2014, നവംബർ 12, ബുധനാഴ്‌ച

മോന്തക്ക് ഒരു അടിയും ഇരുനൂറു രൂപയും





ബോര്‍ഡിംഗ് പാസ്സ് കിട്ടി വിമാനം കാത്തിരിക്കുമ്പോഴാണ് ആ വിവരം അറിയുന്നത് . സാങ്കേതിക തകരാറു കാരണം ഇന്ന് പോകേണ്ട വിമാനം നാളെ രാവിലെയേ പുറപ്പെടൂ . എല്ലാ യാത്രക്കാരും അതറിഞ്ഞു ക്ഷുഭിതരായി . പലരും ബഹളം വെക്കുന്നു . 
കൂട്ടത്തില്‍ എന്റെ മുഖാമുഖം ഇരുന്ന അദ്ദേഹം ഒരു വികാര പ്രകടനത്തിനും മുതിരാതെ ശാന്തനായി ഇരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു . 

ഒരു മധ്യ വയസ്ക്കനാണ് . എനിക്ക് അദ്ദേഹത്തിനോട് വല്ലാത്ത മതിപ്പ് തോന്നി . ഒന്ന് പരിചയപ്പെടാം എന്ന് വിചാരിച്ചു . 

ഞാന്‍ അയാളുടെ അടുത്തേക്ക്‌ ചെന്ന് അദ്ദേഹത്തിന്‍റെ തൊട്ടരികിലുള്ള കസേരയില്‍ 
ഇരുന്നു .  . സലാം പറഞ്ഞപ്പോള്‍ അയാള്‍ സലാം മടക്കിയിട്ടു പറഞ്ഞു : 'ഒച്ചേം ബിളീം ണ്ടാക്കീട്ട് വല്ല കാര്യോംണ്ടോ . ഇതിപ്പോ ബിമാനം പൊങ്ങീ ട്ട് ആണെങ്കിലോ ? 
പടച്ചോന്‍ കാത്തതല്ലേ ഞമ്മളെ ?

അയാളുടെ ആ ചിന്ത എനിക്കും വല്ലാതെ ഇഷ്ടമായി . കൂട്ടത്തില്‍ ഇങ്ങനെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരാളും ഉണ്ടല്ലോ .

ഒടുവില്‍ യാത്രക്കാരായ ഞങ്ങളെ  ഒരു ലോഡ്ജിലേക്ക് കൊണ്ട് 
പോയി . എനിക്കും അദ്ദേഹത്തിനും  ഒരേ റൂം ആണ് കിട്ടിയത് .

ഭക്ഷണം ഒക്കെ കഴിച്ചു ഞങ്ങള്‍  സംസാരിച്ചിരിക്കേ അദ്ദേഹം ഒരു പാട് വര്‍ഷം മുമ്പത്തെ ഒരു കഥ പറഞ്ഞു തുടങ്ങി . 

ചെറുപ്പത്തിലെ നാട് വിട്ടു പോയി . ഇന്ത്യയിലെ പല ഇടങ്ങളിലും കറങ്ങി . ജോലി നോക്കി . ഹോട്ടലില്‍ പാത്രം മോറലായിരുന്നു പണി . പിന്നെ പാചകമൊക്കെ പഠിച്ചു . അന്ന് പഠിച്ച ആ പണി കൊണ്ടാണ് ഇന്ന് ജീവിച്ചു പോകുന്നത് . അപ്പോഴാണ്‌ അദ്ദേഹം ഇവിടെ ഒരു കുക്ക് ആയി ജോലി നോക്കുകയാണ് എന്ന് 
മനസ്സിലായത് .
ആദ്യമായി നാട് വിട്ടു ചെന്നിറങ്ങിയത് ബോംബെയിലാ . അന്ന് ഞമ്മളെ ഇന്ദിരാ ഗാന്ധിയാ പ്രധാന മന്ത്രി . സഞ്ജയ് ഗാന്ധിയുടെ നിര്‍ബന്ധിത കുടുംബാസൂത്രണം ഒക്കെ കത്തി നിക്കുണ കാലം ..

ജോലി അന്വേഷിച്ചിട്ട് ഒന്നും കിട്ടീല . ഭാസീം അറീല . ഞാനാണെ ങ്കിലോ ഒരു ചെറുക്കന്‍ . ആര് എന്ത് പണി തരാന്‍ ? കയ്യിലുണ്ടായിരുന്ന കായീം കയിഞ്ഞു . പൈപ്പ് വെള്ളോം കുടിച്ചു ആകെ എടങ്ങേറായി കജ്ജുണ കാലം .

ഒരു ദിവസം ഞാനങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോ ഒരു ക്യൂ കണ്ടു . ഒരു ആസുപത്രിക്ക് മുമ്പിലാ . ക്യൂവിലെ എല്ലാരും ആണുങ്ങളാ .. ഞാന്‍ അതിലെ ഒരാളോട് ആംഗ്യം കാട്ടി ചോദിച്ചു . എന്താ ഇവിടെ ?

അപ്പൊ ആ ക്യൂ വിലുള്ള ഒരാള്‍ പറഞ്ഞത് , മുഴുവനും എനിക്ക് തിരിഞ്ഞില്ല . ഇത്രേം മനസ്സിലായി . ഈ ക്യൂവില്‍ നിന്നാല്‍ ഇരുന്നൂര്‍ ഉറുപ്പിക കിട്ടും . അത് കേട്ടപ്പോ ഇച്ചു ബയങ്കര സന്തോസായി . ഞാനും ക്യൂ നിന്നു . അന്ന് ഇരുന്നൂറൊക്കെ വലിയ സംഖ്യേണ്  .
ഇനിക്ക് തോന്നുണൂ ആ ക്യൂവില്‍ നിന്ന ആളുകളില്‍ പ്രായം കുറഞ്ഞ ഒരു ചെക്കന്‍ ഞാനേ ണ്ടായിരുന്നുള്ളൂ ..

ക്യൂ തുടങ്ങുന്നോട്ത്ത് രണ്ട് സിസ്റ്റര്‍മാര്‍ ഇരിക്കുന്നുണ്ട്‌ .അതിലെ  ഒരാള്‍ എന്നെ തന്നെ  തറപ്പിച്ചു നോക്കുന്നത് ഞാന്‍ കണ്ടു . ഇബളെന്തിനാ ഞ്ഞെ ങ്ങനെ തുറിപ്പിച്ചു നോക്കുണൂ എന്ന് ഞാനാലോചിച്ചു .

കുറച്ചു കൂടി കയിഞ്ഞപ്പോ  ആ നഴ്സ് എന്നെ മാടി വിളിച്ചു . ഞാന്‍ വിചാരിച്ചു എന്നെ ആവൂലാ . പക്ഷേ പിന്നെയും എന്നെ തന്നെ സൂക്ഷിച്ചു നോക്കിയിട്ട് അവര്‍ മാടി വിളിക്കുന്നു

അപ്പോള്‍ ഞാന്‍ എന്റെ തൊട്ടു മുമ്പിലും പിന്നിലും നില്‍ക്കുന്ന ആളുകളോട് 'ഇപ്പൊ വരാം 'എന്നും ആംഗ്യം കാണിച്ചു ആ സിസ്റ്ററുടെ അടുത്തേക്ക്‌ ചെന്നു . അവര്‍ എന്നോട് ഇങ്ങനെ ആംഗ്യം കാണിച്ചു എന്റെ കൂടെ വരൂ എന്നായിരുന്നു ആ ആംഗ്യത്തിന്റെ അര്‍ത്ഥം .

ഞാന്‍ ഒന്നും തിരിയാതെ ഓളെ  പിന്നാലെ നടന്നു . ആളും മനുസനും ഒന്നും ഇല്ലാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള്‍ അവള്‍ തിരിഞ്ഞു നിന്ന് എന്നെ രൂക്ഷമായി നോക്കി . 
എന്നിട്ട് എന്റെ മുഖത്ത് ഒരൊറ്റ അടി ! 
എന്റെ കണ്ണില്‍ നിന്ന് പൊന്നീച്ച പാറി !!

എനിക്ക് ഒന്നും മനസ്സിലായില്ല . ഞാന്‍ അന്തം വിട്ടു നിക്കുമ്പോ  സിസ്റ്റര്‍ ഞ്ഞോട്  ചോയിച്ചു .

ആ ക്യൂ എന്തിനുള്ളതാണ് എന്ന് നിനക്ക് അറിയുമോ ?
ആ ചോദ്യം എനിക്ക് നന്നായി  മനസ്സിലായി . 
കാരണം മറ്റൊന്നും അല്ല .  അത് മലയാളത്തിലായിരുന്നു . 
സിസ്റ്റര്‍  ഒരു മലയാളി  ആണെന്ന് അപ്പോഴാണ്‌ എനിക്ക് തിരിഞ്ഞത് .

ഞാന്‍ പറഞ്ഞു . അറിയില്ല . പിന്നെ എന്തിനാ അറിയാത്ത കാര്യത്തിന് അവിടെ നിന്നത് ? 
ഇരുനൂര്‍ ഉറുപ്പിക കിട്ടും എന്ന് പറഞ്ഞു . എന്റെ കാര്യം മഹാ മോസാണ് സിസ്റ്ററെ  ഞാന്‍ ഒരു വിധം കാര്യങ്ങളൊക്കെ പറഞ്ഞൊപ്പിച്ചു .

അപ്പോള്‍ അവരുടെ വെളുത്ത കുപ്പയത്തിനെ കീശീന്നു  ഇരുനൂര്‍ ഉറുപ്പിക എടുത്തു തന്നിട്ട് പറഞ്ഞു . ഇന്നാ ഇത് വെച്ചോ , മേലാല്‍ ഇത്തരം പണിക്കു നില്‍ക്കരുത് .

എന്റെ ഒരു പെങ്ങളാണ് ആ പറയുന്നത് എന്ന് എനിക്ക് തോന്നി . മുഖത്തേറ്റ അടിയുടെ വേദന പോയി  അവിടെ വല്ലാത്ത ഒരു കുളിര്  ണ്ടായി . 

ഞാന്‍ പോരാന്‍ നേരം സിസ്റ്റര്‍  പറഞ്ഞു . അത് കുടുംബാസൂത്രണം ചെയ്യാനുള്ള ക്യൂ ആണ് . അത് ചെയ്‌താല്‍ പിന്നെ ജീവിതത്തില്‍ കുട്ടികളുണ്ടാവൂല ..

ആ സിസ്റ്റര്‍ ക്ക് നന്ദി പറഞ്ഞു തിരിച്ചു പോരുമ്പോള്‍  
അവരെന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു .

പിന്നെയും കുറെ കാലം ഞാന്‍ ബോംബെയില്‍ കറങ്ങി . 
കൊറേ  ഹോട്ടലുകളിലും പണി എടുത്തു . അവസാനം  നാട്ടിലേക്ക് വണ്ടി കേറും മുമ്പ് ഞാന്‍ ആ സിസ്റ്ററെ കാണാന്‍ ചെന്നു . അവര്‍ നാട്ടില്‍ കോട്ടയത്ത് ആണെന്നും പേര് ആലീസ് ആണെന്നും അവരുടെ ഗ്രാമത്തിന്റെ പേരും ഒക്കെ പറഞ്ഞു തന്നു .

നാട്ടിലെത്തി കല്യാണം ഒക്കെ കഴിഞ്ഞാണ് സൌദിയിലേക്ക് പലരും ഉംറ വിസക്ക് പോകുന്നുണ്ടെന്നും പണ്ടാരിപ്പണിക്ക് അവിടെ നല്ല സ്കോപ് ഉണ്ടെന്നും അറിഞ്ഞത് . അങ്ങനെയാണ് ഉമ്രവിസക്ക് വന്നത് .

അപ്പോഴേക്കും എന്റെ ഭാര്യ ഗര്‍ഭിണി ആയിരുന്നു . അടുത്ത വെക്കേഷന് നാട്ടില്‍ ചെല്ലുമ്പോള്‍ അവരുടെ വീട്ടില്‍ ചെല്ലണം എന്നും കുട്ടിയെയും ഭാര്യയേയും അവര്‍ക്ക് കൂടി കാണിക്കണമെന്നും ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു ..

അങ്ങനെയാണ് ഞാനും ഭാര്യയും കുട്ടിയും കൂടി കോട്ടയത്ത്‌ ചെല്ലുന്നത് അവര്‍ പെന്‍ഷന്‍ ആയിക്കാണും എന്നും കാണാന്‍ പറ്റും എന്നും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു .

അങ്ങനെ അന്വേഷിച്ചു ചെന്നു . കുറെ അന്വേഷങ്ങള്‍ക്കൊടുവിലാണ് അവരുടെ വീട് കണ്ടെത്തിയത് .. ചെന്ന് വാതില്‍ മുട്ടിയപ്പോള്‍ ഒരു സ്ത്രീ ഇറങ്ങി വന്നു . ഞാന്‍ ചോദിച്ചു . ആലീസ് സിസ്റ്റര്‍ അല്ലെ ?

അതെ .. ആരാ ?

ഞാന്‍ പറഞ്ഞു . 'മോന്തക്ക് ഒരു അടിയും ഇരുനൂറു ഉറുപ്പികയും' !!
അപ്പോള്‍ അവരുടെ കണ്ണുകളില്‍ വല്ലാത്ത ഒരു തിളക്കം ഉണ്ടായി .

ഞാന്‍ മോനെ അവരെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു . 
ഇവന്‍ നിങ്ങളുടെ കാരുണ്യം കാരണം എനിക്ക് കിട്ടിയ മോനാണ് .. 
അവരവനെ സ്വന്തം മോനെ കൊഞ്ചിക്കും പോലെ കൊഞ്ചിച്ചു 
ഉമ്മ വെച്ചു .

ഏറെ നേരം സംസാരിച്ചു കാപ്പിയൊക്കെ കുടിച്ചു പോരാന്‍ നേരം ഞാന്‍ 
അവരോടു ചോദിച്ചു . എവിടെ മക്കളൊക്കെ ?

അത് കേട്ടു അവരുടെ മുഖം വാടി . കണ്ണുകള്‍ നിറഞ്ഞു .
കൂടുതല്‍ ഒന്നും ചോദിക്കാതെ ഞങ്ങള്‍ അവിടെ നിന്നിറങ്ങി

അവര്‍ ഞങ്ങള്‍ മറയുന്നത് വരെ ഞങ്ങളെയും നോക്കി നില്‍ക്കുകയായിരുന്നു 
വാതില്‍ക്കല്‍ ..

നിര്‍മ്മാണം




ഒന്ന് രണ്ടു ദിവസമായി ഓഫീസിലേക്ക് പോകും വഴി കണ്ടുകൊണ്ടിരിക്കുന്ന ഒരു രംഗം .

വലിയ ഒരു കെട്ടിട സമുച്ചയം പൊളിക്കുന്ന പണിയിലാണ് 
ജെ സിബിയും അതിന്റെ  ഡ്രൈവറും . ദൂരെ നിന്ന് തന്നെ കാണാം പൊടി പടലങ്ങള്‍ . വലിയ ഒച്ചയും കേള്‍ക്കാം .

ഞാന്‍ അത് വഴി കടന്നു പോകുമ്പോള്‍ ആലോചിക്കും . ഈ കെട്ടിടം ഇത് പോലെ പണിതുയര്‍ത്താന്‍ എത്ര പേര്‍ എത്രകാലം അധ്വാനിച്ചി ട്ടുണ്ടാവും ? എത്ര വിയര്‍പ്പു ഒഴുക്കിയിട്ടുണ്ടാവും . 
എത്ര ശ്രദ്ധിച്ചും സൂക്ഷിച്ചും ആവേശത്തോടെയും ആവും അതിന്റെ പണി നടന്നിട്ടുണ്ടാവുക . 

എവിടെ നിന്ന് എത്രയെത്ര സാധനങ്ങള്‍ ആവും ഇതിന്റെ  നിര്‍മ്മാണത്തിനു വേണ്ടി കൊണ്ട് വന്നിട്ടുണ്ടാവുക ? ചിലപ്പോള്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ എടുത്തിട്ടുണ്ടാകും പൂര്‍ത്തീകരിക്കാന്‍ . 

കൊച്ചു കൊച്ചു ചാക്കുകളിലായി എത്ര സിമന്റ് , വലിയ കണ്ടയ്നറുക ളില്‍ എത്ര കമ്പി , ആരുടെയൊക്കെ പ്രയത്നം , എത്രഎത്ര വിദഗ്ദരുടെ 
മേല്‍നോട്ടം .. ?

നിര്‍മ്മാണത്തിന് എന്തൊരു പ്രയാസം ആണ് ? 
എത്രയൊക്കെ ശ്രദ്ധ വേണം ? എത്ര പണം മുടക്കണം . 
ഇന്ന് വെറും ചണ്ടി പോലെ കമ്പികള്‍ കൂടിക്കുഴഞ്ഞു കിടക്കുന്നു . സിമന്റ് പൊടിപൊടിയായി താഴെ വീഴുന്നു . 
ജെസിബി എന്ന ഭീകരന്റെ തുമ്പിക്കൈ കൊണ്ട് തകര്‍ത്തും പിഴുതും കോരിയെടുത്തും എത്ര പെട്ടന്നാണ് അതൊക്കെ നിലം പൊത്തുന്നത്  .

നാളെയോ മറ്റന്നാളോ ഒരു പക്ഷേ മുമ്പ് ഒരു കെട്ടിടം അവിടെ ഉണ്ടായിരുന്നു എന്ന് തോന്നുക പോലുമില്ല . 

നിര്‍മ്മാണത്തിനും അത് നന്നായി മൈന്റൈന്‍ ചെയ്തു കൊണ്ട് പോകാനും എന്ത് പ്രയാസമാണ് ? എത്ര അധ്വാനമാണ് വേണ്ടത് .
തകര്‍ത്ത് തരിപ്പണമാക്കാനോ കേവലം കുറഞ്ഞ ദിവസം . 
വികൃതമായ ഒരു തുമ്പിക്കൈ മാത്രം മതി . 

ബന്ധങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ . എത്ര സുദൃഡമായ പഴക്കമേറിയ ബന്ധം ആണെങ്കില്‍ പോലും വികൃതമായ 'ഒരു തുമ്പിക്കൈ' മതി അത് തകര്‍ത്ത് തരിപ്പണമാക്കാന്‍ . 
അത് നിലം പൊത്താന്‍ .

പ്രകൃതിയിലെ പല പ്രതിഭാസങ്ങളും മനുഷ്യന്റെ ജീവിതവുമായി 
ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് സാമ്യമുണ്ട്‌ . ബന്ധവും . 

തകര്‍ക്കാന്‍ പറ്റാത്ത കെട്ടിടമില്ല 
തകര്‍ക്കാന്‍ പറ്റാത്ത ബന്ധവും ഇല്ല 

എത്ര ശക്തവും സുഭദ്രവും ആണെന്ന് നമുക്ക് തോന്നുമെങ്കിലും 
അതും ഒരു നാളില്‍ തകരാം . കുറെ കമ്പികളും കല്ലുകളും കട്ടകളും മാത്രമായി അവശേഷിക്കാം . 

അത് കൊണ്ട് പരസ്പരം ഒന്നിച്ചു നിന്ന് ഒരു കെട്ടിടം പോലെ മുന്നോട്ടു പോകാം . ബന്ധങ്ങള്‍ തകര്‍ക്കാന്‍ വലിയ ശബ്ദവും തുമ്പിക്കയ്യും പല്‍ചക്രങ്ങളുമായി ജെ സി ബി എന്ന ഭീകരന്‍  നമ്മിലേക്ക്‌ ഇടിച്ചു കയറാതെ നോക്കാം  

നിര്‍മ്മാണം എത്ര സുന്ദരവും ആകര്‍ഷകവും  ആണ് 
സംഹാരമോ എത്ര ദുസ്സഹവും  ക്രൂരവും ആണ് !!

എന്റെ തമ്പുരാനേ ,



പാറിപ്പറക്കുന്ന പറവകള്‍ 
മധുവുണ്ണുന്ന വണ്ടുകള്‍ 
പുള്ളിയുടുപ്പിട്ട ചിത്ര ശലഭങ്ങള്‍ 
വയലേലകള്‍ 
മലഞ്ചെരിവുകള്‍ 
ശ്വസിക്കാന്‍ ഒരു ചെലവുമില്ലാത്ത 
കുറച്ചു നേരം പോലും കിട്ടിയില്ലെങ്കില്‍ 
മരിച്ചു പോകുന്ന അമൂല്യ നിധി 
വായു

വെള്ളം , വെളിച്ചം 
മഴ , വെയില്‍ 
കുയില്‍ , മയില്‍ 
കാട് , മേട് 

കടല്‍ . ആകാശം 
ചന്ദ്രന്‍ , സൂര്യന്‍ 
രാവ് . പകല്‍

മരങ്ങള്‍ , ചെടികള്‍ 
നക്ഷത്രങ്ങള്‍ , മിന്നാമിനുങ്ങ് 
പൂക്കള്‍ , പൂന്തോട്ടം  

സ്വരമാധുരിയുള്ള ഗാനം 
പാല്‍ പുഞ്ചിരി തൂകുന്ന  കുഞ്ഞ്

സ്വാദുള്ള ഭക്ഷണം 
ഭംഗിയുള്ള വസ്ത്രം 
സൌകര്യമുള്ള വീട് 
നല്ല വാഹനം 
ചിരിക്കുന്ന മുഖം 
ബുദ്ധി , സൌന്ദര്യം 
ചിന്ത , വിവേകം , അറിവ് 

വിലയേറിയ ശരീരം 
സദാ പ്രവര്‍ത്തന നിരതമായ 
അവയവങ്ങള്‍ 

പുരുഷന്‍ , സ്ത്രീ
ദര്‍ശനം 
സ്പര്‍ശനം 
ചുംബനം 
ശയനം
ലയനം 
ശമനം 
പ്രത്യുത് പാദനം  

ഭാര്യ , മക്കള്‍ 
പേരക്കുട്ടികള്‍ 
അമ്മൂമ്മ 
അച്ഛന്‍ 
അമ്മ 

എന്റെ തമ്പുരാനേ , 
ഈ പ്രകൃതിയില്‍ 
എത്രയെത്ര മനോഹരമായ 
വസ്തുക്കളാണ് നീ ഒരുക്കി വെച്ചത്!!!

OO

രണ്ടക്ഷരം




അമ്മ എന്ന രണ്ടക്ഷരമാണ് 
ഈ ലോകത്തെ ഇത്രയേറെ മനോഹരമാക്കുന്നത് 

ഭാര്യ എന്ന രണ്ടക്ഷരമാണ് 
ഈ ലോകം ഇത്ര സുഖ ദായകമാക്കുന്നത് 

നന്മ എന്ന രണ്ടക്ഷരമാണ് 
ഈ ലോകത്തെ നിലനിര്‍ത്തുന്നത് 

മഴ എന്ന രണ്ടക്ഷരമാണ് 
ഹൃദയത്തെ ഇത്ര ആര്‍ദ്രമാ ക്കുന്നത് 

നാണം എന്ന രണ്ടക്ഷരമാണ് 
മനുഷ്യനെ മനുഷ്യനാക്കുന്നത് 

ഭീതി എന്ന രണ്ടക്ഷരം ആണ് 
മനുഷ്യന്റെ പുരോഗതിയുടെ പ്രധാന ശത്രു 

മിത്രം എന്ന രണ്ടക്ഷരം ആണ് 
മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം 

ശത്രു എന്ന രണ്ടക്ഷരം ആണ് 
മനുഷ്യന്റെ ഏറ്റവും വലിയ തലവേദന 

ഗുരു എന്ന രണ്ടക്ഷരം ആണ് 
മനുഷ്യന്റെ ദിശാ സൂചി 

വിദ്യ എന്ന രണ്ടക്ഷരമാണ് 
വിജയത്തിന്റെ വാതില്‍ 

മോഹം എന്ന രണ്ടക്ഷരം ആണ് 
മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം 

മിഴി എന്ന രണ്ടക്ഷരമാണ് 
മനസ്സിന്റെ താളില്‍ കവിത എഴുതുന്നത്‌ 

ദയ എന്ന രണ്ടക്ഷരമാണ് 
കണ്ണുകള്‍ നിറയാതെ പിടിച്ചു നിര്‍ത്തുന്നത് 

വിധി എന്ന രണ്ടക്ഷരമാണ് 
മനുഷ്യനെ ആശ്വസിക്കാന്‍  പ്രേരിപ്പിക്കുന്നത് 

ഇണ എന്ന രണ്ടക്ഷരമാണ് 
ഈ ലോകം ഇത്ര ആകര്‍ഷക മാക്കുന്നത് 

മതം എന്ന രണ്ടക്ഷരമാണ് 
മനുഷ്യനെ ഉത്തമനും അധമനും ആക്കുന്നത് 

പണം എന്ന രണ്ടക്ഷരത്തിന് വേണ്ടി യാണ് 
മനുഷ്യന്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്നത് 

മദം എന്ന രണ്ടക്ഷരമാണ് 
മനുഷ്യനെ മൃഗമാക്കുന്നത് 

രതി എന്ന രണ്ടക്ഷരത്തിന് വേണ്ടിയാണ് 
ഈ ലോകത്ത് ഏറെ അപരാധങ്ങള്‍ നടക്കുന്നത് 

മൃതി എന്ന രണ്ടക്ഷരത്തെയാണ് 
മനുഷ്യന്‍ ഏറെ ഭയപ്പെടുന്നത് 

മനം എന്ന രണ്ടക്ഷരമാണ് 
മനുഷ്യനെ മാലാഖയും ചെകുത്താനും ആക്കുന്നത് !!!




മലകളും 
മരങ്ങളും 
മരതകപ്പച്ചയും 
മധുരിക്കും കനികളും 
മഴയും മഞ്ഞും 
മാനവും മാരിവില്ലും 
മോഹിനിയും 
മോഹിനിയാട്ടവും

മാതാവും പിതാവും 
മകനും 
മകളും 
മനസ്വിനിയും
മയിലും മുകിലും 
മകരന്ദങ്ങളും 
മേടും 
മലരണിക്കാടും  
മധുപങ്ങളും 
മഞ്ചാടി മണികളും 
മുക്കുറ്റിപ്പൂക്കളും 
മധുരം മലയാളവും 

മതി എന്തിനധികം 
മലയാള നാടേ  നീയെത്ര
മനോഹരി !
മായാമോഹിനീ 
മനോ രഞ്ജിനി !!

സാദാ 'ചാരം'



മനുഷ്യന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും പരസ്യമായി ചെയ്യാന്‍ പറ്റില്ല . വാതിലടച്ച്‌ കുറ്റിയിട്ടു ചെയ്യേണ്ടതും ഉണ്ട് കൂട്ടത്തില്‍

അതിലൊന്ന് ആണ് വിസര്‍ജനം . 
രണ്ട് . ലൈംഗീക ബന്ധവും അതുമായി ബന്ധപ്പെട്ട ചേഷ്ടകളും . 
മൂന്ന് : പ്രസവം . 

ബെഡ് റൂമില്‍ ചെയ്യേണ്ട 'പരിപാടികളും' വാതിലടച്ചു നിര്‍ വഹിക്കേണ്ട 'കാര്യ സാധ്യവും'    ഒക്കെ നിരത്തു  വക്കിലിരുന്നു സാധിക്കുന്നത്‌ മൃഗങ്ങളെ അനുകരിക്കാനാവും . അവയ്ക്ക് ഇല്ലാത്ത പലതും മനുഷ്യനുണ്ട്‌ അതിലൊന്നാണ് നാണം . അതില്ലാത്തവന് എന്തും ആവാം . എവിടെ വെച്ചും 'എന്തും ചെയ്യാം' . 

അതി വിദൂരമല്ലാത്ത ഭാവിയില്‍ പാര്‍ക്കുകളിലും വഴിയോരങ്ങളിലും നമുക്ക് മൃഗങ്ങള്‍ ഇണചേരുന്ന പോലെ , 
അവ കാഷ്ടിക്കുന്ന പോലെ , അവ പ്രസവിക്കും പോലെ മനുഷ്യനും ചെയ്യുന്നത് കാണാം .

പാര്‍ ക്കില്‍ പോയി ഭക്ഷണം കഴിക്കുംപോലെ ഇനി ഇടയ്ക്കിടെ 
പാര്‍ ക്കില്‍ പോയി ആകാശം കണ്ടു ശാരീരിക ബന്ധവും നടത്താം 

അവ അപ്പപ്പോള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി, സംഭവം  നടക്കുന്ന അതെ സമയത്ത്  ലൈവ് ആയി ലോകം മുഴുവനും കാണിക്കാം  . അത് പോസ്റ്റ്‌ ചെയ്തു ലൈക്കും കമന്റ്യും വാങ്ങാം .

അത്തരം ഒരു 'നല്ല നാളേക്ക്' വേണ്ടി നമുക്ക് കാത്തിരിക്കാം ...!!!

സദാചാരം ഇനി നമുക്ക് സാദാ 'ചാരം' പോലെ  തെങ്ങിനു വളമായി ഇട്ടുകൊടുക്കാം . .!!

നശിച്ച മഴ !!




തണുപ്പ് വരുമ്പോള്‍ നമ്മള്‍ പറയും : 
എന്തൊരു തണുപ്പ് 
ചൂട് കഠിന മാവുമ്പോള്‍ പറയും : 
എന്തൊരു ചൂട് 

മഴ ഇല്ലെങ്കില്‍
ഒരു മഴ പെയ്തെങ്കില്‍
തുടരെ മഴ പെയ്താലോ 
നശിച്ച മഴ !!
ഒന്ന് പുറത്തിറങ്ങാന്‍ പോലും വയ്യ .

പ്രകൃതിയെ 
അതിന്റെ സ്വഭാവ മാറ്റത്തിന് അനുസരിച്ചു 
കുറ്റം പറയുകയും പ്രാകുകയും  
ചെയ്തുകൊണ്ടിരിക്കുന്ന 
നമ്മുടെ 
'പ്രകൃത'ത്തിലെ' 'മാറ്റങ്ങളെ' ,
നാഴികയ്ക്ക് നാല്പതു വട്ടം മാറുന്ന 'നിറത്തെ '  
ശപിക്കാന്‍
പ്രകൃതിക്ക് കഴിയാതെ പോയത് 
നമ്മുടെ ഭാഗ്യം !!

കപ്പ്




വൃത്തിയായി 
കഴുകി 
പൊടിയും പഞ്ചസാരയുമിട്ട് 
ഇളക്കി 
സ്വസ്ഥമായി ഒരിടത്ത് പോയി ഇരുന്നു 
രണ്ടു ചുണ്ടുകള്‍ക്കിടയില്‍ വെച്ച് 
ആസ്വദിച്ചു വലിച്ചു കുടിക്കുമ്പോള്‍
വല്ലാത്ത ഒരു ഹരം 
പകരും 
ഉടലാകെ 
ഒരു ലഹരി പരക്കും 

വീണ്ടും വീണ്ടും മൊത്തിക്കുടിക്കണേ 
എന്ന് പ്രാര്‍ ത്ഥിക്കും 
എന്നിലൂടെ പടരുന്ന 
ആവേശം ഓര്‍ ത്തു കുളിര് കോരും !

പക്ഷേ , കുടി കഴിഞ്ഞു 
തികച്ചും അനാഥമായി 
ഒരു മൂലയിലെവിടെ യെങ്കിലും വെച്ച് 
പറ്റെ അവഗണിച്ച് 
ഒന്ന് തിരിഞ്ഞു നോക്കുക പോലും 
ചെയ്യാത്ത 
ആ പോക്കുണ്ടല്ലോ 
അതാണസഹ്യം !

എന്നിട്ടും 
മറ്റൊരിക്കല്‍
എല്ലാം മറന്ന് ...!!!

പൊതു മുതല്‍




പൊതു മുതല്‍ 
പൊതു നിരത്ത് 
പൊതു വാഹനം 
പൊതു ശൌചാലയം 
തുടങ്ങി 'പൊതു' കൂടെയുള്ള എല്ലായിടത്തും 
എന്തും ആവാം എന്നാണു പൊതു ജനത്തിന്റെ വിചാരം 
പൊതു മുതല്‍ നശിപ്പിക്കാന്‍ 
പൊതു നിരത്തുകള്‍ മലിനമാക്കാന്‍ 
പൊതു വാഹനങ്ങള്‍ അടിച്ചു പൊളിക്കാന്‍ 
എന്തൊരു ഉത്സാഹമാണ് 
പൊതുവായി പറഞ്ഞാല്‍ 
ഇതൊക്കെ സ്വന്തം ആവുമ്പോഴോ ?
എന്തൊരു വൃത്തി 
എന്ത് ശുഷ്ക്കാന്തി 
എന്ത് കരുതല്‍ 
എന്തൊരു സൂക്ഷ്മത 
പൊതു ആണെങ്കിലും അതും എന്റെ സ്വന്തം ആണെന്ന വിശാലമായ ഒരു ചിന്ത വരും വരെ 
ഇതിനൊന്നും പൊതുവായ ഒരു പോം വഴിയും ഇല്ല 
പൊതു ജനം കഴുതക ളാ ണ് എന്ന പ്രയോഗം കൂടി ഇതോടു ചേര്‍ത്താല്‍ പൂര്‍ണ്ണമായി
മാലിനികള്‍ ഏറെയുള്ള സുന്ദര കേരളത്തെ 
മാലിന്യ മേറെ യുള്ള ദുഷ്ക്കര കേരളമാക്കി മാറ്റിയതില്‍ 
എല്ലാ പൊതു ജനങ്ങള്‍ക്കും പൊതുവായ പങ്കുണ്ട്

ദൈവത്തിന്റെ സ്വന്തം നാട് 
ദുര്‍ഗന്ധത്തിന്റെ സ്വന്തം നാടായി മാറിയിരിക്കുന്നു 
മനസ്സിലെ മാലിന്യം വൃത്തിയാക്കിയാലെ 
മണ്ണിലെ മാലിന്യം ഇല്ലാതാവൂ

മൂക്ക് പൊത്തി നടന്നാലും 
നോക്കു കുത്തികള്‍ ആവാനാണ്‌ നമുക്കിഷ്ടം !!!

സാക്ഷര കേരളം 
സുന്ദര കേരളം 
ചവറില്ലാ കേരളം 
അതിലേറെ സുന്ദരം !!!

അവധി




അവധികളങ്ങനെ  കഴിഞ്ഞു പോകുന്നു 
അടുത്ത അവധിക്കായി കാത്തു കാത്തിരിക്കുന്നു 
ഉപയോഗിക്കുന്ന പല വസ്തുക്കളുടെയും കാലാവധി തീരുന്നു 
കലാവധി കൂടുതലുള്ള വസ്തുക്കള്‍ തന്നെ തെരഞ്ഞെടുക്കുന്നു 
അടുത്ത അവധിക്കായ്‌ ഇപ്പോള്‍ തന്നെ സ്വപ്നം കണ്ടു 
തുടങ്ങുന്നു 

ഓരോ തിരിച്ചു വരവും അടുത്ത റീ എന്ട്രിയുടെ സ്വപ്നങ്ങളിലേക്ക് തുറക്കപ്പെടുന്ന വാതിലുകാകുന്നു 
എണ്ണി തുടങ്ങുന്ന കലണ്ടറിലെ അക്കങ്ങളാകുന്നു . 

അടുത്ത അവധിക്കു പോകുമ്പോള്‍ 
അടുത്ത അവധിക്കു വരുമ്പോള്‍ 
അടുത്ത അവധിക്ക് എന്തായാലും .. 
ഇങ്ങനെ കണക്കു കൂട്ടലുകള്‍ . ഗുണന ഹരണങ്ങള്‍ . കൂട്ടലുകള്‍ കിഴിക്കലുകള്‍ .

എന്നെങ്കിലും ഒരിക്കല്‍ ഒരു 'ഖുറൂജ് നിഹായി  ' തനിക്കും ഉണ്ടാകും എന്ന് ആശ്വസിക്കുന്നു . 

പക്ഷേ തിരികെ പ്രവേശനമില്ലാത്ത 
റീ  എന്ട്രി യില്ലാത്ത 
ടിക്കറ്റോ 
പാസ്സ്പോര്‍ട്ടോ
കസ് റ്റംസ് ക്ലിയറന്‍സോ
പെട്ടി കെട്ടലോ 
കഫീലിന്റെ സമ്മതമോ 
ഒന്നും ആവശ്യമില്ലാത്ത ഒരു ആജീവനാത്ത അവധി 
വരാനിരിക്കുന്നു .

അങ്ങോട്ടുള്ള ഓരോരുത്തരുടെയും ടിക്കറ്റ് നേരത്തെ തന്നെ 
ഓക്കേ ആണ് . പക്ഷേ , അത് ഒരു രഹസ്യമാണ് . 
ആ പാസ്സ് വേര്‍ഡ് ഒരേ ഒരാള്‍ക്കേ അറിയൂ 

ആ ദിവസം അടുത്താല്‍ പിന്നെ ഒരു നിമിഷം പോലും വൈകില്ല 
പോകുകയേ വഴിയുള്ളൂ ..

അതാണ്‌ ഒടുക്കത്തെ ഖുറൂജ് നിഹായി . ഫൈനല്‍ എക്സിറ്റ് 

ഈ അവധിയും മറ്റെല്ലാ അവധിയും തമ്മിലൊരു വലിയ വ്യത്യാസമുണ്ട് . 

എല്ലാ അവധിയെയും നാം കാത്തിരിക്കുന്നു . 
പക്ഷേ ആ അവധിയെ നാം കാത്തിരിക്കുന്നില്ല . 
സ്വപ്നത്തില്‍ പോലും കടന്നു വരുന്നില്ല . 
എന്ന് മാത്രമല്ല ഓര്‍ക്കാന്‍ തന്നെ ഇഷ്ടപ്പെടുന്നില്ല . 

ചിന്തിക്കാന്‍ ഇഷ്ടപ്പെടാത്തതും 
എല്ലാ നേരത്തും ചിന്തിക്കേണ്ടതുമായ ആ അവധിയാണ് 
ഈ ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്കുള്ള 
ഫൈനല്‍ എക്സിറ്റ് . 

അത് എന്ന്, എപ്പോള്‍, എവിടെ, ഏതു ഭൂവില്‍, ആകാശത്തോ കടലിലോ കരയിലോ കാറിലോ ട്രെയിനിലോ ഏറ്റവും സുരക്ഷിതമെന്ന് കരുതി ഒളിച്ചിരിക്കുന്ന സ്വന്തം താവളത്തിലോ
ഒക്കെ ആവാം . 

അവധി എത്തിയാല്‍ ഒരു നിമിഷം പോലും പിന്നെ താമസമില്ല 

എല്ലാ അവധിയെയും നാം കാത്തിരിക്കുന്നു 
ഒരേ ഒരു അവധി നമ്മെയും കാത്തിരിക്കുന്നു  !!!

പാഥേയം ഒരുക്കി വെച്ചോളൂ 
ഞാനിതാ പിറകില്‍ തന്നെയുണ്ട്‌ 
എന്ന് സ്വന്തം മരണം (ഒപ്പ് )

കുറ്റവും കുറവും




അല്പം മുമ്പ് , നല്ല ഒരു ചിന്താശകലം എഴുതി അതിനു താഴെ 'ശുഭ ദിനം ' എന്ന് ചേര്‍ത്ത് ഒരു പോസ്റ്റ്‌ കണ്ടപ്പോള്‍ ഞാന്‍ ആ കുട്ടിയോട് ഇന്‍ബോക്സില്‍ പോയി പറഞ്ഞു . ആ 'ശുഭ ദിനം ' ഒഴിവാക്കിയേക്കൂ . എങ്കിലേ ആ പോസ്റ്റിനു ഭംഗി കൂടൂ .

അത് കേട്ടപാടെ ആ കുട്ടി അത് തിരുത്തി എന്നിട്ട് എന്നോട് പറഞ്ഞു : ശരിയാ ഇപ്പോള്‍ ആണ് അത് ഒരു പോസ്റ്റ്‌ ആയത് . 
നന്ദി മാഷേ .

നിരതെറ്റാത്ത നല്ല വെളുത്ത പല്ലുകള്‍ക്കിടയില്‍ ഭക്ഷണത്തിന്റെ 
എന്തോ ഒരവശിഷ്ടം കുടുങ്ങിയത് കാണുമ്പോള്‍ , കാണുന്ന ആളുകളില്‍ അത് ഒരനിഷ്ടം സൃഷ്ടിക്കും . മനോഹരമായ പല്ലിന്റെ ഭംഗി അല്ല കാഴ്ചക്കാരുടെ കണ്ണിലുടക്കുക .  
ആ അഭംഗിയാണ് 

അഭംഗി പെട്ടെന്ന് നമ്മളൊക്കെ കണ്ടു പിടിക്കും . അതിന്റെ കൂടെയുള്ള ഒരുപാട് ഭംഗികള്‍ നമ്മുടെ കണ്ണില്‍ പെടുകയെ ഇല്ല 
എന്തെങ്കിലും ഒരു അപാകത,  ന്യൂനത ഒരാളില്‍  നിന്ന് ഉണ്ടാകുമ്പോള്‍ അതില്‍ പിടിച്ചു നമ്മള്‍ ആഘോഷിക്കും . അത് വരെ അയാള്‍ ചെയ്ത നന്മ , ഗുണം , ശ്രേഷ്ഠത , ഒക്കെ തല്‍ക്കാലം മറക്കും . 

നൂറു കൂട്ടം നന്മ യുള്ള ഒരാളെ കുറിച്ച് ഒരേ ഒരു തിന്മ കണ്ടെത്തിയാല്‍ നമുക്ക് സന്തോഷമായി !!!  

ഒരാളെ നമസ്ക്കരിക്കാനുള്ളതിലേറെ താത്പര്യം  നമുക്ക് 
തമസ്ക്കരിക്കാനാണ് . 

നമ്മുടെ കുറ്റവും കുറവും നമുക്കറിയില്ല 
പക്ഷേ  ഗുണ കാംക്ഷിയായ ഒരാള്‍ ചെയ്യേണ്ടത് 
അക്കാര്യം അവനെ / അവളെ / സ്വകാര്യമായി അറിയിക്കുക എന്നതാണ് . 

എന്റെ അപാകത എനിക്കറിയില്ല . നിനക്ക് നന്നായി അറിയാം . പക്ഷേ നീ എന്നോട് അത് പറയില്ല . മറ്റു എല്ലാവരോടും പറഞ്ഞു നടക്കും . നാറ്റിക്കും . അവരും അത് കിട്ടിയ പാടെ മറ്റൊരാള്‍ക്ക്‌ കൈമാറും . ഇവിടെ ഗുണ കാംക്ഷ യല്ല നടക്കുന്നത് .  പരദൂഷണം ആണ് . ഒരാളുടെ  നന്മ കാംക്ഷിക്കുന്ന ഒരാളും ഈ വഴി അല്ല തെരഞ്ഞെടുക്കുക .

അപാകത മനസ്സിലാക്കി കൊടുക്കലും ന്യൂനത ചൂണ്ടി  കാണിച്ചു കൊടുക്കലും അടുത്തു വിളിച്ചു സ്വകാര്യമായി ആവട്ടെ 
അഭിനന്ദിക്കലും നല്ലത് പറയലും പ്രശംസിക്കലും 
പരസ്യമായും ആവട്ടെ 

നല്ലത് ഉറക്കെ പറയുക 
ചീത്ത മെല്ലെ പറയുക 

കാരണം മറ്റൊരാളുടെ ന്യൂനത കേള്‍ക്കാനും അത് ആഘോഷിക്കാനും പ്രചരിപ്പിക്കാനും ആണ് ഇവിടെ ആളുകളുടെ വല്ലാത്ത തിരക്ക് അനുഭവപ്പെടുന്നത് 

നന്മ കണ്ടാല്‍ അത് തുറന്നു പറയാനും    ആഘോഷിക്കാനും 
നല്ലത് പറയാനും ആളുകള്‍ കുറവാണ് !

കാരണം മറ്റൊന്നുമല്ല 
കുറ്റം പറയുമ്പോള്‍ കിട്ടുന്ന മന:സുഖം ഗുണം പറയുമ്പോള്‍ 
കിട്ടില്ല . അത് തന്നെ !!

ചെറുപ്പകാലങ്ങളിലുള്ള ശീലം




കുട്ടിയായി രിക്കുമ്പോള്‍  ആരുമായിട്ടെങ്കിലും തല്ലു കൂടി വീട്ടില്‍ വന്നു കാര്യം പറഞ്ഞാല്‍ ഉപ്പാന്റെയും ഉമ്മാന്റെയും വക പിന്നെയും കിട്ടും ഒരടി . 'ജ്ജ് ഓനോട്‌ തല്ലു കൂടാന്‍ പോയിട്ടല്ലേ . മേലാല് ആരേറ്റും വക്കാണ ത്തിനു പോകരുത്' 
എന്ന് ഒരു താക്കീതും തരും . ഉപ്പയും ഉമ്മയും .

എന്നാല്‍ എന്റെ സഹപാഠിയായിരുന്ന ഉമ്മറിന്റെ  വീട്ടിലെ കാര്യം നേരെ തിരിച്ചായിരുന്നു . അവന്റെ വീട്ടില്‍ അടിപിടി ഉണ്ടാക്കി ചെന്നാല്‍ അവന്റെ ഉപ്പയും ഉമ്മയും അവനോടു ചോദിക്കും . എന്നിട്ട് നീ അവനു എത്ര അടി കൊടുത്തു ? നിനക്ക് എത്ര കിട്ടി ? ഇനി കിട്ടിയത് ഏറെയും കൊടുത്തത് കുറവും ആണെങ്കില്‍ നാളെ ബാക്കി കൂടി കൊടുത്തിട്ടേ ഇങ്ങോട്ട് വരാവൂ .. എന്ന് പറയും . 
'ആരാന്റെ അടീം മാങ്ങി ചിറീം തോളിലിട്ടു ഇഞ്ഞി ഇങ്ങ് ട്ട് വരരുത്..' എന്നാണു അവനു കിട്ടിക്കൊണ്ടിരുന്ന താക്കീത് !!

പിന്നെപ്പിന്നെ എനിക്ക് തല്ലു കൂടുന്നത് തന്നെ പേടിയാണ് 
പരമാവധി തല്ലു ഉണ്ടാക്കാതിരിക്കാനാണ് ശ്രമിക്കുക 
ഇനി അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ തോറ്റു കൊടുത്തിട്ട് ആയാലും അടി കിട്ടാതെ യും കൊടുക്കാതെയും രക്ഷപ്പെടും .

എന്നാല്‍ ഉമ്മറാവട്ടെ കച്ചറയുടെ ഉസ്താദ് ആയിരുന്നു . 
എല്‍ . പി . സ്കൂളില്‍ നിന്ന് മാത്രമല്ല ഹൈ സ്കൂളില്‍ നിന്നും അവന്‍ കുറെ അടിപിടി ഉണ്ടാക്കി . കുറെ കൊടുത്തു . കുറെ വാങ്ങി  . ചില അടികളൊക്കെ ഉണ്ടാക്കാന്‍  പിരികയറ്റി . ഒടുവില്‍ തല്ലു മുറുകുമ്പോള്‍ പെട്ടെന്ന് അവിടെ നിന്ന് അവന്‍ തടിയെടുത്തു . 'വെടിമരുന്നിന് തിരി കൊളുത്തി 'കൂട്ടുകാര്‍  തമ്മില്‍  അടി കൂടുന്നത് ദൂരെ നിന്ന് കണ്ടു രസിച്ചു  . കയ്യടിച്ചു . അടി കൂടുന്നവരെ നഖം ഉരസി പ്രോത്സാഹിപ്പിച്ചു . 

പിന്നീട് ജീവിതത്തില്‍ അവന്‍ ഒരുപാട് കേസുകളില്‍ കുടുങ്ങി . ഊരിപ്പോന്നു . പിന്നെയും കുടുങ്ങി . ഇന്ന് പഴയ ശൌര്യം ഒന്നും ഇല്ല . എന്നാലും  അവന്‍  കൊടുത്തതിന്റെ കണക്കുകള്‍ ആരെ കിട്ടിയാലും ഇപ്പോഴും അവന്‍ പറയും .

OO

ഇവിടെ ഏതു രക്ഷിതാക്കളുടെ സമീപനം ആയിരുന്നു ശരി എന്ന്  അറിയില്ല . പക്ഷേ ഒരു കാര്യം എനിക്ക് തോന്നിയത് കുട്ടികളെ ഓരോന്ന് പറഞ്ഞു ചെറുപ്പത്തിലേ  പേടിത്തൊണ്ടന്മാര്‍ ആക്കരുത് എന്നാണ്  . 

'പോത്താമ്പി' വരുന്നുണ്ട് . 'മീശക്കാരന്‍ പോക്കര്' വരുന്നുണ്ട് എന്നൊക്കെ പറഞ്ഞു കുട്ടികളുടെ അപ്പപ്പോഴുള്ള കരച്ചില്‍ മാറ്റാന്‍ ഓരോ 'ഇല്ലാ കഥ 'പറഞ്ഞു അവരുടെ ഉള്ളില്‍ അകാരണമായ ഭീതി വളര്‍ ത്തരുത് . ഇരുട്ടില്‍ പ്രേതം ഉണ്ട് ഭൂതം വരും യക്ഷി വരും എന്നൊക്കെ പറഞ്ഞു കുട്ടികളെ ഒരിക്കലും പേടിപ്പിക്കരുത് . ഉള്ള ധൈര്യം ചോര്‍ത്തി ക്കളയരുത് . പക്ഷേ ഒരു 'റൌഡി' ആയി ചെറുപ്പത്തിലെ അവനെ വളര്‍ത്തുകയും അരുത് .

ചെറുപ്പത്തില്‍ നമ്മുടെ മനസ്സില്‍ കൊത്തിവെ ക്കപ്പെടുന്ന ചില ശീലങ്ങള്‍ നമ്മുടെ ജീവിതകാലം മുഴുവനും കൂടെ കാണും . 
അത് നല്ലതായാലും ചീത്ത ആയാലും . 
വെറുതെയല്ല കവി പറഞ്ഞു വെച്ചത് : 

''ചെറുപ്പകാലങ്ങളിലുള്ള ശീലം 
മറക്കുമോ മാനുഷനുള്ള കാലം..' !

കുട്ടിത്തം



കൈവിട്ടു പോയ കുട്ടിത്തം തിരിച്ചു പിടിക്കാനാണ് നാമൊക്കെ 
വൃഥാ ശ്രമിക്കുന്നത് . അത് കൊണ്ടാവണം ചില കുട്ടിത്തങ്ങള്‍
നമ്മെ വിട്ടു പോകാത്തത് . 
അത് നമ്മുടെ മക്കളോട് , ഭാര്യയോട് , സുഹൃത്തു ക്കളോട് 
സഹപ്രവര്‍ത്തകരോട്‌ , മാതാ പിതാക്കളോട് ഒക്കെ നാം പലപ്പോഴും കാണിക്കാറുണ്ട് .
വെറുതെ ദേഷ്യപ്പെടുക , 
നിസ്സാര കാര്യത്തിനു പോലും വാശി പിടിക്കുക , 
ചോറ് തിന്നാതെ കിടക്കുക , 
ചെറിയ കാര്യത്തിനു പോലും തെറ്റുക , 
ശ്രദ്ധിക്കപ്പെടുന്നില്ല എന്ന് തോന്നുമ്പോള്‍ 
എന്തെങ്കിലും ഒക്കെ ചെയ്തു ശ്രദ്ധ പിടിച്ച് പറ്റാന്‍ നോക്കുക ... 
ഫോണ്‍ വിളിക്കുമ്പോള്‍ ഇഷ്ടപ്പെടാത്തത് വല്ലതും കേട്ടാല്‍
ഉടന്‍ കട്ടാക്കുക .. അങ്ങനെയങ്ങനെ

എല്ലാ വസ്തുക്കള്‍ക്കും നിഴലുള്ള പോലെ ഓരോ മനുഷ്യന്റെ ഉള്ളിലും ഉണ്ട് ഒരു 'കുട്ടി ' . 
നിഴല് പോലെ ഒരു 'കുട്ടി'യും നമ്മെ പിന്തുടരുന്നു .
പക്ഷേ ,  ഒരു കാര്യത്തില്‍ മാത്രം നാം കുട്ടികളില്‍ നിന്ന് വ്യത്യസ്തരാവുന്നു . 
അവരെല്ലാം പെട്ടെന്ന് മറക്കും . തണുക്കും . .പൊറുക്കും. ഇണങ്ങും ..
നമ്മളോ ഉള്ളില്‍ വെച്ച് കൊണ്ട് നടക്കും . അത് പകയായി വിദ്വേഷമായി രോഷമായി 
വിരോധമായി മാറും . 

കുഞ്ഞു കാര്യങ്ങള്‍ പോലും വലിയ കാര്യമായി നാമെടുക്കുന്നത് 
ഉള്ളിലൊരു കുഞ്ഞ് ഉണ്ടായത് കൊണ്ടാണ് . 
അത് മനസ്സില്‍ നിന്ന് മാറാതെ കൊണ്ട് നടക്കുന്നത് നാം 'വലുതായവരായത് കൊണ്ടും !
അപ്പോള്‍ പറഞ്ഞു വരുന്നത് ഇതാണ് . 
ചെറുതാവുമ്പോള്‍ ഒരു പാട് ഉള്ളതും വലുതാകുമ്പോള്‍ തീരെ ഇല്ലാതാവുന്നതുമായ 
ഒരു ഗുണം ആണ് നിഷ്കളങ്കത
ചെറുതാവുമ്പോള്‍ തീരെ ഇല്ലാത്തതും വലുതാവുമ്പോള്‍ ഒരു പാട് ഉള്ളതും 
ആയ നി ര്‍ ഗുണം ആണ് കാപട്യം 

അത് കൊണ്ട് കുഞ്ഞായിട്ടിരിക്കാന്‍ നാം ആഗ്രഹിക്കുന്നു എങ്കില്‍
കാപട്യം ഒഴിവാക്കിയേ പറ്റൂ . 
അതിനു ഈ ജന്മം നമുക്ക് ആവുമോ ? 
ഇല്ല .
അതിനാല്‍ ഒരു കാര്യം ചെയ്യാം .
'കുട്ടിക്കാലം തിരിച്ചു വന്നെങ്കില്‍' എന്ന് വെറുതെ ആഗ്രഹിച്ചു , 
എഴുതി , പറഞ്ഞ് , കൊതിച്ചു , നമുക്ക് മരിച്ചു പോകാം !!

അമ്മ ഒരു ആകാശമാണ്



അമ്മ ഒരു ആകാശമാണ് 
നിലാവ് പൊഴിക്കുന്ന 
അതിരുകളില്ലാത്ത 
പുഞ്ചിരി കൊണ്ട് 
പതിനാലാം രാവു തീര്‍ക്കുന്ന 
അറ്റമില്ലാത്ത 
വിശാലത

ക്ഷമ കൊണ്ട് ഭൂമിയും 
ആര്‍ദ്രത കൊണ്ട് പുഴയും 
സഹനം കൊണ്ട് കടലും 
കരു ത്ത് കൊണ്ട് മലയും 
ഭംഗി കൊണ്ട് പൂവും 
തണല് കൊണ്ട് മരവും 
കര്‍മ്മം കൊണ്ട് കനികളും 
ആണമ്മ !!

മനവും 
തനുവും 
കുളിര്‍ക്കുന്ന തെന്നലും 
ഐശ്വര്യത്തിന്റെ 
തോരാ മഴയുമാകുന്നു

അമ്മയിലില്ലാത്ത 
ഒന്നും  പ്രകൃതിയിലില്ല
അമ്മയിലുള്ള പലതും 
പ്രകൃതിയിലില്ല

ഒരു തുള്ളി വാത്സല്യമിറ്റിക്കാന്‍ 
വേവുന്ന മനസ്സിലൊരു കുമ്പിള്‍
സാന്ത്വന ജലമണികള്‍ വീഴ്ത്തി   
വേവണക്കുവാന്‍ 

ഒരു അമ്മച്ചിരി കൊണ്ട് 
ഈ ജന്മം 
സഫലമാക്കാന്‍ 
ആവുമോ പ്രകൃതീ നിനക്ക്  ?

നെഞ്ചോട്‌ ചേര്‍ ത്തു 
കൊക്കില്‍ ജീവനുള്ള കാലത്തോളം   
സൂക്ഷിക്കാനാവുന്ന 
ഒരുമ്മ തരാനാവുമോ 
ഈ പ്രപഞ്ചത്തിന് ?

OO


അനുകരണം




അനുകരണം , അനുധാവനം , ചോരണം , കോപ്പിയടി ഇങ്ങനെ ജീവിതത്തിലും സാഹിത്യത്തിലും ചില പകര്‍ത്തലുകളുണ്ട്‌ . 

ജീവിതത്തില്‍ ഇവ ആശാസ്യമാണ് ആവശ്യവും . പക്ഷേ സാഹിത്യത്തില്‍ , എഴുത്തില്‍,  സര്‍ഗ പ്രക്രിയകളില്‍ , ഇവ പലപ്പോഴും മോഷണം പോലെ മാന്യതക്കും മര്യാദക്കും നിരക്കാത്തതും .  

ജിവിതത്തില്‍ ഒരാളെ അനുകരിക്കാം . അയാളുടെ നല്ല സ്വഭാവ വിശേഷങ്ങള്‍ നമുക്കും പകര്‍ത്താം . അവരെ അനുധാവനം ചെയ്യാം . അവരുടെ നല്ല ഗുണങ്ങള്‍ കോപ്പി അടിക്കാം . 
അധ്യാപകരെ , രക്ഷിതാക്കളെ , നല്ല സുഹൃത്തുക്കളെ ഒക്കെ അനുകരിക്കുന്നത്, നല്ല ഗുണം ആയിട്ടാണ് പരിഗണിക്കപ്പെടുന്നത് .

ലോകത്ത് ആദ്യമായി നടന്ന കുറ്റം ,  കൊലപാതകം ആണ് . 
ആദമിന്റെ മകന്‍ മറ്റൊരു മകനെ പെണ്ണിന്റെ പേരില് കൊലപ്പെടുത്തി . അതാണ്‌ ലോക ചരിത്രത്തിലെ ആദ്യത്തെ കൊല . കൊലപാതകം നടന്ന് മരിച്ച സഹോദരനെ ഇനി എന്ത് ചെയ്യും എന്നറിയാതെ  മൃത ദേഹവും തോളിലേറ്റി 
അയാള് നടന്നു . നടന്നു നടന്ന് ഒടുവില്‍ ക്ഷീണിച്ചു ഒരിടത്ത് ഇരുന്നു . 

അപ്പോഴാണ്‌ രണ്ട് കാക്കകള്‍ കൊത്തു കൂടുന്നതും ഒരു കാക്ക മറ്റൊന്നിനെ കൊത്തി  കൊല്ലുന്നതും അയാള് കാണുന്നത് . എന്നിട്ട് ചത്ത കാ ക്കയെ മറ്റേ കാക്ക കാലു കൊണ്ട് മാന്തി ഒരു കുഴിയുണ്ടാക്കി അതിലേക്കു വലിച്ചിഴച്ചു കൊണ്ട് പോയി മണ്ണിട്ട്‌ മൂടി . ഇത് കണ്ടു നിന്ന അയാള്ക്ക് അപ്പോഴാണ്‌  മരിച്ച ഒരാളെ എന്ത് ചെയ്യണം എന്ന് മനസ്സിലാവുന്നത് . ഇത് ദൈവം കാണിച്ചു കൊടുത്തതാവാം . 

അന്ന് മുതല്‍ ഇന്ന് വരെ മനുഷ്യന്‍ മറ്റു പലരില്‍ നിന്നും കണ്ടും കൊണ്ടും അനുകരിച്ചും അനുധാവനം ചെയ്തും കോപ്പി അടിച്ചും തന്നെയാണ് ജീവിക്കുന്നത് . അനുകരിച്ചാണ് മുന്നോട്ടു പോകുന്നത് . ഇത് ജിവിതത്തിലെ കഥ 

പക്ക്ഷേ സാഹിത്യത്തില്‍ , സര്‍ഗാത്മക വഴികളില്‍ എത്തുമ്പോള്‍ ഈ അനുകരണം അനീതിയും അരുതാത്തതും ചോരണവും  മോഷണവും ആയി മാറുന്നു . കാരണം ഒരാളുടെ ഭാവനയില്‍ ഒരുത്തി രിഞ്ഞ ഒരു ആശയം അയാളുടെ സ്വത്ത് പോലെ , മകനെ പോലെ അയാളുടേത് മാത്രമാണ് . അത് മൊത്തമായോ അതിന്റെ സത്തയോ അനുകരിക്കുന്നതോ അപ്പടി സ്വന്തമാക്കുന്നതോ മേലെ പറഞ്ഞ ജീവിതത്തിലെ  അനുകരണത്തില്‍ പെടില്ല . അതിനു ചോരണം എന്നെ പറയാനാവൂ . ഈച്ച കോപ്പി മാത്രമല്ല 'സത്ത' കോപ്പി അടിക്കുന്നതും കോപ്പി അടി തന്നെ . 

ഇവിടെ ഇന്ന് കാണുന്ന ഏറ്റവും വലിയ ദുരന്തം കോപ്പി അടിയാണ് . 
ആരുടെതും ആര്‍ക്കും കട്ടെടുക്കാം . സ്വന്തമാണ് എന്ന വ്യാജേന കയ്യടി നേടാം . വാട്ട് സ് ആപ്പ് കൂടി വന്നതോടെ ഈ പരിപാടി ഇവിടെ വ്യാപകമാണ് . കുളത്തില്‍ നിന്ന് പോയാല്‍ വലയിലേക്ക് വലയില്‍ നിന്ന് പോയാല്‍ കുളത്തിലേക്ക് എന്ന പോലെ ഫേസ് ബുക്കില്‍ നിന്ന്  
വാട്ട് സ് ആപ്പിലേക്ക് വാട്ട് സ് ആപ്പില്‍ നിന്ന് ഫേസ് ബുക്കിലേക്ക് . 
അങ്ങനെ അങ്ങനെ ചോരണവും മോഷണവും ഈച്ച കോപ്പിയും ഇവിടെ ഒരു നിയന്ത്രണവുമില്ലാതെ നടക്കുന്നു . 

ഒരാളോട് ഇന്നലെ  ഒരു പോസ്റ്റുമായി ബന്ധപ്പെട്ടു  ഈ അരിശവും സങ്കടവും പോയി പറഞ്ഞപ്പോള്‍ എന്നോട് അവന്‍ പറഞ്ഞത് : നിങ്ങള്‍ ഇവിടെ പോസ്റ്റ്‌ ഇടുന്നതോടെ അത് ഞങ്ങളുടെതായി മാറി .  മട്ടം പോലെ കൂട്ടിക്കോ എന്നാണ് . 

എന്ന് പറഞ്ഞാല്‍ നോക്കിക്കോ ഇനിയും എടുക്കും  . നിനക്ക് തടുക്കാന്‍പറ്റുമെങ്കില്‍ തടുക്ക്  എന്നൊക്കെയാണ് ധ്വനി . വേറെ ഒരാള് പറഞ്ഞത് അത് നീ എഴുതിയതല്ല നീയും കട്ടതാണ് . ചുരുക്കി പറഞ്ഞാല്‍ ഇത് ചോദ്യം ചെയ്യുന്നത് പോലും ശരിയല്ല എന്ന് അര്‍ഥം .
പറ്റിയാല്‍ വാദിയെ പ്രതിയാക്കുക കൂടി ചെയ്യും  .

എന്നാല്‍ എല്ലാവരും അത്തരക്കാരല്ല . എനിക്ക് അറിയില്ലായിരുന്നു . എനിക്ക് വാട്ട് സ് ആപ്പില്‍ നിന്ന് കിട്ടിയതാണ് . ഇഷ്ടം തോന്നി . അപ്പോള്‍ എന്റെ വാളില്‍ ഇട്ടു . എന്ന് മാത്രം .

ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി . ഒരു വിഭാഗം ഇതിനു കച്ച കെട്ടി ഇറങ്ങിയതാണ് . അവര്‍ പറ്റിയത് കണ്ടാല്‍ കോച്ചും . ചോദ്യം ചെയ്‌താല്‍ തെറി വിളിക്കും . അമ്മയ്ക്കും ഉമ്മയ്ക്കും വിളിക്കും . അടിയുടുപ്പിനു അകത്തുള്ളത് വരെ പറഞ്ഞു ഭരണി പാട്ട് പാടും .
അവരോടു വല്ലതും പറയാന്‍ പോകുന്നതില്‍ ഭേദം മൌനം പാലിക്കലാണ് 

രണ്ടാമത്തെ മാന്യരായ സുഹൃത്തുക്കളോട് മാത്രമേ നമുക്ക് സംസാരിക്കാന്‍ പറ്റൂ . 
അവരില്‍ ഭൂരിഭാഗം ആളുകള്ക്കും ഇങ്ങനെ ഇഷ്ടപ്പെട്ട ഒന്ന് കിട്ടിയാല്‍ എന്ത് ചെയ്യണം എന്ന് അറിയില്ല . അവരോടു മാത്രം രണ്ടു വാക്ക് .

ഒരാളുടെ സൃഷ്ടി നമുക്ക് ഇഷ്ടപ്പെട്ടാല്‍ അത് മറ്റുള്ളവരോട് പങ്കു വെക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ ചെയ്യാവുന്നവ ഇതൊക്കെയാണ് . 

ഒന്ന് ഷയര്‍  ചെയ്യാം . അങ്ങനെ ആവുമ്പോള്‍ അത് നിങ്ങള്‍ ഇന്ന ആളുടെ ഇന്ന പോസ്റ്റ്‌ ഷയര്‍ ചെയ്തു എന്ന് മറ്റുള്ളവര്‍ ക്കും മനസ്സി ലാകും . ഏറ്റവും മാന്യമായ സമീപനം ഇതാണ് 

മറ്റൊന്ന് കോപ്പി പേസ്റ്റ് . ഇത് പോസ്റ്റ്‌ അപ്പടി കോപ്പി ചെയ്തു നമ്മുടെ വാളില്‍ ഇടാം . എന്നിട്ട് പോസ്റ്റിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ എഴുതിയ ആളുടെ പേര് വെക്കുക . അതും മാന്യമായ സമീപനം തന്നെ .

വേറെ ഒന്ന് : നമുക്ക് ഒരു സൃഷ്ടി കിട്ടി . പക്ഷേ എഴുതിയ ആളെ അറിയില്ല .നമുക്ക് നമ്മുടെ സുഹൃത്തുക്ക ള്‍ക്ക് അത് എത്തിക്കുകയും വേണം 
അപ്പോള്‍ ചെയ്യാവുന്നത് . പോസ്റ്റ്‌ ന്റെ മീതെയോ താഴെയോ 'കടപ്പാട്' എന്ന് വെക്കുക . അതും, മാന്യമായ സമീപനം .

അതും അല്ലെങ്കില്‍ ഇങ്ങനെ ഒരു വാചകം ചേര്‍ക്കുക . 'ഇത് എന്റെതല്ല '

മാന്യമായ , മര്യാദയുള്ള ആളുകള്ക്ക് ചെയ്യാവുന്ന മാര്‍ഗങ്ങള്‍ ഇതൊക്കെയാണ് . 
അതല്ലാതെ മറ്റൊരാളുടെ 'കുട്ടിയെ ' സ്വന്തമായി അവതരിപ്പിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ 'എട്ടുകാലി മമ്മൂഞ്ഞി'ന്റെ പണിയാണ് 

ഇവിടെ കണ്ടു വരുന്ന മറ്റൊരു പ്രവണത ഇത്തരം മോഷ്ടാക്കളെ സപ്പോര്‍ട്ട് ചെയ്യാനും ഇവിടെ ഒരു പാട് ആളുകളുണ്ട് എന്നതാണ് . തെറ്റ് ചെയ്യുന്നത് പോലെ തന്നെ യാണ് തെറ്റിനെ ന്യായീകരിക്കുന്നതും തെറ്റിന്റെ കൂടെ നില്‍ക്കുന്നതും .

ഏതായാലും ഏക ആശ്വാസം ഇത്തരം പ്രവണതകളെ കണ്ടിടത്തു വെച്ച് ചോദ്യം ചെയ്യുന്ന ഒരു വലിയ വിഭാഗം ആളുകളും ഇവിടെ ഉണ്ട് എന്നതാണ് . നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തു നില്ക്കാനും അര്‍ഹ തയില്ലാത്ത അവകാശ വാദങ്ങളെ ധൈര്യ പൂര്‍ വം എതിര്‍ക്കാനും ഒരു പാട് സുഹൃത്തുക്കളെ ഇവിടെ കാണുന്നുണ്ട് എന്നത് അഭിമാനം മാത്രമല്ല മൌലികമായ എഴുത്തിനോടുള്ള പ്രതിബദ്ധതയും കൂറും വെളിവാക്കുന്നതുമാണ് . 

സത്യത്തില്‍ ഏതൊരു ഓണ്‍ ലൈന്‍ എഴുത്തുകാരന്റെയും ശക്തിയും കരുത്തും പ്രചോദനവും ആയി വര്‍ത്തിക്കുന്നത് അക്ഷരങ്ങളെ നെഞ്ചോട്‌ ചേര്‍ ക്കുന്ന ഇത്തരം സുമനസ്സുകളാണ് .

ഇത്തരം 'മമ്മൂഞ്ഞിമാരെ' പൊതുജന മധ്യത്തില്‍ കൊണ്ട് വരാ നു ള്ള ഒരു കൂട്ടായ ശ്രമം ആണ് ഇവിടെ നീതി ബോധമുള്ള, മൌലികമായ എഴുത്തുകളോട് പ്രതിബദ്ധതയുള്ളവര്‍
ചെയ്യേണ്ടത് . 

കാരണം ഒരു എഴുത്തുകാരനേ സ്വന്തം സൃഷ്ടി മറ്റൊരാള്‍ 
കട്ട് കൊണ്ട് പോകുന്നതിന്റെ വേദന മനസ്സിലാകൂ . ഇന്ന് എന്റേത് ആണെങ്കില്‍ നാളെ നിങ്ങളുടേത് ആവും അടിച്ചു മാറ്റുക . ഒടുവില്‍ വൈശാലി സിനിമയില്‍ അംഗ രാജ്യത്തെ രക്ഷിക്കാന്‍ മുനിയുടെ തപസ്സിളക്കി കൊണ്ട് വന്നു മഴ പെയ്തപ്പോള്‍ 
അതിന്റെ യഥാര്‍ഥ അവകാശികളായ വൈശാലിയും അമ്മയും ചവിട്ടി മെതിക്കപ്പെടു കയും കയ്യൂക്കുള്ള വന്‍ കാര്യം നേടുകയും  ചെയ്ത പോലെ യഥാര്‍ത്ഥ അവകാശി ചവിട്ടി അരക്കപ്പെടുകയും വ്യാജന്മാര്‍ അരങ്ങത്ത് വാഴുകയും ചെയ്യും . അല്പം പോലും വിയര്‍ക്കാതെ 

ഒരൊറ്റ കാര്യം കൂടി . ആരാന്റെത് ആയിരം വരി എടുത്തു എന്റെ സ്വന്തമാണ് എന്ന് പറഞ്ഞു അവതരിപ്പിക്കുന്നതിലേറെ എന്ത് കൊണ്ടും നല്ലതും ഹൃദ്യവും സംതൃപ്തി നല്കുന്നതും ആയിരിക്കും സ്വന്തമായി എഴുതുന്ന കേവലം രണ്ടു വരി .

ആരാന്റെ ബിരിയാണി കട്ടെടുത്തു തിന്നുന്നതിനേക്കാള്‍ നല്ലത് സ്വന്തം കൈകൊണ്ടു അധ്വാനിച്ചു ഉണ്ടാക്കിയ കുറിയരിക്കഞ്ഞിയും ചമ്മന്തിയും തന്നെയാണ് . 
വിശപ്പ്‌ മാറാനും ദഹനത്തിനും !!!

പ്രണയം



ഹംസുക്ക എന്റെ റൂം മേറ്റ് ആയിരുന്നു . അദ്ദേഹത്തിന് ആണും പെണ്ണുമായി ഒറ്റ മോളെ 
ഉള്ളൂ . പത്താം ക്ലാസ്സിലാണ് പഠിക്കുന്നത് . അവളെ കുറിച്ച് പറയുമ്പോള്‍ ഹംസുക്ക വല്ലാതെ വാചാലനാകും .

''എന്റെ എല്ലാം ഓളാ . ഓളെ പഠിപ്പിച്ചു വല്യ നിലയിലെത്തിക്കണം . എന്നിട്ടേ കെട്ടിക്കൂ , അതിനു എന്ത് വേണമെങ്കിലും ഞാന്‍ ചെയ്യും .. '' എന്നൊക്കെ ഇടയ്ക്കിടെ പറയും . . 
അന്നേരം അദ്ദേഹത്തിന്റെ മുഖം ഒന്ന് കാണണം .

കുറച്ചു ദിവസമായി ഞാന്‍ ഹംസുക്ക യെ ശ്രദ്ധിക്കുന്നു . എന്തോ ഒരു മാനസിക വിഷമം അദ്ദേഹത്തെ അലട്ടുന്ന പോലെ തോന്നി സുഖമായി ഉറങ്ങാറുള്ള അദ്ദേഹം തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു . ഇടയ്ക്കിടെ എഴുന്നേറ്റു പുറത്തേക്കു പോകുന്നു . എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു . പക്ഷേ ഇനി എന്നോട് പറയാന്‍ പറ്റാത്ത വല്ല കാര്യവും ആണെങ്കിലോ ?

അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ റൂമില്‍ ഒറ്റയ്ക്കാണ് . ഹംസുക്ക എന്റെ അടുത്ത് വന്നു ഒരു മുഖവുരയും കൂടാതെ പറഞ്ഞു: 
'എടാ ഞാന്‍ വല്ലാത്ത ഒരു എടങ്ങേറിലാണ് . എന്താ ചെജ്ജാ ന്ന് ച്ചറീല്ല .

ഞാന്‍ ചോദിച്ചു . എന്ത് പറ്റി ? 
ഹംസുക്കാ ഈ ലോകത്ത് ഏതു പ്രതിസന്ധിക്കും ഒരു പരിഹാരം ഉണ്ടാകും . വിഷമിക്കാതെ അതിനെ നേരിടുക . ആര്‍ക്കാണ് പ്രശ്നം ഇല്ലാത്തത് ?

അപ്പോള്‍ ഹംസുക്ക എന്നോട് വല്ലാതെ ചേര്‍ന്ന് ഇരുന്ന് സ്വരം താഴ്ത്തി പറഞ്ഞു : 
''മറ്റാരും അറിയരുത് . നിങ്ങളുടെ മനസ്സില്‍ വെച്ചാല്‍ മാത്രം മതി . ഒരു പോംവഴി പറഞ്ഞു തരികയും വേണം . കുറെ കാലം കുട്ടികളെയൊക്കെ പഠിപ്പിച്ച ആളല്ലേ .."

ഞാന്‍ വല്ലാത്ത ആകാംക്ഷയോടെ ഹംസുക്കയെ നോക്കി .
പറയൂ . എന്താ പ്രശ്നം ?

ഒരു ദിവസം . എന്റെ ഭാര്യ നബീസ വീട് അടിച്ചു തുടക്കു കയായിരുന്നു . അപ്പൊ ഞങ്ങളെ മോള്‍ സാബിറയുടെ ബുക്കുകള്‍ അടുക്കി വെക്കുമ്പോഴാണ് ഒരു കടലാസ് താഴത്തുക്ക് വീണത്‌ . 
നാലായി മടക്കിയ ഒരു പേപ്പര്‍ . ഓള് അത് എന്താണ് എന്ന് നോക്കുമ്പോഴാണ് അത് ഒരു ലവ് ലെറ്റര്‍ ആണെന്ന് അറിയുന്നത് . എഴുതിയിരിക്കുന്നത് ആരാന്നെറിയോ ?  ഒരു ശിവദാസ്. 
ഓളെ ഒപ്പം പഠി ക്കുണ ചെക്കന്‍ .

ഭാര്യ ആ കടലാസ്സുമായി അവളെ ചോദ്യം ചെയ്തു . അവള്‍ സമ്മതിച്ചു . അവനോടു അവള്‍ക്കു ഇഷ്ടമാണ് . അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് പോലും ...!!!

രണ്ടു മൂന്നു ദിവസായി ഇത് ഞാന്‍ അറിഞ്ഞിട്ട് . പിന്നെ ഞാനാകെ തകര്‍ന്നിരിക്കുകയാണ് . ഉറക്കം പോലും കിട്ടുന്നില്ല . എന്തൊക്കെ കിനാവ്‌ കണ്ടതാ ഓളെക്കുറിച്ച് ?

അവളെ ഇഞ്ഞി പഠിപ്പിച്ചാന്‍ പറഞ്ഞയക്കണ്ട എന്നാണു എന്റെ തീരുമാനം . അവളിനി എവിടെയും പോണ്ട . പഠിച്ചത് മതി . പ്രേമം ആണത്രേ പ്രേമം . അതും വേറെ ഒരു ജാതിയിലെ ചെക്കനോട് . 
ഹംസുക്ക നിന്ന് വിറക്കുകയാണ് .

ഞാന്‍ വളരെ സംയമനത്തോടെ പറഞ്ഞു . ഹംസുക്കാ ഇതൊക്കെ ഇക്കാലത്ത് സര്‍വ സാധാരണം ആണ് . ഇത്തരം വിഷയങ്ങളെ വിവേകത്തോടെയും സമചിത്തതയോടെയും കൈകാര്യം ചെയ്യുകയാണ് വേണ്ടത് . ഏതൊരാള്‍ക്കും മറ്റൊരാളോട് അനുരാഗം തോന്നാം . പ്രണയത്തിനു കണ്ണും മൂക്കും ഇല്ല എന്ന് നമ്മള്‍ പണ്ടേ കേട്ടിട്ടിട്ടുണ്ട് . അതിനു മതവും ജാതിയും സമുദായവും ഇല്ല . പ്രായവും ഇല്ല .

ഇത്തരം പ്രണയങ്ങള്‍ പലതും ഒരു പക്ഷേ വെറും ഭ്രമം ആയിരിക്കും . ആണ്‍ കുട്ടികള്‍ക്ക് ഒരു രസം . പക്ഷേ പെണ്‍കുട്ടികള്‍ വിചാരിക്കും വലിയ ആഴമുള്ള പ്രേമം ആണെന്ന് . നിഷ്ക്കളങ്കരായ കുട്ടികളാണ് ഇത്തരം വലയില്‍ പെട്ടെന്ന് വീഴുക . സ്കൂള്‍ കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ പ്രണയത്തില്‍ വീണു പോകാറുണ്ട് .

ഏതായാലും ക്ലാസ്സില്‍ വിടാതിരിക്കുന്നത് ശരിയല്ല . മാത്രവുമല്ല ഇത്തരം വിഷയങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നത് വിഷയം വഷളാക്കുകയെ ഉള്ളൂ . 
അവള്‍ നാളെ മുതല്‍ ക്ലാസ്സില്‍ പോവട്ടെ . ഞാന്‍ പറഞ്ഞു .

ഇല്ല അവളെ ഇനി പഠിക്കാന്‍ വിടുന്നില്ല അവള്‍ പോകുന്നത് പഠിക്കാനല്ലല്ലോ . പ്രേമിക്കാനല്ലേ .

ഞാന്‍ പറഞ്ഞു . എടുത്തു ചാട്ടം അപകടമാണ് . വീട്ടില്‍ അടച്ചിട്ട് അവള്‍ വല്ല കടുംകൈ ചെയ്‌താല്‍ പിന്നത്തെ കാര്യം ആലോചിച്ചു നോക്കൂ ...

പിന്നെ എന്താ ചെയ്യുക ? ഹംസുക്ക  ഒന്നയഞ്ഞു .

ആദ്യം നമുക്ക് അറിയേണ്ടത് ഇത് പ്രേമമാണോ അതോ ഭ്രമമാണോ എന്നാണു . അതറിഞ്ഞിട്ടേ ഒരു നീക്കം നടത്താവൂ . അതെങ്ങനെ അറിയും ..? 

വഴിയുണ്ട് . ഒന്ന് ശ്രമിച്ചു നോക്കാം . ഒരു പരീക്ഷണം . വിജയിച്ചാല്‍ രക്ഷപ്പെട്ടു .  

നിങ്ങള്‍ ഭാര്യയെ വിളിച്ചു മോള്‍ അറിയാതെ അവളുടെ കൂട്ടുകാരികളില്‍ ഒന്നോ രണ്ടോ മൂന്നോ പേരുമായി ബന്ധപ്പെടാന്‍ പറയുക . എന്നിട്ട് ഈ പയ്യന് മറ്റു ചില പെണ്‍കുട്ടികളുമായി ബന്ധം ഉണ്ട് എന്ന് വെറുതെ അവളോട്‌ പറയുക . ഒരു ദിവസം തന്നെ ആവരുത് ഇങ്ങനെ പറയുന്നത് . രണ്ടോ മൂന്നോ കൂട്ടുകാരികളെ ഇങ്ങനെ ശട്ടം കെട്ടുക .

''അപ്പൊ അത് നുണ പറയാലാവില്ലേ . അങ്ങനെയൊക്കെ വേണോ ..''? 
നിഷ്ക്കളങ്കനായ ആ മനുഷ്യന്റെ ചോദ്യം .

അവനു വേറെ വല്ല ബന്ധവും ഉണ്ടോ എന്ന് നമുക്ക് അറിയില്ലല്ലോ. ഇനി ഇല്ലെങ്കിലും ഒരു നല്ല കാര്യത്തിനു വേണ്ടി അല്ലെ . ഇതിനൊക്കെ ആണ് ഹംസുക്കാ 'ഹലാലായ ' നുണ എന്ന് പറയുക . ങ്ങള് ഇത്താനെ വിളിച്ചു കാര്യം പറയീം ..

ഹംസുക്കാന്റെ ഭാര്യ കാര്യബോധവും പക്വതയും ഉള്ള സ്ത്രീ ആയിരുന്നു . അവര്‍ ഈ വിഷയം വളരെ സമര്‍ത്ഥമായും  തന്ത്ര പരമായും  കൈകാര്യം ചെയ്തു .

സാബിറ പിറ്റേന്ന് മുതല്‍ ക്ലാസ്സില്‍ പോയി തുടങ്ങി . കൂട്ടുകാരികള്‍ പറഞ്ഞുറപ്പിച്ച പോലെ പല ദിവസങ്ങളിലായി അവളോട്‌ തഞ്ചത്തില്‍ പറഞ്ഞു ഫലിപ്പിച്ചു .  
അവനു വേറെയും ചില കുട്ടികളുമായി ലൈന്‍ ഉണ്ട് എന്ന് .

പക്ഷേ അവള്‍ക്കു വിശ്വാസം വന്നില്ല . എന്നാലും ചെറിയ ഒരു 'സ്പാര്‍ക്ക്' അവളുടെ മനസ്സില്‍ സൃഷ്ടിക്കാന്‍ ആ കുട്ടികള്‍ക്ക് കഴിഞ്ഞു

ദിവസങ്ങള്‍ കഴിയും തോറും അവള്‍ക്കു കൂട്ടുകാരികള്‍ പറഞ്ഞതില്‍ എന്തോ ശരിയുണ്ട് എന്ന് തോന്നിത്തുടങ്ങി . മെല്ലെ മെല്ലെ ഒരു അകലം അവള്‍ പോലും അറിയാതെ മനസ്സിലുണ്ടായി . അവനാവട്ടെ അവളുടെ അകല്‍ച്ച ഫീല്‍ ചെയ്തു തുടങ്ങി . 

അപ്പോള്‍ മെല്ലെ മെല്ലെ  അവന്‍ മറ്റൊരു കുട്ടിയുമായി ബന്ധം സ്ഥാപിച്ചു . അവന്റെ ലൈന്‍ മറ്റൊരു കുട്ടിയിലേക്ക്‌  മാറി.

ഒരു ദിവസം അവന്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് അവിചാരിതമായി സാബിറ കാണുക കൂടി ചെയ്തപ്പോള്‍ അവള്‍ക്കു കൂട്ടുകാരികള്‍ പറഞ്ഞത് ശരിയാണ് എന്ന് ബോധ്യം വന്നു . അവള്‍ അവനെ വിട്ടു . പ്രണയത്തിന്റെ സ്ഥാനത്തു വെറുപ്പ്‌ ആയി മാറി . 
അവള്‍ പഠനത്തില്‍ ശ്രദ്ധിച്ചു .
ഇന്ന് സാബിറ ഒരു ടീച്ചറാണ് . വിവാഹിതയും  . ഭര്‍ത്താവും അദ്ധ്യാപകന്‍ തന്നെ !

പല പ്രേമവും ഒരു തരം ഭ്രമം ആണ് . 
ചില പൊട്ടി പെണ്‍കുട്ടികള്‍ അതില്‍ അറിയാതെ വീണു പോകും . 
ആത്മാര്‍ത്ഥ മാണ് എന്ന് ധരിക്കും . എന്തിനും തയ്യാറാകും . കൂടെ ശയിക്കാന്‍ വരെ ...!!!

കാര്യം നേടി അവന്‍ ഒരു പരിക്കും കൂടാതെ രക്ഷപ്പെടും . 
പെണ്‍കുട്ടി അതോടെ തകരുകയും അവളുടെ ജീവിതം ഇരുളടയുകയും  ചെയ്യും .

അത് കൊണ്ട് മക്കളുടെ പ്രേമം അടിച്ചൊതുക്കാനോ അടിച്ചമര്‍ത്താനോ ശ്രമിക്കാതെ വിവേകത്തോടെ വേണം കൈകാര്യം ചെയ്യാന്‍ . പഠിക്കേണ്ട സമയത്ത് പഠിക്കണം എന്നും ,  എല്ലാ പ്രേമവും പ്രേമം അല്ല എന്നും അവസരത്തിനൊത്ത് അവരെ ബോധ്യപ്പെടുത്തണം .

അതിനു മക്കളുമായി നേരത്തെ തന്നെ നല്ല സൗഹൃദം സ്ഥാപിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം . എല്ലാം തുറന്നു പറയാനുള്ള ഒരു സ്വാതന്ത്ര്യം വീട്ടില്‍ ഒരുക്കണം . എല്ലാ ആണുങ്ങളും ചീത്ത അല്ല എന്നും എല്ലാവരും നല്ലവരല്ല എന്നും കുട്ടികള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കണം

എല്ലാ കാലത്തും പ്രണയം ഉണ്ടായിട്ടുണ്ട് എന്നും ശരീരത്തില്‍ തൊട്ടു കൊണ്ടുള്ള പ്രണയം പ്രണയം അല്ല എന്നും കുട്ടികള്‍ക്ക് തിരിച്ചറിവ് നല്‍കണം .

പ്രണയം പല തരത്തിലുണ്ട് 
മാംസ ബദ്ധമായ പ്രണയം 
വെറും ഭ്രമത്തില്‍ നിന്നും ഉണ്ടാകുന്നത് 
വെറുതെ ഒരു രസത്തിന് 
എനിക്കും ഒരു ലൈനുണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കാനുള്ളത് 
ചതിക്കാനുള്ളത് 
മത ബന്ധിതവും ഗൂഡ ലക്ഷ്യങ്ങള്‍ ഉള്ളതും 
കാര്യം സാധിച്ചു വലിച്ചെറിയാനുള്ളത് 
സാമ്പത്തിക തട്ടിപ്പുകള്‍ക്ക്‌ വേണ്ടിയുള്ളത് 
ആഴത്തിലുള്ളത് 
ആത്മാര്‍ത്ഥതയുള്ളത്

ഇവയൊക്കെ വെവ്വേറെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പ്രണയം മധുരമാണ് . ഇല്ലെങ്കില്‍ വലിയ അപകടവും ചിലപ്പോള്‍ ചതിക്കുഴിയും മറ്റു ചിലപ്പോള്‍ ജീവിതം തന്നെ ഇരുളടയുന്നതും .

എടുത്തു ചാട്ടം ഒന്നിനും പരിഹാരമല്ല . അതിന്റെ അനന്തര ഫലം  തീരാ ദു:ഖമോ കഴുകിയാലും കളഞ്ഞാലും പോകാത്ത കറയോ ഉണങ്ങാത്ത മുറിവോ ഒക്കെയാവും .

നയപരമായും പക്വമായും സമചിത്തതയോടെയും വിഷയങ്ങളെ സമീപിക്കുക . അത് മാത്രമേ പ്രായോഗികമാകൂ . സമാധാനപരവും !!!

പ്രണയം പറയാനും എഴുതാനും അനുഭവിക്കാനും ഒക്കെ നല്ല രസമാണ് . പക്ഷേ പ്രണയത്തിന്റെ പേരില്‍ ജീവിതം ഹോമിക്കപ്പെടുകയും തകരുകയും ചെയ്‌താല്‍ ഒരു രസവും ഉണ്ടാവില്ല . 
ഇര സ്വന്തം വീട്ടിലേതാണെങ്കില്‍ പ്രത്യേകിച്ചും !!!

വട്ട്




കുട്ടിക്കാലത്ത് എന്റെ പ്രധാന ഹോബി വട്ടുരുട്ടലായിരുന്നു 
ഇരിങ്ങാട്ടിരിയില്‍ നിന്ന് പുഴക്കല്‍ വരെയും പുഴക്കല്‍ നിന്ന് സ്കൂള്‍ പടി വരെയും  വട്ടിന്റെ പിന്നാലെ ഓടും . 

ഒടുവില്‍ വിയര്‍ ത്തു കുളിച്ചു വീട്ടില്‍ എത്തും . വട്ട് വീടിന്റെ ഒരൊഴിഞ്ഞ കോണില്‍ 
'പാര്‍ക്ക്' ചെയ്തു ഉമ്മാനോട് കിതപ്പോടെ പറയും . ''മ്മാ വെള്ളം ...''

ഉമ്മ ഒരു പാട്ട നിറയെ വെള്ളം തരും . 
അത് കുടുകുടാ കുടിക്കും . 
കുറെ പള്ളയിലൂടെ നനഞ്ഞിറങ്ങി നിക്കര്‍  പോലും നനയ്ക്കും 

അപ്പോള്‍ ഉമ്മ ചോദിക്കും . 
'എന്തിനാ കുട്ട്യാ ഐന്റെ പിന്നാലെ ഇങ്ങനെ ഓട്ണത് ? 
അനക്ക് ഇബടെ ഒരു പാത്ത് ഇരുന്നൂടെ ?

അപ്പോള്‍ ഞാന്‍ പറയും : ഒരു രസത്തിന് !

ഇന്നും എന്റെ ഹോബി വട്ടുരുട്ടലാണ് 
തക്കം കിട്ടുമ്പോഴൊക്കെ ഉരുട്ടും . 
ജിദ്ദയില്‍ നിന്ന് ഉരുട്ടി പുറപ്പെട്ടു ചിലപ്പോള്‍ അമേരിക്ക യിലെത്തും 
പിന്നെ ആഫ്രിക്ക , ബ്രിട്ടണ്‍ , ദുബായ് , ഇറാഖ് , ആസ്ത്രേലിയ , മലേഷ്യ സിംഗപ്പൂര്‍ വരെ ഒക്കെ പോയി വരും . 

ചിലപ്പോള്‍ കേരളത്തിലേക്ക് 'വണ്ടി' വിടും . 
വടക്കാഞ്ചേരി , കാഞ്ഞിരപ്പുഴ , വയനാട് , മലപ്പുറം ഒക്കെ കറങ്ങിത്തിരിഞ്ഞു വരും !!


ഇരിക്കുന്നിടത്ത്‌ നിന്ന് മെയ്യനങ്ങാതെ ഞൊടിയിടയില്‍ 
അവിടെയൊക്കെ പോയി വരും . കുറെ പേരെ കാണും .
എത്ര ഉരുട്ടിയാലും മതിയാവില്ല . 
പിന്നെയും പിന്നെയും ഉരുട്ടും .

ചൂണ്ടു വിരല്‍ കൊണ്ടാണ് ഉരുട്ട് 
മൌസിലാണ് വട്ട് 
ഫേസ് ബുക്കാണ് എന്റെ റൂട്ട് 
നിങ്ങളൊക്കെയാണ് എന്റെ കൂട്ട് 
ചിലപ്പോള്‍ തോന്നും ഇത് വെറും 'വട്ട് '
ബട്ട് ഒരിക്കലും പറ്റില്ലെന്ന് തോന്നുന്നു 
ലോഗ് ഔട്ട്‌ !!


കാലം മാറുന്നു 
അതിനനുസരിച്ച് വിനോദോപാധിയും !!

ജനനത്തിനു മൂന്നക്ഷരം





ജനനത്തിനു മൂന്നക്ഷരം 
മരണത്തിനും മൂന്നക്ഷരം 
അതിനു മധ്യേയുള്ള 
ജീവിതത്തിനും മൂന്നക്ഷരം !!

ഇടയ്ക്കുള്ള 
പ്രണയത്തിനും 
വിവാഹത്തിനും 
പ്രസവത്തിനും 
പ്രയാസത്തിനും 
ഞാന്‍ വരിച്ച 
പ്രവാസത്തിനും 
സന്തോഷത്തിനും 
സന്താപത്തിനും 
മാതാവിനും 
പിതാവിനും  
എല്ലാം 
മൂന്നക്ഷരം !

പ്രപഞ്ചമേ , നിനക്കും 
മൂന്നക്ഷരം 
പ്രകൃതിയേ  നിനക്കും ..!!

ഒടുവില്‍ പോയി കിടക്കേണ്ട വീടിനും 
മൂന്നക്ഷരം 
അത് മണ്ണറ
ആയാലും 
കല്ലറ ആയാലും 
ഖബര്‍ ആയാലും !!!

നിങ്ങള്ക്ക് കിട്ടിയോ ?




മിനിഞ്ഞാന്നാണ് സംഭവം . 
ഭാര്യക്ക് വിളിച്ചപ്പോള്‍ ആദ്യം തന്നെ അവളുടെ ഒരൊറ്റ ചോദ്യം 
നിങ്ങള്ക്ക് കിട്ടിയോ ?
ഞെട്ടിപ്പോയി ! 

അല്പ നേരം മിണ്ടാതെ നിന്നു . 
എന്താ നിങ്ങള് മിണ്ടാത്തെ ? കേള്‍ക്കുന്നില്ലേ ?
ഉണ്ട് . എന്നിട്ടെന്താ മറുപടി ഒന്നും പറയാതെ ?
എന്ത് കിട്ടിയോ എന്നാണു നീ ചോദിച്ചത് ?

പടച്ചോനെ അതും ഓര്‍മ്മ ഇല്ലേ ?
എന്താണെന്ന് പറ !!

കണ്ണി മാങ്ങാ അച്ചാറും തോര്‍ത്തു മുണ്ടും ലുങ്കിയും 
പിന്നെ കുറച്ചു ബുക്കുകളും . നിങ്ങളുടെ ഫ്രണ്ടിന്റെ അടുത്ത് കൊടുത്തയച്ചത്‌ .

ഹഹ അത് കിട്ടി . 
അതാണോ കാര്യം ?
പിന്നെ നിങ്ങളെന്താന്നാ വിചാരിച്ചത് ? 
ഒന്നൂല്ല ...!! 

ആപ്പ്




ഒരു  കഥയാണ്
ഒരു കാട്ടില്‍  രണ്ടാളുകള്‍ ഒരു മരത്തടി ഈരുകയായിരുന്നു . ഈരാനുള്ള സൌകര്യത്തിനു പിളര്‍ന്നു കൊണ്ടിരുന്ന മരത്തടി 
വിടര്‍ ന്നു നില്ക്കാന്‍ ഇടയില്‍ ഒരു ആപ്പ് (പൂള് ) വെച്ചിരുന്നു . 

കുറച്ചു കഴിഞ്ഞു അവര്‍ ചായ കുടിക്കാന്‍ പോയി  

ആ തക്കത്തില്‍  ഒരു കുരങ്ങന്‍ അവിടെ എത്തി . 
ഈര്‍ന്നു തുടങ്ങിയ തടിയില്‍ കേറി അവന്‍  'പരിശോധന ' 
തുടങ്ങി . അവിടെയും ഇവിടെയും പിടിച്ചു നോക്കി .  
ആ ആപ്പ് കണ്ടപ്പോള്‍ കുരങ്ങിന്  ഒരു കൌതുകം തോന്നി . 

ഒരൊറ്റ വലി .!!! 
ആപ്പ് കയ്യില്‍ പോന്നു . 

ഉടനെ കാട് നടുങ്ങും വിധം ഒരു കരച്ചില്‍ കേട്ടു . 
അത് ആപ്പ് ഊരിയ കുരങ്ങിന്റെതായിരുന്നു . 
ആപ്പ് ഊരുമ്പോള്‍ കുരങ്ങിന്റെ  വാല് മരത്തടികള്‍ക്കിടയില്‍ ആയിരുന്നു . ആപ്പ് എടുത്തപ്പോള്‍ പിളര്‍ന്നു നിന്നിരുന്ന തടി ഒന്നായി . വാല് കുടുങ്ങിയ കുരങ്ങന്‍ വേദന കൊണ്ട് പുളഞ്ഞു . 

ഈര്‍ച്ചക്കാര് വന്നപ്പോള്‍ കണ്ട കാഴ്ച ദയനീയം ആയിരുന്നു  

വീണ്ടും ആപ്പ് വെച്ചാണ് കുരങ്ങിന്റെ വാല് രക്ഷപ്പെടുത്തിയത്  അപ്പോഴേക്കും വാല് ചപ്പി നാശമായിരുന്നു :)

ഇതില്‍ നിന്നുള്ള പാഠങ്ങള്‍ : 

ഒന്ന് : ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുത് 

രണ്ട് : ആപ്പ് പേര് പോലെ തന്നെ ചിലപ്പോള്‍ അത് ഉപയോഗിക്കുന്നവരെയും ആപ്പിലാക്കും 

മൂന്ന് : പരിചയമില്ലാത്ത വസ്തുക്കളും സാധനങ്ങളും ഉപകരണങ്ങളും  കയ്യില്‍ കിട്ടിയാല്‍ അവിടെയും ഇവിടെയും ഞെക്കാനോ അമര്‍ത്താനോ എടുക്കാനോ ഊരാനോ നില്‍ക്കരുത് 

നാല് : ആപ്പ് ഒരു സംഭവം തന്നെയാണ് അന്നും ഇന്നും :)

അഞ്ച് : ഏതു ആപ്പ് ആണെങ്കിലും സൂക്ഷിച്ചു ഉപയോഗിക്കുക 
ഇല്ലെങ്കില്‍ 'കുരങ്ങിന്റേതു' കുടുങ്ങിയ പോലെ കുടുങ്ങും  !!

ആറ് : എല്ലാം സംഭവിച്ചിട്ടു മോങ്ങിയിട്ടു ഒരു കാര്യവും ഉണ്ടാവില്ല :)

ജയിക്കാന്‍ കഴിയുന്നവരെറെയില്ല




ഇങ്ങനെ ഒരു രംഗം പഴയ കാല ബാല്യത്തിന്റെ മറക്കാത്ത അടരുകളില്‍ ഇപ്പോഴും 
നിറം മങ്ങാതെ കിടപ്പുണ്ടാവും . റിസല്‍ട്ട് അറിയുന്നതിന്റെ തലേന്ന്  എത്ര കണ്ണടച്ച് കിടന്നാലും ഉറക്കം വരില്ല . ഹെഡ് മാഷ്‌ നോട്ടീസ് ബോര്‍ഡില്‍ കൊണ്ട് വന്നു പതിക്കുന്ന ആ ലിസ്റ്റില്‍ ജയിച്ചവരുടെ കൂട്ടത്തില്‍ എന്റെ പേരുണ്ടാവണേ  എന്നാവും നേരം വെളുക്കുവോളം ഉള്ള  പ്രാര്‍ത്ഥന . 

പത്തു മണിക്കേ ഓഫീസ് തുറക്കൂ . എന്നാലും എട്ടു മണിക്ക് തന്നെ സ്കൂളില്‍ എത്തും . അകത്തു ഹൃദയം പട പടാ മിടിക്കുന്നുണ്ടാവും  . വായിലെ വെള്ളം വറ്റും . കിണറ്റിന്‍ കരയിലേക്ക് ചെന്ന് ഒരു തൊട്ടി വെള്ളം മുക്കും . കുടുകുടെ കുടിക്കും . ഇടയ്ക്കിടെ മൂത്ര ശങ്ക തോന്നും .

ഒടുവില്‍ ഹെഡ് മാഷ് വരുന്നത് കാണുന്നതോടെ ചങ്കിടിപ്പ് കൂടും .
നോട്ടീസ് ബോര്‍ഡി ന്റെ ചുറ്റും തിക്കി തിര ക്കി നില്‍ക്കും . 
എല്ലാവരും കണ്ണടച്ച് പ്രാര്‍ഥി ക്കുന്നുണ്ടാവും . 

ക്ഷമയുടെ അവസാനം നോട്ടീസ് ബോര്‍ഡില്‍ ലിസ്റ്റ് ഒട്ടിക്കുന്നതോടെ കണ്ണുകള്‍ അതിവേഗം  പരതും . 
വിജയിച്ചവരുടെ കൂടെ പേരെങ്ങാനും കണ്ടാല്‍ പിന്നെ ഒരു തുള്ളിച്ചാട്ടമാണ് . മറക്കാനാവുമോ ആ നിമിഷം .  ആ രംഗം ?

ജീവിതം മുഴുവനും ജയവും പരാജയവും കൂടി കലര്‍ന്നതാണ് എന്നൊക്കെ തിരിച്ചറിയും മുമ്പേ നാമൊക്കെ ആദ്യം നേരിട്ട 'റിസള്‍ട്ട് ' 
ക്ലാസ് കയറ്റം കിട്ടാനുള്ളതു തന്നെയാവണം 

പിന്നെ എന്തെല്ലാം റിസള്‍ട്ട്കളാണ് ജീവിതത്തില്‍ കടന്നു വന്നത് 
ഏതു റിസള്‍ട്ടും ആകാംക്ഷയുടെ കൊടുമുടിയിലേക്ക് ഉയര്‍ ത്തി 
ഒന്നുകില്‍ ആശ്വാസത്തിന്റെ തീരത്തേക്ക് ഒരു ഏറ് 
അല്ലെങ്കിലോ നിരാശയുടെ കൊക്കയിലേക്ക് !!!

ആറ്റു നോറ്റു ഒരു കുഞ്ഞിക്കാലു കാണാന്‍  ചികിത്സയും നേര്‍ച്ചയും  പ്രാര്‍ത്ഥനയുമായി കാത്തിരുന്ന ഒരു പെണ്ണിന് ഒടുവില്‍ ഭാഗ്യം കടാക്ഷിച്ചോ   എന്നറിയാന്‍ മൂത്രം പരിശോധിക്കാന്‍  കൊടുത്ത് കാത്തിരിക്കുന്ന ആ നിമിഷങ്ങള്‍ ഒന്ന് ഓര്‍ത്തു   നോക്കൂ 

വലിയ എന്തോ രോഗ ലക്ഷണം കണ്ട ഡോക്ടര്‍ വിദഗ്ധ പരിശോധനക്ക് പറഞ്ഞു രക്തം കൊടുത്ത് റിസല്‍ട്ടിനു കാത്തിരിക്കുന്ന ആ രംഗം ഒന്ന് ചിന്തിച്ചു നോക്കൂ .

ആദ്യത്തെ പെണ്ണിന് പോസിറ്റീവ് ആണെന്ന് അറിയുമ്പോഴുള്ള സന്തോഷവും രണ്ടാമത്തെ രോഗിക്ക് നെഗറ്റീവ് ആണ് എന്നറിയുമ്പോഴുള്ള ആശ്വാസവും  ഒന്ന് സങ്കല്പിച്ചു നോക്കൂ 

ഓരോ 'റിസള്‍ ട്ടും 'പറഞ്ഞറി യിക്കാനാവാത്ത ആകാംക്ഷയാകുന്നു . 
നമ്മുടെ ഈ  ജീവിതം ഒരു പരീക്ഷയും !!

ചിലര്‍ ജയിക്കുന്നു . ചിലര്‍ തോല്ക്കുന്നു . 
എന്നാലും  ജയത്തിന്റെ മധുരവും തോല്‍വിയുടെ കയ്പ്പും 
അറിയാത്ത ആരുമുണ്ടാവില്ല 

സുഖവും ദു:ഖവും
ക്ഷാമവും ക്ഷേമവും 
കയറ്റവും ഇറക്കവും 
രോഗവും ആരോഗ്യവും 
ദാരിദ്ര്യവും ഐശ്വര്യവും 
ഇരുട്ടും വെളിച്ചവും 
എല്ലാം ചേര്‍ ന്നതാണ്  ഈ ജീവിതം 

പക്ഷേ ചില പരീക്ഷകളൊക്കെ എഴുതിയും പരീക്ഷണങ്ങളെ  നേരിട്ടും നമുക്ക് ജയിക്കാനാവും 
എന്നാല്‍ അവിചാരിതമായി വരുന്നവയ്ക്ക് മുമ്പില്‍ നാം വല്ലാതെ പതറിപ്പോവും  . 
തളര്‍ന്നു പോകും .

ജിവിതം ഇങ്ങനെ യൊ ക്കെയാണ് എന്ന് ആശ്വസിക്കുകയേ നിസ്സഹായനായ മനുഷ്യന് ചില നേരങ്ങളില്‍ സാധിക്കൂ . മറ്റു പലപ്പോഴും നമ്മുടെ മനസ്സില്‍ കുടിയേറുന്ന അഹങ്കാരത്തിന്റെ 
പര്‍വതങ്ങള്‍ ഒരു നിമിഷം കൊണ്ട് തകര്‍ ന്നു തരിപ്പണ മാവുന്നത് ഇത്തരം ഘട്ടങ്ങളിലാണ് !!!.

തോല്‍ക്കാന്‍ കഴിയാത്തവരാരു മില്ല 
ജയിക്കാന്‍ കഴിയുന്നവരെറെയില്ല 
തോല്‍ക്കാനായ് ജനിച്ചവരാരുമില്ല 
ജയിക്കാനായ് ജനിച്ചവരേറെയില്ല 

OO

വീണ്ടും ചില അക്ഷര വികൃതികള്‍





വരാതെ നോക്കണം : വീഴ്ച 
ആരോഗ്യത്തിനും കൊള്ളാം  :  വേഴ്ച 
ആര്‍ക്കും ഇഷ്ടമല്ല : താഴ്ച 
എല്ലാകാര്യത്തിലും വേണം ഒരു : ഉ ള്‍ക്കാഴ്ച 
എല്ലാവരും കൊതിക്കുന്നു :  ഉയര്‍ച്ച 
പരസ്പരം വേണം : ചേര്‍ച്ച 
പുനസ്ഥാപിക്കണം : ചാര്‍ച്ച 
വാക്കിനുമുണ്ട് : മൂര്‍ച്ച 
എല്ലാ മനുഷ്യനും ഉണ്ട് : തളര്‍ച്ച 
വേണം എപ്പോഴും : വളര്‍ച്ച 
വന്നാല്‍ ഗതി കെട്ടു : വരള്‍ച്ച 
ഓരോ രാത്രിക്കുമുണ്ട് : പുലര്‍ച്ച
ആരും കേട്ടാല്‍ ഞെട്ടും : അലര്‍ച്ച 
ഭീതിയുണ്ടായാല്‍ ഉണ്ടാകും പതര്‍ച്ച 
എല്ലാ കാര്യത്തിലും നല്ലതാണ് ചര്‍ച്ച 
ഇല്ലാതെയിരിക്കട്ടെ ചോര്‍ച്ച
ഇതില്ലാതെ ആരെയും കുറ്റപ്പെടുത്തരുത് : തീര്‍ച്ച
അവളാണ് പെണ്ണ് : ഉണ്ണിയാര്‍ച്ച !!!

തിന്നാനുള്ള ആപ്പിളൊക്കെ ഇപ്പോള്‍ ആര്‍ക്ക് വേണം ?




ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ താഴേക്ക്‌ ഇറങ്ങിപ്പോകുന്ന ചവിട്ടു പടിയുടെ ഒരരികിലിരുന്നു ഒരു പാവം പ്രവാസി  നാട്ടിലേക്ക് ഫോണ്‍ ചെയ്യുകയാണ് . 
സ്പീക്കറിലിട്ടാണ് സംസാരം . 

മറു തലക്കല്‍ നിന്ന് ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും 
ശബ്ദമാണ് കേ ള്‍ക്കു ന്നത് . അത്രയൊന്നും പ്രായം ആയിട്ടില്ല കുട്ടികളുടെ ശബ്ദം കേട്ടാല്‍ .

''പിന്നേയ്.. ടിന്റൂ . അനക്ക് ഗ്യാലക്സി മുട്ടായീം ഇത്താക്ക് മില്‍ക്കി  ബാറും കൊടുത്തയച്ചു ക്കുണൂ ട്ടോ . കാക്കു അബടെ കുടീ കൊടുന്നു തരും ..''

അപ്പോള്‍ ആ പറഞ്ഞതൊന്നും മെയ്ന്റ് ചെയ്യാതെ കുട്ടി ചോദിക്കുന്നു : ''പ്പാ ടാബ് കൊടുത്തയച്ചുക്കുണോ.. '' ?
കൂടെ മോളെ ശബ്ദം : ''പ്പാ ഇച്ച് ഐ പാട് കൊടുത്തയച്ചുക്കുണോ..' ?

പാവം ഉപ്പ !! 
അയാളിപ്പോഴും  മില്‍ക്കി ബാറിലും ഗ്യാലക്സി മിഠായിലും ആണ് . 
മക്കളോ  ഗ്യാലക്സി നോട്ട് ത്രീയിലും ടാബിലും ആപ്പിളിലും  

തിന്നാനുള്ള ആപ്പിളൊക്കെ ഇപ്പോള്‍  ആര്‍ക്ക്  വേണം ?
ഞെക്കാനും കളിക്കാനും കൊണ്ട് നടക്കാനും പറ്റുന്ന വില കൂടിയ 
'ആപ്പിളല്ലാതെ' !!!

അതിലേറെ രസം ,  ആ പാവം സംസാരിക്കുന്നത് പണ്ടെന്നോ വാങ്ങിയ ലൊക്കടാ 'നോക്കിയ'യിലൂടെ യാണ് 

നജീബിന്റെ കഫീല്‍




നജീബിന്റെ കഫീല്‍ ഒരു ദിവസം അവനോടു ചോദിച്ചു : 
'അനഇസ്മ കതീര്‍ ലുഗ . കുല്ലുന്‍ ബസീത്വ് . ലാകിന്‍ ലുഗ ഹഖകും മര്‍റ തകീല്‍ .. ലേഷ് ?

(ഒരു പാട് ഭാഷകള്‍ ഞാന്‍ കേട്ടിട്ടുണ്ട് . എല്ലാം ലളിതമാണ് . പക്ഷെ നിങ്ങളുടെ ഭാഷ ഭയങ്കര കട്ടിയാണ് . 
അതെന്താ അങ്ങനെ ? )

അതിനു മറുപടിയായി നജീബ് അവനു അറിയുന്ന അറബിയില്‍ പറഞ്ഞു .

അതോ , അതിനു ഒരു കാരണം ഉണ്ട് . 
ദൈവം എല്ലാ ഭാഷകളും തയ്യാറാക്കി എല്ലാ രാജ്യക്കാരെയും വിളിച്ചു ഇങ്ങനെ വിളംബരം ചെയ്തു .

'ഓരോ രാജ്യക്കാരും വന്നു അവരവര്‍ക്ക് പറ്റിയ ഭാഷ തെരഞ്ഞെടുത്തോളൂ ...'' 

അത് കേട്ട പാടെ എല്ലാവരും ഓടിച്ചെന്നു . 
പറ്റിയത് സെലക്റ്റ് ചെയ്തു കൊണ്ട് പോയി . 

കേരളക്കാരന്‍ അന്നേരം ഉറങ്ങുകയായിരുന്നു .

ഒടുവില്‍ ഓടിക്കിതച്ചു ചെന്നപ്പോഴേക്കും എല്ലാ ഭാഷയും ഓരോരോത്തരും എടുത്തു കൊണ്ട് പോയിരുന്നു . എല്ലാവരുടെയും 'തെരവ്' ഒരു ഭാഷ അവിടെ കിടക്കുന്നുണ്ട് .

വൈകിച്ചെന്ന കേരളക്കാരനോട് ദൈവം ചോദിച്ചു ; 

എവിടെ ആയിരുന്നു ? 
ക്ഷമിക്കണം . ഒന്ന് ഉറങ്ങിപ്പോയി . 
ഏതായാലും കിട്ടിയതും കൊണ്ട് പൊയ്ക്കോ !! 
ഏതു നേരവും ഉറക്കം തന്നെയാണല്ലോ പരിപാടി :)

എല്ലാവരുടെയും തെരവ് ആയതു കൊണ്ടാ ഞങ്ങളുടെ ഭാഷ ഇത്ര കടുകട്ടി . ഇപ്പോള്‍ മനസ്സിലായില്ലേ ?

പിന്നെ ഞങ്ങള്‍ നന്നായി പല്ല് തേക്കും . നാവു വടിക്കും . അത് കൊണ്ട് ഏതു കട്ടി ഭാഷയും ഞങ്ങളുടെ നാക്കിന് ഹലാവ പോലെയാണ് .അന്ന്  വൈകി ചെന്നത് കൊണ്ട് ഞങ്ങള്ക്ക് വേറെ ഒരു ഗുണം കിട്ടി . നജീബ് വിശദീകരിച്ചു . 
നിങ്ങള്ക്കൊന്നും കിട്ടാത്ത 'ഒന്ന്' ഞങ്ങള്ക്ക് കിട്ടിയിട്ടുണ്ട് . 
നിങ്ങള്‍ക്കൊക്കെ കിട്ടിയതിന്റെ ഡബിള്‍ !!!

അത് കേട്ടു അദ്ഭുതത്തോടെ അറബി ചോദിച്ചു : 
ഇഷ്ഫി യാ നജീബ് ? (അതെന്താ ? )

അതോ ? നിങ്ങള്ക്കൊക്കെ ഇരുപത്തഞ്ചോ ഇരുപത്താറോ അക്ഷരം അല്ലെ കിട്ടിയത് ? 
ഞങ്ങക്ക് എത്രയാ കിട്ട്യേത്‌ ന്നറിയോ ?
നിങ്ങളെ ഏകദേശം ഇരട്ടി . 
തലാത ഖംസീന്‍ . 
അമ്പത്തി മൂന്ന് !!!


നമ്മുടെ കാലം പോലെയല്ല ഇക്കാലം .




നമ്മുടെ കാലം പോലെയല്ല ഇക്കാലം . മത്സര പരീക്ഷകളുടെയും 
കിടമത്സരങ്ങളുടെയും കാലമാണ് . കാലത്തോടൊപ്പം മത്സരിച്ചു നില്‍ക്കണമെങ്കില്‍ ജയിക്കണമെങ്കില്‍ കാലോചിതമായ വിദ്യാഭ്യസം നേടിയിരിക്കണം

അത് കൊണ്ട് കഴിയുമെങ്കില്‍ , സാമ്പത്തിക സ്ഥിതി അനുവദിക്കുമെന്നുണ്ടെങ്കില്‍ നമ്മുടെ മക്കള്‍ക്ക്‌ ഏറ്റവും നല്ല വിദ്യഭ്യാസം നല്‍കുക . മറ്റുള്ളവര്‍ക്ക് മുമ്പില്‍ നമ്മുടെ കുട്ടികള്‍ക്ക് ഒരു സാഹചര്യത്തിലും തല താഴ്ത്തി നില്‍ക്കേണ്ട ഒരു ഘട്ടം സൃഷ്ടിക്കാതിരിക്കുക .

മലയാളം നമ്മുടെ മാതൃഭാഷ തന്നെ . അമ്മയും മാതൃഭാഷയും ഒരു പോലെയാണ് എന്ന കാര്യത്തിലും തര്‍ക്കമില്ല . 

പക്ഷേ  മലയാളം നമ്മുടെ 'ഠ' വട്ടത്തിലെ ഉള്ളൂ എന്ന് നാം മനസ്സിലാക്കണം . കേരളം വിട്ടാല്‍ തീര്‍ന്നു നമ്മുടെ മലയാളം .

നമ്മുടെ കുട്ടികള്‍ ഒരു പക്ഷേ നാം സ്വപ്നം കാണുന്നതിലും അപ്പുറം എത്തേണ്ട കുട്ടിയായിരിക്കും . നമുക്കറിയില്ല ഭാവിയില്‍ അവന്‍ / അവള്‍ / ആരായി തീരുമെന്ന് . അത് കൊണ്ട് ഇക്കാലത്ത് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നല്ല ദീര്‍ഘ ദര്‍ശിത്വം  കാണിക്കുകയാവും മക്കള്‍ക്ക്‌ കൊടുക്കാവുന്ന  ഏറ്റവും നല്ല സമ്മാനം

ഇന്നത്തെ കാലത്ത് ഒരു മനുഷ്യന്‍ അവന്റെ ജീവിത കാലത്തിനിടയില്‍ ഒരുപാട് നാടുകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവനാണ് . അത് കൊണ്ട് ഭാഷാ പരിജ്ഞാനം പഴയ കാലത്തേക്കാള്‍ കൂടുതല്‍ അത്യാവശ്യമാണ് പുതിയ കാലത്ത് . 

ഏറ്റവും ചുരുങ്ങിയത് ലോക ഭാഷയായ ഇംഗ്ലീഷില്‍ നല്ല പരിജ്ഞാനം ഉണ്ടെങ്കില്‍ എവിടെയും സുഖകരമായി  സഞ്ചരിക്കാം 

നന്നായി ഇംഗ്ലീഷ് സംസാരിക്കണം എന്നുണ്ടെങ്കില്‍ കുട്ടികളെ  അത്തരം സ്കൂളുകളില്‍ ചേര്‍ക്കുക . അതല്ല നമ്മുടെ കുട്ടി കേരളത്തില്‍ മാത്രം ഒതുങ്ങേണ്ടവനാണ് എങ്കില്‍ മലയാളം മീഡിയം ധാരാളം .

മലയാളം മീഡിയ ത്തില്‍ പഠിച്ച കുട്ടിക്കും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയും . പക്ഷേ വ്യത്യാസമുണ്ട് . മലയാളം മീഡിയ ത്തില്‍ പഠിക്കുന്ന കുട്ടി ഇംഗ്ലീഷ് സംസാരിക്കുന്നതു പരിഭാഷപ്പെടുത്തി ആയിരിക്കും . പറയേണ്ട കാര്യങ്ങള്‍ ആദ്യം മലയാള ത്തില്‍ ചിന്തിച്ചു അത് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയാണ് പൊതുവെ സംസാരിക്കുക . എന്നാല്‍ പറയുന്ന ഭാഷയില്‍ തന്നെ ചിന്തിക്കാനും കഴിയുമ്പോഴാണ് 'ഫ്ലുവന്റ്' ആയി സംസാരിക്കാനാവുക . 
മലയാളം മീഡിയ ത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന രീതിയിലും ഈ വ്യത്യാസം പ്രകടമായി കാണാം   .

കുട്ടികളെ ഗള്‍ഫ് നാടുകളില്‍ ഒക്കെ പഠിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമ്പോഴും ഇംഗ്ലീഷ് മീഡിയം ആണ് രക്ഷിക്കുക . 

കാരണം ഇംഗ്ലീഷ് മീഡിയ ത്തില്‍ പഠിച്ച ഒരു കുട്ടിക്ക് മലയാളം മീഡിയ ത്തിലേക്ക് മാറേണ്ട ഒരു അവസ്ഥ വന്നാല്‍ അത് വലിയ പ്രയാസം സൃഷ്ടിക്കില്ല . എന്നാല്‍  മലയാളം മീഡിയ ത്തില്‍ പഠിച്ച ഒരു കുട്ടിക്ക് മറ്റൊരു സാഹചര്യത്തില്‍ ഇംഗ്ലീഷ് മീഡിയ ത്തിലേക്ക് മാറേണ്ടി വരുന്നത് ദുഷ്ക്കരമായിരിക്കും .

ഇന്ന് വിദേശരാജ്യങ്ങളി ലൊക്കെ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നത് നമ്മുടെ പുതിയ സ്കൂളുകളില്‍ നിന്ന് വന്ന കുട്ടികളാണ് . 
മുമ്പ് ബഖാല / ബൂഫിയ കളില്‍ ഒക്കെയായിരുന്നു തൊണ്ണൂറു ശതമാനം മലയാളികളും ജോലി ചെയ്തിരുന്നത് . ഇന്ന് അവസ്ഥ ആകെ മാറി . നമ്മുടെ നാട്ടിലുണ്ടായ വിദ്യഭ്യാസ വിപ്ലവത്തിന്റെ പ്രതിഫലനം തന്നെയാണ് ഈ മാറ്റത്തിന് കാരണം . 

ഇന്ന് ഏതൊരു രാജ്യക്കാരനോടും ഒപ്പം തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ പുതു തലമുറയിലെ പ്രവാസിക്ക്  കെല്പുണ്ട് . യോഗ്യതയും .

ഇംഗ്ലീഷ് മീഡിയ ത്തില്‍ പഠിച്ചു നമുക്ക് ശേഷം വന്ന പലരും ഉയര്‍ന്നു ഉയര്‍ന്നു പോകുമ്പോള്‍ ഈ പാവം മലയാളം മീഡിയ ക്കാരന്‍ വല്ലാതെ വിഷമിച്ചിട്ടുണ്ട് . പക്ഷേ എനിക്കറിയാമായിരുന്നു അന്ന് എന്റെ പിതാവിന് അതെ തരാന്‍ കഴിയുമായിരുന്നുള്ളൂ എന്ന് . എന്നാലിന്ന് ആ സങ്കടം ഞാന്‍ എന്റെ മക്കളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നു . പഠിപ്പിക്കാന്‍ കഴിയുന്നിടത്തോളം പഠിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു . ഏതൊരു പ്രവാസിയെയും പോലെ !

എന്റെ മൂന്നു മക്കളും പഠിച്ചതും പഠിച്ചു കൊണ്ടിരിക്കുന്നതും ഇംഗ്ലീഷ് മീഡിയ ത്തിലാണ് . ഒരു ഘട്ടത്തില്‍ അവരെ കൂടെ നിര്‍ത്തേണ്ടി വരികയും ഇവിടെ പഠിപ്പിക്കേണ്ടി വരികയും ചെയ്തപ്പോള്‍ ആണ് ആ തീരുമാനം എത്ര നന്നായി എന്ന് ബോധ്യപ്പെട്ടത്.

എന്ന് വെച്ച് മക്കള്‍ ഒരിക്കലും  മലയാളം കൈവിട്ടിട്ടില്ല . 
സെക്കന്റ് ലാങ്ങുവേജ് മലയാളം എടുത്തത് കൊണ്ട് കൂടിയാവണം  
തെറ്റില്ലാതെ മലയാളം എഴുതാനും വായിക്കാനും പറയാനും അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും  ഇല്ല  . 

മലയാളം നമ്മുടെ മാതൃഭാഷയാണ് എന്ന നിലക്ക് അതുമായി ഉള്ള പൊക്കിള്‍ കൊടി ബന്ധം വേര്‍പെടുത്താതിരിക്കുക . 
നമ്മുടെ ഭാഷയെ അമ്മയെ പോലെ സ്നേഹിക്കുക . കൂട്ടത്തില്‍ 
ലോകത്തോടൊപ്പം , കാലത്തോടൊപ്പം സഞ്ചരിക്കാന്‍ മറ്റു  ഭാഷകളില്‍ കൂടി പ്രവീണ്യം നേടുക . അതിനു താഴെ തട്ടില്‍ നിന്ന് തന്നെ ശ്രമം നടത്തുക .

പറഞ്ഞു വരുന്നത് ഇതാണ് . പഠിപ്പിക്കാന്‍ കഴിവും സാമ്പത്തിക ശേഷിയും ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കുക . കാലത്തോടൊപ്പം കുട്ടികളും വളരണം എന്നുണ്ടെങ്കില്‍  അതാണ്‌ വേണ്ടത് . 

മലയാളത്തെ അമ്മയെ എന്ന പോലെ സ്നേഹിക്കുക 
മറ്റു ഭാഷകളെ പ്രണയിക്കുക  . 
സ്വന്തമാക്കാന്‍ ശ്രമിക്കുക 
ഒരു ഭാഷയും മറ്റൊരു ഭാഷയ്ക്ക് ഭീഷണി ആണ് എന്ന് കരുതാതിരിക്കുക

ഒരു ഭാഷയും നമ്മുടെ ശത്രു അല്ല 
ഒരു ഭാഷയെയും അകറ്റി നിര്‍ത്തേണ്ടതും അല്ല
ഒരു ഭാഷയും നരകത്തിലെ ഭാഷയും അല്ല 

OO

ന്റെ എന്റെ കുട്ടിയെ മലയാളം മീഡിയ ത്തില്‍ ചേര്‍ക്കണോ ഇംഗ്ലീഷ് മീഡിയ ത്തില്‍ ചേര്‍ക്കണോ ? എന്ന പോസ്റ്റിന് എഴുതിയ കമന്റ് ആണിത് .  

എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം മാത്രം .വിരുദ്ധ അഭിപ്രായം ഉള്ളവരുണ്ടാകും . മാന്യമായും പ്രതിപക്ഷ ബഹുമാനം പാലിച്ചും നിങ്ങള്‍ക്കും പറയാം നിങ്ങളുടെ നിരീക്ഷണങ്ങള്‍
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്