല . ഒടുവില്‍ സദസ്സിന് ഉത്തരം പറയാന്‍ അവസരം കൊടുത്തു . ഉടനെ ഒരു കൊച്ചു പെണ്‍കുട്ടി കൈപൊക്കി അടുത്തേക്ക്‌ വന്നു പറഞ്ഞു . ഞാന്‍ പറയാം അങ്കിള്‍ .
ഓക്കേ പറയൂ
കുട്ടി ശരിയുത്തരം പറഞ്ഞു
കീ - താക്കോല്‍
എല്ലാവരും കയ്യടിച്ചു .
ഞാന്‍ ആ കുട്ടിയോട് പറഞ്ഞു മോളും പങ്കെടുത്തോളൂ അടുത്ത മത്സരങ്ങളില്‍
അങ്ങനെ അവളെ കൂടി കൂട്ടത്തില്‍ കൂട്ടി

കുട്ടികള്‍ക്ക് ഉത്തരം അറിയാത്തതില്‍ ചെറിയ നിരാശ ഉണ്ട് എന്ന് അവരുടെ മുഖം കണ്ടപ്പോള്‍ മനസ്സിലായി . അത് തീര്‍ക്കാനെന്ന വണ്ണം കുറച്ചു കൂടി എളുപ്പമുള്ള ഒരു ചോദ്യമാവാം അടുത്ത ത് എന്ന് തോന്നി

എല്ലാവര്‍ക്കും അറിയാവുന്ന ഒരു ചോദ്യം ആണ് ഇനി ചോദിക്കുന്നത് എന്ന് മുഖവുരയായി പറഞ്ഞു അടുത്ത ചോദ്യം ചോദിച്ചു
സൂചനകള്‍ ഇവയാണ്

രണ്ടു തലയുള്ളവന്‍
രണ്ടു കാലുകളുള്ളവന്‍
നടുവില്‍ കുടുക്കുള്ളവന്‍
രണ്ടു കഷ്ണമാക്കും ഞാന്‍ !!!

കുട്ടികള്‍ അല്പമൊന്നു ആലോചിച്ചു . അറിയാവുന്നവര്‍ കൈപൊക്കി
ഞാന്‍ അടുത്തു ചെന്നും മറ്റാരും കേള്‍ക്കാതെ ചെവിയില്‍ പറയാന്‍ പറഞ്ഞു .

ചിലര്‍ കത്തി എന്ന് പറഞ്ഞു
ചില കുട്ടികള്‍ കണ്ണട എന്ന് പറഞ്ഞു
മൂന്നു കുട്ടികള്‍ ശരിയുത്തരം പറഞ്ഞു
കത്രിക

കയ്യടി . വിജയികളെ സദസ്സിനു പരിചയപ്പെടുത്തി കൊടുത്തു

അടുത്തത് ഒരു പുതിയ മത്സരം ആവട്ടെ . ഞാന്‍ പറഞ്ഞു .
നിങ്ങള്‍ കേട്ടു കാണും ടങ്ങ് ട്വിസ്റ്റ്‌ മത്സരം . നാവു വഴങ്ങുമോ എന്നും ഈ മത്സരത്തിനു പറയാം

ഒരേ അക്ഷരം തന്നെ ആവര്‍ത്തിച്ചു വരുന്ന ഒരു കുട്ടിക്കവിതാ ശകലം ഞാന്‍ പലപ്രാവശ്യം ചോല്ലിത്തരും . നിങ്ങള്‍ ഏറ്റു ചൊല്ലണം . എന്നിട്ട് അത് തെറ്റാതെ ഒറ്റയ്ക്ക് പറയണം . ആ കുട്ടിയായിരിക്കും വിന്നര്‍

കുട്ടികള്‍ തലകുലുക്കി സമ്മതിച്ചു
ഞാന്‍ ചൊല്ലും മുമ്പ് ആ കവിത ശകലത്തിലെ ആശയം പറഞ്ഞു കൊടുത്തു . ഇത് പ്രവാസികളുടെ ദേശീയ മൃഗം എന്ന പേരില്‍ പരിഹസിക്കപ്പെടുന്ന നന്നേ ചെറിയ എന്നാല്‍ ഭയങ്കര പ്രശ്നം സൃഷ്ടിക്കുന്ന ഉറക്കം നഷ്ടപ്പെടുത്തുന്ന എത്ര കൊന്നാലും പിന്നെയും പിന്നെയും പെറ്റു പെരുകുന്ന പ്രവാസികളുടെ പേടി സ്വപ്നമായ ഒരു ജീവിയെ കുറിച്ചാണ് . അപ്പോഴേക്കും സദസ്സിനു 'ആളെ ' മനസിലായി
അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു :

മൂട്ട !!!

അതെ , അതിനെക്കുറിച്ചാണ് കുട്ടിക്കവിത . എങ്കില്‍ കേട്ടോളൂ ..

ഞാന്‍ ഈണത്തില്‍ ഇങ്ങനെ ചൊല്ലി

കട്ടിലിന്റെ ചോട്ടിലൊരു കൂട്ടം മൂട്ട
മൂട്ടകളുടെ മൂട്ടിലൊരു കൊട്ട മുട്ട !!!

പലവട്ടം ചൊല്ലിക്കൊടുത്തു . കുട്ടികള്‍ ഏറ്റു ചൊല്ലി . ഞാന്‍ നോക്കുമ്പോള്‍ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും അറിയാതെ ചൊല്ലി നോക്കുന്നുണ്ട്

എങ്കില്‍ നോക്കാം . ആര്‍ക്കാണ് ചൊല്ലാന്‍ അറിയുക എന്ന് .
അപ്പോള്‍ കൂട്ടത്തില്‍ ഒരു കുട്ടി പറഞ്ഞു .
അങ്കിള്‍ ഒരു വട്ടം കൂടി ചൊല്ലി തരൂ . പ്ലീസ്
ഞാന്‍ ഒരുവട്ടമല്ല നാലഞ്ച് വട്ടം പിന്നെയും ചൊല്ലിക്കൊടുത്തു

ഒടുവില്‍ ഓരോരോരുത്തര്‍ക്കും മൈക്ക് കൊടുത്തു ചൊല്ലാന്‍ പറഞ്ഞു
പലരും കട്ടില്‍ വിട്ടു . മൂട്ടക്കു പകരം മൂട്ടില്‍ ആദ്യം പറഞ്ഞു
ചിലര്‍ കട്ടിലിന്റെ മൂട്ടിലൊരു കെട്ട മുട്ട എന്ന് പറഞ്ഞു
ചിലരാകട്ടെ കട്ടിലിന്റെ മൂട്ടിലൊരു മൂട്ടിലൊരു മൂട്ടിലൊരു ബാക്കി കിട്ടാതെ വിഷമിച്ചു . സദസ്സ് ഒന്നടങ്കം നന്നായി ആസ്വദിച്ചിരിക്കുകയാണ്
അവസാനം ഒരു മിടുക്കനാണ് മൈക്ക് കൈമാറിയത്
അവന്‍ 'ഞാനിതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ മണിമണിയായി
ചൊല്ലി . ഒന്നല്ല രണ്ടല്ല മൂന്നു വട്ടം !!!

നിലക്കാത്ത കയ്യടി .
അവനെ മുമ്പിലേക്ക് കൊണ്ട് വന്നു എല്ലാവര്‍ക്കും പരിചയപ്പെടുത്തി

പരിപാടിയുടെ അവസാനം കൈ നിറയെ സമ്മാനം ഉണ്ടെന്നു പറഞ്ഞു .

ഇനി എല്ലാവര്‍ക്കും പങ്കെടുക്കാന്‍ പറ്റുന്ന മറ്റൊരു മത്സരം ആണ് നടക്കുന്നത് .
മത്സരത്തിന്റെ പേര്
കൌതുക സമസ്യ !!!

അന്നേരം ബോട്ടിന് എന്തോ ഒരിളക്കം .
ആകെ കുലുങ്ങുന്ന പോലെ
എല്ലാവരും മത്സരത്തില്‍ ലയിച്ചിരിക്കുകയാണ് !!!




ബോട്ട് ഇളകുന്നതും ചാഞ്ചാടുന്നതും കുലുങ്ങുന്നതും മറ്റൊന്നും കൊണ്ടായിരുന്നില്ല .
ബോട്ട് തിരിക്കുകയായിരുന്നു .
വന്ന വഴിയെ വീണ്ടും ബോട്ട് നീങ്ങിത്തുടങ്ങി

അടുത്ത പരിപാടി പ്ലാന്‍ ചെയ്തിരുന്നത് 'കൌതുക സമസ്യ 'ആയിരുന്നു
കൌതുകമുള്ള വിഷയങ്ങളെ കുറിച്ചുള്ള ക്വിസ് മത്സരം . പത്തിരുപത്തഞ്ചു ചോദ്യങ്ങള്‍ തയ്യാറാക്കി ക്കൊണ്ട് പോയിരുന്നു . പക്ഷേ സമയം അനുവദിക്കില്ല .

എവിടെ വെച്ച് എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാവുന്ന പരിപാടികള്‍ ആയതു കൊണ്ട് ആക്കാര്യത്തെ കുറിച്ച് ബേജാറാവേണ്ട കാര്യമില്ല എന്ന് എനിക്ക് തോന്നി

കൌതുക ക്വിസ്സിനുള്ള ഒരുക്കങ്ങള്‍ സവാദ് പേരാമ്പ്ര യും പാര്‍ട്ടിയും 'യുദ്ധകാലാടിസ്ഥാനത്തില്‍ 'നടത്തി . മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള എല്ലാവര്‍ക്കും പേപ്പറും പേനയും കൊടുത്തു .
ആരെയും നിര്‍ബന്ധിച്ചില്ല .

വെട്ടിത്തിരുത്തിയ ഉത്തരങ്ങള്‍ പരിഗണിക്കില്ല എന്നും പേപ്പറില്‍ പേരും മൊബൈല്‍ നമ്പരും എഴുതണം എന്നും മുന്‍കൂട്ടി പറഞ്ഞു

ഏതാനും ചോദ്യങ്ങള്‍ ഇവിടെ കൊടുക്കാം

ഒരു മേശ , അതിനു മീതെ ഒരു വിരിപ്പ് , അതിനും മീതെ ഒരു ഗ്ലാസ്
ഗ്ലാസ്സില്‍ അല്പം പോലും വെള്ളം ഉണ്ടായിരുന്നില്ല . പെട്ടെന്ന് ഗ്ലാസ് എങ്ങനെയോ മറിഞ്ഞു . വിരിപ്പ് ആകെ നനഞ്ഞു . എന്ത് കൊണ്ട് ?

ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് എത്താന്‍ ഒരു കാറിനു ഒരു മണിക്കൂര്‍ വേണം . എന്നാല്‍ അതെ വേഗതയുള്ള നൂറു കാറുകള്‍ക്ക് ജിദ്ദയില്‍ നിന്ന് മക്കയിലെത്താന്‍ എത്ര മിനിറ്റ് വേണ്ടിവരും ?

ഒന്നു മുതല്‍ നൂറു വരെ തുടര്‍ച്ചയായി എഴുതുമ്പോള്‍ '9' എന്ന അക്കം എത്ര പ്രാവശ്യം എഴുതേണ്ടി വരും ?

ഏറ്റവും കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ എവിടെയും എത്തിക്കാവുന്ന ഒരു വസ്തു ?

പശുവിന്‍ പാലിലോ എരുമപ്പാലിലോ ആട്ടിന്‍ പാലിലോ ഒട്ടകപ്പാലിലോ ഒന്നും ഇല്ലാത്ത മനുഷ്യ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവും ആയ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകം മുലപ്പാലില്‍ ഉണ്ട് . ഏതാണ് ആ ഘടകം ?

പത്തു മീറ്റര്‍ നീളമുള്ള ഒരു മരത്തടി ഒരു മീറ്റര്‍ വലുപ്പത്തില്‍ പത്തു കഷ്ണമാക്കി മുറിക്കാന്‍ എത്ര വട്ടം മുറിക്കണം ?

തെക്ക് നിന്ന് വടക്കോട്ട്‌ പോകുന്ന ഇലക്ട്രിക് ട്രെയിനിന്റെ പുക ഏതു വശത്തേക്ക് ആണ് പോവുക ?

വിത്ത്‌ പുറത്തുള്ള ഏക പഴം ?

നഖങ്ങള്‍ ഉണ്ട് ; വിരലുകള്‍ ഇല്ല . ജീവി ഏതാണ് ?

ഏറ്റവും വലിയ ഫലം തരുന്ന വൃക്ഷം ?

നല്ല ആവേശകരമായിരുന്നു മത്സരം . തീരെ ലളിതമായ ചില ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു . കാരണം എല്ലാ പ്രായക്കാരും ഒരുമിച്ചു പങ്കെടുക്കുന്ന മത്സരം ആണല്ലോ .

ഉത്തരം എഴുതിക്കഴിഞ്ഞു പേപ്പറുകള്‍ വാങ്ങി ശരിയുത്തരം പറഞ്ഞു കൊടുത്തു . അപ്പോഴേക്കും മറ്റൊരു സ്ഥലത്ത് വെച്ച് മൂല്യ നിര്‍ണ്ണയം തുടങ്ങിക്കഴിഞ്ഞിരുന്നു .

ബോട്ട് കരയോടടുക്കുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് കൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനാവില്ല എന്ന് ബോധ്യപ്പെട്ടു .

ചോദിച്ച എല്ലാ ചോദ്യങ്ങളും ഇവിടെ എഴുതിയാല്‍ ഈ പോസ്റ്റ്‌ നീണ്ടു പോകും .

കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാനേ സമയം കിട്ടിയുള്ളൂ . പിന്നെ സമ്മാനദാന ചടങ്ങ് ആയിരുന്നു
മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും മിഠായി വിതരണവും ഉണ്ടായിരുന്നു .

അവസാനം അലി മൌലവിയുടെ 'കുടുംബങ്ങളോട് 'എന്ന ഹൃസ്വമായ ഒരു വിഷയാവതരണം , സമദ് പേരാമ്പ്ര യുടെ നന്ദി പ്രകടനം ഇവ കഴിഞ്ഞതോടെ ഞങ്ങള്‍ പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തി !

ഏതു ഭൂഖണ്ഡത്തില്‍ ചെന്നാലും അവിടെയൊക്കെ മലയാളിയും ഉണ്ടാവും എന്ന് പറഞ്ഞ പോലെ ഇന്നത്തെ കാലത്ത് എവിടെ ചെന്നാലും അവിടെയൊക്കെ നമ്മുടെ ഫേസ് ബുക്ക് ഫ്രണ്ടും ഉണ്ടാവും . ഈ യാത്രയിലും കണ്ടു കുറെ സുഹൃത്തുക്കളെ ..

ഇത്തരം യാത്രകളില്‍ പൊതുവേ നടക്കാറുള്ളത് ഗാനമേളകള്‍ ആണ് . നാല് ചുവരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടി കഴിയുന്ന കുട്ടികള്‍ക്ക് നാട്ടിലെ പോലെ ഇവിടെ ഒരു നിലക്കുള്ള ആക്റ്റിവിറ്റി കളും ഉണ്ടാവാറില്ല . ഒന്നുകില്‍ അവസാനിക്കാത്ത പ്രസംഗങ്ങള്‍ . അല്ലെങ്കില്‍ കാതടപ്പിക്കുന്ന കരോക്കി ഗാനമേളകള്‍

കുടുംബ വേദികളും സാമൂഹ്യ സാംസ്ക്കാരിക സംഘടനകളും ഇവിടുത്തെ കുട്ടികളെ കൂടി പരിഗണിക്കണം എന്നും അവരുടെ ബുദ്ധിക്കും അഭിരുചിക്കും സര്‍ഗാത്മകതയ്ക്കും അനുസരിച്ച് അവസരങ്ങള്‍ സൃഷ്ടിക്കണം എന്നും ഒരു എളിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു

പൊതുവേ വിരസമാകാറുള്ള പെരുന്നാള്‍ ദിനം കുട്ടികളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍ .

കഴിഞ്ഞ വര്‍ഷം ഇത് പോലെ ഒരു പെരുന്നാള്‍ ദിനത്തിലാണ് മദായിന്‍ സ്വാലിഹ് എന്ന ചരിത്ര ഭൂമി കാണാനുള്ള അവസരം ഉണ്ടായത് .
താഇഫിലേ ക്കും ഇത്തരം സംഘങ്ങളോ ടൊപ്പം പലപ്പോഴും പോയിട്ടു ണ്ട്
മദീന യാത്രയും പൊതുവെ എല്ലാവരും നടത്തുന്നത് ഇങ്ങനെ തന്നെ .

മലയാളി സംഘടനകള്‍ നടത്തുന്ന ഇത്തരം യാത്രകള്‍ വലിയ അനുഗ്രഹമാണ് ഇവിടെ ജീവിക്കുന്നവര്‍ക്ക് . ഒറ്റയ്ക്കോ സ്വന്തം കുടുംബവുമായോ മാത്രം ഇത്തരം സ്ഥലങ്ങളിലേക്ക് പോകാനും കാണാനും എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല . ആ നിലക്ക് നോക്കുമ്പോള്‍ ആണ് ഇത്തരം യാത്രകള്‍ അനുഗ്രഹമാകുന്നത് .

യാത്ര എന്ത് കൊണ്ടും അനുഭൂതി പകരുന്നവ തന്നെ
അത് ആകാശത്തിലൂടെ ആയാലും കരയിലൂടെ ആയാലും കടലിലൂടെ ആയാലും !
ജീവിതം തന്നെ ഒരു യാത്രയാണല്ലോ .
നാം യാത്രക്കാരും .

താജ് മഹല്‍


ഒരു കുസൃതി ക്വിസ് മത്സരത്തില്‍ ഞാനൊരു ചോദ്യം ചോദിച്ചു .
താജ്മഹല്‍ നിര്‍മ്മിച്ചത് ആരാണ് ?

കൂടുതല്‍ പേരും ഷാജഹാന്‍ എന്ന് ഉത്തരം എഴുതി .
പക്ഷേ കുസൃതി ചോദ്യം ആയതു കൊണ്ട് ഉത്തരം ശരിയല്ലായിരുന്നു .

അപൂര്‍വ്വം ചില ആളുകള്‍ 'തൊഴിലാളികള്‍ ' എന്ന് ഉത്തരം എഴുതി . അതായിരുന്നു ഉത്തരം !

പരിപാടി കഴിഞ്ഞു ഇറങ്ങുമ്പോള്‍ ഒരാള്‍ വന്നു കൈപിടിച്ചു
എന്നിട്ട് എന്നോട് ചോദിച്ചു

മാഷേ , നിങ്ങള്‍ താജ് മഹല്‍ കണ്ടിട്ടുണ്ടോ ?
ഞാന്‍ പറഞ്ഞു . ഇല്ല . അതൊരു വലിയ ആഗ്രഹമായി മനസ്സില്‍ കിടക്കുന്നു . ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു :
നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
ഇല്ല .

പിന്നെ എ ന്തേ ഇങ്ങനെ ഒരു ചോദ്യം ?

എന്റെ മോനും സംഘവും ഈ പെരുന്നാളിന് താജ്മഹല്‍ കാണാന്‍ പോവുന്നുണ്ട് . അവനെങ്കിലും പോയി കാണട്ടെ . ല്ലേ ....!!!

OO



പ്രവാസികളുടെ ആഘോഷം


പ്രവാസികളുടെ ആഘോഷം രണ്ടു കാര്യങ്ങളില്‍
ഒതുങ്ങാറാണ് പതിവ് !

ഒന്ന് : നാട്ടിലേക്കുള്ള വിളി
രണ്ട് : ഉറക്കം

ഒന്നാമത്തേതിന്റെ ആവേശം പോയിട്ട് നാളേറെ ആയി
ദിവസവും ഒന്നും രണ്ടും മണിക്കൂര്‍ വിളിച്ചു വിളിച്ചു 'പിന്നെന്തൊക്കെ വര്‍ത്താനം ' എന്ന് തന്നെ പിന്നെയും പിന്നെയും ചോദിച്ചു ആ വിളി യുടെ എല്ലാ ഹരവും
കളഞ്ഞു കുളിച്ചു .

ഉപ്പ വിളിക്കുമ്പോള്‍ മക്കള്‍ ഞാന്‍ ഇവിടെ ഇല്ല എന്ന് 'കള്ളം പറയുന്ന' ഘട്ടം വരെ എത്തി

ഒരു സുഹൃത്ത്‌ ഇന്നലെ ഈ വിഷയം സംസാരിച്ചപ്പോള്‍ പറഞ്ഞത് . പഴയ ആ വിളി തന്നെയായിരുന്നു നല്ലത് എന്നാണു .
അന്ന് ആവശ്യമുള്ളത് മാത്രം പറഞ്ഞു അവസാനിപ്പിക്കുമായിരുന്നു . ഇപ്പോള്‍ ആവശ്യമുള്ളതും ഇല്ലാത്തതും ചോദിച്ചും അന്വേഷിച്ചും ഒടുവില്‍ പിണങ്ങലാണ് പതിവ് !!

അധികമായാല്‍ വിളിയും അരോചകം തന്നെ !

രണ്ടാമത്തെ കാര്യം പിന്നെ മടുക്കും എന്ന് തോന്നുന്നില്ല .
അലാറം വെക്കാത്ത ഉറക്കം പ്രവാസിയുടെ സ്വപ്നം തന്നെയാണ് !

എത്ര ഉറങ്ങിയാലും പിന്നെയും ഉണ്ടാകും ഉറങ്ങാന്‍ !

ഉറങ്ങിയുറങ്ങി ആഘോഷിക്കുന്ന ആഘോഷമാണ് പ്രവാസിയുടെത് .
എന്നാല്‍ കറങ്ങി കറങ്ങി ആഘോഷിക്കുന്ന ആഘോഷമാണ് നാട്ടിലുള്ളവരുടെത് !

ഉറങ്ങി ആഘോഷിക്കുന്ന ആഘോഷത്തിനു
കറങ്ങി കറങ്ങി ആഘോഷിക്കുന്ന ആഘോഷത്തെക്കാള്‍ ഒരു മെച്ചമുണ്ട്

ഉറങ്ങാന്‍ ഒരു ചെലവുമില്ല
കറങ്ങാന്‍ നല്ല ചെലവാണ് !!!

ആഘോഷം ഉറക്കിലൊതുക്കുന്ന പ്രവാസി ഒരു പക്ഷേ അങ്ങനെ ഒരു ദുരുദ്ദേശം കൂടി ഉള്ളില്‍ കാണുന്നുണ്ടാവണം .
ഒരു പുത്തന്‍ കുപ്പായം പോലും പെരുന്നാളിന് വാങ്ങാത്ത പ്രവാസി നാട്ടില്‍ സ്വന്തക്കാരും ബന്ധക്കാരും പുത്തന്‍ ഉടുപ്പും വസ്ത്രങ്ങളും അണിയുന്നത് സ്വപ്നം കണ്ടു സായൂജ്യമടയും .

അല്ലെങ്കിലും 'മിച്ചം ' വെക്കാന്‍ എല്ലാ 'മെച്ചവും ' ഒഴിവാക്കുന്നവനാണല്ലോ പ്രവാസി !

സ്വയം പിശുക്കി മറ്റുള്ളവര്‍ക്ക് ധൂര്‍ത്തിന് വക ഒരുക്കുന്ന വനാണ് പ്രവാസി . കറങ്ങിയാല്‍ ചെലവു വരും എന്ന് കരുതി ഉറങ്ങി തീര്‍ക്കുന്ന പ്രവാസിയുടെ മക്കളും ഭാര്യയും കുടുംബവും കറങ്ങിക്കറങ്ങി ആ പിശുക്കിയതിന്റെ പത്തിരട്ടി 'അടിച്ചു പൊളിച്ചു ' നീരാവിയാക്കും എന്നതാണ് ഏറെ സങ്കടകരം .

പെരുന്നാളിന് ബ്ലാങ്കറ്റില്‍ ഒളിക്കുന്ന ഏതൊരു പ്രവാസിയോടും ചോദിച്ചു നോക്കൂ .
മകന്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എങ്ങോട്ടാണ് ടൂര്‍ പോകുന്നത് എന്ന് !

ആവേശത്തോടെ അവന്‍ വലിയ വലിയ 'സന്ദര്‍ശന' കേന്ദ്രങ്ങള്‍ പറയുന്നത് കേള്‍ക്കാം .

സ്വന്തം സ്വപ്‌നങ്ങള്‍ കുപ്പിയിലടച്ച്‌ നാട്ടില്‍ 'കുപ്പി പൊട്ടിക്കാനുള്ള' അവസരം സൃഷ്ടിക്കുന്ന പ്രവാസി ഇങ്ങനെ സ്വയം ആശ്വസിക്കും :

ഉറക്കം സുഖമാണ് ഉണ്ണീ
കറക്കമല്ലോ 'നഷ്ട പ്രദം' !!!

റീത്ത്


ഇന്‍ബോക്സില്‍ പെരുന്നാള്‍ ആശംസകള്‍ നിറഞ്ഞു കവിയുന്നിനിടയില്‍ ഒരു സഹോദരിയുടെ ഒരു ചോദ്യവും കണ്ടു ഇന്ന് രാവിലെ . 'മാഷേ , മൃതദേഹത്തിനു മീതെ എന്തിനാണ് റീത്ത് വെക്കുന്നത് ?

അങ്ങനെ ഒരു കാര്യത്തെ കുറിച്ച് മുമ്പ് ചിന്തിച്ചില്ലായിരുന്നു .
എങ്കിലും ഞാന്‍ പറഞ്ഞു :
കൃത്യമായ ഉത്തരം അറിയില്ല .
എന്നാലും എന്റെ ഒരു നിഗമനം പറയാം .
ശരിയാണോ എന്നറിയില്ല . മതിയോ ?
മതി .

പൂക്കള്‍ സമാധാനത്തിന്റെ പ്രതീകമാണ് . ശാന്തിയുടെയും
പൂ കാണുമ്പോള്‍ , പൂ തൊടുമ്പോള്‍ , മനസ്സ് ശാന്തമാകുന്നു .
ആര്‍ദ്രമാകുന്നു .

പ്രകൃതിയിലെ അതി മനോഹരമായ രണ്ടു പുഞ്ചിരികളിലൊന്നു കുഞ്ഞുങ്ങളുടെതാണ് .
രണ്ടു പൂക്കളുടെയും .

പ്രണയം സഫലമാവട്ടെ എന്ന ആശയത്തോടെ പ്രണയിനികള്‍ പൂക്കള്‍ കൈമാറുന്നു .
ദാമ്പത്യം സഫലമാകട്ടെ എന്ന ആശയത്തോടെ മണിയറയില്‍ പൂവിതറുന്നു
അന്ത്യ യാത്ര സഫലമാകട്ടെ എന്ന ആശയത്തോടെ റീത്ത് വെക്കുന്നു . പൂവെച്ചു ശുഭ യാത്ര നേരുന്നു !!

പൂവിടാന്‍ ഒരു കാലം
പൂ ചൂടാന്‍ ഒരു കാലം
പൂ മൂടാന്‍ ഒരു കാലം

സമയത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് പൂ എന്ന പ്രതീകം മാറുന്നു . അത് സമര്‍പ്പിക്കുന്ന ആളുടെ ആത്മാര്‍ത്ഥതക്കും
സത്യസന്ധതക്കും അനുസരിച്ച് പ്രതീകാത്മകമാവുന്നു

ആത്യന്തികമായി സ്നേഹവും സമാധാനവും ശാന്തിയും സാഫല്യവും ആണ് പൂ പ്രതിനിധീകരിക്കുന്നത് !!

ഈ പറഞ്ഞത് ശരിയാണോ ?

അറിയിപ്പ് :
ഇത് പെരുന്നാള്‍ പോസ്റ്റ്‌ അല്ല . അത് കൊണ്ട് ഇതിനു താഴെ പെരുന്നാള്‍ ആശംസകള്‍ പ്രതീക്ഷിക്കുന്നില്ല . ക്ഷമിക്കണം

'കായിക്കുടുക്ക'


അന്നത്തെ പെരുന്നാളിന്റെ പ്രധാന ആഘോഷം സൈക്കിള്‍ വാടകയ്ക്ക് എടുത്തു ചവിട്ടുക എന്നതായിരുന്നു . അതിനു നേരത്തെ തന്നെ രണ്ടും മൂന്നും അഞ്ചും പത്തും നാണയത്തുട്ടുകള്‍ ശേഖരിച്ചു വെക്കും . 'കായിക്കുടുക്ക' എന്ന പേരിലൊരു കുടുക്ക ഉണ്ടായിരുന്നു അന്ന് . കളി മണ്ണു കൊണ്ട് ഉണ്ടാക്കിയ കുടുക്ക .

'കുശവത്തി 'കള്‍ ചട്ടിയും കലവുമായി തലച്ചുമടായി വെള്ളിയാഴ്ചകളില്‍ ആണ് വരിക .
അന്ന് ചട്ടിയും കലവും വാങ്ങുമ്പോള്‍ കായിക്കുടുക്ക - കാശ് കുടുക്ക - വാങ്ങിക്കാന്‍ ഉമ്മയെ നിര്‍ബന്ധിക്കും .

അത് ശരിക്കും ഒരു കുടുക്ക തന്നെ . ചില്ലറ ഇടാന്‍ മാത്രം വലുപ്പമുള്ള ഒരു നീണ്ട ദ്വാരം ഉണ്ടാകും കുടുക്കയുടെ മുകള്‍ ഭാഗത്ത് . അത് വഴി ആണ് ചില്ലറകളുടെ പ്രവേശനം . അങ്ങോട്ട്‌ ഇട്ട പൈസ പിന്നെ ഇങ്ങോട്ട് കിട്ടാന്‍ ഇത്തിരി പാടാ . എന്നാലും ചിലപ്പോള്‍ വലിയ വല്ല ആവശ്യവും വരുമ്പോള്‍ , ഉമ്മ വല്ലാതെ നി ര്‍ ബന്ധിക്കുമ്പോള്‍ മാത്രം ഒരു ഈര്‍ക്കിള്‍ കൊണ്ട് തോണ്ടി എടുക്കും . മനസ്സില്ലാ മനസ്സോടെ ..!!

പെരുന്നാളിന്റെ തലേന്നു ആണ് 'കായിക്കുടുക്ക' പൊട്ടിക്കുക . ഒരൊറ്റ ഏറു വെച്ച് കൊടുക്കും . അപ്പോള്‍ കിലുകിലെ ചിരിച്ചു കൊണ്ട് ചില്ലറ ത്തുട്ടുകള്‍ നിലത്തു വീണു ചിതറും . കൂടുതലും രണ്ടു പൈസ , മൂന്നു പൈസ , അഞ്ചു പൈസ , പത്തു പൈസ ഒക്കെ ആയിരിക്കും . ഒരു പൈസയും ഉണ്ടാകും കുറെ . പിന്നെ സ്വര്‍ണ്ണ നിറമുള്ള ഇരുപതു പൈസയും ഉണ്ടാകും ഒന്ന് രണ്ടെണ്ണം . ഒരു രൂപയും ഇരുപത്തഞ്ചു പൈസയും അമ്പത് പൈസയും ഒക്കെ തീരെ കുറവ് ആയിരിക്കും .

ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ ഒക്കെ സൈക്കിള്‍ വാടകയ്ക്ക് എടുക്കാനുള്ള പൈസ മാറ്റി വെക്കും ആദ്യം .

പിന്നെ ബാക്കി ഉണ്ടെങ്കില്‍ അങ്ങാടിയില്‍ നിന്ന് ഒരു കളി വാച്ച് വാങ്ങും . എന്നിട്ട് അതും കെട്ടി നാലാള്‍ കാണെ കൈ ഉയര്‍ത്തി പിടിച്ചു നടക്കും !
മിക്കപ്പോഴും ഉമ്മ പറയും . കുറച്ചു കൊത്തമ്പാലീം മൊളകും - മല്ലിയും മുളകും - വാങ്ങി കൊണ്ട് വാ അന്റെ കായീന്ന് .. ' ഉമ്മ അങ്ങനെ പറഞ്ഞാല്‍ ഞാന്‍ ധര്‍മ്മ സങ്കടത്തിലാവും . ഒടുവി ല്‍ കളിവാച്ച് ഒഴിവാക്കി കൊത്തമ്പാലീം മൊളകും വാങ്ങാന്‍ പോക്കര് കാക്കാന്റെ പീടികയിലേക്ക്‌ ഓടും .

( മേലാറ്റൂര്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് റെയില്‍ വെ സ്റ്റേഷന്റെ അടുത്തുള്ള കുശവന്‍ മാരുടെ അവിടെ പോകുന്നത് . അന്നാണ് ആദ്യമായി ചട്ടിയും കലവും ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് കാണുന്നത് . ആ കരവിരുത് നോക്കി എത്ര നേരം നിന്നു എന്ന് അറിയില്ല . എത്ര പെട്ടന്നാണ് വ്യത്യസ്ത രൂപത്തിലുള്ള കുടുക്ക യൊക്കെ രൂപം പ്രാപിച്ചു വരുന്നത് . ചിത്രപ്പണി യൊക്കെ എത്ര മനോഹരമായി ആണ് വിരല്‍ തലപ്പിലൂടെ പ്രത്യക്ഷപ്പെടുന്നത് )

എനിക്ക് ആദ്യമായി ഒരു പാന്റ് ശീല അയച്ചു തന്നത് ജ്യേഷ്ഠന്‍ ഉമ്മര്‍ കാക്കു ആണ് . ഒരു പെരുന്നാളിന് . അന്ന് അവന്‍ വയനാട്ടില്‍ എവിടെയോ ജോലി ചെയ്യുകയായിരുന്നു .
അതിനു നീല നിറം ആയിരുന്നു . അന്ന് അത് കയ്യില്‍ കിട്ടിയപ്പോഴുള്ള സന്തോഷം ഇന്നും മനസ്സിലുണ്ട് പിന്നെ ഒരു പാട് പാന്റ്സ് സ്വയം എടുത്തു ഉടുത്തു എങ്കിലും ആദ്യത്തെ ആ പാന്റ്സ് ന്റെ അത്ര സന്തോഷം അവ ധരിച്ചപ്പോഴൊന്നും കിട്ടിയിട്ടില്ല .
ആദ്യം കിട്ടിയ എന്തും നമ്മുടെ മനസ്സില്‍ നിന്നും പോകില്ല .
കേവലം ഒരു ഉമ്മ പോലും !!

അന്നൊക്കെ വയര്‍ നിറച്ചു ഭക്ഷണം കഴിക്കുന്നത്‌ , പപ്പടം പൊരിക്കുന്നത് , ഇറച്ചി വാങ്ങുന്നത് , ശരീരം ആകമാനം എണ്ണ തേച്ചു കുളിക്കുന്നത് . സോപ്പ് ഉപയോഗിക്കുന്നത് പുത്തന്‍ വസ്ത്രങ്ങള്‍ അണിയുന്നത് അത്തര്‍ പൂശുന്നത് എവിടെക്കെങ്കിലും വിരുന്നു പോകുന്നത് ഒക്കെ പെരുന്നാളിന് ആണ് . അന്നൊക്കെ പെരുന്നാള്‍ വരുമ്പോള്‍ ഇന്നത്തെ ക്കാളേറെ ആനന്ദവും ആഹ്ലാദവും തോന്നിയിരുന്നത് പെരുന്നാളിനോടൊപ്പം വിരുന്നു വരുന്ന ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങ ള്‍ ഓര്‍ത്തു കൊണ്ട് കൂടിയായിരുന്നു .
അത് കൊണ്ടാണ് നമുക്കൊക്കെ അന്നത്തെ പെരുന്നാളാണ്
'പെരുന്നാള് ' എന്ന് ഇന്ന് തോന്നുന്നത് എന്ന് എനിക്ക് തോന്നുന്നു ..

ഇന്ന് എന്നും 'പെരുന്നാളായത്' കൊണ്ട് പിന്നെ എന്ത് പ്രത്യേക പെരുന്നാള്‍ ?

പെരുന്നാളിന്റെ മാത്രമല്ല ഓണം , ക്രിസ്തുമസ് , വിഷു തുടങ്ങിയ എല്ലാ ആഘോഷങ്ങളുടെയും കാര്യവും ഇങ്ങനെയൊക്കെ തന്നെ !

ആഘോഷങ്ങളുടെ നിറവും മണവും മിഴിവും അഴകും ചോര്‍ ന്നു പോയത് ഇത് കൊണ്ടൊക്കെ ആണെന്ന് തോന്നുന്നു .

'കൈവല്യമെത്ര സുന്ദരം വൈകല്യമെത്ര ദുഷ്ക്കരം ..!!


ഒരു അസ്ഥി കൂടം . എഴുന്നു നില്ക്കു ന്ന വാരിയെല്ലുകള്‍ .
ഒരേ ലക്ഷ്യത്തിലേക്ക് തന്നെ നോക്കുന്ന തുറിച്ച തെറിച്ച കണ്ണുകള്‍ . കൈകാലുകള്‍ വെറും ഈര്‍ക്കിള്‍ പോലെ . വീര്‍ത്തു വലുതായ വയര്‍ .

അവന്‍ എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നു . ഇങ്ങനെ വിരൂപമായ ഒരു രൂപം മുമ്പെങ്ങും കണ്ടിട്ടില്ല . പലപ്രാവശ്യം ഞെട്ടി ഉണര്‍ന്നെങ്കിലും പിന്നെയും പിന്നെയും ആ കുട്ടി എന്നെ തന്നെ തുറിച്ചു നോക്കുന്നു ..!!!

പിറ്റേന്ന് ഓഫീസിലെത്തിയിട്ടും ആ മുഖം മനസ്സില്‍ നിന്ന് പോയിട്ടില്ല .
ആ തുറിച്ച നോട്ടം എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു .

എന്റെ ബോസ് മിക്ക ദിവസങ്ങളിലും ഓഫീസില്‍ വരും . രാവിലെ വന്നു മിക്കവാറും ഉച്ചയോടെ തിരിച്ചു പോകും .

എന്റെ സീറ്റ് ഓഫീസിന്റെ പ്രധാന കവാടത്തിന് അഭിമുഖമായിട്ടാണ് . ഓഫീസിലേക്ക് ആരു കടന്നു വരുമ്പോഴും ആദ്യം കാണുക ഞാനാണ് .
എന്റെ 'കണ്‍ പരിശോധന' കഴിയാതെ അത് വഴി ആര്‍ക്കും കടന്നു വരാനോ കടന്നു പോകാനോ കഴിയില്ല .

ബോസുണ്ടെങ്കില്‍ മിക്ക ദിവസങ്ങളിലും സന്ദര്‍ശകരുടെ പ്രവാഹം ആയിരിക്കും . കൂടുതല്‍ പേരും വരുന്നത് സഹായ അഭ്യര്‍ത്ഥന യുമായാണ് . രോഗികള്‍ , നിരാലംബര്‍ , അംഗ വൈകല്യം സംഭവിച്ചവര്‍ , വൃദ്ധ ജനങ്ങള്‍ .. കൂട്ടാത്തില്‍ സ്ത്രീകളും കാണും .
അദ്ദേഹം - എന്റെ ബോസ് - ഉദാരത കായ്ക്കുന്ന വലിയ ഒരു അലിവു മരമാണ് .

സമയം രാവിലെ പതിനൊന്നു മണി ആവുന്നേയുള്ളൂ . ജോലിത്തിരക്കിനിടയിലെപ്പോഴോ ഞാനൊന്നു മൂരി നിവര്‍ന്നു
അന്നേരം ആരോ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു . അകത്തേക്ക് ഒരു കിഡ്സ്‌ വണ്ടി കടന്നു വരുന്നു . പാവം ഒരു വൃദ്ധന്‍ ആണ് വണ്ടി ഉന്തി കൊണ്ട് വരുന്നത് . ഞാന്‍ ആ വണ്ടിയിലേക്ക് ഒന്നേ നോക്കിയുള്ളൂ .
ഞെട്ടിപ്പോയി ...!!!

ഇന്നലെ രാത്രി എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ , എന്നെ തന്നെ തുറിച്ചു നോക്കി വല്ലാതെ പേടിപ്പിച്ച ആ കുട്ടി ഇതാ ജീവനോടെ എന്റെ കണ്മുമ്പില്‍ !!!

OO

നമ്മുടെ നാടിനെ അപേക്ഷിച്ച് ഇവിടെ വികലാംഗരുടെ
എണ്ണം വളരെ കൂടുതലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

ഈ മാസം തന്നെ ഞാന്‍ കാണാനിടയായ വികലാംഗര്‍ക്ക് കണക്കില്ല . പള്ളിയില്‍ മിക്ക നമസ്ക്കാരങ്ങള്‍ക്ക് ശേഷവും കാണാം മൂന്നോ നാലോ പേര്‍ സഹായ അഭ്യര്‍ത്ഥനയുമായി പുറത്തേക്ക് ഇറങ്ങുന്ന വാതില്‍ക്കല്‍ ഇരിക്കുന്നു . കൂടെ വികലാംഗരായ കുട്ടികളും ഉണ്ടാകും .
ആ മുഖങ്ങളില്‍ ദയനീയതയും നിസ്സഹായതയും മാത്രമാണ് കാണാനുണ്ടാവുക . സ്വപ്നങ്ങള്‍ മരിച്ചു പോയ കണ്ണുകള്‍ .

ഇന്ന് അസര്‍ നമസ്ക്കാരം കഴിഞ്ഞു ഇറങ്ങുമ്പോള്‍ കണ്ടത് പിന്‍ പുറം വല്ലാതെ ഉയര്‍ന്നു പൊങ്ങി , നടക്കാന്‍ പോലും കഴിയാത്ത പാവം ഒരു കുട്ടിയെ ആണ് . ശ്വാസ ഗതിക്കനുസരിച്ച് അവന്റെ നെഞ്ചിന്‍ കൂടുകള്‍ വലിഞ്ഞു മുറുകുന്നും ഉണ്ട് .

സത്യത്തില്‍ ഇപ്പോഴും ഈ ആധുനിക യുഗത്തിലും ഇത് പോലെയുള്ള കുഞ്ഞുങ്ങള്‍ ഒരു പാട് ജനിക്കുന്നു എന്ന് തന്നെയല്ലേ ഇതില്‍ നിന്നും മനസ്സിലാവുന്നത് . ?

മുമ്പൊരിക്കല്‍ ഒരു പോസ്റ്റില്‍ പറഞ്ഞപോലെ അറബികള്‍ക്കിടയില്‍ കുടുംബ ബന്ധങ്ങളില്‍ നിന്നുള്ള വിവാഹം താരതമ്യേന കൂടുതലാണ് . വികലാംഗര്‍ കൂടാനുള്ള ഒരു പ്രധാന കാരണം അതാണെന്ന് തോന്നുന്നു .
ഒരു പക്ഷേ അക്കാര്യം ഇവര്‍ക്ക് അറിവില്ലാത്തത് കൊണ്ടാവും .

കൂടുതല്‍ വികലാംഗരെ കാണുന്നത് യമനികളിലാണ് . അവരിലാണത്രേ അടുത്ത ബന്ധങ്ങളില്‍ നിന്നുള്ള വിവാഹങ്ങള്‍ കൂടുതലും നടക്കുന്നത് .

അറിവില്ലായ്മ കൊണ്ടോ സൗകര്യം കരുതിയോ
സമ്പത്ത് അന്യം നിന്ന് പോകേണ്ട എന്ന് കരുതിയോ ഒക്കെ നടക്കുന്ന ഇത്തരം വിവാഹ ബന്ധങ്ങള്‍ കാരണം നിരപരാധികളായ എത്ര മക്കളാ ണ് വികലാംഗരായി ജനിക്കാന്‍ ഇടയാകുന്നത് .
ജീവിത കാലം മുഴുവന്‍ സ്വയം നരകിച്ചും മറ്റുള്ളവര്‍ക്ക് നരകം സൃഷ്ടിച്ചും മരിച്ചു ജീവിക്കുന്ന ജന്മങ്ങള്‍ . തന്റെതല്ലാത്ത കാരണത്താല്‍ വികലാംഗരാക്കപ്പെട്ട നിര്‍ഭാഗ്യവാന്മാര്‍ .

അത് കൊണ്ട് അടുത്ത ബന്ധത്തില്‍ നിന്ന് പരമാവധി വിവാഹം കഴിക്കാതിരിക്കുക . അതിനെ പ്രോത്സാഹിപ്പിക്കാതിരിക്കുക . കഴിയുന്നതും നിരുത്സാഹപ്പെടുത്തുക .

ബന്ധുക്കള്‍ പണ്ടേ നമ്മുടെ ബന്ധുക്കളാണ് .
മുമ്പ് ഒരു ബന്ധവുമില്ലാത്ത പുതിയ ഒരു ബന്ധമാകട്ടെ
വിവാഹത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത് .
അറിയുക :
വിവാഹ ബന്ധത്തിന് ഏറ്റവും നല്ലത് ഒരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് . മതം പറയുന്നതും ശാസ്ത്രം പറയുന്നതും ഇത് തന്നെ . എന്നിട്ടും ..

വിധി സൃഷ്ടിക്കുന്ന വൈകല്യങ്ങള്‍ നമുക്ക് തടയാനാകില്ല . പക്ഷേ നമ്മുടെ കാരണം കൊണ്ടുണ്ടാകുന്ന വൈകല്യങ്ങള്‍ ഒരളവോളം നമുക്ക് വരാതെ നോക്കാം . സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട .
ശാരീരിക വൈകല്യവുമായി ഇനിയും എവിടെയും ഒരു കുഞ്ഞും ജനിക്കാ തിരിക്കട്ടെ .

'കൈവല്യമെത്ര സുന്ദരം
വൈകല്യമെത്ര ദുഷ്ക്കരം ..!!

ആദിയും ആധിയും

ആദി മുതലേ ആധിയും ഉണ്ടായിക്കാണണം

ഏതൊരു കാര്യത്തിനു ഒരുങ്ങുമ്പോഴും ഒരു നുള്ള് ആധി മനസ്സിലെവിടെയോ സ്വാഭാവികമായും നാമ്പെടുക്കും .
വിഷയത്തിന്റെ സീരിയസ്നസ്സ് അനുസരിച്ച് ആധിയുടെ
സാന്ദ്രതയും കൂടും .

ഒരു സംരംഭം തുടങ്ങുമ്പോള്‍ ,
ഒരു യാത്ര ആരംഭിക്കുമ്പോള്‍ ,
പുതിയ ഒരു വഴിത്തിരിവിലേക്ക് പ്രവേശിക്കുമ്പോള്‍ , പരിചിതമല്ലാത്ത ജോലി തുടങ്ങുമ്പോള്‍ ..
അസമയത്ത് പരിചിതമല്ലാത്ത സ്ഥലത്ത് എത്തിപ്പെടുമ്പോള്‍
ചില രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ .. അങ്ങനെയങ്ങനെ
മറ്റുള്ളവരെ കുറിച്ച് ഓര്‍ത്ത്‌ പോലും ആധി നമ്മെ പിടികൂടുന്നു .

പക്ഷേ പല ആധികളും വെറുതെ ആയിരുന്നു എന്ന് ആ വിഷയത്തോട് അടുക്കുമ്പോഴേ നമുക്ക് ബോധ്യമാകൂ .
ശ്ശോ , ഇതിനെ ചൊല്ലി ആയിരുന്നോ ഞാനിത്രയും ടെന്‍ഷന്‍ അടിച്ചത് എന്ന് പിന്നെ നാം പലപ്പോഴും ആശ്വസിച്ചിട്ടുണ്ടാവും .
അത് വരെ ആധി പിടിച്ചു 'മരിച്ചത്' മിച്ചം !!

ടെന്‍ഷന്‍ കൊണ്ട് ഒരു കാര്യവും ഇല്ല എന്നും അത് മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തും എന്നും പുരോഗതിക്കു അത് വലിയ തടസ്സമാണ് എന്നും അറിയാഞ്ഞിട്ടല്ല . എന്നാലും വെറുതെ വന്നു കൊണ്ടിരിക്കും ടെന്‍ഷന്‍ . ചില കാര്യങ്ങള്‍ അങ്ങനെയാണ് . മനസ്സില്‍ നിന്ന് ആട്ടി പ്പയിക്കാന്‍ നോക്കും തോറും അത് നമ്മെ വല്ലാതെ പിടിമുറുക്കി യിരിക്കും .

ഒരു കാര്യം ഉറപ്പാണ് . ജീവിതത്തില്‍ നിന്ന് പെന്‍ഷന്‍ പറ്റും വരെ ടെന്‍ഷനില്‍ നിന്ന് നമുക്ക് മോചനമില്ല ...!!!

വിധിച്ചത് പോലെ വരും എന്ന വിശ്വാസം ആധി ഇല്ലാതാക്കാനുള്ള നല്ല മരുന്നാണ് എന്ന് തോന്നുന്നു !

പേടിക്കാനുണ്ട് ചില സ്വപ്‌നങ്ങള്‍



'ഇതൊരു ശല്യമായല്ലോ .. ഇയാളെക്കൊണ്ട് ഞാന്‍ തോറ്റു.
എന്നെ കുലുക്കി വിളിച്ചു കൊണ്ട് ലൈസല്‍ മാഷ്‌ പറഞ്ഞു .
ഇന്ന് എന്തായിരുന്നു സംഭവം ? പഴയ പോലെ ആ പെണ്ണ് വീണ്ടും സ്വപ്നത്തില്‍ വന്നോ ? ( മുമ്പ് ഒരിക്കല്‍ എഴുതിയ പെണ്ണ് കാണല്‍ സ്വപ്നത്തിലെ നുസൈബ ) ഞാന്‍ എഴുന്നേറ്റിരുന്നു കുപ്പിയില്‍ നിന്ന് വെള്ളമെടുത്തു കുടുകുടാ കുടിച്ചു . ആ രംഗം മനസ്സില്‍ നിന്ന് പോകുന്നില്ല . എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു .

അയ്യേ ഇതെന്താ മാഷേ സ്വപ്നം കണ്ടു കരയുന്നോ ? ഛെ . മോശം . മഹാ മോശം ..എന്തായാലും കേള്‍ക്കട്ടെ . ഇന്നെന്താ കണ്ടത് ? വരാനിരിക്കുന്ന കാര്യം നേരത്തെ അറിയുന്നതിലും ഒരു ത്രില്ലുണ്ട് . പറ .
അല്ല ഞാനാലോചിക്കുവാ ഈ സ്വപ്നം കൊണ്ട് ഏല്പ്പിക്കപ്പെട്ട ആള്ക്ക് തൊട്ടടുത്ത്‌ കിടക്കുന്ന എന്റെ സമീപത്തേക്ക് ഒന്നു വന്നുകൂടെ . ഒരു ദിവസമെങ്കിലും . ..! പുള്ളിക്കാരന്‍ വല്ലാത്ത പക്ഷപാതി തന്നെ !

ഭംഗിയുള്ള ഒരു സ്വപ്നം കണ്ടിട്ട് നാളുകളെത്ര ആയി ?
ഈ പേടിത്തൊണ്ടന്‍ മാഷിനു തന്നെ എന്തിനിങ്ങനെ കാട്ടിക്കൊടുക്കുന്നു ? കഷ്ടം !! പറ മാഷേ ഇന്നത്തെ സ്വപ്നം എന്തായിരുന്നു ?

ഞാന്‍ ആ രംഗം ഒന്ന് കൂടി ഓര്‍ത്തെടുത്തു .
മാഷേ ..എന്റെ ഉപ്പ ആശുപത്രിയിലൂടെ ഒരു പ്ലാസ്റ്റിക് മൂത്ര സഞ്ചിയും തൂക്കിപ്പിടിച്ച് അങ്ങനെ നടന്നു പോകുന്നു . ഉപ്പാന്റെ കൈപിടിച്ച് പാവം എന്റെ ഉമ്മയും . ഇങ്ങനെ ഒരു സഞ്ചി ഞാന്‍ മുമ്പ് കണ്ടിട്ടില്ല .

അതിന് ഇയാളുടെ ഫാദറിനു അസുഖം വല്ലതും ഉണ്ടോ ?
ഇല്ല കഴിഞ്ഞ ആഴ്ച ഞാന്‍ പോരുമ്പോള്‍ ഒരു കുഴപ്പവും ഇല്ല .
‘ഇത് ചുമ്മാ ദു:സ്വപ്നം ആണ് . പിന്നെ നിങ്ങള്‍ കാണുന്നതൊക്കെ പുലരാന്‍ നിന്നാല്‍ അതിനല്ലേ നേരം കാണൂ . ലൈറ്റണച്ച് മാഷ്‌ കിടക്ക്.

ഞാന്‍ കിടന്നു .
ആ മൂത്ര സഞ്ചി കണ്ണില്‍ നിന്നും പോവുന്നില്ല .
‘മാഷേ എന്താണ് അതിന്റെ ഉപയോഗം ? ഞാന്‍ ആരാഞ്ഞു .
ലൈസല്‍ മാഷിന്റെ വിഷയം ബയോളജി ആണ് .

മൂത്ര തടസ്സം ഉണ്ടാവുമ്പോള്‍ മൂത്രം പുറത്തേക്ക് കളയാനുള്ള ഒരു സംവിധാനം . മൂത്രനാളിയില്‍ പൈപ്പ് ഇടും . മൂത്രം അത് വഴി സഞ്ചിയിലെത്തും . അത്രേയുള്ളൂ .

പിന്നെടെപ്പോഴോ നല്ല കൂര്‍ക്കം വലി കേട്ടു .

പിറ്റേന്ന് പത്ത് എ യില്‍ ക്ലാസെടുത്തു കൊണ്ടിരിക്കുകയാണ് ഞാന്‍ . നാലാമത്തെ പിര്യേഡ്‌ ആണ് . ഇടയ്ക്ക് പ്യൂണ്‍ വന്നു പറഞ്ഞു .
‘സാറിനു ഒരു ഫോണ്‍ ഉണ്ട് . ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞു .

ഞാന്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങി ഓടി . ഫോണ്‍ ഡിസ് കണക്ട് ചെയ്തിട്ടില്ല .
‘ഹലോ ? ആകാംക്ഷയുടെ ആഴങ്ങളില്‍ നിന്ന് ഞാന്‍ വിളിച്ചു . മറുതലക്കല്‍ ചെറിയ പെങ്ങളാണ് .

‘ഉപ്പ മഞ്ചേരി കൊരമ്പീലാ . മൂത്രം പോണില്ല . ഇന്നലെ അന്തിക്ക് തുടങ്ങ്യതാ . നേരം വെളുക്കും മുമ്പ് ഇങ്ങട്ട് കൊണ്ടന്നു ..
ട്യൂബ് ഇട്ടിക്കാണ് . ..!!

ഞാന്‍ അപ്പോള്‍ തന്നെ ഹെഡ്മാഷോട് പറഞ്ഞ് ഇറങ്ങി .
മഞ്ചേരിയില്‍ കൊരമ്പയില്‍ എത്തുമ്പോള്‍ ഞാന്‍ കണ്ട കാഴ്ച ..!! സത്യം പറയാമല്ലോ . ഞാന്‍ അന്തിച്ചു പോയി . ഇന്നലെ കണ്ട അതെ രംഗം . അതെ ചുമരുകള്‍ . ചുമരിനു അടിച്ച പൈന്റിന് പോലും അതെ നിറം . അതെ വാര്‍ഡ്‌ . . എനിക്ക് ആകെ തലകറങ്ങുന്ന പോലെ തോന്നി.

മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഒരു പാതിരാ 'വധം ' !!




നിറഞ്ഞ സദസ്സ് . നിരത്തിയിട്ട കസേരകളില്‍ വൃദ്ധരും മധ്യ വയസ്ക്കരും യുവാക്കളും . അലങ്കരിച്ച വേദി . പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് കുട്ടികളും സ്ത്രീകളും .

കടലക്കച്ചവടക്കാരുടെയും തട്ടുകടക്കാരുടെയും ആരവങ്ങള്‍ . ഇടയ്ക്കിടെ വാഹങ്ങള്‍ ഹോണടിച്ചു കടന്നു പോകുന്നു . പ്രസംഗം തകര്‍ക്കുകയാണ് . ശ്രോതാക്ക ള്‍ പ്രസംഗത്തില്‍ ലയിച്ചിരിക്കുകയാണ് . ആവേശ പൂ ര്‍വം പ്രസംഗകന്‍ കത്തിക്കയറുന്നു . പൊടുന്നനെ മഴ ചാറി . ഒരു തുള്ളി . രണ്ടു തുള്ളി . ഒരുപാട് തുള്ളികള്‍ .

ചിലര്‍ ടവ്വ ലെടുത്തു തലയിലിട്ടു . ചിലര്‍ പീടികത്തിണ്ണയിലേക്ക് ഓടിക്കയറി .
പെട്ടെന്ന് മഴ ശക്തമായി . തുള്ളിക്കൊരു കുടം പേമാരി .

സദസ്യര്‍ ചിതറിയോടി . ഒഴിഞ്ഞ കസേരകള്‍ . മൈക്കിനു മുമ്പില്‍ ഒരേ ഒരാ ള്‍ . പ്രസംഗക ന്‍ ഏകനാണ് . ഞാന്‍ ഞാന്‍ മാത്രം ..!!!
മഴ പെയ്യുകയാണ് .കൂട്ടിന് ഇടിയും മിന്നലും .

കണ്ണ് തുറന്നു നോക്കുമ്പോള്‍ ഞാന്‍ കിടക്കയിലാണ് . വേദിയില്ല , സദസ്സില്ല , മഴയും കസേരകളും ഇല്ല . ഇരുട്ട് മാത്രം . ഒരു ഇരുപത്തേഴാം രാവിന്‍റെ തലേന്നത്തെ രാത്രിയുടെ അവസാന യാമം ആയിരുന്നു അത് .

OO

അന്ന് ഞാന്‍ ജ്യേഷ്ഠ ന്‍ അബ്ദുക്കാക്കുവിന്റെ വീട്ടിലാണ് . നേരം വെളുത്താല്‍ ഇരുപത്തി ഏഴാം രാവാണ് .

ആ സമയത്ത് പുന്നക്കാട് പൊടുവണ്ണിക്കലെ കൊച്ചു പള്ളി വികസന ആവശ്യാര്‍ത്ഥം ഒരു കഥാപ്രസംഗ പരമ്പര നടക്കുന്നുണ്ട് .നോമ്പ് ഇരുപത്തൊമ്പത് വരെ അത് നീണ്ടു നില്ക്കും പ്രസിദ്ധ കാഥികന്‍ മുള്ളൂര്‍ക്കര ഹംസ മൌലവി ആണ് അവതാരകന്‍ .

ഇഷാ നിസ്ക്കാരത്തിനു ഞാനും ജ്യേഷ്ഠനും മാമ്പുഴ പള്ളിയിലേക്ക് പോയി . തറാവീ ഹിന് ശേഷം വീട്ടിലേക്ക് പോരാന്‍ ജ്യേഷ്ഠ നെ കാത്തു നില്‍ക്കുമ്പോള്‍ പള്ളിയില്‍ ആളുകളൊക്കെ കൂട്ടം കൂടി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു .
ഇനി എന്ത് ചെയ്യും എന്ന ചോദ്യമാണ് മിക്ക മുഖങ്ങളിലും.
പള്ളിയിലെ ഇമാം സൈദ്‌ മുസ്‌ല്യാര്‍ ജ്യേഷ്ഠ നെ വിളിച്ചു എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നു . എനിക്കൊന്നും മനസ്സിലായില്ല .

അല്പം കഴിഞ്ഞു അബ്ദുക്കാക്കു എന്നെ സ്വകാര്യമായി വിളിച്ചു പറഞ്ഞു : മുള്ളൂര്‍ക്കര ഹംസ മൌലവിയുടെ കുട്ടിയെ മൌലാനാ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു . അദ്ദേഹത്തെ കൊണ്ട് പോകാന്‍ വണ്ടിയില്‍ ആള് വന്നിരുന്നു . ഇപ്പോള്‍ പോയതെ ഉള്ളൂ . നാളെയെ വരൂ . ഇന്നത്തെ കഥാ പ്രസംഗം മുടങ്ങും . ആളുകളെത്തി തുടങ്ങിയിട്ടുണ്ട് . ആരെങ്കിലും കുറച്ചു സംസാരിക്കണം . പിന്നെ കാര്യം പറഞ്ഞു ആളുകളെ പിരിച്ചു വിടാം .പള്ളിയിലെ കുട്ടികളൊക്കെ നോമ്പ് ആയതു കൊണ്ട് നാട്ടിലാണ് . സൈദ്‌ മുസ്‌ല്യാര്‍ക്ക് പ്രസംഗം തീരെ വശമില്ല . ആരെങ്കിലും കുറച്ചു സംസാരിക്കണം . വന്ന ആളുകളെ വെറുതെ മടക്കി വിടുന്നത് ശരിയല്ല .

'ഇനി എന്ത് ചെയ്യും ?'
'നീ കുറച്ചു സംസാരിക്കണം '
'ഞാനോ ? '
'എന്തെ നിനക്ക് സംസാരിച്ചു കൂടെ ..?
'അത് ശരിയാവില്ല . ഞാനെങ്ങനെ മത പ്രസംഗം നടത്തും ?
നീ എന്താണീ പറയുന്നത് ? 'നിനക്ക് പറ്റും . നിനക്ക് അറിയാവുന്നത് പറഞ്ഞാല്‍ മതി . പ്രസംഗിക്കാന്‍ കുറച്ചൊക്കെ നിനക്ക് അറിയാമല്ലോ ഇതൊരു അവസരമാണ് . ഒരു സഹായവും . ഞാന്‍ സൈദ്‌ മുസ്ലിയാര്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട് .

എന്റെ ഉള്ളില്‍ തീയാളി . കുറച്ചെ ന്തെങ്കിലും ഒക്കെ പറയാമെന്ന ധൈര്യമുണ്ട് . ചില സാഹിത്യ പരിപാടികളിലും പൊതു വേദികളിലും ഇടയ്ക്കൊക്കെ സംസാരിച്ച നേരിയ
പരിചയവും ഉണ്ട് . പക്ഷേ അത് പോലെ ഒന്നുമല്ലല്ലോ ഇത് .വലിയ പണ്ഡിതന്മാര്‍ കൈകാര്യം ചെയ്യേണ്ട വേദിയില്‍ എന്നെ പോലെ പാമരനായ ഒരാള് എന്ത് പറയാനാണ് ? ജ്യേഷ്ഠ നാവട്ടെ പരിപാടിയുടെ സംഘാടകരിലൊരാളാണ് .

'നോ എന്ന് പറഞ്ഞു ഒഴിയാന്‍ കഴിയാത്ത ധര്‍മ്മ സങ്കടത്തിലായി
ഞാന്‍ . ഒരു പ്രിപ്പ റേഷനും ഇല്ലാതെ എങ്ങനെ പ്രസംഗിക്കും ? എന്ത് പറയും ?

ഒടുവില്‍ പരിപാടി ആരംഭിച്ചു . സ്വാഗത പ്രാസംഗികന്‍ കാര്യങ്ങള്‍
വിശദമായി തന്നെ പറഞ്ഞു . പിന്നെ എന്നെ പ്രസംഗിക്കാന്‍ വിളിച്ചു .
എന്റെ മട്ടും മാതിരിയും ചേലും കോലവും ഒക്കെ ആളുകള് എങ്ങനെ ഉള്‍ക്കൊള്ളും എന്ന ആധിയിലായിരുന്നു ഞാന്‍ .

ഒരു കവിത ചൊല്ലിയാണ് തുടങ്ങിയത് . കഥയും കവിതയും സാഹിത്യവും ഇത്തിരി മതവും റമദാനും ഒക്കെയായി എന്റേതായ ചില നിരീക്ഷണവും അല്പ ജ്ഞാനവും മുന്‍ പിന്‍ നോക്കാതെ ഞാന്‍ വിളമ്പാന്‍ തുടങ്ങി . ആളുകള്‍ എണീറ്റ് ഓടുമോ എന്നായിരുന്നു എന്റെ പേടി .

ഏകദേശം ഒരു അരമണിക്കൂര്‍ ആയതേയുള്ളൂ . പൊടുന്നനെ മഴ ചാറി . തുള്ളികള്‍ വീണു കസേരക്കൈകള്‍ നനഞ്ഞു തുടങ്ങി . പലരും ടവ്വലെടുത്ത്‌ തലയിലിട്ടു . ചിലര്‍ പീടിക ക്കോലായിലേക്ക് ഓടിക്കേറി .

മഴ ശക്തമായി . ആളുകള് ചിതറിയോടി . അകമ്പടിയായി ഇടിയും മിന്നലും . വേദിയില്‍ ഞാന്‍ ഏകനായി . ഒഴിഞ്ഞ കസേരകളും ഞാനും മഴയും പിന്നെ ഇടിയും മിന്നലും ...!!

ഈ പരിപാടിയുടെ റിഹേഴ്സല്‍ ആയിരുന്നു തലേന്ന് രാത്രി സ്വപ്നത്തിലൂടെ നടന്നത്

യുദ്ധം തുടരട്ടെ ; തടയരുത് !



ഈ തലക്കെട്ട്‌ വായിച്ചു നിങ്ങളൊക്കെ നെറ്റി ചുളിച്ചപോലെ
കേരളത്തില്‍ നിന്നിറങ്ങുന്ന ഒരു പ്രധാന പത്രത്തിന്റെ ഗള്‍ഫ് എഡിഷനില്‍ , മനോഹരമായ നിറക്കൂട്ടില്‍ വലിയ അക്ഷരത്തില്‍ കണ്ട ആ ശീര്‍ഷകം വായിച്ചു ഞാനും നെറ്റി ചുളിച്ചു .

സ്വബോധമുള്ള ആരെങ്കിലും ഇങ്ങനെ പറയുമോ ?

കൂടുതല്‍ വായിക്കാന്‍ ആ ശീര്‍ഷകം എന്നെ പ്രേരിപ്പിച്ചു .
അതൊരു വാര്‍ത്ത അല്ലായിരുന്നു .
ഒരു പരസ്യം .
അതും ഒരു ആശുപത്രിയുടെ .
യുദ്ധക്കെടുതിയുടെ ഭീകരമായ ഒരു ചിത്രവും കൊടുത്തിരിക്കുന്നു പരസ്യത്തോടൊപ്പം .

കൂടുതല്‍ വായിച്ചപ്പോഴാണ് 'കാര്യം ' തിരിഞ്ഞത് .
ആശുപത്രി പരസ്യം ആയതു കൊണ്ട് രോഗത്തെ കുറിച്ചാണ് പറയുന്നത് .

പനി വന്നാല്‍ ഡോക്ടറെ കാണിക്കണം . ഡോക്ടര്‍ എഴുതിയ പോലെ മെഡിസിന്‍ കഴിക്കണം . പൊതുവേ പനിക്കു രണ്ടു വിധം മരുന്നാണ് കൊടുക്കുക . ഒന്ന് പാരാസറ്റാമോള്‍ വകുപ്പില്‍ പെട്ട ഗുളികകള്‍ . മറ്റൊന്ന് ആന്റീ ബയോട്ടിക്

പനി ഉണ്ടെങ്കില്‍ മാത്രം കഴിക്കുക എന്ന് പറഞ്ഞു തരുന്ന ഗുളികകള്‍ പനി മാറിയാല്‍ പിന്നെ കഴിക്കേണ്ട .
പക്ഷേ കൂടെ തരുന്ന ആന്റീ ബയോട്ടിക് ഗുളികള്‍ പനി മാറിയാലും കഴിക്കണം . അഞ്ചു ദിവസത്തിനു എഴുതിയിട്ടുണ്ടെങ്കില്‍ അഞ്ചു ദിവസവും കഴിക്കണം .

ആന്റീ ബയോട്ടിക് നമ്മുടെ ശരീരത്തിലെ രോഗാണുക്കളോട് യുദ്ധം ചെയ്യുകയാണ് . അവസാനത്തെ രോഗാണുവി നെയും നശിപ്പിച്ചേ ആ 'യുദ്ധം ' അവസാനിപ്പിക്കാവൂ . ഇടയ്ക്കു നിര്‍ത്തരുത് .
അത് പറയാനാണ് ഈ ഭീകരമായ ശീര്‍ഷകം .
''യുദ്ധം തുടരട്ടെ ; തടയരുത്..'' !!

ദുരന്തങ്ങളെ പോലും സ്വന്തം താത്പര്യങ്ങള്‍ക്കും കാര്യലാഭത്തിനും വേണ്ടി എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കാം എന്നു ചിന്തിക്കുന്ന ആധുനിക മനുഷ്യന്റെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാണ് ! വികലമാണ് !! സങ്കുചിതമാണ് !!!

ചക്കാത്തല്ല സക്കാത്ത് !!


ആര് നിന്നെ ധനികനാക്കിയോ
അവന്
ഒരു നിമിഷം മതി
നിന്നെ ദരിദ്രനാക്കാന്‍

ആര് നിന്നെ ദരിദ്രനാക്കിയോ
അവന്
ഒരു പ്രയാസവുമില്ല
നിന്നെ ധനികനാക്കാന്‍

സക്കാത്ത് എന്നാല്‍ ശുദ്ധീകരണം എന്നാണു അര്‍ഥം
അഥവാ ശുദ്ധീകരിക്കാത്ത ധനം മലിനം .
അഴുക്കു പുരണ്ടത് .

ധനം ധന്യമാക്കാനുള്ള ഏക
പോം വഴിയാണ് സക്കാത്ത്

എട്ടു വിഭാഗത്തില്‍ പെട്ടവരായ , താഴെ പറയുന്നവരെ കഴിഞ്ഞേ മറ്റുള്ളവരെ പരിഗണിക്കേണ്ടൂ

ഉറ്റവരെ
ഉടയവരെ
കുടുംബത്തെ
ബന്ധത്തെ
അയല്പക്കത്തെ
നാട്ടുകാരെ
സ്വന്തം പ്രദേശത്തെ

ധനം ധന്യമാക്കാം ,
നിര്‍മലമാക്കാം
അത് വഴി
ദാരിദ്ര്യം ഉച്ചാടനം ചെയ്യാം

ഓര്‍ക്കാം :
ചക്കാത്തല്ല
സക്കാത്ത് !!

ഒറോട്ടി


ഇന്ന് സുഹൃത്ത്‌ അബ്ദുള്ള മുക്കണ്ണിയുടെ വീട്ടിലായിരുന്നു
എന്റെ നോമ്പ് തുറ . എന്റെ നാട്ടിലെ പത്തിരി കഴിഞ്ഞാല്‍ എനിക്കേറെ ഇഷ്ടം കണ്ണൂരിലെ 'ഒറോട്ടി' യാണ് .

മുമ്പ് ഒരു ദിവസം മറ്റൊരു കണ്ണൂര്‍ സുഹൃത്ത്‌ 'അബ്ദുല്ല കുപ്പ'ത്തിന്റെ റൂമില്‍ നിന്നാണ് ആദ്യമായി 'ഒറോട്ടി 'കഴിക്കുന്നത്‌ .
ഒറോട്ടി പത്തിരിയുടെ അനിയനായിട്ട്‌ വരും . സ്വാദിലും കാഴ്ചയും മിനുപ്പിലും . അന്ന് തന്നെ ആ വിഭവം വല്ലാതെ മനസ്സില്‍ കേറിപ്പറ്റി .

ഇന്നും അങ്ങനെ ഒരു 'ഒറോട്ടി ദിനം' സ്വപ്നം കണ്ടാണ്‌ ചെന്നത് .

അകത്ത് കേറിയ ഉടനെ രണ്ടാളും എന്നെ ഹാര്‍ദ്ദമായി സ്വീകരിച്ചു . പക്ഷേ രണ്ടാളുടെ മുഖത്തു നിന്നും ഒരു ഗൂഡമായ ചിരി എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു .
അതിനു കാരണം എന്താണെന്ന് മാത്രം മനസ്സിലായില്ല .

മുമ്പൊന്നും കഴിക്കാത്ത ഒരു തരം ജ്യൂസ് ആയിരുന്നു തുറക്ക് കിട്ടിയ പുതുമയുള്ള പാനീയം . പൊതീന ജ്യൂസ് .

ആദ്യമായി ആണ് ഞാന്‍ പൊതീന ജ്യൂസ് കഴിക്കുന്നത്‌ .
ഇത്തിരി ചവര്‍പ്പൊക്കെ തോന്നിയെങ്കിലും കുടിച്ചപ്പോള്‍ വയറിനു വല്ലാത്ത ഒരു സുഖം !

ഒരു പാട് കണ്ണൂര്‍ വിഭവങ്ങള്‍ ഉണ്ടായിരുന്നു നോമ്പ് തുറക്ക് .
എല്ലാം കഴിഞ്ഞു പോരാന്‍ നേരത്ത് യാത്ര പറയുമ്പോഴാണ് മുക്കണ്ണി പറഞ്ഞത് .

''നിങ്ങള്‍ ഞങ്ങള്‍ക്ക് പണി ഉണ്ടാക്കല്ലി മാഷേ ...!!!''

അത് കേട്ട് സുഹൃത്തിന്റെ ഭാര്യ വാതില്‍ പടിക്കല്‍ നിന്ന് കുലുങ്ങി ക്കുലുങ്ങി ചിരിക്കുന്നു

പടച്ചോനെ ഞാന്‍ ആര്‍ക്കും ഒരു ഉപകാരവും ചെയ്യലില്ല ഉപദ്രവും . പിന്നെ എന്തേ ഇങ്ങനെ ഒരു കമന്റ് ?

ഒന്നും മനസ്സിലാവാതെ അന്തം വിട്ടു അദ്ദേഹത്തിന്‍റെ മുഖത്തു നോക്കുമ്പോള്‍ അബ്ദുള്ള സാഹിബ് പറഞ്ഞു :

നിങ്ങള്ക്ക് എന്തെങ്കിലും ഒക്കെ എഴുതി വിട്ടാല്‍ മതിയല്ലോ .
പണി കിട്ടുന്നത് ഞങ്ങളെ പോലുള്ളവര്‍ക്കല്ലേ .. !!!

സാധാരണ അടുക്കളയിലെ ഒരു പണിക്കും അവളെന്നെ വിളിക്കാറില്ല . ഞാന്‍ പോകാറുമില്ല . ഇന്നലെ മുതല്‍ ഓരോന്ന് പറയുന്നു . ഇടയ്ക്കിടെ അടുക്കളയിലേക്കു വിളിക്കുന്നു . ഇന്ന് മൂപ്പത്തി പറയുകയാ :

''നിങ്ങളുടെ ഫ്രണ്ട് അയാളുടെ ഭാര്യയെ സഹായിച്ചു വിരല്‍ മുറിച്ചുവത്രേ . ങ്ങള് വെരലോന്നും മുറിക്കണ്ട ഈ കോഴിയെ ഒന്ന് മുറിച്ചേ .. '' !!!

ദിനം വന്നു പോകാന്‍ ഒരു പാടുമില്ല ; ദീനം വന്നാല്‍ പോകാന്‍ നല്ല പാട്‌ തന്നെ.


ഇന്നലെ ശറഫിയ്യ യിലെ ഒരു ആശുപത്രി പരിസരത്ത് വെച്ചാണ് ജബ്ബാര്‍ ക്കയെ വീണ്ടും കണ്ടു മുട്ടുന്നത് . (ശരിയായ പേരല്ല )

മുമ്പ് നാലു വര്‍ഷത്തോളം ഞാന്‍ താമസിച്ചിരുന്ന
ബാച്ചിലേഴ്സ് റൂമിലെ പണ്ടാരി -കുക്ക് - ആയിരുന്നു ജബ്ബാര്‍ക്ക .

ഞങ്ങളുടെ ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറിയപ്പോള്‍
എന്റെ താമസവും മാറി . പിന്നീടു പലപ്പോഴും ആ റൂമില്‍ പോയപ്പോഴൊന്നും ജബ്ബാര്‍ക്കയെ കണ്ടിരുന്നില്ല . ഒരു വട്ടം ചെന്നപ്പോള്‍ അദ്ദേഹം ലീവില്‍ നാട്ടിലാണ് എന്നാണു അറിഞ്ഞത് . പിന്നെ ചെല്ലുമ്പോള്‍ അദ്ദേഹം മറ്റെവിടെയോ ആണ് ഇപ്പോള്‍ ജോലി എന്നും അറിഞ്ഞു .

നല്ല മനുഷ്യനാണ് ജബ്ബര്‍ക്ക . എല്ലാവരോടും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന , എല്ലാവരെയും മക്കളെ പോലെ സ്നേഹിക്കുന്ന ജബ്ബര്‍ക്കയെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു .

വളരെ നാളുകള്‍ക്ക് ശേഷമുള്ള ആ കണ്ടു മുട്ടല്‍ വല്ലാത്ത സന്തോഷം പകര്‍ന്നു . കുശലാന്വേഷണങ്ങള്‍ക്കും സുഖവിവരങ്ങള്‍ക്കും ശേഷം ഞാന്‍ ചോദിച്ചു : എന്ത് പറ്റി ? അസുഖം വല്ലതും .

വരൂ പറയാം . എന്ന് പറഞ്ഞു അദ്ദേഹം എന്നെ ഹോസ്പിറ്റലിലെ ഒരു ഒഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടു പോയി . അടുത്തടുത്ത കസേരയില്‍ ഇരുന്നു അദ്ദേഹം പറഞ്ഞു തുടങ്ങി .

ഇന്നലെ തുടങ്ങിയതാണ്‌ അടി വയറ്റിന് ഒരു വേദന . രാവിലെ മൂത്രമൊഴിക്കുമ്പോള്‍ രക്തം പോകുകയും ചെയ്തു . അപ്പോള്‍ ഡോക്ടറെ ഒന്ന് കാണിക്കാം എന്ന് വെച്ച് വന്നതാണ് .

നിങ്ങള്ക്ക് മുമ്പ് എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ ? ഞാന്‍ ഇടയ്ക്കു കേറി ചോദിച്ചു . അപ്പോഴാണ്‌ അദ്ദേഹം കയ്യിലുള്ള പ്ലാസ്റ്റിക് കവറില്‍ നിന്ന് ഒരു പാട് പേപ്പറുകള്‍ എനിക്ക് എടുത്തു കാണിച്ചു തന്നത് . പല പല ടെസ്റ്റുകളുടെ റിസള്‍ട്ട് . സ്കാന്‍ ചെയ്ത റിസള്‍ട്ട് . തിയ്യതി നോക്കുമ്പോള്‍ പത്തു പതിനഞ്ചു വര്‍ഷം മുമ്പേയുള്ള റിസള്‍ട്ട് അടക്കം അതിലുണ്ട് .

അദ്ദേഹം പറഞ്ഞു : പതിനഞ്ചു വര്‍ഷം മുമ്പത്തെ കഥയാണ് . അന്ന് ഞാന്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയാണ് . എന്റെ ബന്ധുവിന്റെ തന്നെ ഹോട്ടലായിരുന്നു . ബാപ്പ നേരത്തെ മരിച്ചത് കൊണ്ട് കുടുംബത്തിന്റെ ചുമതല എന്റെ തോളില്‍ ആയിരുന്നു . ഒരു ദിവസം അടിവയറ്റിന് ഒരു വേദന വന്നു .

ഡോക്ടറെ കാണിച്ചപ്പോള്‍ മൂത്രക്കല്ലിന്റെ അസുഖം ആണെന്നു പറഞ്ഞു : ഞങ്ങളുടെ നാട്ടിലെ ഒരു ഡോക്ടറെ ആണ് കാണിച്ചത് . മൂന്നു വര്‍ഷം ആ ഡോക്ടറുടെ മരുന്ന് കുടിച്ചു . വല്ലാതെ വേദന തോന്നുമ്പോള്‍ പോവും . മരുന്ന് എഴുതി തരും . പിന്നെയും പോകും .കാര്യമായ മാറ്റം ഒന്നും കിട്ടിയില്ല .

ആയിടക്കാണ് ഒരു ദിവസം സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോള്‍ അതി ശക്തമായ വേദന വരുന്നത് . അവനാണ് പറഞ്ഞത് നമുക്ക് നല്ല ഒരു ഡോക്ടറെ കാണിക്കാം എന്ന് . അവന് അറിയാവുന്ന ഒരു വിദഗ്ദ ഡോക്ടര്‍ ഉണ്ടായിരുന്നു ഞങ്ങളുടെ തൊട്ടടുത്ത പട്ടണത്തില്‍ . ഗവണ്മെ ന്റ് ഹോസ്പ്പിറ്റലില്‍ നിന്ന് റിട്ടയര്‍ ആയ ഡോക്ടര്‍ ആണ് .
അത് വരെ കഴിച്ച ഗുളികകളുടെ ലിസ്റ്റും കൂടെ കരുതിയിരുന്നു .

ഡോക്ടര്‍ പരിശോധിച്ച ഉടനെ എന്നോട് റൂമിന്പു റത്തു നില്‍ക്കാന്‍ പറഞ്ഞു . സുഹൃത്തിനോട്‌ ഡോക്ടര്‍ സംസാരിച്ചു . പിന്നെയാണ് ആ ഞെട്ടിക്കുന്ന വിവരം ഞാന്‍ അറിയുന്നത് . എന്റെ ഒരു കിഡ്നി ദ്രവിച്ചു പോയിരിക്കുന്നു . അത് എടുത്തു കളഞ്ഞേ പറ്റൂ . അല്ലെങ്കില്‍ അടുത്തതും ഉടന്‍ ഡാമേജ് ആവും .

ഇത് വരെ കഴിച്ച മരുന്നുകള്‍ അനാവശ്യമായിരുന്നു . മാത്രമല്ല അത് കിഡ്നി യെ ദോഷകരമായി ബാധിക്കുകയും ചെയ്തു .

ഒടുവില്‍ അമൃതയില്‍ നിന്നാണ് ഓപ്പറേഷന്‍ നടത്തി എടുത്തു
കളഞ്ഞത് . പതിനഞ്ചു കൊല്ലം കഴിഞ്ഞു .
വലിയ കുഴപ്പം ഒന്നും ഇല്ലാതെ ..

ഇന്നലെയാണ് ഇങ്ങനെ ഒരു പ്രശ്നം കാണുന്നത് .

ഒടുവില്‍ ഡോക്ടറെ കാണാന്‍ അദ്ദേഹത്തിന്‍റെ കൂടെ ഞാനും ചെന്നു . ഡോക്ടര്‍ വിശദമായ പരിശോധനക്ക് ശേഷം കാര്യമായ കുഴപ്പം ഒന്നും ഇല്ല , നന്നായി ശ്രദ്ധിക്കണം, എന്നും കണ്ടമാനം വെള്ളം കുടിക്കണം എന്നും പറഞ്ഞു . അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌ .

രോഗം ആരെ എപ്പോള്‍ കീഴടക്കും എന്ന് ഒരു നിശ്ചയവുമില്ല .
രോഗം വന്നു കഴിഞ്ഞാല്‍ പിന്നെ രോഗ നിര്‍ണ്ണയം തന്നെയാണ് പ്രധാനം . അവിടെ വീഴ്ച വരുന്നിടത്ത് നമുക്ക് വരുന്ന നഷ്ടങ്ങള്‍ ഓര്‍ത്തു പിന്നെ സഹതപിച്ചിട്ടു ഒരു കാര്യമില്ല

നാം കാണുന്ന ഡോക്ടര്‍ പറയുന്നത് അപ്പടി വിശ്വസിക്കുകയാണ് പൊതുവേ നമ്മള്‍ ചെയ്യാറ് . പക്ഷേ നീണ്ടു നില്‍ക്കുന്ന രോഗങ്ങളും രോഗലക്ഷണങ്ങളും കണ്ടാല്‍ ഒരിക്കലും ഒരു ഡോക്ടറുടെ അഭിപ്രായം മാത്രം അറിഞ്ഞാല്‍ പോരാ . ഒന്നോ രണ്ടോ ഡോക്ടറെ കണ്ടിട്ടേ രോഗം എന്താണെന്ന് തീരുമാനിക്കാവൂ . മരുന്ന് കഴിക്കാന്‍ മുതിരാവൂ .

ഇന്ന് പരിശോധനകള്‍ക്ക് ഒരു പഞ്ഞവുമില്ല . രോഗ നിര്‍ണ്ണ യവും എളുപ്പമാണ് . പക്ഷേ എന്നിട്ടും വലിയ അബദ്ധങ്ങള്‍
സംഭവിക്കുന്നുണ്ട് . സാധാരണക്കാര്‍ മാത്രമല്ല വലിയ വലിയ ആളുകള്‍ വരെ ഈ വ്യാജ രോഗ നിര്‍ണ്ണയം കാരണം കബളിക്കപ്പെട്ടതും ഏറെ വിഷമിച്ചതുമായ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്

ഇത്തരം ഒരു അബദ്ധ രോഗനിര്‍ണ്ണയവും അത് തീര്‍ത്ത മാനസിക വ്യഥകളും മത്രുഭൂമി ആഴ്ചപ്പതിപ്പില്‍ ബെന്യാമീന്‍ എഴുതിയത് വായിച്ചത് ഓര്‍ക്കുന്നു

വയനാട് എം പി . എം ഐ ഷാനവാസിനും ഇങ്ങനെ ഒരു അനുഭവം ഉണ്ടായതായി അദ്ദേഹം എഴുതിയത് ഓര്‍ക്കുന്നു .

നേരത്തെ കണ്ടെത്താതെ പോകുന്ന രോഗങ്ങളും വ്യാജമായ രോഗ നിര്‍ണ്ണയവും നമ്മുടെ ജീവന്‍ കൊണ്ടുള്ള കളിയാണ് എന്ന് നാം തിരിച്ചറിയണം .

ഒരിക്കലും അബദ്ധങ്ങള്‍ പറ്റാന്‍ പാടില്ലാത്ത മേഖലയാണ് ചികിത്സാ രംഗം . ഡോക്ടര്‍ മാരെ ദൈവമായി കാണുന്ന നമ്മള്‍ അറിയണം വ്യാജ ദൈവങ്ങള്‍ ഡോക്ടര്‍ മാരുടെ കൂട്ടത്തിലും യഥേഷ്ടം ഉണ്ടെന്ന് !!

ഒരു കൈപ്പിഴ മൂലം ജീവിത കാലം മുഴുവന്‍ കൂടെ ഉണ്ടാവേണ്ടിയിരുന്ന വിലപിടിപ്പുള്ള ഒരു വൃക്ക അറുത്തു മുറിച്ചു കളഞ്ഞ ആ പാവം മനുഷ്യന്റെ നഷ്ടം നികത്താന്‍ ആ ഡോക്ടര്‍ക്ക് സാധിക്കുമോ ? എത്ര നിരുത്തരവാദ പരമായി ആണ് ആ ഡോക്ടര്‍ ആ പാവത്തോട് പെരുമാറിയത് ? അത് കൊണ്ട് ശ്രദ്ധിക്കുക . ഡോക്ടര്‍ മാരെ പോലും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക .

ഒരു മനുഷ്യന്റെ ഏറ്റവും വലിയ സൌഭാഗ്യം എന്താണ് ?
മറ്റൊന്നുമല്ല . തന്റെ ജീവിതകാലം മുഴുവന്‍ തന്റെ എല്ലാ അവയവങ്ങളും കൂടെ നില്‍ക്കുക എന്നത് തന്നെ !!

നമ്മുടെ ശരീരത്തില്‍ നാം പോലും അറിയാതെ എത്ര അവയവങ്ങളാണ് നിരന്തരമായി വിശ്രമ മില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് ? അതിനു ഏതിനെങ്കിലും ഒരു ചെറിയ ക്ഷീണം വന്നാല്‍ തീര്‍ന്നില്ലേ നമ്മുടെ എല്ലാം ?

ഒരു കണ്ണിനു എന്ത് വില ഉണ്ടാകും ? ഒരു ഹൃദയത്തിനു എത്ര സംഖ്യ വരും ? ഒരു കിഡ്നി കിട്ടാന്‍ എന്ത് കൊടുക്കേണ്ടി വരും . ഒരു ചെറു വിരല്‍ അറ്റു പോയാല്‍ പോലും നമ്മുടെ വിഷമം
എത്രയായിരിക്കും ?

ആ നിലക്ക് മനുഷ്യ ശരീരം എത്ര വിലപിടിപ്പുള്ള അമൂല്യമായ വസ്തു ആണ് ! ഓരോ അവയവങ്ങളെ കുറിച്ചും നാം ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കിയാല്‍ അറിയാം സ്രഷ്ടാവ് നമുക്ക് തന്ന ഈ ശരീരത്തിന്റെ വില .

കേവലം ഒരു കണ്ണിനെ കുറിച്ച് മാത്രം ചിന്തിച്ചു നോക്കൂ . ഇത്തിരി പോന്ന ആ അവയവം കൊണ്ട് നാം എന്തൊക്കെയാണ് കാണുന്നത് . ഉറുമ്പിനെ കാണാനും ആ കണ്ണ്‍ മതി ആനയെ കാണാനും അത് മതി .

വിരലിന്റെ മടക്കുകള്‍ , കാല്‍ മുട്ടിന്റെ സംവിധാനം , ഇരിക്കാനും നടക്കാനും ചാടാനും ഓടാനും ഒക്കെ പറ്റുന്ന കൈകാലുകളുടെ സൃഷ്ടിപ്പ് , നിരന്തരം നിര്‍ വിഘ്നം നിര്‍ വിശ്രമം ചലിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ആന്തരിക അവയവങ്ങള്‍ .. എല്ലാം അറിയുമ്പോള്‍ നാം അറിയാതെ നമ്മുടെ സ്രഷ്ടാവിനെ നമിച്ചു പോകും . നമുക്ക് അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ അനന്തമാണ്‌ . അവര്‍ണ്ണനീയമാണ് . അമൂല്യമാണ്‌ !!

എന്നിട്ടും നമ്മുടെ അഹങ്കാരത്തിനു വല്ല കുറവും ഉണ്ടോ ?

'ഒരാള്‍ തന്റെ ശരീരത്തെ അറിഞ്ഞാല്‍ അവന്‍ തന്റെ സ്രഷ്ടാവിനെ അറിഞ്ഞു ' മനുഷ്യനെ നാം ഏറ്റവും ചൊവ്വായ രീതിയിലാണ് സൃഷ്ടിച്ചത് ' തുടങ്ങിയ തിരുവചനങ്ങള്‍ നമ്മെ ചില തിരിച്ചറിവുകളിലേക്ക് നയിക്കേണ്ടതാണ് .

വലിയ കേമനാനെന്നും വമ്പനാണെന്നും ഭയങ്കര സംഭവമാണെന്നും ഒക്കെ മേനി നടിക്കുന്ന നമ്മുടെയൊക്കെ പ്രധാന ഭാഗത്തെ ഒരൊറ്റ പിടുത്തം മാത്രം മതി എല്ലാം തകര്‍ന്നടിയാന്‍ എന്ന് ഓര്‍ക്കുന്നതും
വലിയ ശക്തനും കരുത്തനും എന്തിനും പോന്നവനും എന്നൊക്കെ അഹങ്കരിക്കുന്ന നാം എത്രമാത്രം നിസ്സഹായരും ദുര്‍ബലരും ആണ് എന്നും ഇടയ്ക്കിടെ ഓര്‍ക്കുന്നതും നല്ലതാണ് .

ദിനം വന്നു പോകാ
ന്‍  ഒരു പാടുമില്ല
ദീനം വന്നാ
ല്‍ പോകാന്‍  നല്ല പാട്‌ തന്നെ.

ആയിരത്തിന്റെ ഒറ്റനോട്ട്



അധ്യാപക പരിശീലനം കഴിഞ്ഞ പിറ്റേവര്‍ഷം തന്നെ, വളാഞ്ചേരി മര്‍ക്കസ് റസിഡന്ഷ്യല്‍ ഹൈസ്ക്കൂളിലാണ് നിയമനം ലഭിക്കുന്നത്.

ഒരു പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കുകയാണ് . പതിവു പോലെ ഒരുപാട് പുതിയ കുട്ടികള്‍ അഡ്മി ഷന്‍ തേടി എത്തിയിട്ടുണ്ട് . രക്ഷിതാക്കള്‍ ഗള്‍ഫിലുള്ള കുട്ടികളാണ് ഭൂരിഭാഗവും. കൂട്ടത്തില്‍ നാട്ടില്‍
തന്നെയുള്ള ചില പ്രമുഖ വ്യക്തികളുടെ മക്കളുമുണ്ട്. അവരിലൊരു വി.വി.ഐ.പി കുട്ടിയുമുണ്ടായിരുന്നു.

കേരളത്തിന്‍റെ കണ്ണും കാതും കരളുമൊക്കെയായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഇളയ മകന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആയിരുന്നു ആ കുട്ടി .

കുട്ടികളെ ചേര്‍ക്കാന്‍ വന്ന രക്ഷിതാക്കളുടെ കൂട്ടത്തില്‍ ശിഹാബ് തങ്ങളുമുണ്ട്. അന്നേരം , മര്‍ക്കസിന്‍റെ പ്രസിഡണ്ട് കൂടിയായ തങ്ങളുടെ കുട്ടിയെ ചേര്‍ക്കാന്‍ തങ്ങള്‍ തന്നെ വരേണ്ടിയിരുന്നോ എന്ന ഒരു ചോദ്യം ഞങ്ങള്‍ അധ്യാപകരുടെയും ഓഫീസ് സ്റ്റാഫിന്‍റെയുമൊക്കെ മനസ്സില്‍ കിടന്ന് ഓളം വെട്ടുന്നുണ്ടായിരുന്നു.

അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് തങ്ങള്‍ മര്‍ക്കസ് സെക്രട്ടറി കെ.ടി.കുഞ്ഞുട്ടി ഹാജിക്കൊപ്പം ക്യാമ്പസില്‍ തന്നെയുള്ള ഗസ്റ്റ് ഹൌസിലേക്ക് പോയി. അല്‍പ്പം കഴിഞ്ഞ്, പ്യൂണ്‍ ഓടി വന്ന് പറഞ്ഞു: 'സെക്രട്ടറി ഗസ്റ്റ് ഹൌസിലേക്ക് വിളിക്കുന്നു ..'ഞങ്ങള്‍ മൂന്നുനാല് അധ്യാപകര്‍ ആകാംക്ഷയോടെ ഗസ്റ്റ് ഹൌസിലെത്തി.

നിരത്തിയിട്ട സോഫയില്‍ തങ്ങള്‍ക്കഭിമുഖമായി , കണ്ണെടുക്കാന്‍ കഴിയാത്ത ആ പ്രസാദസാന്ദ്രിമയിലേക്ക് തന്നെ നോക്കി , തങ്ങള്‍ പറയുന്നതെന്തെന്ന് കാതോര്‍ത്ത്, ഞങ്ങളിരുന്നു.

സൗമ്യതയില്‍ ചാലിച്ച അദ്ദേഹത്തിന്‍റെ ദൃഡമായ വാക്കുകള്‍ ഞങ്ങള്‍ ഇങ്ങനെ കേട്ടു.
'മുനവ്വര്‍ എന്‍റെ കുട്ടിയാണ്എന്നതൊക്കെ ശരി തന്നെ. പക്ഷേ, മറ്റുകുട്ടികളേക്കാള്‍ ഒരു പരിഗണനയും മുനവ്വറിന് നല്‍കരുത്. അവര്‍ എവിടെ താമസിക്കുന്നുവോ അവിടെത്തന്നെ മുനവ്വറിനെയും താമസിപ്പിക്കണം.അവര്‍ക്ക് എന്താണ് ഭക്ഷണം നല്‍കുന്നത് അതു മാത്രമേ മുനവ്വറിനും നല്‍കാവൂ...'

വിസ്മയവും ആദരവും ഇഴപിരിഞ്ഞ ഒരു വല്ലാത്ത വൈകാരിക ഭാവത്തോടെയാണ് അന്ന് ഞങ്ങള്‍ ഗസ്റ്റ് ഹൌസില്‍ നിന്നിറങ്ങിപ്പോന്നത്.

പിന്നീട്, കൊടപ്പനക്കല്‍ തറവാടിന്റെ കുലീനതയും പ്രൌഡിയും ഗരിമയും വിനയവുമൊക്കെ മര്‍ക്കസ് ക്യാമ്പസിലാകെ പ്രസരിപ്പിച്ച്, അധ്യാപകരുടെയും കുട്ടികളുടെയും ബഹുമാനവും , നിറഞ്ഞ സ്നേഹവും
ഏറ്റുവാങ്ങി, ഇടുങ്ങിയ ഡബിള്‍ ഡക്കര്‍ ഇരുമ്പ് കട്ടിലില്‍ ഉറങ്ങിയും ബാത്ത് റൂമിന്‌ മുമ്പില്‍ ക്യൂ നിന്നും, ഭക്ഷണത്തിനു വേണ്ടി കിച്ചണിലേക്ക് വരി തെറ്റാതെ നടന്നു നീങ്ങിയും രണ്ടായിരത്തോളം വരുന്ന കുട്ടികളിലൊരാള്‍ മാത്രമായി തങ്ങളുടെ മോനും ...!

എസ്.എസ്.എല്‍ . സിക്ക് നൂറു ശതമാനം വിജയം എന്നതായിരുന്നു മര്‍ക്കസിന്റെ അക്കാലത്തെ ഹൈലൈറ്റ്. ഓരോ വര്‍ഷവും ആ ചരിത്രം നിലനിര്‍ത്താന്‍ ഞങ്ങള്‍ അധ്യാപകരും വിദ്യാര്‍ഥികളും നന്നായി പണിയെടുക്കുമായിരുന്നു. എല്ലാം കഴിഞ്ഞ് പരീക്ഷയുടെ തൊട്ടു മുമ്പത്തെ ചൊവ്വാഴ്ച ഹെഡ് മാസ്റ്റര്‍ ഓച്ചിറക്കാരന്‍ അഹ്മദ് കുഞ്ഞ് സാറിന്റെ നേതൃത്വത്തില്‍ , എസ് . എസ് എല്‍ . സി കുട്ടികളും അധ്യാപകരും കൂടി പാണക്കാട് പോവുക പതിവുണ്ടായിരുന്നു.

മര്‍ക്കസിന്റെ ബസ്സ് കൊടപ്പനക്കല്‍ തറവാടിന്റെ ഗേറ്റിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതോടെ, തിമര്‍ത്തുപെയ്യുന്ന സങ്കടപ്പെരുമഴയില്‍ നിന്ന് തലതോര്‍ത്തി, എഴുന്നേറ്റു വന്ന്, തങ്ങള്‍ ഞങ്ങളെ സ്വീകരിക്കും. പൂമുഖത്തോട് ചേര്‍ന്ന് വലതുവശത്തുള്ള മുറിയിലേക്ക് ഞങ്ങളെ ആനയിക്കും. പലഹാരങ്ങള്‍ -കറുത്ത അലുവയും ചിപ്സും ഈത്തപ്പഴവും കട്ടന്‍ ചായയും - കൂടെ ഹൃദയത്തിലിറ്റുന്ന സ്നേഹകടാക്ഷവും പതിവിനുമപ്പുറം ദീര്‍ഘമായ ഒരു പ്രാര്‍ത്ഥനയും ഊഷ്മളമായ ഹസ്‌തദാനവും കഴിഞ്ഞിറങ്ങുമ്പോള്‍ ഞങ്ങള്‍ അധ്യാപകരുടെയും കുട്ടികളുടെയും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം വളര്‍ന്നു കഴിഞ്ഞിട്ടുണ്ടാവും..!

പഠനത്തില്‍ അല്‍പ്പം പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഏറ്റവും അവസാനമാണ് തങ്ങളുടെ ആശീര്‍വാദത്തിനു
വേണ്ടി കൊണ്ടു ചെല്ലുക. ആ ചുമതല മിക്കപ്പോഴും എനിക്കായിരുന്നു. എല്ലാവരും ഇറങ്ങിക്കഴിഞ്ഞ് ഏറ്റവും അവസാനം തങ്ങളോട് പറയും:
'ഇവര്‍ പഠനത്തില്‍ അല്‍പ്പം പിന്നിലാണ്..'
അന്നേരം, ഓരോരുത്തരുടെയും നെറുകയില്‍ കൈവെച്ചു കൊണ്ട് തങ്ങള്‍ പറയും:
'എല്ലാം അല്ലാഹു സലാമാത്താക്കും..'

ഇന്നുമോര്‍ക്കുന്നു ; ആ വാക്കുകള്‍ ഒരിക്കലും തെറ്റിയിട്ടില്ല..!

ഒരിക്കല്‍ അക്കാദമിക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസാന തീരുമാനത്തിലും വേണ്ടി ഹെഡ് മാസ്റ്ററും ബോര്‍ഡിംഗ് മാനേജര്‍ അബ്ദുള്ളക്കുട്ടി ഫൈഅസിയും ഞാനും
പാണക്കാടെത്തിയതായിരുന്നു. രാവിലെ ഒമ്പതു മണി യാവുന്നതെയുള്ളൂ . അകം നിറഞ്ഞ് മുറ്റത്തേക്കും മുറ്റം നിറഞ്ഞ് ഗേറ്റുവരെയും പ്രയാസങ്ങളുടെ നീണ്ട നിര. 'മര്‍ക്കസുകാരെ 'ന്ന പരിഗണനയില്‍ പൂമുഖ ത്തിന്റെ പിന്‍മുറിയിലേക്ക് ഞങ്ങള്‍ക്ക് പ്രവേശനം കിട്ടി. അകത്തുമുണ്ട് ഒരു പാടാളുകള്‍ . കൂടുതല്‍ പേരും വന്ന കാലില്‍ തന്നെ നില്‍ക്കുകയാണ്. തങ്ങള്‍ എന്തോ ആവശ്യത്തിനു വേണ്ടി അകത്തേക്ക് പോയതാണെന്നു തോന്നുന്നു.

ഒടുവില്‍ , തങ്ങള്‍ അകത്ത് നിന്ന് വന്നു . തങ്ങളെ കണ്ടപാടെ, മാറിനിന്നിരുന്ന ആളുകള്‍ സജീവമായി . എല്ലാവര്‍ക്കും തങ്ങളുടെ ഡേറ്റ് വേണം . 'അതാ ഡയറി . ഒഴിവുണ്ടെങ്കില്‍ അതില്‍ എഴുതിക്കോളൂ..' ഡയറിയിരിക്കുന്ന ഭാഗത്തേക്ക് തങ്ങള്‍ കൈ ചൂണ്ടി. ഒരാ ള്‍ ഡയറി തുറന്ന് നോക്കുമ്പോള്‍ 'എന്നും മലര്‍ക്കെ തുറന്ന് വെച്ച 'ചരിത്ര പ്രസിദ്ധമായ ആ പൊതുസ്വത്തി' ലേക്ക് ഞാനൊന്ന് പാളിനോക്കി.

ഡയറി പരിശോധിച്ച് അതീവസന്തുഷ്ടനായി അദേഹം തങ്ങളോട് പറഞ്ഞു:
'അല്‍ഹംദുലില്ല ... അന്ന് മറ്റെവിടെയും പരിപാടിയില്ല..'
'എന്നാല്‍ എഴുതിക്കോളൂ ..'

അന്നാണ് ആ പ്രസിദ്ധമായ ഡയറി കാണാനുള്ള ഭാഗ്യമുണ്ടായത്‌ . ഓരോരുത്തരും വരുന്നു ഡേറ്റ് ഉണ്ടെങ്കില്‍ എഴുതി ബുക്ക് ചെയ്യുന്നു .

2004 ലെ വെക്കേഷന് ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് പോകുമ്പോള്‍ ഒരു വീട് എന്ന സ്വപ്നം മനസ്സില്‍ നാമ്പെടുക്കുന്നുണ്ടായിരുന്നു . നാട്ടിലെത്തും മുമ്പേ ജ്യേഷ്ഠനും സുഹൃത്ത് നൌഷാദ് മാഷും സ്ഥലം കണ്ടെത്തുകയും കച്ചവടം നടത്തുകയും ചെയ്തിരുന്നു. ആ വെക്കേഷനില്‍ തറയിട്ട് പോന്ന് സാവകാശം പണി നടത്താനായിരുന്നു പ്ലാന്‍ .

തറപ്പണിയുടെ തിരക്കിലായതു കൊണ്ട് തിരിച്ചു പോരാന്‍ നേരത്താണ് പാണക്കാട് പോയത്‌.... .

അന്ന് , സംസാരത്തിനിടെ വീടിന് തറയിട്ട കാര്യം അറിയിച്ചു . പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇറങ്ങുമ്പോള്‍ തങ്ങള്‍ എനിക്കൊരു നോട്ട് തന്നു . സാധാരണ എല്ലാവര്‍ക്കും കൊടുക്കുന്ന പോലെ.
അത് ആദരപൂര്‍വ്വം പോക്കറ്റിലിട്ടു .

'തങ്ങള്‍പടി 'യില്‍ നിന്ന് മഞ്ചേരിയിലെക്കുള്ള ബസ്സില്‍ കേറി കണ്ടക്ടര്‍ക്ക് ചാര്‍ജ്ജ് കൊടുക്കാന്‍ പൈസയെടുക്കുമ്പോഴാണ്, ഞാന്‍ കരുതിയ പോലെ അത് പത്തിന്റെ നോട്ടല്ല; ആയിരത്തിന്റെ ഒറ്റ നോട്ടാണെന്നറിയുന്നത്. (അന്ന് ആയിരത്തിന്റെ ഒറ്റ നോട്ട് അത്ര വ്യാപകമായി ഇറങ്ങിത്തുടങ്ങിയിട്ടില്ല )

ഇന്നും എന്റെ സ്യൂട്ട് കേസ് തുറക്കുമ്പോഴൊക്കെ ആ ആയിരത്തിന്റെ നോട്ട് എന്നോട് ചിരി തൂകി ക്കൊണ്ടിരിക്കുന്നു ... ശിഹാബ് തങ്ങളുടെ നിറഞ്ഞ പുഞ്ചിരി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് .

* ഈ കുറിപ്പില്‍ ബഹു ശിഹാബ് തങ്ങള്‍ക്കു പുറമേ പേര് പരാമര്‍ശിക്കുന്ന കുഞ്ഞുട്ടി ഹാജി , ഹെഡ് മാസ്റ്റര്‍ അഹ്മദ് കുഞ്ഞു സാര്‍ , ബോര്‍ഡിംഗ് മാനേജര്‍ അബ്ദുള്ളക്കുട്ടി ഫൈസി തുടങ്ങിയ വ്യക്തികള്‍ ഇന്ന് ജീവിച്ചിരിപ്പില്ല . അവരുടെ പരലോക ജീവിതം അല്ലാഹു ശോഭനമാക്കട്ടെ ..

കള്ളി


ഒന്ന് രണ്ടു സാധനങ്ങള്‍ വാങ്ങാനായി ഞാന്‍ ഒരു ബഖാലയില്‍ ചെന്നതായിരുന്നു . മലയാളിയുടെതാണ് . ചെല്ലുമ്പോള്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരി സ്ത്രീ കടയില്‍ നില്‍ക്കുന്ന പയ്യനോട് കയര്‍ക്കുന്നതാണ് കാണുന്നത് . 

ഒരു 'സവ' കാര്‍ഡ് ഉണ്ട് അവരുടെ കയ്യില്‍ . അമ്പത് റിയാലിന്റെതാണ്.
അവര്‍ അറബിയിലാണ് സംസാരിക്കുന്നത് .
റീ ചാര്‍ജ് ചെയ്തിട്ട് കാശ് കേറിയില്ലെന്നും അമ്പത് റിയാല്‍ തിരിച്ചു വേണമെന്നും അവര്‍ വാദിക്കുന്നു .

പയ്യന് കൂടുതല്‍ സംസരിക്കാനറിയില്ല എന്ന് തോന്നുന്നു . യഥാര്‍ത്ഥ കച്ചവടക്കാരന്‍ ഒരു പക്ഷേ അവനെ നിര്‍ത്തി പുറത്തു പോയതാവും . സംസാരം കേട്ടിട്ട് അവന്‍ ഇവിടെ വന്നിട്ട് അധികമായിട്ടില്ല .

സ്ത്രീ നിന്ന് കത്തിക്കയറുകയാണ് .
''ഇന്ത മസൂല്‍ ഫീ ഹാദാ ഫുലൂസ് മാഫി ജീബ് ഖംസീന്‍ റിയാല്‍ യാ അല്ലാഹ്സൂ റ ...''
എന്നൊക്കെ പറയുന്നുണ്ട് .
( നീ ആണ് ഉത്തരവാദി . ഇതില്‍ കാശ് ഇല്ല . ഞാന്‍ തന്ന അമ്പത് റിയാല്‍ തിരിച്ചു
തരണം വേഗം വേണം )

ചെക്കന്‍ നിന്ന് പരുങ്ങുകയാണ് . അവനു എന്തൊക്കെയോ പറയണമെന്നുണ്ട് . പക്ഷേ ഭാഷ വേണ്ടവണ്ണം വഴങ്ങാത്തത് കൊണ്ട്
നിസ്സഹായനായി നില്ക്കുകയാണ് . ഒടുവില്‍ ഞാന്‍ ഇടപെട്ടു .
പൊതുവെ ഇത്തരം ഇടപെടല്‍ സൂക്ഷിച്ചു വേണം .
എന്നാലും ആ കുട്ടിയെ അങ്ങനെ ഒറ്റയ്ക്ക് അവര്‍ ക്ക് വിട്ടു കൊടുക്കാന്‍ മനസ്സ് വന്നില്ല .

നിങ്ങള്‍ ഇത് പോലെയാണോ ഇവിടെ നിന്ന് ഈ കാര്‍ഡ് കൊണ്ട് പോയത് ?
ഇതേ പോലെ ഇനി ആരെങ്കിലും പഴയ ഒരു കാര്‍ഡുമായി വന്നു ഇത് കേറുന്നില്ല എന്ന് പറഞ്ഞാല്‍ അവര്‍ക്കൊക്കെ കാശ് കൊടുക്കുകയോ ?
നിങ്ങള്‍ കള്ളം പറയുകയല്ല എന്നതിന് എന്താ തെളിവ് ?
നിങ്ങള്‍ ഇത് പൊളിച്ചില്ലായിരുന്നു എങ്കില്‍ കാശ് തിരിച്ചു തരാമായിരുന്നു .

ഇവര്‍ക്ക് കമ്പനി ഇങ്ങനെ കൊടുക്കുന്നതാണ് . അവര്‍ എങ്ങനെ ഉത്തരവാദി ആകും ?
എന്നെ പറയാനനുവദിക്കാതെ അവര്‍ എന്തൊക്കെയോ പറയുന്നുണ്ട് .

ഒടുവില്‍ ഞാന്‍ ചോദിച്ചു :
അല്ല ഇത് ഇവിടെ നിന്ന് തന്നെയാണ് വാങ്ങിയത് എന്നതിന് എന്തെങ്കിലും തെളിവുണ്ടോ ?
ആ ചോദ്യം കേട്ടപ്പോള്‍ അവരൊന്നു പരുങ്ങി .

ആ സ്ത്രീക്ക് ഞാന്‍ ഇടപെട്ടത് ഇഷ്ടമായില്ല . എന്നോട് കുറെ കയര്‍ത്തു .
ഞാന്‍ കംപ്ലൈന്റ്റ്കൊ ടുക്കാന്‍ പോവുകയാണ് . അവര്‍ പറഞ്ഞു .

ഞാന്‍ പറഞ്ഞു : പോയി കൊടുക്കൂ . എന്ത് തെളിവ് വെച്ചിട്ടാണ് നിങ്ങള്‍ പരാതി കൊടുക്കുക ?

അവര്‍ എന്നെ എന്തൊക്കെയോ പിരാകി പറഞ്ഞു കൊണ്ട് പുറത്തേക്ക് ...!!!


760144

ഒളിച്ചോട്ടം



വീട്ടില്‍ വളരെ ആഘോഷ പൂര്‍വം ഒരു വിവാഹം നടക്കുകയാണ് . രാത്രിയിലാണ് കല്യാണം . പെട്ടിപ്പാട്ടും മൈക്ക് സെറ്റുമൊക്കെയായി വിവാഹാഘോഷം കെങ്കേമമാണ് .
മുറ്റത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ പന്തലില്‍ ഈന്തോലകള്‍ കൊണ്ട് തോരണം ചാ ര്‍ത്തി യിരിക്കുന്നു . കുലച്ച രണ്ടു വാഴകള്‍ അതിഥികളെ സ്വീകരിക്കാനെന്നവണ്ണം പ്രധാനപ്പെട്ട പ്രവേശന കവാടത്തില്‍ ‘കായ്ച്ചു ‘ നില്ക്കു ന്നു . അവയ്ക്ക് തിലകക്കുറിയായി ‘സ്വാഗതം ‘ ബോര്‍ഡ് .
എങ്ങും കാതടപ്പിക്കുന്ന ഒച്ചയും കുതൂഹലങ്ങളും .

ഞങ്ങള്‍ കുട്ടികള്‍ ആഹ്ലാദത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചാ ടിക്കളിക്കുന്നു . ഇറച്ചി വരട്ടുന്നതിന്റെയും മോര് കാച്ചുന്നതിന്റെയും കൊതിപ്പിക്കുന്ന ഗന്ധം പന്തലിലാകെ പരന്നൊഴുകുന്നുണ്ട് . എന്റെ രണ്ടാമത്തെ ജ്യേഷ്ഠന്‍ അബ്ദു ആണ് വരന്‍
സൌദ ആണ് വധു . വീട് കരുവാരകുണ്ട് , കണ്ണത്ത്.

മംഗളപത്രങ്ങളും ആശംസാപത്രികകളും അരങ്ങു തകര്‍ക്കുന്ന കാലമായതു കൊണ്ട് വീട്ടിലുമുണ്ടായിരുന്നു മംഗള പത്രം . അതാകട്ടെ മുമ്പെവിടെയും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തതും തികച്ചും കാവ്യാത്മകവും ആയിരുന്നു . മംഗള പത്രം എന്ന് പറയുന്നതിനേക്കാള്‍ മംഗള ഗാനം എന്ന് പറയുന്നതാവും ശരി . അത് എഴുതിയ ആള്‍ തന്നെയാണ് പാടുന്നത് . പുത്യാപ്ല ഇറങ്ങി പന്തലിലിരിക്കുന്ന ശുഭ മുഹൂര്‍ത്ത ലാണ് പാട്ട്

അന്നത്തെ ഒരു ഹിറ്റ് മാപ്പിളപ്പാട്ടിന്റെ - (അഴകേറുന്നോളെ വാ കാഞ്ചന മാല്യം ചൂടിക്കാന്‍ ) ഇശലിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ . രചയിതാവിനോടൊപ്പം പാടാന്‍ വേറെ ഒരാളുമുണ്ട് . രണ്ടു പേരും മൈക്കിനു മുമ്പില്‍ വന്നു പാടിത്തുടങ്ങി

‘അഴകേറും സ്വപ്നങ്ങള്‍ പൂത്തുലഞ്ഞിടും യൌവ്വനം
പിഴ കൂടാതെന്നും സംരക്ഷിക്കാനല്ലോ കല്യാണം ..’

പ്രശസ്ത മാപ്പിളക്കവി ഓ എം കരുവാരക്കുണ്ടിന്റെതായിരുന്നു രചന . അദ്ദേഹത്തോടൊപ്പം പാടുന്നത് പിന്നീട് കരുവാര കുണ്ട് പഞ്ചായത്ത് പ്രസിഡണ്ട്‌ ഒക്കെയായ എം അലവി സാഹിബ് .
രണ്ടു പേരും ജ്യേഷ്ഠന്റെ ആത്മമിത്രങ്ങള്‍ .
ഗാനാലാപനം കഴിഞ്ഞ ശേഷം ആ ഗാനം പ്രിന്റ്‌ ചെയ്ത കോപ്പികള്‍ വിതരണവും ഉണ്ടായിരുന്നു .

പുത്യാപ്ല ഇറങ്ങാനായി . ഇരിങ്ങാട്ടിരിയില്‍ നിന്ന് കണ്ണത്തേക്ക് കാല്‍ നടയായാണ് വധൂഗൃഹ യാത്ര . ജ്യേഷ്ഠന്റെ ‘പുത്യാപ്ല ‘ന്റൊപ്പം അനിയന്‍ പോകുന്നത് നാണക്കേടും കുറച്ചിലും ഒക്കെയായി കരുതിയിരുന്ന കാലമായിരുന്നു വെങ്കിലും ആരോടും പറയാതെ , സമ്മതം ചോദിക്കാതെ , ഞാനും കൂടെക്കൂടി

നല്ല കൂരാക്കൂരിരുട്ടാണ്‌ . പെട്രോമാക്സ് തലയില്‍ വെച്ച് ഒരാള്‍ മുന്നേ നടക്കുന്നു . പിറകില്‍ സുഹൃത്തുക്കളും ബന്ധുക്കളും . ഒരു പ്രകടനം പോലെ . ഉറക്കെ സംസാരിച്ചും പൊട്ടിച്ചിരിച്ചും പുതുമാരനെ കളിയാക്കിയും ‘കാല്‍ നട ജാഥ ‘ നീങ്ങി

ഇരിങ്ങാട്ടിരിയില്‍ നിന്ന് കണ്ണത്തേക്ക് എത്ര ദൂരം ഉണ്ടെന്നോ നടക്കാന്‍ ഒരുപാടുണ്ടെന്നോ എനിക്ക് കൃത്യമായി അറിയില്ലായിരുന്നു . നടന്നു തുടങ്ങിയപ്പോഴാണ് ‘വിവരം’ അറിയുന്നത് . ഒരു ഘട്ടത്തില്‍ പോരേണ്ടിയിരുന്നില്ല എന്ന് വരെ തോന്നി . വല്ലാതെ ക്ഷീണിച്ചു . കാലുകള്‍ കുഴഞ്ഞു . ‘അപ്പളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാ ന്നു .. ‘ എന്ന നാടോടി മാപ്പിളപ്പാട്ട് ഉള്ളിലിരുന്നു ആരോ എന്നെ കളിയാക്കി പാടുന്ന പോലെ എനിക്ക് തോന്നി .

നടന്നു നടന്നു ഒരു വിധത്തിലാണ് പുത്യണ്ണിന്റെ വീട്ടിലെത്തിയത് .

മുറ്റത്തെ പന്തലില്‍ നിരത്തിയിട്ട കസേരകളിലൊന്നില്‍ ഞാനിരുന്നത് മാത്രം ഓര്‍മ്മയുണ്ട് .
ഏറെ നേരം കഴിഞ്ഞു എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണരുമ്പോള്‍ ഞാന്‍ പകച്ചു പോയി . എല്ലാ മുഖങ്ങളിലേക്കും മാറിമാറി നോക്കി . പരിചിതമായ ഒരു മുഖം പോലും
വായിച്ചെടുക്കാനാവുന്നില്ല . പുത്യപ്ലയുടെ കൂടെ വന്നവരൊക്കെയും എന്നെ കൂട്ടാതെ തിരിച്ചു പോയിരിക്കുന്നു . ഇനി എന്ത് ചെയ്യും ?

പുത്യണ്ണി നെ തേടി വന്ന പെങ്ങന്മാര്‍ മാളുവോ നേനയോ മറ്റാരെങ്കിലുമോ ഉണ്ടോയെന്ന പ്രതീക്ഷയോടെ ഞാന്‍ അടുത്തു കണ്ട പ്രായമായ ഒരു സ്ത്രീയോട് ചോദിച്ചു :
‘താത്താ പുത്യണ്ണ് പോയോ .. ?
‘പോയല്ലോ ന്റെ കുട്ട്യേ . എന്ത്യേ ജ്ജ് ഏതാ ?

മറുപടി പോലും പറയാതെ ഞാന്‍ ആകെ ഉഴന്നു നിന്നു .
കാരണം മറ്റുള്ളവര്‍ അറിഞ്ഞാല്‍ മോശമല്ലേ ? പുത്യാപ്ല യുടെ അനിയന്‍ കല്യാണത്തിന്റെ അന്ന് തന്നെ മൂത്തച്ചിയുടെ വീട്ടില്‍ പാര്‍ക്കുക എന്നൊക്കെ പറയുന്നത് കുറച്ചിലല്ലേ എന്നൊക്കെയാവണം
അന്നേരം ഞാനെന്ന 'ബാലന്‍ ' കരുതിയിരിക്കുക .

ഇനി എന്ത് ചെയ്യും എന്നറിയാതെ നില്‍ക്കുമ്പോഴാണ് തീരെ പ്രതീക്ഷിക്കാതെ റസാഖിനെ കാണുന്നത് .
വലിയ പരിചയമൊന്നും ഇല്ലെങ്കിലും അവനെ എനിക്കറിയാം . അവന്‍ ഞങ്ങളുടെ പ്രിയപ്പെട്ട ‘മൊ യ് ല്യാരുടെ മോനാണ് . എന്നേക്കാള്‍ ഇളയ കുട്ടിയും .
അതായത് കെ ടി മാനു മുസ്‌ല്യാരുടെ മൂത്ത കുട്ടി .
ഞങ്ങളുടെ പള്ളിയിലെ മുദര്‍രിസും മരണം വരെ ഞങ്ങളുടെ മഹല്ലിലെ ഖാദിയും ആയിരുന്നു
കെ ടി മാനു മുസ്ല്യാര്‍ . മാത്രമല്ല പ്രഗത്ഭ പണ്ഡിതനും വാഗ്മിയും എഴുത്തുകാരനും വിദ്യഭ്യാസ വിചക്ഷണനും ഞങ്ങളുടെ പ്രദേശത്തെ എല്ലാ മതവിഭാഗക്കാരും ബഹുമാനാദരവുകളോടെ കണ്ടിരുന്ന വ്യക്തിയും ആയിരുന്നു .

( കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നാമത്തെ കമന്റായി കൊടുത്തിട്ടുണ്ട്‌ )

പിതാവിന്റെ അടുത്തേക്ക്‌ പലപ്പോഴായി വരുമായിരുന്ന റസാഖിനെ പലവട്ടം കണ്ടിട്ടുണ്ട് . ആ ഒരു പരിചയം വെച്ച് ഞാന്‍ മെല്ലെ അടുത്തു ചെന്നു . എങ്ങനെയെങ്കിലും പുത്യണ്ണി ന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെടണം . തിരിച്ചു വീട്ടിലേക്കു പോകണമെങ്കില്‍ നേരം വെളുത്തെ പറ്റൂ . അത് വരെ റസാഖിന്റെ വീട്ടില്‍ പോയി കിടക്കാം . അന്നേരം എന്റെ എളിയ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ആശയം അതായിരുന്നു . വീട് കണ്ണത്ത് ആണെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ . എവിടെ ആണ് എന്ന് അന്നെനിക്ക് അറിയില്ലായിരുന്നു .

ഞാന്‍ റസാഖിനെ വിളിച്ചു കാര്യം പറഞ്ഞു :
''അറിയാതെ അങ്ങട്ട് ഒറങ്ങിപ്പോയി . നീച്ചപ്ലക്കും പുത്യാപ്ലയും പോയി പുത്യണ്ണും പോയി എല്ലാരും പോയി .ഞമ്മക്ക് ഇഞ്ഞി അന്റെ കുടീക്ക് പോകാം . ഞാന്‍ നേരം ബെളുക്കുമ്പം ന്റെ കുടീ ക്കു പോയ്ക്കൊണ്ട് ..’ '
ഞാന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു

അവനാകട്ടെ ചങ്ങാതിക്കൂട്ടത്തോടൊപ്പം അടിച്ചു പൊളിക്കുന്നതിന്റെ ത്രില്ലിലായിരുന്നു . ആ താത്പര്യക്കുറവു അവന്റെ വാ ക്കുകളിലുണ്ടായിരുന്നു . കൂരിരുട്ടാണെന്നും എന്റെ പക്കല്‍ വെളിച്ചം ഒന്നും ഇല്ലെന്നും വീട്ടിലേക്കു പോകുന്ന വഴിയില്‍ ഒരു കുരിശു പള്ളി ഉണ്ടെന്നും നമ്മള്‍ ഒറ്റയ്ക്ക് പോകുന്നത് അപകടം ആണെന്നും ഒക്കെ പറഞ്ഞു അവന്‍ ആവുന്നതും എന്നെ പിന്തിരിപ്പിക്കാന്‍ നോക്കി . പക്ഷേ ഞാനുണ്ടോ വിടുന്നു ? അവന്റെ കാലു പിടിച്ചു കരഞ്ഞു . ഒടുവില്‍ മനസ്സില്ലാ മനസ്സോടെ റസാഖ് പോരാമെന്നേറ്റു .

അന്ന് അവരുടെ വീട്ടിലേക്കു വീതിയുള്ള വഴിയൊന്നും ഇല്ല . വീടിനു മുമ്പിലെ ഒരു രേഖ പോലെ പോകുന്ന മെലിഞ്ഞ പാടവരമ്പത്തൂടെ വേണം പോകാന്‍ . വഴി അറിയാത്ത ഞാന്‍ റസാഖിന്റെ കൈ പിടിച്ചു പിറകെ നടന്നു . ആദ്യം റോഡിലെ കുറച്ചു നടക്കണം .
ആ നടത്തം തന്നെ ഇരുട്ടായത് കൊണ്ട് വളരെ പ്രയാസം ആയിരുന്നു . അവനു പരിചയമുള്ള വഴി ആയതു കൊണ്ട് വലിയ പ്രശ്ന മില്ല . റോഡ്‌ കഴിഞ്ഞു പാട വരമ്പത്ത് എത്താറാ യപ്പോഴാണ് പിടിച്ചതിലും വലുതാണ് മാളത്തിലെന്നു മനസിലാവുന്നത് .

ഇരുട്ടില്‍ തീരെ പരിചയമില്ലാത്ത വരമ്പിലൂടെ നടക്കവേ , ഞാന്‍ കാലു തെറ്റി ചെളിപ്പാടത്തേക്കു വീണു . റസാഖ് എന്നെ പിടിച്ചു വലിച്ചു കേറ്റി . ഒന്ന് രണ്ടടി മുന്നോട്ടു നടന്നപ്പോഴേക്കും വീണ്ടും വീണു . അങ്ങനെ വീഴലും പൊക്കലും മുറക്ക് നടന്നു .
എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു തുടങ്ങി . റസാഖിന്റെ മുഖം എങ്ങനെയുണ്ടാവും എന്ന് ഞാനൂഹിച്ചു . ഇരുട്ടായത് കൊണ്ട് കാണാന്‍ പറ്റില്ലല്ലോ . രക്ഷപ്പെട്ടു .

വീടെത്തുമ്പോള്‍ പൂമുഖത്ത് ഒരു മണ്ണെണ്ണ വിളക്ക് മുനിഞ്ഞു കത്തുന്നുണ്ട് . ആ മങ്ങിയ വെളിച്ചത്തില്‍ ഞാനെന്റെ കാലിലേക്ക് ഒന്ന് നോക്കി . മുട്ടോളം ഉണ്ട് ചേറ് . ഇത് കഴുകിക്കളയാതെ
എങ്ങനെ അകത്തു കേറും എന്ന് വിമ്മിട്ടപ്പെട്ട എനിക്ക് എന്റെ കാലുകള്‍ കഴുകണം എന്നും കിണര്‍ എവിടെയെന്നു ചോദിക്കണമെന്നും ഉണ്ടായിരുന്നു . പക്ഷേ റസാഖിനോട് ഇനിയും എന്തെങ്കിലും ചോദിക്കാനോ ആവശ്യപ്പെടാനോ എനിക്ക് ധൈര്യം പോരായിരുന്നു .

വാതിലില്‍ ഒന്ന് രണ്ടു വട്ടം മുട്ടിയതെയുള്ളൂ . ഒരു പ്രത്യേക ഇമ്പമുള്ള ചുമ ചുമച്ചു റസാഖിന്റെ പിതാവ് വാതില്‍ തുറന്നു . എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം എന്ന് മനസ്സിലായി . ചെളി പുരണ്ട ചെരുപ്പ് പുറത്തു ഊരിവെച്ചു പറഞ്ഞറിയിക്കാനാവാത്ത ധര്‍മ്മ സങ്കടത്തോടെ ഞാനകത്തേക്ക് കേറി

കൂടെയുള്ളത് ആരാണെന്നോ മറ്റോ ചോദിക്കുമെന്നും അല്ലെങ്കില്‍ നീ ഏതാ മോനെ എന്ന് എന്നോട് ആരായുമെന്നും ഞാന്‍ പേടിച്ചിരുന്നു . ‘പുത്യാപ്ലയുടെ ഒപ്പം വന്നു ഉറങ്ങിപ്പോയ ഒരു മന്തന്‍ ചെക്കന്‍ ‘ എന്ന രീതിയില്‍ അദ്ദേഹം എന്നെ പരിചയപ്പെടുന്നത് സത്യം പറഞ്ഞാല്‍ ഞാനിഷ്ടപ്പെട്ടിരുന്നില്ല . ഭാഗ്യത്തിന് അദ്ദേഹം ഒന്നും ചോദിച്ചില്ല .

ഹൃദ്യമായ ഒരു പുഞ്ചിരി തന്ന് അടുക്കളയിലേക്കു കടക്കുന്ന ഇടനാഴിയിലെ വീതിയുള്ള ഒരു മഞ്ചയില്‍ , അദ്ദേഹം തന്നെ പോയി ഒരു പായ കൊണ്ടുവന്നു വിരിച്ചു . അതില്‍ തലയിണ യുണ്ട് പുതപ്പും . വീട്ടുകാരെല്ലാം കല്യാണത്തിനു പോയതാവുമെന്നും ചിലപ്പോള്‍ പുത്യണ്ണി ന്റെ ഒപ്പം പോയി കാണും എന്നും ഞാന്‍ മനസിലാക്കി

വളരെ സൂക്ഷിച്ചു കാലുകള്‍ പരമാവധി പായയില്‍ തട്ടിക്കാതെ ഒരുതരം മസിലുപിടിച്ച കിടത്തമാണ് ഞാന്‍ കിടന്നത് . നല്ല കുളിരുണ്ട് . മഞ്ഞു പെയ്യുന്നുണ്ടെന്നു തോന്നുന്നു . പുറത്തു നിന്ന് തണുത്ത കാറ്റ് തുറന്നു കിടക്കുന്ന ജാലകപ്പഴുതിലൂടെ നുഴഞ്ഞു കേറി വന്ന് ഒരാവശ്യവുമില്ലാതെ എന്നെ തഴുകുന്നുണ്ട് .

തൊട്ടടുത്തു പുതപ്പുണ്ട് . അതെടുത്തു പുതക്കാവുന്നതെയുള്ളൂ . പക്ഷേ പുതച്ചാല്‍ എന്താണുണ്ടാവുക എന്ന് നന്നായി അറിയാവുന്നത് കൊണ്ട് തണുപ്പ് സഹിച്ചു വിറച്ചു കിടക്കുമ്പോള്‍ ഒരു കാല്‍ പെരുമാറ്റം അടുത്തടുത് വരുന്നതായി അനുഭവപ്പെട്ടു . .
പാതി തുറന്ന കണ്ണുകളിലൂടെ മണ്ണെണ്ണ വിളക്കിന്റെ ശുഷ്ക്കമായ വെളിച്ചത്തില്‍ ഞാന്‍ കണ്ടു . അദ്ദേഹം !

തുറന്നു കിടക്കുന്ന ജാലകപ്പാളി അദ്ദേഹം മെല്ലെ അടച്ചു . ഞാന്‍ ഉറങ്ങിയിട്ടുണ്ടെന്നും എനിക്ക് തണുക്കുന്നുണ്ട് എന്നും പുതക്കാന്‍ മറന്നു പോയതായിരിക്കും എന്നും കരുതിയാവണം , ഒരു പിതാവിന്റെ വാത്സല്യത്തോടെ അദ്ദേഹം പുതപ്പെടുത്തു എന്റെ മേനിയാകെ പുതപ്പിച്ചു . കണ്ണുകള്‍ ഇറുകെയടച്ചു ഹൃദയപൂര്‍വം ഞാനാ സ്നേഹം ഏറ്റു വാങ്ങി .
മകന്റെ കൂടെ നട്ടപ്പാതിരാക്ക്‌ കേറി വന്ന ഏതോ ഒരു കുട്ടിയോട് ഒരു മകനോടെന്ന പോലെ അദ്ദേഹം കാണിച്ച ആ സ്നേഹവായ്പ് ഇന്നും മനസ്സില് നിന്നും പോയിട്ടില്ല .
പിന്നീടെപ്പോഴോ ഞാനുറങ്ങി പോയി .

നേരം വെളുക്കുന്നേയുള്ളൂ . അടുക്കളയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടുന്നതിന്റെയും കനല്‍ ച ട്ടിയിലേക്ക് ശൂ .. എന്ന ശ്രുതിയില്‍ ദോശമാവ് ഇറ്റി വീഴുന്നതിന്റെയും ഒച്ച കേട്ടാണ് ഞാന്‍ കണ്ണുകള്‍ തുറന്നത് .
മെല്ലെ എണീറ്റു . ശബ്ദമുണ്ടാക്കാതെ അടുക്കളപ്പുറത്തെ പാതി തുറന്ന വാതിലിലൂടെ പുറത്തിറങ്ങി . കിണര്‍ കണ്ടു പിടിച്ചു വെള്ളം കോരി കാലുകളില്‍ കട്ട പിടിച്ചു ഉണങ്ങിക്കിടന്ന ചെളി മുഴുവനും കഴുകിക്കളഞ്ഞു . തുണിയിലും കുപ്പായത്തിലും ചെളി വരഞ്ഞു വെച്ച ചിത്രപ്പണികള്‍ വെള്ളമുപയോഗിച്ച്‌ മായ്ച്ചു കളഞ്ഞു .

എന്നിട്ട് , ഒരു യാത്ര പോലും പറയാതെ ധൃതിയില്‍ ഞാന്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങി നടന്നു . റസാഖിനോടോ , അവന്റെ ഉപ്പയോടോ , ഉമ്മയോടോ യാത്ര പറഞ്ഞു പോരാമായിരുന്നു എന്ന കുറ്റ ബോധം ഇന്നും എന്റെ മനസിലുണ്ട് .

മനോഹരമായ ആ പുതപ്പും കൈതോല കൊണ്ട് മെടഞ്ഞ കിടക്കപ്പായയും ചെളി കൊണ്ട് അഭിഷേകം ചെയ്തു വൃത്തികേടാക്കിയ എന്റെ മുഖം അവരാരും കാണണ്ട എന്ന് കരുതിയാവണം ഒരു പക്ഷേ ഞാനന്ന് അങ്ങനെ ഒളിച്ചോടിയത്‌ . അല്ലാതെന്തു പറയാന്‍ ..!!!




1L

'നെയ്യൂട്ടാന്‍'


'നെയ്യൂട്ടാന്‍' കാശ് കൊടുക്കുക എന്ന പേരിലൊരു മാമൂല് ഉണ്ടായിരുന്നു ഞങ്ങളുടെ ഭാഗങ്ങളില്‍ മുമ്പ് നോമ്പ് കാലത്ത് .

മകളുടെ കല്യാണം കഴിഞ്ഞ ശേഷം വരുന്ന ആദ്യത്തെ നോമ്പിന് പുത്യാപ്ലയേയും
സുഹൃത്തുക്കളെയും നോമ്പ് തുറക്ക് ക്ഷണിക്കും .
അത് ആദ്യത്തെ പത്തിന്റെ ആദ്യ പകുതിയില്‍ തന്നെ വേണം .
വൈകിപ്പോയാല്‍ 'മോശ'മാണ് . മിക്ക ആളുകളും നോമ്പ് രണ്ടിനോ മൂന്നിനോ ഒക്കെയാവും
ഇത് സംഘടിപ്പിക്കുക .

പഴയ കാലങ്ങളില്‍ ഈ നോമ്പ് സത്ക്കാരം രാത്രിയിലായിരുന്നു . മുഴു നീള രാത്രി സത്ക്കാരം .
നോമ്പ് തുറന്നത് മുതല്‍ അത്താഴം വരെ പുത്യാപ്ലയെയും സംഘത്തെയും പരമാവധി തീറ്റി
സത്ക്കരിക്കുക എന്നാണു ആ ദിവസത്തെ പ്രധാന പരിപാടി .

പുത്യാപ്ലയും സംഘവും അന്നേ ദിവസം പെണ്ണിന്റെ വീട്ടിലാണ് തങ്ങുക .
കൊച്ചു വീടുകളാണെങ്കില്‍ കുറെ ആളുകള്ക്ക് കിടക്കാന്‍ വീട്ടില് സൗകര്യം ഉണ്ടാവില്ല .
അത് പരിഹരിച്ചിരുന്നത് അടുത്ത പള്ളികളിലേക്ക്‌ കിടക്കാന്‍ പോയി ആയിരുന്നു .
തലയിണയും പുതപ്പും വിരിപ്പും ഒക്കെ ഭാര്യാ വീട്ടുകാര്‍ പള്ളിയിലേക്ക് എത്തിച്ചു കൊടുക്കും .

അന്നത്തെ ദിവസം ആ വീട്ടിലെ അടുക്കള ആളിക്കത്തിക്കൊണ്ടെയിരിക്കും .
നോമ്പ് വരുന്നു എന്ന് അറിയുമ്പോഴേക്കും ഇങ്ങനെ പുതുതായി മകളെ കെട്ടിച്ച
വീട്ടുകാരുടെ ഉള്ളില്‍ ഇതോര്‍ത്ത് നേരത്തെ തന്നെ തീ കത്തുന്നുണ്ടാവും .
അതൊന്നു കഴിഞ്ഞു കിട്ടിയാലേ ഇനി ഒരു സമാധാനമുള്ളൂ എന്ന് ഉമ്മയും ഉപ്പയും
വിഷമത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്
ഞാന്‍ കുട്ടി ആയിരിക്കുന്ന കാലത്ത് .

അപ്പത്തരങ്ങളും മുത്താഴവും അത്താഴവും ജീരകക്കഞ്ഞിയും ഒക്കെയായി അന്ന് സത്ക്കാരം പൊടിപൊടിക്കും
അന്ന് 'അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായിയ്ക്ക് വട്ടായിപ്പോകുന്നത് !!!

പിറ്റേന്നു രാവിലെ പുത്യാപ്ല അവന്റെ വീട്ടിലേക്കു പോകാനൊരുങ്ങുമ്പോള്‍
അമ്മായി അകത്തേക്ക് വിളിക്കും . എന്നിട്ട് ഒരു കവര്‍ കൊടുക്കും . അതിലുണ്ടാവും ഒരു സംഖ്യ . സ്ത്രീധനം കൊടുത്തതിന്റെ പത്തു ശതമാനം ആ കവറിലുണ്ടാവണം എന്നാണു 'കണക്ക് ' .

അത് കുറയുകയോ കൊടുക്കാതിരിക്കുകയോ ചെയ്യുന്നത് വലിയ 'മാനക്കേട്‌ ' ആയിരുന്നു അക്കാലത്ത് .
അത് മതി കുടുംബ കലഹം ഉണ്ടാവാന്‍ . അത് കുറഞ്ഞതിന്റെ പേരില് ഭാര്യയെ വീട്ടില് കൊണ്ട് വന്നാക്കിയ കഥകളും അക്കാലത്ത് കേട്ടിട്ടുണ്ട് . അത് കൊണ്ട് തന്നെ എങ്ങനെയെങ്കിലും 'കടവും കള്ളിയും ' വാങ്ങിയിട്ടായാലും ഈ മാമൂല്‍ കൂടുതലാരും തെറ്റിക്കില്ല . കുട്ടിയുടെ ഭാവി ഓര്‍ ത്ത്‌ .

ഈ കാശിന്റെ മറ്റൊരു പേരാണ് 'നെയ്യൂട്ടാന്‍'

ഇന്ന് ഈ മാമൂല് ഉണ്ടോ എന്ന് എനിക്കറിയില്ല . പക്ഷേ , നോമ്പ് തുറപ്പിക്കല്‍ ഇപ്പോഴും ഉണ്ട് .
പക്ഷേ പണ്ടത്തെ പോലെ പരിവാരങ്ങളൊ ന്നും ഇല്ലാതെയാണ് വരിക . പുത്യാപ്ല മാത്രമാവും ഉണ്ടാവുക സമാധാനം !!

ഇങ്ങനെ മനുഷ്യനെ വലക്കുന്ന യുക്തിക്കോ ചിന്തക്കോ ഒട്ടും നിരക്കാത്ത
എത്രയെത്ര മാമൂലുകളാണ് നമ്മുടെ നാടുകളില്‍ ഉണ്ടായിരുന്നത് . ഇപ്പോഴും ഉള്ളത് .
എല്ലാ മത വിഭാഗങ്ങളിലും ഉണ്ട്‌ ഒരു തരത്തിലല്ലെങ്കി ല്‍ മറ്റൊരു തലത്തില്‍ ഈ മാമൂലുകള്‍

മാമൂലുകളുടെ പിടിയില്‍ നിന്ന് ഒരു മതവിഭാഗത്തിനും പൂര്‍ണ്ണ മായി വിമോചനം സാധിച്ചിട്ടില്ല എങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന കാര്യം ശുഭോതര്‍ക്കം തന്നെ

ആദ്യത്തെ പ്രസവം പെണ്ണിന്റെ വീട്ടില് നിന്ന് തന്നെ ആവണം
അതിന്റെ ചെലവു പെണ്ണിന്റെ വീട്ടുകാര്‍ തന്നെ വഹിക്കണം
പ്രസവിക്കുന്ന കുട്ടിക്ക് പെണ്ണിന്റെ വീട്ടു കാര്‍ ആഭരണങ്ങള്‍ ഉണ്ടാക്കണം തുടങ്ങി എന്തെല്ലാം
പിടിവാശി കളാ ണ് ഉണ്ടായിരുന്നത് .

ഇവയിലേറിയ പങ്കും 'പുരുഷ കേന്ദ്രീകൃതം ' ആയിരുന്നു എന്നതാണ് ഏറെ രസകരം .
പ്രയാസങ്ങള്‍ കൂടുതലും അനുഭവിക്കേണ്ടി വന്നിരുന്നത് പെണ്‍ വീട്ടുകാരും പെണ്ണും ആയിരുന്നു .

ഇന്നും നിലനില്ക്കുന്നു ഇത്തരം ഒരു പാട് അനാവശ്യ മാമൂലുകള്‍ .
മിക്ക മാമൂലുകളും ഒരു തരം പിടിച്ചു പറി തന്നെയാണ് എന്ന് തന്നെ വേണം മനസ്സിലാക്കാന്‍ .
ഇതിനോടൊന്നും താത്പര്യമില്ലാത്ത 'ആണ്‍ കുട്ടി'ക്ക് പോലും ഇവയൊന്നും മറികടക്കാനാവുമായിരുന്നില്ല
അത്രയ്ക്ക് വേരോട്ടം ഉണ്ടായിരുന്നു അവയ്ക്കൊക്കെ . കുടുംബം സമ്മതിക്കില്ല . അത് തന്നെ പ്രശ്നം

ഇന്ന് മാമൂലുകള്‍ഒരു പാട് കുറഞ്ഞു എന്നാലും പറ്റെ പോയിട്ടില്ല .
ഏറ്റവും ഭീകരമായ സ്ത്രീധനം പോലും ഇപ്പോഴും പറ്റെ പോയിട്ടില്ല .
എന്നാലും ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്ന കാര്യം ആശ്വാസത്തിന് വക നല്കുന്നുണ്ട് .

ഇന്നത്തെ തലമുറ ഇക്കാര്യങ്ങളിലൊക്കെ പഴയ തലമുറയെക്കാള്‍ ഇച്ഛാ ശക്തി കാണിക്കുന്നു
അവര്‍ ക്കൊക്കെ മിക്ക വീടുകളിലും നല്ല 'വോയ്സ് ' ഉണ്ട് എന്നും ഈ മാറ്റത്തിന് കാരണമായി കാണാം .
പിന്നെ ഇത്തരം കാര്യങ്ങളിലുള്ള ഉദ്ബോധനങ്ങളും തുറന്ന മനസ്സും വിശാലമായ ചിന്തകളും ഈ തിട്ടൂരങ്ങള്‍
കുറയാന്‍ കാരണമായിട്ടുണ്ട് എന്നാ കാര്യം ഏറെ സന്തോഷം പകരുന്ന വസ്തുത തന്നെയാണ് . എന്നാലും
കണ്ണൂര് ഭാഗങ്ങളിലൊക്കെ ഇന്നും നിലനില്ക്കുന്ന 'മണിയറ ' എന്ന 'മണി (പണം ) അറ' യൊക്കെ
മാറ്റ പ്പെടെണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

ഇച്ഛാ ശക്തി യുള്ള തലമുറയ്ക്ക് തിരുത്തി എഴുതാന്‍ പറ്റാത്ത എന്തുണ്ട് ഈ ഉലകില്‍ ?

മാറ്റുവിന്‍ ചട്ടങ്ങളെ
മാറ്റുവിന്‍ മാമൂലുകളെ
മാറ്റുവിന്‍ ജന മനസ്സുകളെ !!!

ഭ്രാന്തനും ഉമ്മയും


ഞങ്ങള്‍ കുട്ടികളായിരുന്ന കാലത്ത് ഉപ്പാക്ക് ചായക്കച്ചവടം
ആയിരുന്നു . വീടിനോടനുബന്ധിച്ചു തന്നെയാണ് മക്കാനി .
മക്കാനി എന്നാണു അന്ന് ചായക്കടക്കു പൊതുവെ പറയുക . 
ചായക്കട നടത്തിയിരുന്ന ആളുകള്‍ എന്ന കാരണ ത്താല്‍ ഏറെ അടുപ്പമുള്ളവരൊക്കെ ഞങ്ങളെ 'മക്കാനിക്കാര്‍' എന്ന്
വിളിച്ചിരുന്നു . വീട് റോഡിനോട് ചേര്‍ന്നാണ് . 
മുറ്റം റോഡാണ് എന്ന് വേണമെങ്കില്‍ പറയാം .

ചായക്കച്ചവടം ആയതു കൊണ്ട് തന്നെ സ്വാഭാവികമായും അവിടെ പലരും വരും പോവും .

ഒരു ദിവസം ഒരു ഭ്രാന്തന്‍ ചായക്കടയിലേക്കു കേറി വന്നു . അയാളുടെ കാലില്‍ ചങ്ങലയൊക്കെ ഉണ്ട് . എവിടെ നിന്നോ ചങ്ങല പൊട്ടിച്ചു പോന്നതാവണം .

കുളിക്കാതെ, അലക്കാതെ , ആകെ മുഷിഞ്ഞു നാറിയ വസ്ത്രവും അഴുക്കു പുരണ്ട ശരീരവുമായി താടിയും മുടിയും നീട്ടി വള ര്‍ത്തിയ ഭ്രാന്തന്‍ 'അമ്മാ വല്ലതും തരണേ .. ' എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് വന്നത് .

ഉപ്പ അയാളെ കണ്ട പാടെ അയാളോട് പോകാന്‍ ആംഗ്യം കാണിച്ചു .
''കൊടുക്കുന്നതിനൊന്നും കൊയപ്പമില്ല പക്കേങ്കി ഒരു ദിവസം കൊടുത്താല്‍ ഏതു നാട്ടപ്പാതിരാക്കും കയറി വരും . പിന്നെ ഞമ്മള് കുടുങ്ങും ''
എന്നൊക്കെയാണ് ഉപ്പാന്റെ ന്യായം .

ഉപ്പ കനിയുന്നില്ല എന്ന് കണ്ടപ്പോള്‍ ഉമ്മാന്റെ അടുത്തു ചെന്ന് അയാള്‍ കെഞ്ചി ..
'അമ്മാ വല്ലതും തരണേ .. '

അപ്പോള്‍ ഉമ്മാക്ക് മനസ്സലിഞ്ഞു .
ഉമ്മ പറഞ്ഞു . 'ഐനു പയ്ച്ചിട്ടു അല്ലെ മന്‍സാ . ഇഞ്ഞീം ബന്നാ ണ്ടെങ്കി ഞ്ഞീം കൊടുക്കണം . (അതിനു വിശന്നിട്ടല്ലേ മനുഷ്യാ ഇനി വന്നാ ഉണ്ടെങ്കില്‍ ഇനിയും കൊടുക്കണം )

ഉമ്മ കുറച്ചു ചോറും ചക്ക കൂട്ടാനും അതിനു മീതെ ഇച്ചിരി മത്തിക്കറിയും
ഒഴിച്ച് കൊടുത്തു ഭ്രാന്തന് .

നിറഞ്ഞ മനസ്സോടെ വല്ലാത്ത ആര്‍ത്തിയോടെ അതൊക്കെ വടിച്ചു തുടച്ചു തിന്ന് ഉമ്മാക്ക് കൈകൂപ്പി നമസ്ക്കാരമൊക്കെ പറഞ്ഞാണ് അയാള് പോയത് .

ദിവസങ്ങള്‍ കഴിഞ്ഞില്ല . ഉപ്പ പറഞ്ഞ പോലെ തന്നെ സംഭവിച്ചു .
അയാള് ഇടയ്ക്കിടെ വരാന്‍ തുടങ്ങി .
ഉമ്മ ഉള്ളത് എന്തായാലും അത് കൊടുക്കും .
അയാള് നല്ല കുട്ടിയായി തിന്നും .
സന്തോഷത്തോടെ പോകും .

ഒരു വ്യാഴാഴ്ച ദിവസം .
ഉപ്പ അന്ന് പുന്നക്കാട്‌ ചന്തയ്ക്കു പോയിരിക്കുന്നു .
( പുന്നക്കാട് - ഞങ്ങളുടെ തൊട്ടടുത്ത പ്രദേശം . കരുവാരകുണ്ടിനു അടുത്ത് )

സാധാരണ വ്യാഴാഴ്ച ആണ് ചന്ത ഉണ്ടാവുക . മഗ്രിബിന് - സന്ധ്യാ പ്രാര്‍ത്ഥന -
ശേഷം പോയാല്‍ പിന്നെ പുലര്‍ച്ചെ ആണ് വരിക .
ഓടക്കുറ്റി യൊക്കെ കത്തിച്ച് , നടന്നാണ് അന്ന് ആളുകള് ചന്തക്ക് പോവുക .

ഉപ്പ പോയി .
രാത്രി ഏറെ ഇരുട്ടിയിരിക്കുന്നു .
മക്കളൊക്കെ ഉറങ്ങിയിട്ട് വേണം ഉറങ്ങാനെന്നു കരുതി ഉമ്മ എന്തൊക്കെയോ ചൊല്ലിപ്പറഞ്ഞു ഇരിക്കുകയാണ് . പുറത്തു കൂരാക്കൂരിരുട്ടാണ്‌ .

ഒരൊറ്റ അറയില്‍ നിരപ്പലകകളൊക്കെ ഉള്ള മുറിയിലാണ് ഒരു പാട് മക്കളുമായി ഉമ്മ ഇരിക്കുന്നത് .
പല കുട്ടികളും അവിടവിടെ ഉറങ്ങുന്നുണ്ട് . മണ്ണെണ്ണ വിളക്ക് മുനിഞ്ഞു കത്തുന്നുണ്ട് .

പെട്ടെന്നാണ് റോഡിലൂടെ ചങ്ങല വലിച്ചു ഒരാള് വരുന്ന ശബ്ദം ഉമ്മ കേട്ടത്‌ .
ഉമ്മാക്ക് ആളെ മനസ്സിലായി .
ആ ചങ്ങല വലി കുറെ കേട്ടതാണ് .
ഉമ്മാക്ക് പേടിയായി . നട്ടപ്പാതിര നേരം . കുട്ടികളൊക്കെ ചെറുതാണ് .
ആ പിരാന്തന്‍ എന്തെങ്കിലും കാട്ടുമോ ? ഇങ്ങോട്ട് വരുമോ ?
എന്നൊക്കെ ഉമ്മ പേടിച്ചു .

ഒന്നും ഇല്ല കൊടുക്കാന്‍ .
ഇനി ഉണ്ടെങ്കില്‍ തന്നെ കൊടുക്കാനും പറ്റൂല .
എന്തെങ്കിലും കാട്ടിയാലോ ? ഉപ്പ ഇല്ല താനും .

ഉമ്മ പെട്ടെന്ന് വിളക്കണച്ചു .
പിരാന്തന്‍ കോലായിലെത്തി . ഉമ്മ പേടിച്ചു വിറച്ചു .
മക്കളൊന്നും ഉണരരുതെ എന്ന് പ്രാര്‍ഥിച്ചു .

ഭ്രാന്തന്‍ അട്ടഹസിച്ചും കാണുന്നതിലൊക്കെ ഇടിച്ചും ബഹളം ഉണ്ടാക്കിക്കൊണ്ടിരുന്നു .
ഉമ്മ ശ്വാസം അടക്കി പിടിച്ചു ഇരുന്നു .
ഏറെ നേരം ആയിട്ടും ഭ്രാന്തന്‍ പോകുന്നില്ല . അട്ടഹസിക്കുന്നു . എന്തൊക്കെയോ പിറുപിറുക്കുന്നു . അക്രമാസക്തനാവുന്നു .. ചങ്ങല എടുത്തു എവിടെയൊക്കെയോ അടിക്കുന്നു .

ഒടുവില്‍ , ഏറെ നേരത്തെ പരാക്രമങ്ങ ള്‍ക്ക് ശേഷം എന്തോ ഭാഗ്യത്തിന് എന്തൊക്കെയോ പ്രാകിപ്പറഞ്ഞു ക്കൊണ്ട് 
അയാള്‍ പോയി . ചങ്ങലയുടെ ശബ്ദം അകന്നകന്നു പോകുന്നത് ഉമ്മ ആശ്വാസത്തോടെ കേട്ടു. അപ്പോഴാണ്‌ ഉമ്മാക്ക് ശ്വാസം നേരെ വീണത്‌ .

ഉപ്പ വന്നത് വളരെ വൈകിയാണ് .
ഉപ്പയോട്‌ 'പിരാന്തന്‍ ' വന്ന കാര്യം ഒന്നും ഉമ്മ മിണ്ടിയില്ല .
കാരണം ഉപ്പ ചീത്ത പറയും . ഉറപ്പാണ് . അയാള്‍ക്ക് തിന്നാന്‍ കൊടുത്താല്‍ അയാള് എന്നും എപ്പളും വരും എന്ന് ഉപ്പ നേരത്തെ തന്നെ പറഞ്ഞതാണ് .

പിറ്റേന്ന് നേരം വെളുത്ത് ഉമ്മ കോലായിലേക്ക് ഇറങ്ങുമ്പോഴാണ് അത് കണ്ടത് . ഒരു പൊട്ടിപ്പൊളിഞ്ഞ പ്ലേറ്റ് . വല്ലാത്ത നാറ്റം .

ഉമ്മ നോക്കുമ്പോള്‍ കണ്ടത് കോലായിലൊരു മൂലയില്‍ ആ ഭ്രാന്തന്‍
തൂറി വെച്ചിരിക്കുന്നു . ഭക്ഷണം കൊടുക്കാത്തതിന്റെ ദേഷ്യം അങ്ങനെ തീര്‍ത്താണ് അയാള് പോയിരിക്കുന്നത് .

ഉപ്പ സുബഹി നിസ്ക്കരിച്ച്‌ പള്ളിയില്‍ നിന്ന് വരും മുന്‍പേ ഉമ്മ അതൊക്കെ കോരിയിട്ടു വൃത്തിയാക്കി .

പിറ്റേന്ന് ഉമ്മ പറഞ്ഞാണ് ഈ കഥ ഞങ്ങളറിയുന്നത്
അവസാനം ഉമ്മ പറഞ്ഞു

താളം തെറ്റിയാല്‍ കയിഞ്ഞിലേ മക്കളെ മന്സന്റെ കാര്യം ..
ആര്‍ ക്കും അങ്ങനത്തെ ദീനം പടച്ചോന്‍ കൊടുക്കാതിരിക്കട്ടെ .

ഞങ്ങളൊക്കെ ഉറക്കെ ആമീന്‍ പറഞ്ഞു .

ന്നാലും മക്കളെ മന്സന്റെ ഏറ്റവും ബല്യ എടങ്ങേറ് പൈപ്പെന്നെ (പൈപ്പ് = വിശപ്പ്‌ )
അത് ഏതു ജന്തു ആയാലും മന്സനയാലും ഒക്കെ ഒരു പോലെത്തന്നെ .
പൈച്ചുന്നവര്‍ ക്ക് അത് കൊടുക്കല് തന്നെ ആണ് ഈ ദുനിയാവില്
സ്വാലിഹായ വല്യ അമല് .. ( സദ്‌ കര്‍മ്മം )

OO
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്